ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തിലൂന്നി സൻസദ് ആദർശ് ഗ്രാമ യോജന എന്ന പേരില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടാപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു ഇക്കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും ആലപ്പുഴയിൽ എത്തിയത്. മാനവീയം അവാർഡ് ഏറ്റു വാങ്ങാൻ വന്നതു പോലെ പുലർച്ചെ 4.30 ന് ഞങ്ങൾ ആലപ്പുഴയിൽ വണ്ടിയിറങ്ങി. ഉച്ചക്ക് 12 മണി വരെ ഫ്രീ ആയതിനാൽ ഒരിക്കൽ കൂടി ഒരു കായൽയാത്ര പ്ലാൻ ചെയ്തു.
സ്റ്റേഷനിൽ നിന്നും ബസ് വഴി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി. തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന ചായക്കടയിൽ കയറി 4 ചായ ഓർഡർ ചെയ്തതിനൊപ്പം കായൽയാത്രയുടെ വിവിധ സാധ്യതകളും അതിന്റെ ബാധ്യതകളും നൈസായി മനസ്സിലാക്കി. അപ്രകാരം സാധാരണ യാത്രാബോട്ടിൽ നെടുമുടി വരെ പോകാൻ തീരുമാനമായി.
എങ്ങോട്ടോ പോകാനായി ജെട്ടിയിൽ ഒതുക്കി നിർത്തിയിരുന്ന യാത്രാ ബോട്ടിൽ ഞങ്ങൾ കയറിയിരുന്നു. അല്‍ പ സമയത്തിനകം തന്നെ ബോട്ടിന് ജീവൻ വച്ചു.ഒരു മണിക്കൂർ യാത്രാ ദൂരമുള്ള നെടുമുടിയിലേക്ക് ചാർജ്ജ് വെറും പത്ത് രൂപ മാത്രം.
ബോട്ട് നീങ്ങിത്തുടങ്ങി അല്പ സമയത്തിന് ശേഷം തന്നെ കിഴക്കൻ ചക്രവാളത്തിൽ ചെഞ്ചായം വിതറി അർക്കൻ ഉയർന്ന് വന്നു. കുഞ്ഞോളങ്ങൾ വെട്ടുന്ന കായലിൽ , മഞ്ഞ് കണങ്ങൾ പിന്നാമ്പുറം നല്കിയ കാൻവാസിൽ ചുവന്ന സൂര്യൻ വരച്ച ചിത്രങ്ങൾ ഞങ്ങൾക്ക് സുപ്രഭാതം നേർന്നു
തണുത്ത കാറ്റ് ബോട്ടിനകത്തേക്ക് തള്ളിക്കയറി വന്ന് ഞങ്ങളെ തലോടി വീ ണ്ടും കായലിന്റെ അഗാധതകളിലേക്ക് മുങ്ങാംകുഴിയിട്ടു. കായലിന്റെ ഇരുകരകളിലുമുള്ള ജെട്ടികളിലേക്ക് ബോട്ട് മന്ദം മന്ദം നീങ്ങി. ഒന്നും രണ്ടും പേർ മാത്രം കയറുകയോ ഇറങ്ങുകയോ ചെയ്തു.
ഇതിനിടക്ക് തന്നെ സ്പോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തുഴച്ചിൽ പരിശീലന വള്ളങ്ങളും ഞങ്ങളെ കടന്ന് പോയി. കൈനകരി ജെട്ടിയിൽ ബോട്ട് അടുത്തതോടെ ബോട്ട് നിറഞ്ഞു. ജെട്ടിക്ക് തൊട്ടടുത്തുള്ള കൈനകരി സ്കൂളിന് സമീപം ചെറിയൊരു വേലി കെട്ടി വേർതിരിച്ച സ്ഥലത്ത് കുട്ടികൾ നീന്തൽ പരിശീലിക്കുന്നതും കണ്ടു. ഈ യാത്രയിൽ കണ്ട, ഇത്രയും വൃത്തികെട്ട കായലിലെ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ സങ്കടം തോന്നി.
സൂര്യന്റെ പ്രഭ കായൽ മുഴുവൻ പരന്നു തുടങ്ങി. കായലിലൂടെയുള്ള ഞങ്ങളുടെ പ്രഭാതസവാരി തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കുർ ആയി. കായലിന് കുറുകെ ഒരു വലിയ പാലവും അതിലുടെ നിറയെ വാഹനങ്ങളും പോകുന്നത് കണ്ടു. ബോട്ട് ഒരു വലിയ ജെട്ടിയുടെ അടുത്തേക്ക് നീങ്ങി. യാത്രക്കാർ എല്ലാവരും സീറ്റിൽ നിന്നെണീറ്റു. നെടുമുടി വേണു എന്ന മഹാനടന്റെ ജന്മദേശമായിരുന്നു അത്. ഞങ്ങളും അവിടെ ഇറങ്ങി.
(തുടരും)
5 comments:
തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന ചായക്കടയിൽ കയറി 4 ചായ ഓർഡർ ചെയ്തതിനൊപ്പം കായൽയാത്രയുടെ വിവിധ സാധ്യതകളും അതിന്റെ ബാധ്യതകളും നൈസായി മനസ്സിലാക്കി.
ചായക്കൊപ്പം വിവരങ്ങളും ചോര്ത്തിയല്ലേ?
Mubi...വ്യക്തിഗത വിവരങ്ങൾ ഒന്നും ചോർത്തിയില്ല
ചിലസ്ഥലപ്പേരുകളിലും താല്പര്യം തോന്നാം....
ആശംസകള്‍ മാഷേ
തങ്കപ്പേട്ടാ...വായനക്ക് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക