Pages

Friday, March 07, 2014

ഈ രോഗത്തിന്റെ മരുന്ന് അറിയുമോ?


ബ്രോഡ്ബാന്റ് കണക്ഷൻ എടുത്ത അന്ന് ബി.എസ്.എൻ.എൽ നൽകിയ മോഡവും കണക്ഷനും എല്ലാം ഇക്കഴിഞ്ഞ തുലാവർഷത്തിലെ കനത്ത ഇടിയിൽ പണിമുടക്കിയതോടെ വീട്ടിൽ നിന്നുള്ള എന്റെ ബൂലോക കണക്ഷനും സൈബർ ലോക ഊരുചുറ്റലും എല്ലാം രണ്ട് മാസത്തോളം മുടങ്ങിപ്പോയിരുന്നു.ഭാര്യയുടെ ജ്യേഷ്ടത്തിയുടെ മകൻ ഗൾഫിൽ നിന്നും  കൊണ്ടുവന്ന സിസ്കോ മോഡം പെട്ടിക്കുള്ളിൽ സുഖമായി ഉറങ്ങുന്നതിനാൽ കണക്ഷൻ റെഡിയാക്കിയ ശേഷം അതു വച്ച് ഒരു പരീക്ഷണം നടത്താം എന്നായിരുന്നു പദ്ധതി.

ഫോൺ വഴിയുള്ള ഐ.വി.ആർ.എസ് പരിപാടിയിലൂടെ പരാതി രേഖപ്പെടുത്തിയിട്ടും ഒരു അനക്കവും കാണാത്തതിനാൽ വെറുതെ കാശ് അടക്കേണ്ട എന്ന് കരുതി ബ്രോഡ്ബാന്റ് കണക്ഷൻ  ഒഴിവാക്കാനുള്ള അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി എക്ചേഞ്ചിൽ ചെന്നപ്പ്പ്പോഴാണ് എന്റെ സഹപാഠിയുടെ ജ്യേഷ്ടനായ അസിസ്റ്റന്റ് എഞ്ചിനീയർ കണക്ഷൻ ഒഴിവാക്കുന്നതിന്റെ വരുംവരായ്കളെക്കുറിച്ച് വിശദീകരിച്ചത്.ഒപ്പം ഞാൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന താരിഫ്പ്ലാൻ മാറ്റി കൂടുതൽ ലാഭകരമായ മറ്റൊന്നിലേക്ക് ആക്കാനുള്ള ഒരു ബുദ്ധിയും അദ്ദേഹം ഓതിത്തന്നതോടെ ബി.എസ്.എൻ.എൽ  ഓഫീസ് അടിച്ചുപൊളിക്കാൻ ഭ്രാന്തനായി പോയ ഞാൻ ശാന്തനായി തിരിച്ചുപോന്നു.

രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങാൻ ഞാൻ പോയ തക്കം നോക്കി ബി.എസ്.എൻ.എൽ കാർ എന്റെ കണക്ഷൻ നന്നാക്കിയത് ഞാൻ വൈകിയാണ് അറിഞ്ഞത്.ഈ ഒളിപ്രവർത്തനത്തിലൂടെ അവർ തൽക്കാലം രക്ഷപ്പെട്ടെങ്കിലും കൈമടക്കും ലേബർ ചാർജ്ജും നൽകാതെ ഞാനും രക്ഷപ്പെട്ടു.അങ്ങനെ ബൂലോകത്തിലേക്ക് വീട്ടിൽ നിന്നും കാലെടുത്തു വയ്ക്കുക എന്ന മോഹവുമായി ഞാൻ പുതിയ മോഡം കണക്റ്റ് ചെയ്തു.പ്ലഗ് ആന്റ് പ്ലേ എന്നത് ലോകത്തെ ഏത് ഉപകരണത്തിന്റേയും പരസ്യത്തിലെ വാചകമായതിനാൽ ഞാൻ അതും പ്രതീക്ഷിച്ച് നിന്നു.മോഡത്തിന്റെ പവർ ഇൻഡിക്കേറ്റർ അല്ലാതെ മറ്റൊന്നും കത്താതെ വന്നപ്പോൾ വീണ്ടും അസിസ്റ്റന്റ് എഞ്ചിനീയറെ വിളിച്ചു.

മോഡം കോൻഫിഗർ ചെയ്യണമെന്നും എക്സ്ചേഞ്ചിൽ ഈ രംഗത്ത് ഉണ്ടായിരുന്ന ഒരേ ഒരാളെ ഡിവിഷനിലേക്ക് പൊക്കി എടുത്തതിനാൽ ഡിവിഷൻ ഓഫീസിലേക്ക് വിളിക്കണം എന്നും നിർദ്ദേശം കിട്ടിയത് അനുസരിച്ച് അടുത്ത വിളി അങ്ങോട്ടായി.ഫോൺ എടുത്ത പെണ്ണിനോട് കാര്യം പറഞ്ഞപ്പോൾ വീണ്ടും എക്സ്ചേഞ്ചിൽ വിളിക്കാനുള്ള നിർദ്ദേശം കിട്ടി.പന്ത് വീണ്ടും ആളില്ലാപോസ്റ്റിലേക്ക് വരുന്നത് മനസ്സിലാക്കി ഞാൻ ശാന്തത കൈവിട്ടു.ഫലമോ ആ പെണ്ണ് ,കിളി പോലെ കാര്യങ്ങൾ പറഞ്ഞു തന്നു!!(നേരെ ചൊവ്വെ പറഞ്ഞാൽ ഇവന്മാർക്കൊന്നും തലയിൽ കയറില്ല എന്ന് അപ്പോൾ മനസ്സിലായി).(ഇനി അവള്‍ വല്ലതും വെളിപ്പെടുത്തുമോ എന്ന പേടി ഇപ്പോള്‍ മനസ്സിലുണ്ട്.)

പക്ഷേ എന്റെ മോഡം അവൾ പറഞ്ഞ പോലെ പ്രവർത്തിക്കാത്തതിനാൽ എന്റെ സമനില വീണ്ടും തെറ്റി.എങ്കിൽ അവനെ കീഴ്പ്പെടുത്തിയിട്ട് തന്നെ കാര്യം എന്ന നിലക്ക് വീണ്ടും എക്സ്ചേഞ്ചിൽ എ.യി യെ വിളിച്ചു.ഒന്നരമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നതായതിനാൽ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി ഉടൻ എന്നെ സഹായിക്കാനായി ഒരു കുന്തവും അറിയാത്ത ലൈന്മാനെ എന്റെ അടുത്തേക്ക് വിട്ടു.ഞാൻ കണക്ട് ചെയ്തു വച്ചതെല്ലാം ഇളക്കി മാറ്റി അതേ പോലെ വീണ്ടും കണക്റ്റ് ചെയ്ത് അദ്ദേഹം കാത്തിരുന്നു.ഡി.എസ്.എൽ എന്ന ഇൻഡിക്കേറ്റർ കുറേ നേരം മിന്നി മിന്നി അവസാനം തെളിഞ്ഞ് കത്തിയതോടെ അദ്ദേഹത്തിന്റെ മുഖത്ത് ഹൈമാസ്റ്റ് വിളക്ക് കത്തി ശ്വാസം എന്റെ നേരെ തന്നെ ചീറ്റിവിട്ട് പട ജയിച്ച ഏതൊ അവനെപ്പോലെ എന്റെ കണ്ണിലേക്ക് നോക്കി.

“ഓകെഇനി ഏതെങ്കിലും സൈറ്റ് എടുത്ത് ഒന്ന് കാണിക്കൂ” ഞാൻ കണക്ട് ചെയ്തപ്പോഴും ഡി.എസ്.എൽ മിന്നിമിന്നി സ്റ്റെഡി ആയതിനാൽ ഞാൻ പറഞ്ഞു. ആ പരീക്ഷണത്തിൽ ദയനീയമായി പരാചയപ്പെട്ട അദ്ദേഹം കുറ്റം വീണ്ടും മോഡത്തിൽ ആരോപിച്ച് ഡിവിഷനിലേക്ക് തന്നെ വിളിക്കാൻ പറഞ്ഞു..അദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് തന്നെ ഡിവിഷനിലേക്ക് വിളിച്ച് ഫോൺ എടുക്കുന്നില്ല എന്ന വിവരം ധരിപ്പിച്ചിട്ടും അനുകൂല നടപടികൾ ഇല്ലാതായതിനാൽ അന്നും കൈമടക്കിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.

