Pages

Monday, March 30, 2015

ഖസാക്കിന്റെ ഇതിഹാസം


“ കൂമൻ‌കാവിൽ ബസ്സു ചെന്ന്  നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല.അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം...” ഇത് ഏത് പുസ്തകത്തിന്റെ ആദ്യ വരികളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മലയാള സാഹിത്യ ചരിത്രത്തിൽ ഒരു ഇതിഹാസമായ ശ്രീ.ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” ഈയിടെയാണ് ഞാൻ വായിച്ചത്.ഇതിഹാസത്തിന്റെ ഭൂമികയായ പാലക്കാട്ടേക്കുള്ള ഒരു യാത്രയിലാണ് വായന ആരംഭിച്ചത്.ഡിഗ്രി കഴിഞ്ഞ് തേരാ-പാര നടക്കുന്നതിനിടയിൽ വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഈ ഇതിഹാസവും ഉണ്ട് എന്നായിരുന്നു എന്റെ ധാരണ.കൂമങ്കാവും ചെതലിയും അപ്പുക്കിളിയും എല്ലാം എനിക്ക് അത്രക്കും പരിചയം ഉണ്ടായിരുന്നു.അതിനാൽ തന്നെ എൻ.എസ്.എസ് ലൈബ്രറിയിലേക്ക് സംഭാവനയായി ഈ പുസ്തകം ലഭിച്ചപ്പോൾ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചു.പക്ഷേ വായിച്ചുതുടങ്ങിയപ്പോൾ  കഥാപാത്രങ്ങൾ എല്ലാവരും എനിക്കപരിചിതരായി തോന്നി.അതായത് ഞാൻ ഈ പുസ്തകം മുമ്പ് വായിച്ചിട്ടില്ല എന്ന് മനസ്സിലായി.

തമിഴ് കലർന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ പല സ്ഥലത്തും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആദ്യമാദ്യം ഇതിഹാസം എന്നെ പരിഹസിച്ചു.പക്ഷേ പാലക്കാടൻ ഗ്രാമീണതയുടെ സുന്ദരമായ ഒരു ചിത്രം അപ്പോഴേക്കും അത് മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞിരുന്നു.അതിനാൽ തന്നെ വായന കൂടുതൽ തടസ്സമില്ലാതെ മുന്നോട്ട് പോയി.

രവി എന്ന അദ്ധ്യാപകൻ പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ ജോലിക്ക് എത്തുന്നതാണ് കഥാതന്തു.പിന്നീട് ആ ഗ്രാമത്തിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങൾ വളരെ ഭംഗിയായി രസകരമായി ശ്രീ.ഒ.വി വിജയൻ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.ഗ്രാമത്തിൽ പടരുന്ന വസൂരി എന്ന മാരകരോഗവും അത് വിതക്കുന്ന മരണങ്ങളും മനസ്സിൽ നൊമ്പരം ഉണർത്തുന്നതോടൊപ്പം അക്കാലത്ത് അത് അതിജീവിക്കുന്നതിനുള്ള പ്രയാസങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു.ഗ്രാമീണ നിഷ്കളങ്കതകൾക്കൊപ്പം നടമാടിയിരുന്ന വാറ്റ് ചാരായ പാനവും വേശ്യാവൃത്തിയും മറ്റും നോവലിൽ പ്രതിപാദിക്കുന്നു.മാതൃകാപുരുഷനാകേണ്ട രവി എന്ന അദ്ധ്യാപകൻ പോലും ഈ പ്രലോഭനങ്ങൾക്ക് വശംവദനാകുന്നത് നാം കാണുന്നു.

“....ബെഞ്ചും കസേലയും ഹനുമല്പാദരുടെ വർണ്ണപടവുമെല്ലാമുള്ള നടുമുറികൾ രവി അടച്ചു ഭദ്രമാക്കി.രാജിക്കത്തിന്റെ പകർപ്പ് ലക്കോട്ടിലാക്കി രജിസ്റ്ററിനകത്ത് വച്ചു.മൂലയിൽ വെള്ളം നിറച്ച കലമിരുന്നു.പുസ്തകത്തിന്റെ ഏടുകൾക്കിടയിൽ പെൻസിൽ കിടന്നു.കിടക്ക നിവർന്നു കിടന്നു.രവി ഒന്നുമനക്കിയില്ല.ഉമ്മറവാതിലടച്ചു തഴുതിട്ടു പൂട്ടി.ചാവി ഉമ്മറപ്പടിയിൽ തിരുകി വച്ചു...” ഖസാക്കിൽ നിന്നും രവി മടങ്ങുന്ന ഈ ചിത്രം മനസ്സിൽ ശരിക്കും തട്ടി.അത്രക്കും ഹൃദ്യമായിട്ടായിരുന്നു ആ ഗ്രാമത്തെ രവിയിലൂടെ നമുക്ക് മുമ്പിൽ അവതരിപ്പിച്ചു തന്നത്.

 “ഖസാക്കിന്റെ ഇതിഹാസത്തിന്റെ “ 29ആം പതിപ്പായി 2001 ൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഞാൻ വായിച്ചത്.182 പേജുള്ള പുസ്തകത്തിന്റെ അന്നത്തെ വില 60 രൂപ.


