Pages

Monday, December 05, 2016

കത്തെഴുത്തിന്റെ അരീക്കോടന്‍ സ്റ്റൈല്‍

പത്താം ക്ലാസ് കഴിഞ്ഞ് ലീവിംഗിന്റെ എല്‍ ഇല്ലാത്ത എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും വാങ്ങി സ്കൂളിന് പുറത്തായി ലിവിംഗ് നടത്തി തേരാ പാരാ നടക്കുന്ന കാലത്താണ് കത്തെഴുത്ത് ഒരു ഹോബിയായി അല്ലെങ്കില്‍ ഒരു ഹരമായി അതും കഴിഞ്ഞ് ഒരു ജ്വരമായി മാറിയത്. കത്ത് കിട്ടേണ്ട ആള്‍ക്കനുസരിച്ച് അത് 15 പൈസയുടെ കാര്‍ഡില്‍ ആകാം, 35 പൈസയുടെ ഇന്‍ലന്റില്‍ ആകാം അല്ലെങ്കില്‍ 50 പൈസയുടെ കവറില്‍ ആകാം.
ചിലര്‍ക്ക് സ്ഥിരമായി കാര്‍ഡിലായിരുന്നു എഴുത്ത്, മറുപടിയും സ്ഥിരമായി കാര്‍ഡില്‍ തന്നെയായിരുന്നു കിട്ടിയിരുന്നത്.

ഫാറൂഖ് കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം അന്നത്തെ ക്ലാസ്മേറ്റ് ഹാരിസ് കാര്‍ഡെഴുത്തിന്റെ ആശാനായിരുന്നു. കാര്‍ഡിലെ ആകെയുള്ള കാല്‍ സെന്റ് സ്ഥലത്ത് നിന്നും അല്പം കൂടി അവന്‍ കോണാകൃതിയില്‍ വെട്ടി മാറ്റും.ഇത് എന്തിന് എന്ന ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു - അര്‍ജന്റ് എന്ന് പോസ്റ്റ്മാനോട് സൂചിപ്പിക്കാനാണത്രെ!! അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും അതിന് ശേഷം ഞാനും കാര്‍ഡില്‍ കുനു കുനാ അടുപ്പിച്ച് എഴുതി സൈഡില്‍ കോണാകൃതിയില്‍ വെട്ടി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി!! പോസ്റ്റ്മാന് അതിലുള്ളത് വായിച്ച് അര്‍ജന്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സാധിക്കും എന്ന സാമാന്യ വിവരം അന്നില്ലാതെ പോയി.

കത്തെഴുത്തില്‍ ഞാന്‍ എന്റേതായ നിരവധി ശൈലികള്‍ ഉപയോഗിച്ചിരുന്നു. എനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറയുന്ന കത്ത് വിവിധ സിനിമാ പേരുകള്‍ ഉപയോഗിച്ച് എഴുതുന്നതായിരുന്നു ഒരു ശൈലി.എന്റെ സുഹൃത്തുക്കളില്‍ സെലക്ടഡ് ആയ പലര്‍ക്കും ആ കത്ത് ഞാന്‍ അയച്ചിരുന്നു.

ബി.എഡിന് കൂടെ പഠിച്ച മലയാളം ‘കുരച്ച് കുരച്ച്’ അറിയുന്ന എന്നാല്‍ ഇംഗ്ലീഷ് നുരഞ്ഞ് പൊന്തുന്ന സംഗീതക്ക് എഴുതിയ ഒരു കത്തിന്റെ പണിപ്പുര ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ആ കത്ത് കിട്ടിയ സംഗീത ഡിക്ഷണറി മുന്നില്‍ എടുത്ത് വച്ചുവത്രേ - അതൊന്ന് മുഴുവന്‍ മനസ്സിലാക്കാന്‍ !! ഡിക്ഷണറി ഉപയോഗിച്ചാണ് ഞാന്‍ അത് തയ്യാറാക്കിയത് എന്ന് പാവം സംഗീതക്ക് അറിയില്ലല്ലോ!ലളിത മലയാളത്തില്‍ എഴുതിയ കത്ത് ഞാന്‍ സിമ്പിള്‍ ഇംഗ്ലീഷിലേക്ക് മാറ്റി.ശേഷം അതിലെ ഓരോ പദത്തിന്റെയും സിനോണിമുകള്‍(പര്യായങ്ങള്‍) ഡിക്ഷണറിയില്‍ നിന്ന് തപ്പിയെടുത്തു.അതില്‍ ഏറ്റവും കടുകട്ടിയായ പദം ആ സിമ്പിള്‍ പദത്തിന് പകരം അങ്ങട്ട് കാച്ചി.ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ശ്രീമതി നിരുപമ റാവുവിന്റെ മീമ്പാട്ട് കുടുംബത്തില്‍ നിന്ന് വരുന്നവള്‍ എന്ന വലിപ്പം എന്റെ മുന്നില്‍ അതോടെ അവസാനിച്ചു!

പി.ജിക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ മൂന്ന് മാസം ഞാന്‍ കൈല് കുത്തിയ സമയത്ത് ഹോസ്റ്റലില്‍ എനിക്ക് കിട്ടിയ സുഹൃത്താണ് പെരുമ്പാവൂരുകാരന്‍ ബാബു (ക്ലിക്കുക). ഡിഗ്രി കഴിഞ്ഞ് പല കോഴ്സിലൂടെയും കോളേജുകളിലൂടെയും കയറിയിറങ്ങി മൂന്ന്- നാല് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ പി.ജി ക്ക് എത്തുന്നത്.

എന്റെ അതേ ബാച്ചില്‍ സര്‍ സയ്യിദ് കോളേജില്‍ തന്നെ ഡിഗ്രിക്ക് പഠിച്ച സബിതയും ഉണ്ടായിരുന്നു.ക്ലാസ് മനസ്സിലാകുന്ന കാര്യത്തില്‍ ഞങ്ങളുടെ മണ്ടകള്‍ ഒരേ തൂവല്‍ പക്ഷികള്‍ ആയിരുന്നതിനാല്‍ ഞങ്ങള്‍ തമ്മില്‍ കൂട്ടായി.ഹോസ്റ്റലില്‍ അത് പല വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണവുമായി. ഫസ്റ്റ് ഇയര്‍ ക്ലാസ് കഴിഞ്ഞ ഉടനെ ജോലി കിട്ടിയതിനാല്‍ ഞാന്‍ തളിപ്പറമ്പിനോട് സലാം പറഞ്ഞു.

ഫോണ്‍ അത്ര പ്രചാരത്തില്‍ ആകാത്തതിനാല്‍ ആശയ വിനിമയം കത്ത് വഴി തുടര്‍ന്നു. കോഴ്സ് കഴിഞ്ഞ് ബാബുവും മറ്റെല്ലാവരും സര്‍ സയ്യിദ് വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാബുവിനെ കണ്ടുമുട്ടിയ കഥ (ക്ലിക്കുക) ഞാന്‍ ഇവിടെ പങ്കു വച്ചിരുന്നു. ബാബു അക്കാലത്ത് ഞാന്‍ അവന് എഴുതിയ ഒരു കത്ത് എനിക്ക് ഷെയര്‍ ചെയ്തു. എന്റെ കത്തെഴുത്തിന്റെ മറ്റൊരു ശൈലി 1997ല്‍ എഴുതിയ ആ കത്തിലൂടെ ഞാന്‍ പ്രകടിപ്പിച്ചത് ഇപ്പോള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു. നന്ദി ബാബൂ, വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ ആ കലാലയ  നാളുകളിലേക്ക് വീണ്ടും കൊണ്ടുപോയതിന് ഹൃദയം നിറഞ്ഞ നന്ദി.





7 comments:

Areekkodan | അരീക്കോടന്‍ said...

നന്ദി ബാബൂ, വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ ആ കലാലയ നാളുകളിലേക്ക് വീണ്ടും കൊണ്ടുപോയതിന് ഹൃദയം നിറഞ്ഞ നന്ദി.

© Mubi said...

കത്ത് കിട്ടിയ കാലം മറന്നു മാഷേ...

സുധി അറയ്ക്കൽ said...

കത്തെഴുതിയ കാലം തന്നെ മറന്നു.ഇനിയാർക്കെങ്കിലും എഴുതേണ്ടി വരികയുമില്ല.അങ്ങനൊരു കാലo.

Areekkodan | അരീക്കോടന്‍ said...

മുബീ...ഇപ്പോള്‍ ‘കുത്ത്’ കാലമാണ് !!

സുധീ...മോദിജി ചിലപ്പോ മാസത്തില്‍ ഒരു കത്ത് നിര്‍ബന്ധമാക്കിയേക്കും....

Cv Thankappan said...

തൂലികാസൌഹൃതങ്ങള്‍....
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

വര്‍ണ്ണങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ
ആ കലാലയ നാളുകളിലേക്ക് വീണ്ടും
കൊണ്ടുപോയതിന് ഹൃദയം നിറഞ്ഞ നന്ദി.

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അന്ന് തൂലികാ സുഹൃത്ത് തന്നെ ഉണ്ടായിരുന്നല്ലോ...

ബിലാത്തിയേട്ടാ...സ്വീകരിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക