Pages

Thursday, April 14, 2016

അറബിക്കടലിന്റെ പേര് ...

         കിഴക്കെകോട്ടയില്‍ നിന്നും ശംഖുമുഖത്തേക്ക് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ തന്നെ സമയം അഞ്ചരയോട് അടുത്തിരുന്നു.എട്ടരക്കുള്ള ട്രെയിനില്‍ തിരിച്ചു പോകേണ്ടതിനാല്‍ ശംഖുമുഖത്ത് പോകണോ വേണ്ടയോ എന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ ഉരുണ്ട്കൂടിക്കൊണ്ടിരുന്നു. അതൊരു കാര്‍മേഘമായി മാറുന്നതിന് മുമ്പ് ശംഖുമുഖം ബസ് വന്നതിനാല്‍ കുട്ടികള്‍ എല്ലാവരും ചാടിക്കയറി
        ദൂരം കുറവാണെങ്കിലും മുക്കാല്‍ മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങള്‍ ശംഖുമുഖത്തെത്തിയത്. സൂര്യാസ്തമന സമയമായതിനാല്‍ ശരിയായ നേരത്തായിരുന്നു ഞങ്ങളുടെ എത്തിച്ചേരല്‍. ശംഖുമുഖത്തിന്റെ മുഖമുദ്രയായ ശ്രീ കാനായി കുഞ്ഞിരാമന്റെ “മത്സ്യകന്യക” തന്നെയായിരുന്നു ആദ്യം സന്ദര്‍ശിച്ചത്.
          ബീച്ചില്‍ ഏതോ ഒരു പുതിയ ബിസിനസ്സിന്റെ പ്രചരണാര്‍ത്ഥം ഒരു ഗാനമേള നടക്കുന്നുണ്ടായിരുന്നു. കുറെ ശബ്ദകോലാഹലങ്ങള്‍ മാത്രമായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്.എന്നാല്‍ അല്പം അകലെ നിന്ന് മലയാളത്തിലെ അനശ്വരഗാനങ്ങള്‍ ഒഴുകി എത്തുന്നുണ്ടായിരുന്നു.അങ്ങോട്ട് പോകാന്‍ സമയമില്ലാത്തതിനാല്‍ തല്‍ക്കാലം ചെവിമാത്രം അങ്ങോട്ട് കൊടുത്തുകൊണ്ട് ഞങ്ങള്‍ കടലിനടുത്തേക്ക് നീങ്ങി.

           അപ്പോഴാണ് ഒരാള്‍ക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.കുറെ കലാകാരന്മാര്‍ ഒരു മണല്‍ശില്പം ഉണ്ടാക്കിയതായിരുന്നു അത്.ശില്പങ്ങളില്‍ എല്ലാം സ്ത്രീകള്‍ക്കാണ് സ്ഥാനം എന്ന സത്യം അരക്കിട്ടുറപ്പിച്ച് ഈ മണല്‍ശില്പവും മനസ്സിലേക്ക് കുടിയേറി.

“സാര്‍...ഒരു സംശയം ചോദിക്കട്ടെ?” വയനാട്ടുകാരി ഹന്നയുടെ ചോദ്യം.

“ഓകെ...”

“ഈ കടലിന് അറബിക്കടല്‍ എന്ന് പറയുന്നത് എന്തുകൊണ്ടാ?”

“അതിന്റെ ഉത്തരം വയനാട്ടുകാരന്‍ തന്നെയായ ജിന്‍ഷാദ് പറയും...” ഞാന്‍ തല്‍ക്കാലം തടിതപ്പി.

“വെരി സിമ്പിള്‍...ഈ കടല്‍ കടന്നാല്‍ നേരെ എത്തുന്നത് അറെബ്യയിലാണ്...അപ്പോള്‍ അറെബ്യയിലേക്കുള്ള കടല്‍ എന്ന അര്‍ത്ഥത്തില്‍ അറബിക്കടല്‍ എന്ന് പേരിട്ടു...” ജിന്‍ഷാദ് സമര്‍ത്ഥമായി ഒപ്പിച്ചു.

“അപ്പോള്‍ അറെബ്യയില്‍ ഈ കടലിന്റെ പേരെന്തായിരിക്കും?”

“അറെബ്യയില്‍ നിന്നും നോക്കുമ്പോള്‍ കടലിനിക്കരെ ഇന്ത്യാ മഹാരാജ്യം...അപ്പോള്‍ കടലിന്റെ പേര്‍ ഇന്ത്യന്‍ മഹാ സമുദ്രം...!!”

“ങേ!!ഒരേ കടലിന് അങ്ങോട്ട് പോകുമ്പോള്‍ ഒരു പേരും ഇങ്ങോട്ട് വരുമ്പോള്‍ മറ്റൊരു പേരും..??”

“അതിലെന്താ ഇത്ര അത്ഭുതം?ഒരേ ട്രെയിനിന് അങ്ങോട്ട് പോകുമ്പോള്‍ ഒരു നമ്പറും ഇങ്ങോട്ട് വരുമ്പോള്‍ മറ്റൊരു നമ്പറും ആകുന്നില്ലേ?” ജിന്‍ഷാദ് തന്റെ ഉത്തരത്തെ പ്രതിരോധിച്ചതോടെ ഹന്ന ചോദ്യം നിര്‍ത്തി.

“ഓകെ...ഇനിയും ഇവിടെ നിന്നാല്‍ വണ്ടിയില്‍ ചാടിക്കയറേണ്ടി വരും...” ഞാന്‍ സമയം ബോധിപ്പിച്ചു.

“അതെ മടങ്ങാം സാര്‍....ഇന്നലെത്തന്നെ ഒരു വിധം രക്ഷപ്പെട്ടതാ...”എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു.കിട്ടിയ പെട്ടി ഓട്ടോയില്‍ കുത്തിക്കൊള്ളിച്ച് ഞങ്ങള്‍ ശംഖുമുഖത്ത് നിന്നും തമ്പാനൂരിലെത്തി.തമ്പാനൂരിന്റെ മുഖമുദ്രയായ കോഫീ ഹൌസില്‍ നിന്നും ഭക്ഷണവും കഴിച്ച് നാട്ടിലേക്ക് വണ്ടി കയറിയതോടെ അനുഭവസമ്പന്നമായ ഈ യാത്രയും അവസാനിച്ചു.


(അവസാനിച്ചു.)

9 comments:

Areekkodan | അരീക്കോടന്‍ said...

“വെരി സിമ്പിള്‍...ഈ കടല്‍ കടന്നാല്‍ നേരെ എത്തുന്നത് അറെബ്യയിലാണ്...അപ്പോള്‍ അറെബ്യയിലേക്കുള്ള കടല്‍ എന്ന അര്‍ത്ഥത്തില്‍ അറബിക്കടല്‍ എന്ന് പേരിട്ടു...”

Bipin said...

അറബിക്കടലിന്റെ പേര് കിട്ടിയത് ഇപ്പോൾ മാഷ്ക്കും മനസ്സിലായിക്കാണുമല്ലോ. പിള്ളാരുടെ ബുദ്ധി നോക്കണേ. നല്ലൊരു

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ...മനസ്സിലായി

വിനുവേട്ടന്‍ said...

ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ കാഞ്ഞ ബുദ്ധിയാ അരീക്കോടന്‍ മാഷേ... :)

Cv Thankappan said...

ഉത്തരംമുട്ടുമ്പോള്‍ തന്ത്രപരമായി വിഷയം മാറ്റുന്ന കാര്‍ന്നോമ്മാരും ധാരാളം....
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...വീണ്ടും ജ്കണ്ടതില്‍ സന്തോഷം

തങ്കപ്പേട്ടാ....നമ്മള്‍ക്കിട്ടാണോ ?

Mazhavil..Niyagrace.. said...

Good description..Sona

http://mazhavilsj.blogspot.ca/

സുധി അറയ്ക്കൽ said...

കാഞ്ഞ ബുദ്ധിക്കാരായ കുട്ടികളാണല്ലോ കു‌ടെ?.

ശില്പങ്ങളില്‍ എല്ലാം സ്ത്രീകള്‍ക്കാണ് സ്ഥാനം എന്ന സത്യം പരമാര്‍ത്ഥം ആണല്ലോ.കാരണം എന്താണാവോ?



Areekkodan | അരീക്കോടന്‍ said...

സുധീ...കഷണ്ടിക്കാരനായ എന്റെ കുട്ടികളല്ലേ, ബുദ്ധി സൂപ്പറായിരിക്കും.

Post a Comment

നന്ദി....വീണ്ടും വരിക