ലുധിയാനയിലേക്ക് പുറപ്പെടുന്നതിന്
മുമ്പേ മനസ്സിൽ ഉറപ്പിച്ച മൂന്ന് കാര്യങ്ങൾ ഉണ്ടായിരുന്നു – അമൃതസറിലെ സുവർണ്ണക്ഷേത്ര
സന്ദർശനം, ജാലിയൻവാലാബാഗ് സന്ദർശനം , വാഗാ അതിർത്തി സന്ദർശനം. ലുധിയാനയിൽ നിന്നും
അധിക ദൂരം യാത്ര ചെയ്യേണ്ടതില്ല എന്ന നിഗമനത്തിലാണ് എന്റെ കൂടെ വരുന്ന വളണ്ടിയർമാരോടും
കൂടി അഭിപ്രായം ആരാഞ്ഞ ശേഷം ഈ തീരുമാനം കൈകൊണ്ടത്.അവർ വരുന്നില്ല എന്ന് പറഞ്ഞാലും ഞാൻ
സ്വന്തമായി പോകാനുള്ള ഒരു തീരുമാനവും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
ലുധിയാനയിൽ ഇറങ്ങി രണ്ടാം
ദിവസം രാവിലെത്തന്നെ ഞങ്ങൾ സ്ഥലം കാണാനിറങ്ങി.അമൃതസറിലേക്ക് ഒരു മണിക്കൂർ യാത്ര എന്ന്
ട്രെയ്നിൽ കണ്ട മലയാളി പറഞ്ഞത് നാട്ടുകാരനായ ഒരാൾ അഞ്ചു മണിക്കൂറും യൂത്ത് ഫെസ്റ്റിവൽ
വളണ്ടിയർമാർ മൂന്നര മണിക്കൂറും ആക്കിയപ്പോൾ രണ്ടും കല്പിച്ച് ഞങ്ങൾ ഇറങ്ങി.12 മണിക്ക് പുറപ്പെട്ട
‘ഷാനെ പഞ്ചാബ്’ എന്ന ട്രെയിനിൽ ഫഗ്വാരയും ജലന്ധർ സിറ്റിയും പിന്നിട്ട് ഞങ്ങൾ അമൃതസറിൽ
എത്തുമ്പോൾ സമയം മൂന്നോടടുത്തിരുന്നു.
ട്രെയിനിൽ വച്ച് വളണ്ടിയർമാർ
പലരുമായി സൌഹൃദം പങ്കിട്ടതിൽ ഒന്ന് കുറിക്ക് കൊണ്ടു.കമൽജിത് സിങ്ങ് എന്ന മെക്കാനിക്കൽ
എഞ്ചിനീയറിംഗ് പ്രൊഫസർ ആയിരുന്നു അദ്ദേഹം.നല്ല പ്രായം തോന്നിച്ച അദ്ദേഹം ഒരു പ്രൊഫസർ
എന്ന് ഒരു ജാടയും കാണിക്കാതെ ഞങ്ങൾ എല്ലാവരോടും സൌംയമായി പെരുമാറി.അമൃതസറിൽ കാണേണ്ട
സ്ഥലങ്ങളായി അദ്ദേഹം ചിലത്
കുത്തിക്കുറിച്ച് വിദ്യാർത്ഥികളെ ഏല്പിച്ചു.നേരത്തെ ഞാൻ സൂചിപ്പിച്ച മൂന്നെണ്ണത്തിന്
പുറമേ റാണാ രഞ്ജിത് സിംഗ് പനോരമ കൂടി ആ ലിസ്റ്റിൽ ഉണ്ടായിരുന്നു. സിഖ് ചരിത്രം മുഴുവൻ
പറയുന്ന ഒരു മ്യൂസിയമാണ് അതെന്ന് അദ്ദേഹത്തിലൂടെ തന്നെ അറിഞ്ഞു..
