Pages

Thursday, August 13, 2015

ടീം PSMO @ ഊട്ടി -1

            എന്റെ കലാലയ ജീവിതം ആരംഭിക്കുന്നത് തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുന്നതോടെയാണ്.വീട്ടില്‍ നിന്നും പോയി വരാവുന്ന ദൂരത്തായിട്ടു പോലും എന്തൊക്കെയോ സ്വപ്നങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് ബാപ്പ എന്നെ ഹോസ്റ്റലില്‍ ചേര്‍ത്തു.ഒരു കണക്കിന് അത് പിന്നീട് അനുഗ്രഹമായി.പ്രീഡിഗ്രിക്ക് ശേഷം ഡിഗ്രിക്ക് ഫാറൂഖ്‌കോളേജിലും പി.ജി.ഡി.സി.എ ക്ക് കോഴിക്കോട് ഐ.എച്.ആര്‍.ഡി.സെന്ററിലും,ബി.എഡിന് മലപ്പുറം സെന്ററിലും മാസ്റ്റര്‍ ബിരുദത്തിന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലും പൊന്നാനി എം.ഇ.എസ് കോളേജിലും ഒക്കെയായി കലാലയ ജീവിതം ഞാന്‍ ശരിക്കും ആസ്വദിച്ചു.എന്നാല്‍ എന്തുകൊണ്ടോ പ്രീഡിഗ്രിക്ക് താമസിച്ച ഹോസ്റ്റലിനോടും ആ കൂട്ടുകെട്ടിനോടും എന്നും ഒരു പണത്തൂക്കം അടുപ്പം കൂടുതലായിരുന്നു.അതിനാല്‍ തന്നെ ഈ ഗ്രൂപ്പിന്റെ ‘അവൈലബ്ല് പി.ബി’  ഈ സംഗമത്തിന്ശേഷം വര്‍ഷത്തിലൊരിക്കല്‍ എടക്കരക്കാരന്‍ മെഹ്‌റൂഫിന്റെ വീട്ടില്‍ കൂടിയിരുന്നു.

             ഈ വര്‍ഷവും ആ സംഗമം ജൂലൈ  23ന് എടക്കര വച്ച് നടന്നു.എനിക്കും മെഹ്റൂഫിനും, പുറമെ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഡോ.എന്‍.വി.സഫറുള്ള (സൈക്കോളജിസ്റ്റ്) , താനൂര്‍ സ്വദേശി അസ്ലം (ബിസിനസ്), അബുദാബിയില്‍ ജോലി ചെയ്യുന്ന അരീക്കോട് സ്വദേശികളായ സുനില്‍ സലീം (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍) , അമീന്‍ ബാസില്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) എന്നിവരായിരുന്നു ഇത്തവണത്തെ ‘അവൈലബ്ല് പി.ബി’ .ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ, വയനാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍  ഇപ്പോള്‍ ഏത് വര്‍ക്കിംഗ് ഡേയും എനിക്ക് ലീവ് ലഭിക്കുമായിരുന്നു.


          ഉച്ചയോടെ എടക്കര എത്തി , സ്വല്പം വിശ്രമിച്ച ശേഷം നാടുകാണി ചുരം കയറി ,പഴയ ഹോസ്റ്റല്‍ ദിനങ്ങളും കലാലയ ദിനങ്ങളും അയവിറക്കി ഒരു രാത്രി എവിടെ എങ്കിലും ചിലവഴിക്കാം എന്നായിരുന്നു പതിവിന് വിപരീതമായി ഇത്തവണ പ്ലാന്‍ ചെയ്തത്.ഗൂഡലൂരും മസിനഗുഡിയും ഊട്ടിയും ഒക്കെ തങ്ങാനുള്ള ഇടമായി ചര്‍ച്ചയില്‍ വന്നെങ്കിലും വൈകുന്നേരമായിട്ടും ഒരു തീരുമാനമായില്ല.അവസാനം വഴിയില്‍ നിന്ന് തീരുമാനിക്കാം എന്ന തീരുമാനത്തോടെ വണ്ടി എടുത്തു.വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചും ചായ കുടിക്കാനിറങ്ങിയും സ്നാപ്പുകള്‍ എടുത്തും സന്ധ്യാസമയത്ത് ഞങ്ങള്‍ എത്തിയത് ഗൂഡലൂര്‍ ആയിരുന്നു.


              മസിനഗുഡിയില്‍ രാത്രി എത്തിയാല്‍ റിസോര്‍ട്ട് കിട്ടാന്‍ പ്രയാസമാണെന്നതിനാല്‍ ഞാന്‍ ആഗ്രഹിച്ച ആ സങ്കേതം അപ്പോള്‍ തന്നെ ചര്‍ച്ചയില്‍ നിന്ന് പുറത്തായി.ഒരു മാസം മുമ്പ് ഊട്ടിയില്‍ പോയിരുന്നതിനാല്‍ എനിക്ക് ഊട്ടി താല്പര്യം തോന്നിയില്ല. ഗൂഡലൂര്‍ നില്‍ക്കാന്‍ ആര്‍ക്കും താല്പര്യം ഇല്ലാത്തതിനാല്‍ വണ്ടി ഊട്ടിയിലേക്ക് വിടാന്‍ തന്നെ തീരുമാനമായി.സമയം അപ്പോള്‍ രാത്രി എട്ട് മണി.ഊട്ടിയില്‍ 200ലധികം തവണ പോയി എന്നവകാശപ്പെടുന്ന അസ്ലമും മെഹ്‌റൂഫും തന്ന ഉറപ്പില്‍ ,താമസ സൌകര്യം ലഭിക്കും എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ നീലഗിരി കുന്നുകള്‍ താണ്ടാന്‍ തുടങ്ങി.

              രാത്രി ആയതിനാല്‍ റോഡില്‍ ട്രാഫിക് കുറഞ്ഞിരുന്നു.പുറത്തെ കനത്ത ഇരുട്ടിനെ ഒന്ന് കൂടി കനപ്പിക്കാന്‍ കോടയും മൂടിത്തുടങ്ങിയിരുന്നു.റോഡിന്റെ അവസ്ഥ പറയാനും വയ്യ.പക്ഷെ ഡ്രൈവര്‍ സീറ്റിലിരുന്ന മെഹ്‌റൂഫിന് അതെല്ലാം ‘ക്യാ ഹെ’ ആയിരുന്നു.പ്രീഡിഗ്രിക്കാലത്തെ പാട്ടും കഥകളുമായി വണ്ടി ഊട്ടി ലക്ഷ്യമാക്കി കുതിച്ചു.വഴിയരികില്‍ വന്യ ജീവികളെ കാണാനുള്ള സാധ്യതാ ബോര്‍ഡുകള്‍ കണ്ടതിനാല്‍ ഞങ്ങള്‍ പുറത്തേക്കും ശ്രദ്ധിച്ചിരുന്നു. എവിടെയാണെങ്കിലും ആറ് മണിക്ക് മുമ്പേ ചുരം ഇറങ്ങിയിരിക്കണം എന്നായിരുന്നു സുനിലിന്റെ ഉപ്പയുടെ നിര്‍ദ്ദേശം.പക്ഷേ ആറ് മണിക്ക് ശേഷം ഞങ്ങള്‍ ചുരം ഇറങ്ങുകയായിരുന്നില്ല, ചുരം കയറുകയായിരുന്നു !! വഴിയിലെ  സൂചനാബോര്‍ഡുകളും ബാപ്പയുടെ നിര്‍ദ്ദേശവും പിന്നെ ആമാശയത്തില്‍ നിന്നുള്ള പൊല്ലാപ്പുകളും സുനിലിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം എല്ലാം കൂടി വഴിയില്‍ കൊട്ടിയപ്പോള്‍ അവനും ഞങ്ങള്‍ക്കും അല്പം സമാധാനമായി.

              പ്രതീക്ഷിച്ചപോലെ വലിയ കേഴമാനുകള്‍ വഴിയരികില്‍ കണ്ടു.ആനകളെപ്പറ്റിയുള്ള മുന്നറിയിപ്പ് ബോര്‍ഡും ഇടക്കിടക്ക് ഉണ്ടായതിനാല്‍ മുന്‍ സീറ്റില്‍ ഇരുന്ന സുനിലിന്റെ ഹൃദയമിടിപ്പ് പിന്‍ സീറ്റിലിരുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു ! എന്നാല്‍ അത്തരം ഒരു മൃഗത്തേയും കാണാതെ രാത്രി പത്ത് മണിക്ക് ഞങ്ങള്‍ ഊട്ടിപട്ടണത്തില്‍ പ്രവേശിച്ചു. ഓഫ് സീസണ്‍ ആയിട്ടും ഊട്ടി സുന്ദരിയായിരുന്നു.





( ബാക്കി ഈന്ന് വൈകുന്നേരം തുടരും!)

7 comments:

Areekkodan | അരീക്കോടന്‍ said...

ഓഫ് സീസണ്‍ ആയിട്ടും ഊട്ടി സുന്ദരിയായിരുന്നു.

സുധി അറയ്ക്കൽ said...

ആഹാ.പിന്നേം കുഞ്ഞ്‌ യാത്രാവിവരണമോ!!!!വരട്ടെ വരട്ടെ.!!!

Areekkodan | അരീക്കോടന്‍ said...

സുധീ....രണ്ടാം ഭാഗം പറഞ്ഞപോലെ വൈകിട്ട് പോസ്റ്റ് ചെയ്തു.

ajith said...

ഊട്ടി രണ്ടാം ട്രിപ്പ്!!

വിനോദ് കുട്ടത്ത് said...

എന്നാ പിന്നെ മാഷേ ഊട്ടിയിലൊരു ഫ്ലാറ്റ് മേടിച്ചിട്ടൂടെ....
കലാപ sorry കലാലയ സുഹൃത്തുക്കള്‍ക്കൊപ്പം..... അടിച്ചു പൊളിച്ചുഅല്ലേ.......

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....അഞ്ചാമത്തെയോ ആറാമത്തെയോ ട്രിപ് ആണിത്

വിനോദ്ജീ....ഞങ്ങള്‍ അങ്ങനെയൊന്ന് ആലോചിക്കുന്നു.ഈ വില്ലാക്ക് സമീപം തന്നെ സ്ഥലം കിട്ടാനുണ്ട്.

Cv Thankappan said...

വായിക്കാനാരംഭിച്ചപ്പോള്‍ യാത്രാവിവരണമാണെന്ന് നിനച്ചില്ല!
കാണട്ടെ,വായിക്കട്ടെ.....................
ആശംസകള്‍ മാഷെ

Post a Comment

നന്ദി....വീണ്ടും വരിക