പിന്നീട് മോഡത്തിന്റെ ഒറിജിനൽ മുതലാളി വന്ന് ഞാൻ പറഞ്ഞ യൂസർ നെയിമും പാസ്വേഡും കൊടുത്ത് ‘ഓപൺ സിസേം’ എന്ന് മൊഴിഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഡം കോൺഫിഗറേഷൻ സെറ്റപ്പിൽ കയറി.പിന്നീട് ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി സേവ് ചെയ്തതോടെ ഇന്റെർനെറ്റ് ഉപയോഗവും ആരംഭിച്ചു.


പക്ഷേ എന്റെ സന്തോഷം അധിക കാലം നിന്നില്ല.മോഡം എന്നെ വീണ്ടും കളിപ്പിക്കാൻ തുടങ്ങി.ചില ദിവസങ്ങളിൽ അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ വേഗം വഴങ്ങും.എന്നാൽ മിക്കവാറും ദിവസങ്ങളിൽ മോഡം ഓണാക്കിയാലും പവർ ഇൻഡിക്കേറ്റർ മിന്നിക്കൊണ്ടേ ഇരിക്കും, ഡി.എസ്.എൽ ഇൻഡിക്കേറ്റർ സ്റ്റെഡി ആവുകയും ചെയ്യും.അന്ന് ഇന്റെർനെറ്റ് കിട്ടില്ല എന്നതിന്റെ ആദ്യ സൂചനയാണ് ഈ തലതിരിഞ്ഞ പരിപാടി.മോഡം ഓണും ഓഫും ആക്കി പലതവണ കളിച്ചാൽ ഒരു പക്ഷേ ശരിയാകുകയും ചെയ്യും.ഇതിനിടക്ക് “ലോക്കൽ ഏരിയ കണക്ഷൻ” മാറി മാറി കണക്ടഡും ഡിസ്കണക്ടഡും ആയിക്കൊണ്ടിരിക്കും.എല്ലാം കൂടി ആമ പോലെ കിടക്കുന്ന മോഡത്തിന്റെ തലക്കിട്ട് ഒരു ചവിട്ട് കൊടുത്താലോ എന്ന് തോന്നിപ്പോകും.’ഓപൺ സിസേം’ പറയാൻ അവന്റെ മുതലാളി നാട്ടിൽ ഇല്ലാത്തതിനാൽ ഞാൻ എന്റെ കലി അടക്കുന്നു.ആർക്കെങ്കിലും ഈ രോഗത്തിന്റെ മരുന്ന് അറിയുമോ?

4 comments:

Areekkodan | അരീക്കോടന്‍ said...

ഫോൺ എടുത്ത പെണ്ണിനോട് കാര്യം പറഞ്ഞപ്പോൾ വീണ്ടും എക്സ്ചേഞ്ചിൽ വിളിക്കാനുള്ള നിർദ്ദേശം കിട്ടി.പന്ത് വീണ്ടും ആളില്ലാപോസ്റ്റിലേക്ക് വരുന്നത് മനസ്സിലാക്കി ഞാൻ ശാന്തത കൈവിട്ടു.ഫലമോ ആ പെണ്ണ് ,കിളി പോലെ കാര്യങ്ങൾ പറഞ്ഞു തന്നു!!(നേരെ ചൊവ്വെ പറഞ്ഞാൽ ഇവന്മാർക്കൊന്നും തലയിൽ കയറില്ല എന്ന് അപ്പോൾ മനസ്സിലായി).

ajith said...

:)

Harinath said...

പവർ ഇൻഡിക്കേറ്റർ മിന്നുകയും കെടുകയും ചെയ്തുകൊണ്ടേയിരിക്കുകയാണെങ്കിൽ അഡാപ്റ്റർ മാറിവച്ചുനോക്കുക. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ മറ്റൊരു മോഡം വേണ്ടിവരും.

ശിഖണ്ഡി said...

ഓപൺ സിസേം എന്ന് മൂന്ന് പ്രാവിശ്യം തല കുത്തിനിന്ന് പറഞ്ഞാ മതി

Post a Comment

നന്ദി....വീണ്ടും വരിക