Pages

Monday, October 17, 2016

താമരശ്ശേരി ചുരം

             ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മൈസൂരിലേക്ക് എന്റെ ആദ്യത്തെ സംസ്ഥാനാന്തര വിനോദയാത്ര നടന്നത്.ഇന്നത്തെ ലൈന്‍ ബസ്സിന്റെ അത്രപോലും മോടി ഇല്ലാത്ത “സായി ട്രാവത്സ്” എന്ന ബസ്സില്‍ കൂളിംഗ് ഗ്ലാസ് വച്ച തടിയനായ ഒരു ഡ്രൈവറും അന്ന് ടൂറിന് കൂടെ പോന്ന ടീച്ചറെ ഉന്നം വച്ച് (എന്ന് എനിക്ക് തോന്നിയ) അദ്ദേഹം ബസ്സില്‍ തുറന്ന് വിട്ട “ആ....ദേവീ, ശ്രീദേവീ....” എന്ന ഗാനവും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

               അന്ന് അടിവാരത്തെത്തിയപ്പോള്‍ ബസില്‍ നിന്നും അദ്ധ്യാപകരിലാരോ ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.”വയനാട് ചുരം കയറാന്‍ തുടങ്ങുകയാണ്. ശരിക്കും ശ്രദ്ധിച്ച് കാഴ്ചകള്‍ കാണണം.ചുരത്തില്‍ %# ഹെയര്‍പിന്‍ വളവുകള്‍ (അന്ന് എത്ര എണ്ണമാണ് പറഞ്ഞിരുന്നത് എന്നെനിക്കോര്‍മ്മയില്ല) ഉണ്ട്”.

“സേര്‍....ചൊരം ന്ന് പറഞ്ഞാലെത്താ...?” ആരോ ചോദിച്ചു.

“മലയുടെ മുകളിലേക്ക് വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡ്...ചുരത്തിന്റെ മുകളിലെത്തി താഴോട്ട് നോക്കിയാല്‍ മനോഹരമായ കാഴ്ചകള്‍ കാണാം...”

“ങേ!! അപ്പം തായത്ത്ക്ക് ബ്‌ഗൂലെ (അപ്പോള്‍ താഴേക്ക് വീഴില്ലേ?).“ കുട്ടികളായ ഞങ്ങള്‍ ഉത്‌കണ്ഠാകുലരായി.

“ഇല്ല...ചുരത്തിന്റെ ഏറ്റവും മുകളിലെത്തിയാലുള്ള സ്ഥലമാണ് ലക്കിടി...കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം...അവിടെ ഒരു മരത്തില്‍ കെട്ടിയ ചങ്ങല കാണാം...”

“ങേ!മരത്ത്‌നെ ചെങ്ങലെ കെട്ടേ?” ഞങ്ങള്‍ അത്ഭുതപ്പെട്ടു.

“അല്ല...മരത്തില്‍ ചങ്ങല കെട്ടിയത്...അതിന്റെ പിന്നി‍ല്‍ ഒരു കഥയുണ്ട്...മിണ്ടാതിരുന്നാല്‍ കഥ കേള്‍ക്കാം...”

“കേക്കട്ടെ സേര്‍...” എല്ലാവരും കഥക്കായി കാതോര്‍ത്തു.

“വയനാട് എന്നാല്‍ പണ്ട് മുഴുവന്‍ കാടായിരുന്നു. നിരവധി വന്യജീവികള്‍ വസിച്ചിരുന്ന സ്ഥലം, പിന്നെ കുറെ ആദിവാസികളും....അങ്ങനെ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ഒരു ആദിവാസിയുടെ (കരിന്തണ്ടന്‍ എന്നാണ് ഇയാളുടെ പേര് എന്ന് ഇപ്പോള്‍ അറിയുന്നു) സഹായത്തോടെ കാട് നിറഞ്ഞ ഈ മല കയറാന്‍ തുടങ്ങി.അത്യന്തം അപകടകരമായ ആ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി അവര്‍ മലയുടെ മുകള്‍ ഭാഗത്തെത്തി. വയനാട്ടിലേക്കുള്ള വഴി കണ്ടെത്തിയത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പട്ടാള ഉദ്യോഗസ്ഥന്‍ ആ പാവം ആദിവാസിയെ കൊലപ്പെടുത്തി...”

“അയ്യോ...!ന്നട്ട്...”

“അങ്ങനെ ഈ  ഉദ്യോഗസ്ഥന്‍ താഴെ തിരിച്ചെത്തി തന്റെ മികവ് തെളിയിക്കാന്‍ കുതിരപ്പട്ടാളവുമായി വീണ്ടും മലകയറി.പക്ഷെ പല വണ്ടികളും മുകളിലെത്തുന്നതിന് മുമ്പെ കൊല്ലിയിലേക്കും മറ്റും മറിഞ്ഞു.പിന്നീട് മറ്റു വാഹനങ്ങള്‍ക്കും ഇങ്ങനെ അപകടം സംഭവിച്ചു കൊണ്ടിരുന്നു...”

“കുട്ടിച്ചാത്തന്‍ ആയിരിക്കും....” ഞങ്ങള്‍ പറഞ്ഞു.

“അതെ....അന്ന് പട്ടാളക്കാരന്‍ കൊന്ന ആദിവാസിയുടെ പ്രേതം ആയിരുന്നു ഈ പ്രവര്‍ത്തികള്‍ ചെയ്തിരുന്നത് എന്ന് എല്ലാവരും വിശ്വസിച്ചു...”

“അയ്യോ പ്രേതമോ....??” ഞങ്ങള്‍ ഞെട്ടി.

“ആ പ്രേതത്തെ ബന്ധനസ്ഥനാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ആരോ പറഞ്ഞു. അങ്ങനെ പ്രേതത്തെ മരത്തില്‍ ആവാഹിച്ച് ചങ്ങല ഇട്ട് ബന്ധനസ്ഥനാക്കി...അതാണ് ചങ്ങല മരം..”

“ഹാവൂ....സമാധാനായി....”

              ചുരം കയറാന്‍ തുടങ്ങിയതോടെ അന്നത്തെ ആ ടൂറിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ ഒരു ബ്ലാക്ക് & വൈറ്റ് ചിത്രമായി ഓടാന്‍ തുടങ്ങി. മരങ്ങള്‍ ഇട തൂര്‍ന്ന് നില്‍ക്കുന്ന ചുരം റോഡിലൂടെ അധികമൊന്നും പ്രയാസം കൂടാതെ വാഹനത്തിരക്കിലും പെടാതെ ഒന്‍പത് ഹെയര്‍പിന്‍ വളവുകളും താണ്ടി ഞങ്ങള്‍ മുകളിലെത്തി. വഴിയില്‍ ചെറിയ ചെറിയ ജലപധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നീരൊഴുക്ക് കുറവായത് കാരണം അവയൊന്നും ആകര്‍ഷകമായിരുന്നില്ല.

              ആറാം ക്ലാസ്സിലെ ടൂറില്‍ വ്യൂ പോയിന്റില്‍ ഇറങ്ങിയിരുന്നോ ഇല്ലേ എന്നൊന്നും എനിക്കോര്‍മ്മയില്ല.പക്ഷേ അന്നത്തെ വ്യൂ പോയിന്റും ഇന്നത്തെ വ്യൂ പോയിന്റും അജഗജാന്തരമുണ്ട്. വയനാട്ടില്‍ മുമ്പ് ജോലി ചെയ്ത സമയത്ത് പലതവണ ഈ വ്യൂ പോയിന്റ്റില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ചിരുന്നു. അന്ന് ജനിച്ചിട്ടില്ലാത്ത മൂന്നാമത്തെ മകള്‍ ലൂനമോള്‍ക്കും ഇപ്പോള്‍ ഞങ്ങളുടെ കൂടെ താമസിക്കുന്ന ഭാര്യാസഹോദരി പുത്രി അംനക്കും ആ കാഴ്ചകള്‍ ആസ്വദിക്കാനായി ഞങ്ങള്‍ പുറത്തിറങ്ങി.

              കാഴ്ചകള്‍ കണ്ട് വേലിക്കെട്ടിനരികെ നില്‍ക്കവെ ഒരു കുരങ്ങന്‍ ഒരു കൂസലും കൂടാതെ അരികിലൂടെ നടന്നുപോയി.കുട്ടികള്‍ എല്ലാവരും പേടിച്ച് വഴിമാറി.അപ്പോഴാണ് ലുഅ മോള്‍ അപൂര്‍വ്വമായ ആ മനോഹര ദൃശ്യം ചൂണ്ടിക്കാണിച്ചത് - ചാറല്‍ മഴയും വെയിലും സംഗമിക്കുന്നിടത്ത് മരങ്ങള്‍ പിന്നാമ്പുറ ചിത്രങ്ങളായി മനോഹരമായ ഒരു മഴവില്ല്! ഭാഗ്യവശാല്‍ അത് കൃത്യമായിത്തന്നെ ലുലു മോള്‍ ക്യാമറയില്‍ പകര്‍ത്തി. തുഷാരഗിരിയിലെ മഴവില്‍ ചാട്ടത്തില്‍ കാണാത്തത് ഇവിടെ ദര്‍ശിച്ചു.

             ലക്കിടി കടന്ന് ചങ്ങല മരത്തിന്റെ അടുത്തെത്തി.അംനക്ക് അതിന്റെ കഥ പറഞ്ഞ് കൊടുത്ത ശേഷം ഞങ്ങള്‍ അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് നീങ്ങി.

11 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോഴാണ് ലുഅ മോള്‍ അപൂര്‍വ്വമായ ആ മനോഹര ദൃശ്യം ചൂണ്ടിക്കാണിച്ചത് - ചാറല്‍ മഴയും വെയിലും സംഗമിക്കുന്നിടത്ത് മരങ്ങള്‍ പിന്നാമ്പുറ ചിത്രങ്ങളായി മനോഹരമായ ഒരു മഴവില്ല്!

© Mubi said...

നന്നായി മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...പതിവ് പോലെ ആദ്യം തന്നെ എത്തിയല്ലേ.വായനക്കും അഭിപ്രായത്തിനും നന്ദി

Cv Thankappan said...

നല്ല ചിത്രങ്ങളും,വിവരണവും
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ചിത്രങ്ങളും,വിവരണവും...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Geetha said...

" വയനാട് " പഴയ ഓർമ്മകളും , ചിത്രങ്ങളും ഹൃദ്യമായി.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...വായനക്കും അഭിപ്രായത്തിനും നന്ദി

സുധി അറയ്ക്കൽ said...

നല്ല ഓർമ്മകൾ.ചിത്രങ്ങളും.
(ടീച്ചറെ ഉന്ന വെച്ച്‌ പാടിയെന്ന് പറഞ്ഞ ഭാഗം ഇഷ്ടായി)

Areekkodan | അരീക്കോടന്‍ said...

സുധീ...ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം!!!

Post a Comment

നന്ദി....വീണ്ടും വരിക