Pages

Wednesday, October 12, 2016

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’ - 2

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’

           ശനിയാഴ്ചയും ഞായറാഴ്ചയും കോളേജില്‍ എന്‍.എസ്.എസിന്റെ ഡ്യൂട്ടി ഉണ്ടായിരുന്നതിനാല്‍ തിങ്കളാഴ്ച ഞാന്‍ ലീവ് എടുത്തു.കറക്ട് അന്ന് ഒമ്പത് മണിയോടെ വീട്ടിലെ ഗ്യാസും കഴിഞ്ഞു.

“സിലിണ്ടര്‍ രണ്ടും കാലിയായാല്‍ ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്?” ഭാര്യ ചോദിച്ചു.

“ഞാനല്ല പറഞ്ഞത്, അസീസ്ക്കയാ പറഞ്ഞത്...”

“അസീസ്ക്കയോ...?അതാരാ?”

“ഗ്യാസ് ഏജന്‍സി ഉടമ”

“ ഏത് കാക്കയായാലും വേണ്ടില്ല... സിലിണ്ടര്‍ രണ്ടും കാലിയാ...ഗ്യാസ് എടവണ്ണപ്പാറ നിന്നും ഇന്ന് തന്നെ അരീക്കോട്ടേക്ക് മാറ്റാന്‍ നോക്കണം...”

“അതിന് കുറെ ഫോര്‍മാലിറ്റീസുണ്ട്...മാത്രമല്ല നമ്മുടേത് ഇന്‍ഡേനാ,അരീക്കോട്ടേത് എച്.പിയും...“

“ഇന്ത്യനായാലും മറ്റതായാലും ഗ്യാസ് ഇല്ലാതെ ഇനി ഭക്ഷണം ഇല്ല...”

“ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ...” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

     ഉടന്‍ ഞാന്‍ ഗ്യാസ് ഏജന്‍സി പാര്‍ട്ട്ണറെ വിളിച്ചു. കാലിയായ രണ്ട് സിലിണ്ടറും റെഗുലേറ്ററും എസ്.വി പേപ്പറും ഐ.ഡി കാര്‍ഡും കൊണ്ട് ഏജന്‍സി ഓഫീസില്‍ വന്നാല്‍ അരമണിക്കൂറിനകം ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് അദ്ദേഹം അറിയിച്ചു.നാട്ടിലെ ഏജന്‍സിയില്‍ ബന്ധപ്പെട്ട് അവിടെത്തെ 'സംഗതികള്‍' നമ്മള്‍ അറിഞ്ഞിരിക്കണം എന്നും പറഞ്ഞു.
ഇപ്പോള്‍ കണക്ഷന്‍ മാറ്റുന്നതിനുള്ള കാരണവും ആ സൌഹൃദ സംഭാഷണത്തില്‍ അദ്ദേഹം ആരാഞ്ഞു.

      എന്റെ അടുത്ത കാള്‍ നേരെ നാട്ടിലെ ഏജന്‍സിയിലേക്കായിരുന്നു. പഴയ ഏജന്‍സിയില്‍ നിന്നും കിട്ടുന്ന ഒരു പേപ്പറും, ആധാര്‍ കാര്‍ഡിന്റെ രണ്ട് കോപ്പിയും (ഒന്ന് അപേക്ഷയുടെ കൂടെ വയ്ക്കാനും രണ്ടാമത്തേത് ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാനും), ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ കോപ്പിയും( ഇതും ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാനാണ്) , റേഷന്‍ കാര്‍ഡിന്റെ കോപ്പിയും,രണ്ട് ഫോട്ടോയും ഓഫീസില്‍ നിന്നും കിട്ടുന്ന അപേക്ഷ ഫോറത്തിന്റെ കൂടെ നല്‍കി ആവശ്യമായ പണം അടച്ചാല്‍ ഉടന്‍ കണക്ഷന്‍ നല്‍കാമെന്ന് അവര്‍ അറിയിച്ചപ്പോള്‍ ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന കാലവും അഞ്ച് വര്‍ഷം മുമ്പത്തെ അവസ്ഥയും ആലോചിച്ചുപോയി.

        ആവശ്യമായ എല്ലാ പേപ്പറുകളും സാമഗ്രികളും എടുത്ത് ഞാന്‍ നേരെ എന്റെ കണക്ഷന്‍ നല്‍കിയ ഏജന്‍സിയില്‍ എത്തി. പുതിയ കണക്ഷന്റെ ആവശ്യത്തിനായി ഒരുപാട് പേര്‍ അവിടെ വട്ടമിട്ട് നിന്നിരുന്നു. എങ്കിലും അസീസ്ക്ക പറഞ്ഞപോലെ സാധനങ്ങള്‍ തിരികെ നല്‍കി അരമണിക്കൂറിനകം തന്നെ എന്റെ പേപ്പര്‍ റെഡിയായി. ഒപ്പം രണ്ട് സിലിണ്ടറിന് നല്‍കിയ അഡ്വാന്‍സ് തുക 2500 രൂപയും റെഗുലേറ്ററിന്റെ 150രൂപയും തിരികെ ലഭിച്ചു.

        ഈ പേപ്പറും മേല്പറഞ്ഞ പേപ്പറുകളുമായി അടുത്ത അരമണിക്കൂറിനുള്ളീല്‍ ഞാന്‍ അരീക്കോട്ടെ ഏജന്‍സിയില്‍ എത്തി.അവിടെ നിന്നും ലഭിച്ച അപേക്ഷ ഫോറം പൂരിപ്പിച്ച് എല്ലാ രേഖകളും സമര്‍പ്പിച്ച് സിലിണ്ടറിന്റെയും റെഗുലേറ്ററിന്റെയും അഡ്വാന്‍സും രണ്ട് സിലിണ്ടറിന്റെ വിലയായ 1050 രൂപയും നാമ മാത്രമായ സ്റ്റേഷണറി ചാര്‍ജ്ജും അടച്ചതോടെ പുതിയ റെഗുലേറ്ററും പാസ്സ്ബുക്കും രണ്ട് സിലിണ്ടറുകളും (ആദ്യത്തെ തവണ ഗോഡൌണില്‍ നിന്ന് സ്വന്തം ചെലവില്‍ എടുക്കണം)  നല്‍കി എന്നെ എച്.പി കസ്റ്റമറായി സ്വീകരിച്ചു.

         ആകെക്കൂടി രണ്ട് മണിക്കൂറില്‍ താഴെ മാത്രം എടുക്കുന്ന ഒരു പ്രക്രിയക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം കാത്ത് നിന്ന്, ഓരോ സിലിണ്ടറിലും അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജും നല്‍കിയിരുന്നതെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അനുഭവത്തില്‍ നിന്നും ഞാന്‍ പറയുന്നു, ആവശ്യമായ പേപ്പറുകള്‍ എല്ലാം കയ്യിലുണ്ടെങ്കില്‍ ഗവണ്മെന്റ് ഗ്യാസ് ഏജന്‍സികളില്‍ നിന്ന് പരസ്പരം കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.

7 comments:

Areekkodan | അരീക്കോടന്‍ said...

അനുഭവത്തില്‍ നിന്നും ഞാന്‍ പറയുന്നു, ആവശ്യമായ പേപ്പറുകള്‍ എല്ലാം കയ്യിലുണ്ടെങ്കില്‍ ഗവണ്മെന്റ് ഗ്യാസ് ഏജന്‍സികളില്‍ നിന്ന് പരസ്പരം കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.

© Mubi said...

ഭക്ഷണം കിട്ടില്യാന്നുള്ള ഭീഷണി ശരിക്കും ഏറ്റു... ഞാനൊന്നും പറഞ്ഞില്ല ദേ പോയിട്ടോ :)

Areekkodan | അരീക്കോടന്‍ said...

മുബീ...പുരുഷ പീഢനം !!!

SIVANANDG said...

കാര്യങ്ങൾ പലതും നിസ്സാരമാണ് പക്ഷെ അത് പകർന്ന് തരാനാണ് എല്ലാവർക്കും മടി. പിന്നെ ഒരു ലീവ് ലാഭിക്കുവാനുള്ള ഉരുണ്ടുകളി.....

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി...നന്ദി

Cv Thankappan said...

മടിപിടിച്ചിരുന്നാല്‍ സംഗതിപ്പോക്കാ...
ചൂടുതന്നെ വേണം..
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ

Post a Comment

നന്ദി....വീണ്ടും വരിക