Pages

Monday, September 17, 2018

ബഹുസ്വര സാമൂഹ്യ ജീവിതത്തിന്റെ പ്രാധാന്യം

                എന്റെ സ്കൂള്‍ കാലഘട്ടത്തില്‍ (1977 മുതല്‍ 1987 വരെ),  സ്കൂള്‍ വിദ്യാഭ്യാസം സാധാരണ രീതിയില്‍ പൂര്‍ത്തിയാക്കുന്ന ഒരു അരീക്കോട്ടുകാരന്‍ രണ്ട് സ്കൂളുകളേ കാണാറുള്ളൂ. അരീക്കോട്ടുകാര്‍ ഇന്നും പുളിക്കല്‍ സ്കൂള്‍ എന്ന് വിളിക്കുന്ന (എന്തുകൊണ്ട് ആ പേര് എന്നത് അടുത്ത ഒരു  ബ്ലോഗ് പോസ്റ്റിനുള്ള വിഷയമാണ്) ജി.എം.യു.പി സ്കൂള്‍ ആണ് ഒന്ന്.അവിടെ ഒന്ന് മുതല്‍ നാല് വരെയും അല്ലെങ്കില്‍ ഏഴ് വരെയും പഠിക്കും. അത് കഴിഞ്ഞ് നേരെ സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലേക്കോ പെരുമ്പറമ്പ് ഗവ. ഹൈസ്കൂളിലേക്കോ മാറും.സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിന്റെ പ്രത്യേകത അവിടെ മലയാളം എന്ന വിഷയമേ ഇല്ല എന്നതായിരുന്നു.

               അഞ്ചാം ക്ലാസ് മുതല്‍ രണ്ടാം ഭാഷ എന്ന പേരില്‍ ഒരു ചേരിതിരിവ് വരും. ക്ലാസ്സിലെ ഹിന്ദു വിഭാഗക്കാര്‍ മുഴുവന്‍ മലയാളം തെരഞ്ഞെടുക്കും. മുസ്ലിം വിഭാഗത്തിലെ 90% പേരും അറബിയും എടുക്കും. അല്പം ചിലര്‍ മലയാളം താല്പര്യപ്പെടും. സാധാരണ സ്കൂളില്‍ രണ്ടാം ഭാഷ അറബി എടുക്കുന്നവനും മലയാളം പഠിക്കാന്‍ ഒരവസരം കിട്ടും - മലയാളം ബി എന്ന ഒരു പ്രത്യേക തരം മലയാള പഠനത്തിലൂടെ. എന്നാല്‍ ഓറിയെന്റല്‍ ഹൈസ്കൂളില്‍ അതിന് പകരം അറബി ബി ആണ് എന്നത് ഞാന്‍ വൈകിയാണ് മനസ്സിലാക്കിയത്. മലയാളത്തെ ഇത്തരത്തില്‍ പിണ്ഠം വച്ച് പടിക്ക് പുറത്താക്കിയതിനാല്‍ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്ത് കഴിവ് തെളിയിക്കാന്‍ അരീക്കോട്ടുകാര്‍ പലരും ഇന്നും ബുദ്ധിമുട്ടുന്നുണ്ട് എന്നതാണ് സത്യം. അറബി സാഹിത്യ രംഗത്ത് ചിലര്‍ക്കെങ്കിലും മികവുറ്റ പ്രകടനം കാണിക്കാന്‍ സാധിക്കുന്നുണ്ട് എന്നത് എടുത്ത് പറയേണ്ടതുമാണ്.

              ഞാന്‍ പണ്ടെ ഒരു വ്യത്യസ്തനായതിനാല്‍ മൂന്ന് സ്കൂളുകളില്‍ പഠിക്കാനുള്ള അവസരം എനിക്ക് കിട്ടി. ഒന്ന് മുതല്‍ ആറ് വരെ ജി.എം.യു.പി സ്കൂളിലും ഏഴാം ക്ലാസില്‍ സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലും പഠിച്ചു. മലയാളത്തിനോട് പണ്ടേ അനുകൂല സമീപനം പുലര്‍ത്തുന്ന എന്റെ പ്രിയ പിതാവ് ഓറിയെന്റെല്‍ സ്കൂളില്‍ പഠിച്ചാലുള്ള എന്റെ മലയാളത്തിന്റെ ഗതി മനസ്സിലാക്കി എട്ടാം ക്ലാസില്‍ വച്ച് എന്നെ പുഴക്ക് അക്കരെയുള്ള മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലേക്ക് മാറ്റി. അന്ന് രണ്ടാം ഭാഷ അറബിക്കൊപ്പം മലയാളം ബിയും പഠിച്ചു. മലയാളം പഠിക്കുന്ന കുട്ടികളെക്കാളും നന്നായി സാഹിത്യ രംഗത്ത് തിളങ്ങിയതിനാല്‍ മലയാളം അദ്ധ്യാപകനായ രവീന്ദ്രന്‍ മാഷ് എന്നെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.ഇന്ന് ബ്ലോഗെഴുത്തിനും മറ്റ് സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും എന്നെ ഏറെ സഹായിക്കുന്നത് ആ സ്കൂള്‍ മാറ്റം തന്നെയാണ്. എന്റെ പ്രിയ പിതാവ് എന്നില്‍ നടത്തിയ ആദ്യത്തെ പ്രധാന വിദ്യാഭ്യാസ പരീക്ഷണം എന്ന് ഞാന്‍ അതിനെ വിശേഷിപ്പിക്കുന്നു. പത്താം ക്ലാസ് വരെ പ്രസ്തുത സ്കൂളില്‍ തുടര്‍ന്നു.

              ഹിന്ദുക്കള്‍ക്ക് പുറമേ ക്രിസ്ത്യന്‍ വിഭാഗക്കാരും കൂടി പഠിച്ചിരുന്ന സ്കൂളായിരുന്നു  സുബുലുസ്സലാം ഹൈസ്കൂള്‍. കോട്ടയത്ത് നിന്നും മറ്റും മലയോര മേഖലയായ വെറ്റിലപ്പാറയിലും തോട്ടുമുക്കത്തും കുടിയേറിപ്പാര്‍ത്തവരുടെ പിന്‍‌തലമുറക്കാര്‍ ആയിരുന്നു അവരില്‍ പലരും. മുസ്ലിം വിഭാഗക്കാര്‍ക്ക് പുറമെ ഹിന്ദു-ക്രിസ്ത്യന്‍ സമുദായക്കാരുമായി ഇടപഴകിയുള്ള ജീവിതം എന്റെ ഭാഷാപ്രയോഗത്തിലും ഉച്ചാരണത്തിലും കാതലായ മാറ്റം വരുത്തി.എന്റെ വീട്ടിലും ചുറ്റുവട്ടത്തെ വീട്ടിലും സംസാരിക്കുന്ന രീതിയില്‍ ആയിരുന്നില്ല എന്റെ സംസാരം. “ശുദ്ധമലയാളം” എന്ന് പറഞ്ഞ് അന്ന്  പലരും കളിയാക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ അതിന്റെ ഫലം കൃത്യമായി അനുഭവിക്കുന്നു - ദൈവത്തിന് സ്തുതി.

              മറ്റ് മതസ്തരെ ബഹുമാനിക്കാനും അവരുമായി അടുത്തിടപഴകാനും എന്നെ പ്രാപ്തനാക്കിയത് ആ ബഹുസ്വര സമൂഹത്തിലെ മൂന്ന് വര്‍ഷത്തെ പഠനം തന്നെയായിരുന്നു. എന്റെ സമപ്രായത്തിലുള്ള പലരും കോളേജ് ജീവിതത്തിലാണ് മറ്റ് മതസ്തരുമായി അല്പമെങ്കിലും കൂടിച്ചേരാന്‍ ആരംഭിച്ചത്. അതു തന്നെ വളരെ വിരളമായി മാത്രമേ സംഭവിച്ചിരുന്നുള്ളൂ. കുട്ടികളുടെ സ്വഭാവ സംസ്കരണത്തിനും പെരുമാറ്റ മര്യാദകള്‍ പഠിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും മിക്സഡ് സ്കൂളുകളിലും കോളേജുകളിലും പഠിക്കാന്‍ അവസരം നല്‍കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഹോസ്റ്റല്‍ ജീവിതം കൂടി ആകുന്നതോടെ പല കാര്യങ്ങളോടും അഡ്‌ജസ്റ്റ് ചെയ്ത് ജീവിക്കാനുള്ള പരിശീലനം കൂടി ലഭിക്കും.

             ഏറെക്കാലമായി ഞാനും എന്റെ മൂത്ത മോള്‍ ലുലുവും ആഗ്രഹിക്കുന്ന അവളുടെ ഹോസ്റ്റല്‍ പ്രവേശനം ഇപ്പോള്‍ സാധ്യമായി. ഫാറൂഖ് കോളേജില്‍ രണ്ടാം വര്‍ഷ മാത്‌സ് ബിരുദ ക്ലാസ്സില്‍ പഠിക്കുന്ന ലുലു ഈ മാസം മൂന്നാം തീയതി മുതല്‍ അതേ കോളേജിന്റെ സര്‍ സയ്യിദ് ഹോസ്റ്റലില്‍ അന്തേവാസിയായി ചേര്‍ന്നു ( ഞാന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് അത്  ബോയ്സ് ഹോസ്റ്റലായിരുന്നു) . എന്റെ ജീവിതവും ചിന്താരീതികളും രൂപപ്പെടുത്തിയ സ്കൂള്‍-കലാലയ ജീവിതം മക്കള്‍ക്കും സാധ്യമാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

മുസ്ലിം വിഭാഗക്കാര്‍ക്ക് പുറമെ ഹിന്ദു-ക്രിസ്ത്യന്‍ സമുദായക്കാരുമായി ഇടപഴകിയുള്ള ജീവിതം എന്റെ ഭാഷാപ്രയോഗത്തിലും ഉച്ചാരണത്തിലും കാതലായ മാറ്റം വരുത്തി.

© Mubi said...

ഹോസ്റ്റലിന്റെ പേര് കേട്ടപ്പോൾ മാഷ്ക്ക് തെറ്റിയോന്ന് കരുതി. അത് പെൺകുട്ടികളുടെ ഹോസ്റ്റൽ ആക്കിയ വിവരം അറിഞ്ഞിരുന്നില്ല. ലുലുവിന് ആശംസകൾ...

Areekkodan | അരീക്കോടന്‍ said...

മുബീ...വര്‍ഷങ്ങളായി എസ്.എസ് ഹോസ്റ്റല്‍ ഗേള്‍സ് ഹോസ്റ്റല്‍ ആണ്.നമ്മുടെ കാലത്തെ ആരെങ്കിലും ഇത് വായിക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാണ് ആ ലൈന്‍ പ്രത്യേകം ചേര്‍ത്തത്.

Post a Comment

നന്ദി....വീണ്ടും വരിക