ശ്രീ.ഒ.വി.വിജയൻ ഓർമ്മയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു.മഹാനായ ആ സാഹിത്യകാരന്റെ കുട്ടിക്കാല ജീവിതം എന്റെ വീടിനടുത്തുള്ള എം.എസ്.പി ക്യാമ്പിൽ ആയിരുന്നു  എന്നതിലും അദ്ദേഹം  പഠിച്ച അതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയതിലും  ഞാൻ അഭിമാനം കൊള്ളുന്നു.

12 comments:

Areekkodan | അരീക്കോടന്‍ said...

ശ്രീ.ഒ.വി.വിജയൻ ഓർമ്മയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു.മഹാനായ ആ സാഹിത്യകാരന്റെ കുട്ടിക്കാല ജീവിതം എന്റെ വീടിനടുത്തുള്ള എം.എസ്.പി ക്യാമ്പിൽ ആയിരുന്നു എന്നതിലും അദ്ദേഹം പഠിച്ച അതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയതിലും ഞാൻ അഭിമാനം കൊള്ളുന്നു.

സുധി അറയ്ക്കൽ said...

ഞാൻ വായിച്ചിട്ടില്ല.വായിക്കണം.

Vishnu NV said...

ഒന്നും പറഞ്ഞില്ലല്ലോ..ഖസ്സാക്കിനെ കൂടുതല്‍ അറിയാന്‍ 'ഇതിഹാസത്തിന്റെ ഇതിഹാസം ' എന്ന പുസ്തകം സഹായിക്കും.

ajith said...

നല്ല സമയം. മലയാളം ബ്ലോഗേര്‍സില്‍ ഇതിഹാസത്തെപ്പറ്റി പൊടിപാറുന്ന ഒരു ചര്‍ച്ച നടക്കുന്നു. ഇവിടത്തെ ലിങ്ക് അവിടേം അവിടത്തെ ലിങ്ക് ഇവിടേം തട്ടിയേക്കാം!
https://www.facebook.com/groups/malayalamblogers/996648900345607/?ref=notif&notif_t=group_comment_follow

Mubi said...

പാലക്കാടന്‍ ഭാഷ വശമുള്ളത് കൊണ്ടാവും എനിക്ക് ഇതിഹാസം ഒട്ടും മുഷിപ്പുണ്ടാക്കിയില്ല.. ഓരോ തവണ വായിക്കുമ്പോഴും വായനക്ക് വ്യത്യസ്ഥത കൈവന്നതായി തോന്നുകയും ചെയ്തിട്ടുണ്ട്....

Cv Thankappan said...

കാലപ്പഴക്കത്തിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിലെ കഥാപാത്രങ്ങള്‍......
ആശംസകള്‍

റോസാപ്പൂക്കള്‍ said...

വിജയന് പ്രണാമം

Sabu Hariharan said...

വായിച്ചു ബോറടിച്ചു പോയത്. ഇടയ്ക്കിടെ ചില തിളക്കങ്ങൾ..കൃത്രിമത്വം നിറഞ്ഞ ഒരു പാട് വാചകങ്ങൾ.. വടക്കുള്ളവർക്ക് ചിലപ്പോൾ വായിച്ചു രസിക്കാനാവും. തെക്കുള്ളവർക്ക് - ഭൂരിപക്ഷം പേർക്കും - ബോറടി ആവും ഫലം. ഇപ്പോൾ ഒരു വട്ടം കൂടി വായിക്കുമ്പോൾ പലതിനും പ്രസക്തി നഷ്ടപ്പെട്ടതു പോലെ. ഒരു കഥ ഉജ്ജ്വലമാകുന്നത് അത് ഏതു കാലഘട്ടത്തിലും വായിക്കപ്പെടുമ്പോഴും, സാർവ്വലൗകികമായ എന്തെങ്കിലും അംശം ഉണ്ടാവുമ്പോഴുമാണ്‌. അതു കൊണ്ടാവണം മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്തപ്പോൾ രചന ഒന്നുമല്ലാതായി പോയത്. കഥ പലപ്പോഴും പ്രാദേശികമായി പോവുന്നതിലെ കുഴപ്പമാണത്. കഥ വലിപ്പം കൂട്ടാൻ എന്നു തോന്നും വിധം ഒരു പാടു ഉപകഥകൾ..ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങൾ.

Shahid Ibrahim said...

ഇതു വരെ വായിച്ചു മുഴുവനാക്കാൻ സാധിച്ചിട്ടില്ല.

കല്ലോലിനി said...

കുറെ ദിവസമായി ഞാനീ പുസ്തകം ബാഗില്‍ വച്ചു നടക്കുന്നു.. യാത്രയിലാണ് വായന, വണ്ടിയിലെ തിരക്കുകാരണം ഇതുവരെ വായിക്കാന്‍ തുടങ്ങിയില്ല... ഈ പോസ്റ്റ് എന്നെ പ്രചോദിപ്പിക്കുന്നു...

വിനുവേട്ടന്‍ said...

“എതാ മാതവേത്താ... തൊത്തില് കെത്തി താതാ മാതവേത്തോ...“ എങ്ങനെ മറക്കാൻ കഴിയും അപ്പുക്കിളിയെ...

നന്നായി മാഷേ ഈ ഓർമ്മക്കുറിപ്പ്...

Saheela Nalakath said...

:-)

Post a Comment

നന്ദി....വീണ്ടും വരിക