സുവർണ്ണക്ഷേത്രത്തിലേക്ക്
പോകാൻ പ്രത്യേകം വണ്ടി വിളിക്കണ്ട എന്നും സൌജന്യമായി സന്ദർശകരെ ക്ഷേത്രത്തിൽ എത്തിക്കുന്ന
ബസ് കാണിച്ചു തരാമെന്നും അദ്ദേഹം അറിയിച്ചപ്പോൾ ഞങ്ങൾക്ക് അത്ഭുതം തോന്നി. കൂടാതെ ഉച്ചഭക്ഷണം
പുറത്ത് നിന്നും കഴിക്കേണ്ട ആവശ്യം ഇല്ല എന്നും ക്ഷേത്രത്തിൽ സൌജന്യമായി ഭക്ഷണം ലഭിക്കും
എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ചില രോഗലക്ഷണങ്ങൾ കാണിച്ചതോടെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള
ക്ലിനിക്കിൽ സൌജന്യ പരിശോധനയും മരുന്നും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.അന്നേ ദിവസം
അവിടെ താമസിച്ചാൽ സമാധാനത്തോടെ എല്ലാം കാണാമെന്നും ആ മാന്യദേഹം അറിയിച്ചു.
അമൃതസറിൽ ട്രെയിൻ ഇറങ്ങിയ ഉടനെ ആൾക്കൂട്ടത്തിനിടയിലൂടെ
ആ നല്ല പ്രൊഫസർ ഞങ്ങളെ പുറത്തേക്ക് നയിച്ചു.റെയിൽവേ സ്റ്റേഷനിന്റെ പുറത്ത് അല്പം അകലെയായി
ഒരു മഞ്ഞ ബസ്സിലേക്ക് കുറേ പേർ ധൃതിയിൽ നീങ്ങുന്നത് ഞങ്ങൾ കണ്ടു.ഞങ്ങളെ ആ ബസ്സിനടുത്ത്
വരെ അനുഗമിച്ച് ബസ്സ്കാരനോട് എന്തോ പഞ്ചാബിയിൽ അദ്ദേഹം പറഞ്ഞു.ഈ ബസ്സിൽ പോകാൻ പറ്റില്ല
എങ്കിൽ അര മണിക്കൂർ കഴിഞ്ഞ് വീണ്ടും ബസ് വരുമെന്ന് പ്രഫസർ ഞങ്ങളെ അറിയിച്ചെങ്കിലും
നിന്ന് യാത്ര ചെയ്യാൻ തയ്യാറുള്ളതിനാൽ എല്ലാവരും ആ ബസ്സിൽ തന്നെ കയറി.ഞങ്ങളെ യാത്രയാക്കി
ആ നല്ല പ്രഫസർ ആൾക്കൂട്ടത്തിൽ മറഞ്ഞു.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന്
മുമ്പേ കാല് ശുചിയാക്കാനായി ഏർപ്പെടുത്തിയ ഉപായം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.പ്രധാന കവാടത്തിന്
തൊട്ടു മുമ്പിൽ കവച്ചു വയ്ക്കാൻ പറ്റാത്ത വീതിയിൽ നെരിയാണിയുടെ ഉയരത്തിൽ വെള്ളം ഒരു
ചാലിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഇതിലൂടെ ഇറങ്ങിവേണം എല്ലാവരും ക്ഷേത്രത്തിൽ പ്രവേശിക്കാൻ.അപ്പോൾ
എല്ലാവരുടെ കാലും ശുദ്ധിയാകും എന്ന് തീർച്ച.
ഉച്ചസൂര്യന്റെ കത്തുന്ന വെയിലിൽ സുവർണ്ണക്ഷേത്രത്തിന്റെ
താഴികക്കുടങ്ങൾ മിന്നിത്തിളങ്ങി.സന്ദർശകരും ഭക്തരുമായി നിരവധി പേർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
ക്ഷേത്രത്തിന്റെ നടുമുറ്റത്തുള്ള കുളത്തിൽ നിന്ന് വെള്ളം ശേഖരിച്ച് ആൾക്കാർ നടക്കുന്ന
മാർബിൾ പതിച്ച ഇടങ്ങൾ മുഴുവൻ വൃത്തിയാക്കുന്ന ആണും പെണ്ണും അടങ്ങുന്ന ഒരു വലിയ സംഘം
തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ, നിന്നും മുട്ടിലിരുന്നും തറയിൽ
നെറ്റി പതിപ്പിച്ചും ഭക്തർ പ്രാർത്ഥിക്കുന്നതും കണ്ടു.സ്വർണ്ണം പൂശിയ ‘ശ്രീകോവിലിൽ’
പ്രവേശിക്കാൻ നീണ്ട ക്യൂ കണ്ടതോടെ അങ്ങോട്ട് പോകേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.അതിനാൽ
ക്ഷേത്രത്തിലെ ഭക്ഷണവും വേണ്ട എന്ന് വയ്ക്കേണ്ടി വന്നു (അത് അതിനകത്താണോ മറ്റെവിടെയെങ്കിലുമാണോ
എന്ന് അറിയില്ല).
കൂടുതൽ ചെലവഴിക്കാൻ സമയം ഞങ്ങളുടെ പക്കൽ
സ്റ്റോക്കില്ലാത്തതിനാൽ ഞങ്ങൾ വേഗം പുറത്തിറങ്ങി.അപ്പോഴാണ് അടുത്ത സൌജന്യം ശ്രദ്ധയിൽ
പെട്ടത് – സിഖ് മതത്തെക്കുറിച്ചും അതിന്റെ ഗുരുക്കന്മാരെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന
ഇംഗ്ലീഷ്,ഹിന്ദി,പഞ്ചാബി ഭാഷകളിലുള്ള നിരവധി കുഞ്ഞു കുഞ്ഞു പുസ്തകങ്ങൾ. ഇംഗ്ലീഷിലുള്ള
രണ്ട് മൂന്ന് പുസ്തകങ്ങൾ ഞാൻ എടുക്കുന്നത് കണ്ട് അത് സൌജന്യമാണ് എന്ന് മനസ്സിലാക്കി
എല്ലാവരും കൂടി ആ കൌണ്ടർ കാലിയാക്കിക്കൊടുത്തു!!!
(തുടരും...)
(തുടരും...)
6 comments:
ഹ്മ്. ഞാന്‍ ആകെ സന്ദര്‍ശിച്ച ഒരു ഗുരുദ്വാരയിലും കാലു കഴുകാനുള്ള ഈ കുഞ്ഞു തടാകം ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയിലെ തണുപ്പുകാലത്ത് അത് നല്ലൊരു അനുഭവവും ആയിരുന്നു
അപ്പോഴാണ് അടുത്ത സൌജന്യം ശ്രദ്ധയിൽ പെട്ടത് – സിഖ് മതത്തെക്കുറിച്ചും അതിന്റെ ഗുരുക്കന്മാരെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഇംഗ്ലീഷ്,ഹിന്ദി,പഞ്ചാബി ഭാഷകളിലുള്ള നിരവധി കുഞ്ഞു കുഞ്ഞു പുസ്തകങ്ങൾ. ഇംഗ്ലീഷിലുള്ള രണ്ട് മൂന്ന് പുസ്തകങ്ങൾ ഞാൻ എടുക്കുന്നത് കണ്ട് അത് സൌജന്യമാണ് എന്ന് മനസ്സിലാക്കി എല്ലാവരും കൂടി ആ കൌണ്ടർ കാലിയാക്കിക്കൊടുത്തു!!!
എവിടെച്ചെന്നാലും മലയാളി.............
ആശംസകള്‍
സുവര്‍ണ്ണക്ഷേത്രം!
നല്ല വിവരണം മാഷേ
അരുണ്‍...അതേ , മനുഷ്യനെ കാല്‍ കഴുകിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്
തങ്കപ്പന്‍ജീ....ട്രേഡ്മാര്‍ക്ക് മോശമാക്കരുതല്ലോ
അജിത്ജീ....കറക്ട്
ഫൈസല്‍....നന്ദി
Post a Comment
നന്ദി....വീണ്ടും വരിക