Pages

Sunday, March 23, 2014

നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2014 @ ലുധിയാന

      ഇന്ദ്രപ്രസ്ഥമായ ഡൽഹിയിൽ നാല് തവണ പോയെങ്കിലും ജയ്പൂർ , അമൃതസർ, ചണ്ഡീഗഡ്, ശ്രീനഗർ എന്നിങ്ങനെയുള്ള ഡൽഹിയിൽ നിന്നും എത്താവുന്ന സ്ഥലങ്ങൾ എനിക്ക് അപ്രാപ്യമായി നിന്നു. അപ്പോഴാണ് ട്രെയ്നിംഗ് ആവശ്യാർത്ഥം കൊൽക്കത്ത, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഞാൻ ആസൂത്രണം നടത്തിയത്. പക്ഷേ ആ അപേക്ഷകളും തള്ളിപ്പോയതിനാൽ ‘ഡൽഹിക്കപ്പുറമുള്ള ഇന്ത്യ’ എന്ന എന്റെ സ്വപ്നം ചിറകരിയപ്പെട്ടു. പക്ഷേ കാരുണ്യവാനായ ദൈവം ഇവിടേയും എന്നെ കൈവിട്ടില്ല.പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിനുള്ള കേരള എൻ.എസ്.എസ് ടീമിനെ നയിക്കുക എന്ന വലിയ ദൌത്യം തന്നെ എന്നിൽ അർപ്പിതമായി.തള്ളിപ്പോയ എന്റെ ചണ്ഡീഗഡ് ട്രെയ്നിംഗ് പ്ലാൻ ചെയ്ത അതേ ഡേറ്റിൽ തന്നെയാണ് ചണ്ഡീഗഡിന് അടുത്തുള്ള ലുധിയാനയിലേക്ക് എനിക്ക് ടിക്കറ്റ് കിട്ടിയത് എന്നത് കൌതുകമായി.

ജിതിൻ(കോളേജ്ഓഫ്എഞ്ചിനീയറിംഗ്,തിരുവനന്തപുരം),രാഹുൽ(വി.എച്.എസ്.ഇ, തിരുവനന്തപുരം),അഞ്ജുസലീം (വി.എച്.എസ്.ഇ,അടിമാലി),ഹരീഷ്,ഫ്രെഡ്ഡി(ഇരുവരും എം.ഇ.ടി മാള),ആതിര (ഗവ.എഞ്ചി.കോളേജ്,ശ്രീകൃഷ്ണപുരം), ശ്രീവിദ്യ(ഗവ.എഞ്ചി.കോളേജ്,കോഴിക്കോട്), സുധിൻ (സെന്റ് ജോസഫ് കോളേജ്,ഡേവഗിരി,കോഴിക്കോട്), അളകനന്ദ (പ്രോവിഡൻസ് വിമൻസ് കോളേജ്, കോഴിക്കോട്), ആൻസൺ (അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ,കാഞ്ഞിരപ്പള്ളി), ഷിജിൻ വർഗ്ഗീസ് (എൻ.എസ്.എസ് കോളേജ് പന്തളം) എന്നിവരായിരുന്നു ടീമംഗങ്ങൾ. ലക്ഷദ്വീപിൽ നിന്നുള്ള നാല് വിദ്യാർത്ഥികളും ലേഡി പ്രോഗ്രാം ഓഫീസറും കൂടി ഉണ്ടായിരുന്നെങ്കിലും യഥാസമയം കപ്പൽ കിട്ടാത്തതിനാൽ അവർക്ക് യാത്ര റദ്ദാക്കേണ്ടി വന്നു.
8.1.2013ന് 12:50ന് എറണാകുളം സൌത്തിൽ നിന്ന് കൊച്ചുവേളി-അമൃതസർ എക്സ്പ്രസ്സിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.യാത്രക്ക് മുമ്പേ തന്നെ ടീമംഗങ്ങളുടെ ഓറിയന്റേഷൻ മീറ്റിംഗ് നടന്നിരുന്നതിനാൽ 2 പേരൊഴികെയുള്ള അംഗങ്ങൾ തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു.തൃശൂർ,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി എല്ലാവരും കയറിയതോടെ ടീം പൂർണ്ണമായി.

          ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്ന ഡൽഹി യാത്രാനുഭവത്തിൽ നിന്നുള്ള എന്റെ ഉപദേശം ചെവികൊണ്ട് 3 പെൺകുട്ടികൾ അവർക്കും അധികം 2 പേർക്കും കൂടി ഭക്ഷണം കരുതിയിരുന്നതിനാൽ അത്താഴം കുശാലായി.വിവിധ ഭാഗങ്ങളിൽ നിന്നാണ് കയറിയതെങ്കിലും മൂന്ന് പേരും ചപ്പാത്തിയായിരുന്നു കൊണ്ടുവന്നത് എന്നതും യാദൃശ്ചികമായി.ചപ്പാത്തിയും വെജിറ്റബിൾ കറിയും തൃശൂർ സ്പെഷൽ തക്കാളിക്കറിയും (ആരോ അതിന് അച്ചാർ എന്ന് വിളിച്ചു) നന്നാ‍യി ആസ്വദിച്ചു.

         ഉത്തരേന്ത്യൻ യാത്രയുടെ ആദ്യ ആകർഷണം കൊങ്കൺ പാതയിലൂടെയുള്ള തീവണ്ടിയാത്ര തന്നെയാണ്.മംഗലാപുരം മുതൽ റോഹ വരെയുള്ള ആ യാത്ര എന്റെ രണ്ടാം ഡൽഹിയാത്രയുടെ മടക്കത്തിൽ അനുഭവിച്ചത് ഞാൻ ഇന്നും ഓർക്കുന്നു.ഇക്കഴിഞ്ഞ ഓണം അവധിക്കാലത്ത് അരസിക്കരെ യാത്രയിലാണ് വീണ്ടും അതിന്റെ ഒരു ചെറിയപതിപ്പ് ആസ്വദിക്കാനായത്.മൂന്നാം ഡൽഹിയാത്ര വിമാനത്തിൽ ആയതിനാലും നാലാം യാത്രയിൽ കൊങ്കൺ വഴി കടന്നുപോയത് രാത്രി ആയതിനാലും ആ ആസ്വാദനം അന്യം നിന്നു.

      
ലുധിയാന യാത്രയിലും കൊങ്കൺ റെയിൽ‌വെയുടെ ഭൂരിഭാഗവും ഞങ്ങൾ പിന്നിട്ടത് രാത്രിയിലായിരുന്നു.തുരങ്കങ്ങൾ കടന്നുപോകുന്നത് ശബ്ദവ്യതിയാനത്തിലൂടെ മനസ്സിലാക്കിയെങ്കിലും ഉയരം കൂടിയ പാലങ്ങളും ആഴമേറിയ ഗർത്തങ്ങളും ഈ യാത്രയിലും നേരിട്ട് കാണാനായില്ല.എങ്കിലും പുലർച്ചെ മുതൽ കൊങ്കണിലെ ചില തുരങ്കങ്ങൾ നേരിട്ട് കാണാൻ സാധിച്ചു.


         വടക്കേ ഇന്ത്യയിലെ ഫലഭൂയിഷ്ടമായ മണ്ണിൽ പൊന്ന് വിളയിച്ച് നിൽക്കുന്ന പലതരം കൃഷികളൂം റെയിലിന്റെ ഇരുഭാഗത്തും കണ്ടു.ചില പാടങ്ങൾ പൂക്കളാൽ മഞ്ഞ പുതച്ചിരുന്നു.കടുക് കൃഷിയാണതെന്ന് മടക്കയാത്രയിലാണ് മനസ്സിലായത്.ഏക്കറുകളോളം പരന്ന് കിടക്കുന്ന പാടങ്ങളിൽ ഒന്ന് പോലും മണ്ണിട്ട് നികത്തിയതായി കണ്ടില്ല.എല്ലാം പച്ചപിടിച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു.


    ട്രെയിൻ മഹാരാഷ്ട്രയിലേക്ക് കയറിയതോടെ തന്നെ തണുപ്പും ആരംഭിച്ചിരുന്നു. ഉത്തരേന്ത്യയിലെ നിലവിലുള്ള തണുപ്പിനെപ്പറ്റി നേരത്തെ അറിയാമായിരുന്നതിനാൽ അത്യാവശ്യം പുതപ്പും സ്വറ്ററും മങ്കിക്യാപും എല്ലാം ഞങ്ങൾ കരുതിയിരുന്നു.പക്ഷേ ട്രെയ്നിന്റെ റെക്സിൻ ഷീറ്റടക്കം തണുത്ത് പോയതിനാൽ ഈ സജ്ജീകരണങ്ങൾ മതിയായില്ല.

              രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കയറിയതോടെ ഉപ്പ് സത്യാഗ്രഹം ഓര്‍മ്മ വന്നു. മറ്റൊന്നുമല്ല കാരണം , പുറത്ത് ഉപ്പ് പാടങ്ങള്‍ ഉപ്പ് നിറഞ്ഞ നിലയില്‍ കാണുന്നുണ്ടായിരുന്നു.     
       രണ്ടാം  ദിവസം അർദ്ധരാത്രിയിലാണ് രാജസ്ഥാനിൽ പ്രവേശിച്ചത്.മഞ്ഞിൽ പുതച്ച് മൂടിക്കിടന്ന രാജസ്ഥാനിലെ വിവിധ സ്റ്റേഷനുകൾ സരിക്കും കണ്ണിന് കുളിർമ്മ നൽകി.പിറ്റേ ദിവസവും ഏറെ നേരം രാജസ്ഥാനലൂടെ കടന്ന്പോയെങ്കിലും മഞ്ഞ്കണങ്ങളെ തുടച്ച് മാറ്റാൻ സൂര്യൻ എത്തിനോക്കുക പോലും ചെയ്തില്ല!
           കേരളത്തിൽ നിന്നും തുടങ്ങി കർണ്ണാടക,  മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്,ഹരിയാന,ഡെൽഹി എന്നീ സംസ്ഥാനങ്ങൾ കടന്ന് ഞങ്ങൾ പഞ്ചാബിൽ പ്രവേശിച്ചു.കൊയ്ത്ത്കഴിഞ്ഞ ഗോതമ്പ് പാടങ്ങളിൽ കൂന കൂട്ടിയിട്ട ഗോതമ്പ് വ്യത്യസ്തമായ ഒരു കാഴ്ചയായി.


           മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ വൈകുന്നേരം അഞ്ചേകാലിന് എത്തേണ്ട ഞങ്ങൾ രാത്രി എട്ടേകാലിന് ലുധിയാനയിൽ വണ്ടി ഇറങ്ങി.സ്റ്റേഷനിൽ തന്നെ സജ്ജീകരിച്ചിരുന്ന കൺ‌ട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്ത ശേഷം യൂത്ത് ഫെസ്റ്റിവൽ വേദിയായ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക് പോകാനായി ഒരുക്കി നിർത്തിയ പഞ്ചാബ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പാട്ടവണ്ടിയിലേക്ക് ഞങ്ങൾ കയറി.


(തുടരും...)

6 comments:

Areekkodan | അരീക്കോടന്‍ said...

ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്ന ഡൽഹി യാത്രാനുഭവത്തിൽ നിന്നുള്ള എന്റെ ഉപദേശം ചെവികൊണ്ട് 3 പെൺകുട്ടികൾ അവർക്കും അധികം 2 പേർക്കും കൂടി ഭക്ഷണം കരുതിയിരുന്നതിനാൽ അത്താഴം കുശാലായി.

ajith said...

യാത്രക്കഥ തുടരട്ടെ!!!

Sandhwana said...

Great Sir..

Jazmikkutty said...

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കയറിയതോടെ ഉപ്പ് സത്യാഗ്രഹം ഓര്‍മ്മ വന്നു. മറ്റൊന്നുമല്ല കാരണം , പുറത്ത് ഉപ്പ് പാടങ്ങള്‍ ഉപ്പ് നിറഞ്ഞ നിലയില്‍ കാണുന്നുണ്ടായിരുന്നു.

കുറ നാള്‍ ആയി ബൂലോകത്തേക്ക് കയറിയിട്ട്
സന്തോഷം തോന്നി വായിച്ചപ്പോള്‍...

Cv Thankappan said...

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അജിത്ജീ....ദേ രണ്ട് ...മൂന്ന്....നാല്.....

സുധീന്‍...നന്ദി

ജസ്മികുട്ടീ....വീണ്ടും കണ്ടതില്‍ സന്തോഷം...

തങ്കപ്പന്‍‌ജീ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക