Pages

Wednesday, November 16, 2016

പാമ്പും കടിച്ചു !!!!!

“ദേ...ഇന്നെങ്കിലും ഇറച്ചിയോ മീനോ കിട്ട്വാ നോക്ക്...ഇത് ഒരു നോട്ട് കേസും പറഞ്ഞ്....നിങ്ങൾക്ക് വേണ്ടെങ്കി ഞങ്ങൾക്ക് വേണം....” മോദിജിയുടെ മുഖം ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ തിളങ്ങിയപ്പോൾ എന്റെ കഷണ്ടി ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ വിയർത്തു.

“കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനാ കേന്ദ്ര നിർദ്ദേശം...ഇന്നാട്ടിലെ മീൻ മാർക്കറ്റിലും കോഴിപ്പീടികയിലും ഈ ‘സുയിപ്പിംഗ്‘ യന്ത്രം ഇല്ല എന്ന് അവരുണ്ടോ അറിയുന്നു....”

‘ഇനി ഒറ്റ വഴിയേ ഉള്ളൂ...നാളെ രാവിലെത്തന്നെ കോളേജിലേക്ക് പോവുക...അവിടെ ആൾക്കൂട്ടത്തിൽ അലിഞ്ഞ് ചേരുമ്പോൾ ഇത്തരം ചിന്തകൾ ഒന്നും ഉണ്ടാകില്ല’ ഞാൻ ആത്മഗതം ചെയ്തു. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ആപ്പിൾ ജ്യൂസ്” എന്ന് പറഞ്ഞപോലെ അല്പ സമയം കഴിഞ്ഞതും കോളേജിൽ നിന്ന് വിളി എത്തി -

“സാറിനോട് നാളെ രാവിലെ പത്ത് മണിക്ക് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകാൻ പറഞ്ഞിരിക്കുന്നു...കോളേജിലെ മറ്റേ പ്രശ്നത്തിൽ മൊഴി നൽകാൻ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു.

  ഭാര്യക്ക് അത്യാവശ്യ ചെലവിനായി 100 രൂപയും കൊടുത്ത് പിറ്റേന്ന് രാവിലെ തന്നെ ഞാൻ ബസ് കയറി.കൃത്യസമയത്ത് സ്റ്റേഷനിൽ എത്തിയെങ്കിലും, ബത്തേരിയിൽ ഒരു കാട്ടാന ഇറങ്ങിയതിനാൽ പോലീസ് സൂപ്രണ്ടിന് സ്ഥലം വിടേണ്ടി വന്നു.മറ്റാരോ അല്പം ചില കാര്യങ്ങൾ ചോദിച്ച് വിട്ടയക്കുകയും ചെയ്തു.

ഉച്ചയോടെ കോളേജിൽ എത്തി വേഗം ഭക്ഷണം കഴിക്കാൻ കയറി. നോട്ട് പ്രശ്നം ഉള്ളതിനാൽ ഇന്ന് ആദ്യമായി കടം പറയാം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോൾ കടയുടമ അടുത്തെത്തി.

“സാറെ...ഇത് വല്ലാത്തൊരു പരിപാടിയായിപ്പോയി...സാധനം വാങ്ങാൻ ചില്ലറയില്ല...കാശ് കൊടുക്കാതെ സാധനം കിട്ടുകയുമില്ല...അതിനാൽ ഈ പോളിസി സ്വീകരിച്ചു...” ഒരു ബോർഡ് നീട്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

“ഇന്ന് രൊക്കം നാളെ കടം” ബോർഡ് ഞാൻ വായിച്ചു. കുട്ടിക്കാലത്ത്  ‘ഗ്രിമ്മിന്റെ കഥകൾ’ എന്ന പുസ്തകത്തിൽ വായിച്ചത് ഓർമ്മയിൽ തികട്ടിയെത്തി. കയ്യിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും ഒക്കെ കൂടി അദ്ദേഹത്തിന് നൽകി ഞാൻ കൈ കഴുകാൻ നീങ്ങി.എത്ര ശ്രമിച്ചിട്ടും വെള്ളം വരാത്തതിനാൽ ഞാൻ അക്ഷമനായി - “ചേട്ടാ...വെള്ളം ഇല്ലേ?”

“അതറിഞ്ഞില്ലേ...കോളേജിലേക്ക് വെള്ളമടിക്കുന്നതിന് സമീപം ആരോ വേസ്റ്റ് കൊണ്ടുപോയി തട്ടിയിരിക്കുന്നു...അതിനാൽ പമ്പിംഗ് ഇല്ല...വെള്ളവും ഇല്ല”

“യാ കുദാ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണതിന് പുറമെ തലക്കൊരടിയും കിട്ടി.

“അപ്പോൾ കോളേജിലും വെള്ളമുണ്ടാകില്ല എന്ന് അല്ലേ?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“കോളേജിൽ വെള്ളം മാത്രമല്ല, കുറച്ച് ദിവസത്തേക്ക് വെളിച്ചവും ഉണ്ടാകില്ല...”

“ങേ!!!അതെന്താ?”

“ഹൈ ടെൻഷൻ കേബിൾ ജെ.സി.ബി മാന്തിയപ്പോൾ പൊട്ടിപ്പോയി...”

ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു , തലക്കൊരടിയും കിട്ടി.ദേ, കാലിൽ പാമ്പും കടിച്ചു !!!!!




5 comments:

Areekkodan | അരീക്കോടന്‍ said...

അതെ...വരാനുള്ളത് വഴിയിൽ തങ്ങില്ല.

SIVANANDG said...

ഇടി,തേങ്ങ,തലക്കൊരടി,പാമ്പും കടി -നോട്ട്മാറൽ നടന്നില്ല അല്ലേ.

സുധി അറയ്ക്കൽ said...

ഹാ ഹാ.എല്ലാം ഒത്തിണങ്ങി വന്നല്ലോ.

© Mubi said...

വീട്ടീന്ന് രക്ഷപ്പെടാന്‍ കോളേജിലെക്ക് ഓടിയതാ... വല്ല കാര്യവുമുണ്ടായിരുന്നോ മാഷേ??

Cv Thankappan said...

"പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട".
എന്ന ചൊല്ലുപോല്‍‌...
ആശംസകള്‍ മാഷെ

Post a Comment

നന്ദി....വീണ്ടും വരിക