Pages

Wednesday, April 13, 2016

അപ്രതീക്ഷിതങ്ങള്‍....


        പ്രോഗ്രാം ഷെഡ്യൂളിനെക്കുറിച്ച് നേരത്തെ ധാരണ ഇല്ലാതിരുന്നതിനാല്‍ മാര്‍ച്ച് 8ന് രാത്രി എട്ടരക്കുള്ള മംഗലാപുരം എക്സ്പ്രെസ്സിലായിരുന്നു ഞങ്ങള്‍ മടക്കയാത്ര തീരുമാനിച്ചത്.ഒരു മാരത്തോണ്‍ കണക്കെ മാര്‍ച്ച് 7ന് ആരംഭിച്ച് മാര്‍ച്ച് 8ന് പുലര്‍ച്ചെ 1 മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയിലെ ഒത്തുചേരലോടെ പ്രോഗ്രാം അവസാനിച്ചപ്പോള്‍ അടുത്ത ഒരു പകല്‍ മുഴുവന്‍ ഞങ്ങളുടെ മുന്നില്‍ ശൂന്യമായി കിടപ്പുണ്ടായിരുന്നു.ജര്‍മ്മനിയില്‍ നിന്നും കേരളത്തിലേക്ക് സൈക്കിളിലെത്തിയ പാട്രിക് ഉള്‍പ്പെടുന്ന സൈക്ലിംഗ് ടീമിന്റെ കൂടെ തിരുവനന്തപുരത്തെ രാജവീഥിയിലൂടെ  സൈക്കിളോടിക്കാനും അപ്രതീക്ഷിതമായി അന്ന് എനിക്ക് ഭാഗ്യം ലഭിച്ചു.
        പ്രോഗ്രാം കഴിഞ്ഞ് രാത്രി മൂന്ന് മണിയോടെ എല്ലാവരും റൂമില്‍ തിരിച്ചെത്തി. തിരുവനന്തപുരം കാണാത്തവര്‍ എന്റെ കൂടെ ഉണ്ടായിരുന്നതിനാലും കോളേജിന്റെ യശ്ശസ് ഉയര്‍ത്തിയ ടീം ആയതിനാലും പിറ്റേന്ന് പകല്‍ മക്കളെയും കൊണ്ട് ഒന്ന് കറങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു.

“നമുക്കാദ്യം കാഴ്ചബംഗ്ലാവില്‍ പോകാം...പിന്നെ മ്യൂസിയം , ആര്‍ട്ട്ഗ്യാലറി എല്ലാം കഴിഞ്ഞ് ഊണും കഴിച്ച് ശംഖുമുഖത്തേക്ക്...” ഞാന്‍ പറഞ്ഞു.

“ഓകെ സാര്‍...” എല്ലാവരും സമ്മതം മൂളി.

“സാര്‍ ... കാഴ്ചബംഗ്ലാവിലേക്കാണെങ്കില്‍ ഒരു മിനുട്ട്....ഞാന്‍ ബാപ്പയെ ഒന്ന് വിളിക്കട്ടെ...” മികച്ച നടന്‍ വാസിഹ് പറഞ്ഞു.

“നീ പേടിക്കേണ്ടടാ....അവിടെയുള്ള സിംഹവും കടുവയും ഒക്കെ വയസ്സന്മാരാ...ഒന്നും ചെയ്യില്ല” ഈ അടുത്ത് അവിടം സന്ദര്‍ശിച്ച ആരോ പറഞ്ഞു.

“അല്ല....ബാപ്പയുടെ പരിചയക്കാരനാണ് .....”

“ങേ!! കാഴ്ചബംഗ്ലാവിലോ?നിന്റെ കോലവും അഭിനയവും കണ്ടപ്പഴേ അന്ന് കോഴിക്കോട് ക്യാമ്പില്‍ നിന്ന് ചിലര്‍ പറഞ്ഞതാ മുന്‍‌ജന്മത്തില്‍ കാഴ്ചബംഗ്ലാവിലായിരുന്നു എന്ന് തോന്നുന്ന് എന്ന്....” ഹന്ന കിട്ടിയ അവസരം മുതലെടുത്തു.

         വാസിഹ് ഇതിനിടയില്‍ ബാപ്പയെ വിളിച്ച് മ്യൂസിയത്തില്‍ ജോലി ചെയ്യുന്ന നാട്ടുകാരനും പിതാവിന്റെ സുഹൃത്തുമായ രാജേന്ദ്രന്‍ എന്നയാളുടെ നമ്പര്‍ സംഘടിപ്പിക്കുകയും അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. നേരെ നേപ്പിയര്‍ മ്യൂസിയത്തിന്റെ മുന്നിലെത്താന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം കിട്ടി.

        മ്യൂസിയത്തിന് മുന്നില്‍ ഞങ്ങളെയും പ്രതീക്ഷിച്ച് മ്യൂസിയം സൂപ്രണ്ട് രാജേന്ദ്രന്‍ സാര്‍ നില്‍പ്പുണ്ടായിരുന്നു.പ്രവേശന ഫീ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് ആനയിക്കപ്പെട്ടു.1855-ല്‍ ബ്രിട്ടീഷുകാരനായ നേപ്പിയര്‍ നിര്‍മ്മിച്ച ഇന്ത്യയിലെത്തന്നെ രണ്ടാമത്തെ മ്യൂസിയത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും രണ്ടായിരത്തിലധികം കാഴ്ചവസ്തുക്കള്‍ കാണാനുണ്ടെന്നും രാജേന്ദ്രന്‍ സാര്‍ അറിയിച്ചു.തുടര്‍ന്ന് ഞങ്ങള്‍ മ്യൂസിയം മുഴുവന്‍ നടന്ന് കണ്ടു.
       അടുത്തതായി ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറിയിലേക്ക് രാജേന്ദ്രന്‍ സാര്‍ ഞങ്ങളെ നയിച്ചു.പോകുന്ന വഴിക്ക് കാഴ്ചബംഗ്ലാവിന്റെ ഗേറ്റില്‍ നില്‍ക്കുന്ന ആളോട് ആര്‍ട്ട് ഗ്യാലറി കണ്ട് തിരിച്ച് വരുന്ന ഈ സംഘത്തെ അകത്തേക്ക് കയറ്റിവിടാന്‍ പറയാനും രാജേന്ദ്രന്‍ സാര്‍ മറന്നില്ല.

        രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്ന രാജാ രവിവര്‍മ്മ ചിത്രങ്ങള്‍കൊണ്ട് സമ്പുഷ്ടമായ ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയില്‍ ഇത്തവണ രാജേന്ദ്രന്‍ സാറുടെ അതിഥികളായി ചെന്നപ്പോഴാണ് രവിവര്‍മ്മയുടെ ഗുരു എന്ന് അപ്പോള്‍ അറിഞ്ഞ ഫ്രാങ്ക് ബ്രൂക്സ് വരച്ച  “ലേഡി വിത്  എ ഫാന്‍” എന്ന ത്രിമാനചിത്രം ശ്രദ്ധയില്‍ പെട്ടത്. നാം ഏത് ഭാഗത്തേക്ക് നിന്ന് നോക്കിയാലും അവള്‍ ആ ഭാഗത്തേക്ക് തല ചെരിച്ചു നോക്കുന്നതായി തോന്നുന്ന തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അങ്ങനെയൊരു ചിത്രം വരച്ച ആ കലാകാരനെ ഞങ്ങള്‍ നമിച്ചു.

         ആര്‍ട്ട്ഗ്യാലറിക്ക് ശേഷം നേരത്തെപറഞ്ഞപോലെ കാഴ്ചബംഗ്ലാവിലും ഞങ്ങള്‍ സൌജന്യമായി കയറി, മൃഗങ്ങളെയും പക്ഷികളെയും പാമ്പുകളെയും എല്ലാം കണ്ടു.
തിരിച്ച് നേപ്പിയര്‍ മ്യൂസിയത്തിലെത്തി ഞങ്ങള്‍ക്ക് ഇത്തരം ഒരവസരം ഒരുക്കിത്തന്ന രാജേന്ദ്രന്‍ സാറിന് എന്‍.എസ്.എസ് ക്ലാപ്പോട് കൂടിയ നന്ദി അര്‍പ്പിച്ച് അടുത്ത പരിപാടിയായ ആമാശയവിപുലീകരണത്തിലേക്ക് നീങ്ങി.


(തുടരും....)

7 comments:

Areekkodan | അരീക്കോടന്‍ said...

"നിന്റെ കോലവും അഭിനയവും കണ്ടപ്പഴേ അന്ന് കോഴിക്കോട് ക്യാമ്പില്‍ നിന്ന് ചിലര്‍ പറഞ്ഞതാ മുന്‍‌ജന്മത്തില്‍ കാഴ്ചബംഗ്ലാവിലായിരുന്നു എന്ന് തോന്നുന്ന് എന്ന്....”

ajith said...

നേപ്പിയറ് എന്തിനാ നമ്മടെ നാട്ടില് മൂസിയം ഉണ്ടാക്കിയേ ?!!!

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....അത് ഒരു ഒന്നൊന്നര ചോദ്യമാണല്ലോ?

Cv Thankappan said...

കളിയാക്കിയെങ്കിലും വാസിഹിന്‍റെ ഫോണ്‍വിളിയുടെ ഗുണം കിട്ടിയല്ലോ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

അതെ തങ്കപ്പേട്ടാ....ആ ഫോണ്‍ വിളി കൊണ്ട് ഒരുപാട് ഗുണം കിട്ടി.

സുധി അറയ്ക്കൽ said...

മ്യൂസിയത്തിലും മൃഗശാലയിലും കഴിഞ്ഞ വര്‍ഷം പോയത് ഓര്‍ത്തുപോയി.

Areekkodan | അരീക്കോടന്‍ said...

സുധീ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക