Pages

Sunday, June 18, 2017

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന....

“ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...
തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം....
മരമൊന്നുലുത്തുവാന്‍ മോഹം....“

ചില്ല്‌ എന്ന ചിത്രത്തിന് വേണ്ടി ശ്രീ.ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനം മനസ്സില്‍ തട്ടിയ ചില നിമിഷങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസം ഞാന്‍ കടന്നു പോയി.
                 മൂത്തമോള്‍ ലുലു പ്ലസ് ടു വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഡിഗ്രി പഠനത്തിനായി ഫാറൂഖ് കോളേജില്‍ ചേര്‍ന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ച അവള്‍ക്ക് ക്ലാസ് തുടങ്ങി. കോളേജ് കുമാരിയായി അരങ്ങേറ്റം നടത്തുന്ന ദിവസം ഞാനും അവളെ അനുഗമിച്ചു.
               28 വര്‍ഷം മുമ്പ് ഡിഗ്രി പ്രവേശനത്തിനുള്ള സാധ്യതാലിസ്റ്റില്‍ ഉള്‍പെട്ട് പ്രവേശനം കാത്ത് ഞാന്‍ ഇരുന്ന അതേ യൂസഫ് സാഗര്‍ ഓഡിറ്റോറിയത്തില്‍ ഒരു പിതാവിന്റെ റോളില്‍ ഞാന്‍ ഇരിക്കുമ്പോള്‍ എന്റെ കണ്ണ് ആ വരാന്തയിലൂടെ മേഞ്ഞു. ഫിസിക്സ് ഡിപാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്ന ആ പഴയ കെട്ടിടത്തിന്റെ ഓരോ തൂണും എന്നെ മാടി വിളിച്ചു കൊണ്ടിരുന്നു. ഓര്‍മ്മകളുടെ തിരമാലകള്‍ സുനാമി കണക്കെ എന്റെ മനോമുകുരത്തിലൂടെ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി.
           തൂണുകള്‍ പറയുന്ന കഥകള്‍ കേട്ട് ഞാന്‍ എന്റെ ക്ലാസ്സിന്റെ വാതിലില്‍ എത്തി. 1992 മാര്‍ച്ച് 31ന് ഈ ക്ലാസ്സില്‍ നിന്നാണ് ഞാന്‍ പടി ഇറങ്ങിയത്. അന്ന് അത് ബി.എസ്.സി ഫൈനല്‍ ഇയര്‍ എന്ന ലേബലില്‍ അറിയപ്പെട്ടിരുന്നത് ഇന്ന് ബി.എസ്.സി ആറാം സെമസ്റ്റര്‍ എന്ന ലേബലില്‍ അറിയപ്പെടുന്നു.
           ഞാന്‍ എന്റെ ആ ക്ലാസ്സിനകത്തേക്ക് ഒന്ന് നോക്കി.മധ്യ നിരയിലെ ആദ്യ ബെഞ്ചിലെ ഒരറ്റത്ത് അതാ ഞാന്‍ ഇപ്പോഴും ഇരിക്കുന്നു !!ഖൈസും , രജീഷും,ഹാരിസും , സുധീറും,ബഷീറും,ഹസീനയും,റഹ്മത്തുന്നീസയും, സിന്ധുമേനോനും,രാധയും, ലതയും,ജമാലും,ഷിഹാബും,നജീബും, ബുഷ്രയും, മറിയംബിയും,റബീബയും,ശ്രീജയും,ഷീബയും എല്ലാം എന്റെ തൊട്ടപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നു!ശുഭ മിസിന്റെ ഒപ്റ്റിക്സ് ക്ലാസ് ആണ് നടന്നു കൊണ്ടിരിക്കുന്നത്.
              പിരിയേഡിന് അന്ത്യം കുറിക്കുന്ന ബെല്ല് മുഴങ്ങി. ടീച്ചര്‍ പുറത്തിറങ്ങി ഡിപ്പാര്‍ട്മെന്റിനകത്തേക്ക് നടന്നു പോയി. പക്ഷെ അവിടെ ശുഭ മിസ് ഒഴികെ എന്റെ അന്നത്തെ അധ്യാപകര്‍ ആരും തന്നെയില്ല. എല്ലാവരും റിട്ടയര്‍ ചെയ്തു കഴിഞ്ഞു, ചിലര്‍ ജീവിതത്തില്‍ നിന്നും.
             പെട്ടെന്ന് എന്റെ ചെവിയില്‍ ഒരു ഗാനം കേള്‍ക്കാന്‍ തുടങ്ങി.ഞാന്‍ ആ പാട്ടിന്റെ ഉറവിടം തേടി ഇറങ്ങി. രാജാ ഗേറ്റിലിരുന്ന് ഒരു കുയില്‍ ആണ് ആ പാട്ടു പാടുന്നത്.

മധുരിക്കും ഓര്‍മ്മകളെ...
മലര്‍ മഞ്ചല്‍ കൊണ്ടു വരൂ...
കൊണ്ടു പോകൂ ഞങ്ങളെയാ
ക്ലാസുമുറിയില്‍....ആ
ക്ലാസുമുറിയില്‍....

ഒരിക്കല്‍ കൂടി ആ ഗേറ്റിലൂടെ എന്റെ പ്രിയ കലാലയത്തെ നോക്കി ഞാന്‍ ടൌണിലേക്കുള്ള പച്ച ബസ്സില്‍ കയറി.

5 comments:

Areekkodan | അരീക്കോടന്‍ said...

ഫിസിക്സ് ഡിപാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്ന ആ പഴയ കെട്ടിടത്തിന്റെ ഓരോ തൂണും എന്നെ മാടി വിളിച്ചു കൊണ്ടിരുന്നു. ഓര്‍മ്മകളുടെ തിരമാലകള്‍ സുനാമി കണക്കെ എന്റെ മനോമുകുരത്തിലൂടെ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി.

© Mubi said...

ഞാനും അതേ വര്‍ഷം തന്നെയാണ് അവിടെന്ന് പഠിച്ചിറങ്ങിയത്. B.Sc Zoology. ഫിസിക്സില്‍ ഉണ്ടായിരുന്ന റബീബ ഹോസ്റ്റലില്‍ എന്‍റെ റൂം‌മേറ്റായിരുന്നൂട്ടോ...:)

Areekkodan | അരീക്കോടന്‍ said...

ഓ മൈ ഗോഡ് !!!എന്നിട്ടും മുബിയുടെ പോസ്റ്റുകളിൽ എവിടെയും ഫാറൂഖ് ദിനങ്ങൾ കണ്ടതായി ഓർക്കുന്നില്ല.റബീബ ഇപ്പോൾ എന്റെ ബന്ധു കൂടിയാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

മധുരിക്കും ഓര്‍മ്മകളെ...
മലര്‍ മഞ്ചല്‍ കൊണ്ടു വരൂ...
കൊണ്ടു പോകൂ ഞങ്ങളെയാ
ക്ലാസുമുറിയില്‍....ആ
ക്ലാസുമുറിയില്‍....

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ചുണ്ടില്‍ ആ പാട്ടുണ്ട് അല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക