Pages

Sunday, May 03, 2020

ആറ് അൽബൻഡസോൾ ഗുളികകളുടെ പാവനസ്മരണക്ക്!

            ലോക്ക് ഡൗൺ പലവിധ പരിപാടികളുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് കുഞ്ഞുമോന് രാത്രിച്ചൊറി പ്രത്യക്ഷപ്പെട്ടത്. രാത്രിയില് മാത്രം ഉണ്ടാകുന്ന ചൊറിക്കാണ് ഞങ്ങൾ രാത്രിച്ചൊറി എന്ന് പറയുന്നത്. ഞാൻ ഒരു ഫിസിഷ്യൻ അല്ലെങ്കിലും ഫിസിക്സ് പഠിച്ചവനാണ്. അതിനാൽ ചൊറിയുടെ ടൈമും ഇൻറൻസിറ്റിയും ഫ്രീക്വൻസിയും പൊസിഷനും എല്ലാം തിട്ടപ്പെടുത്തി ബയോളജിസ്റ്റായ ഭാര്യക്ക് കൈമാറിയതോടെ പ്രതികൾ കയ്യോടെ പിടിയിലായി..... നാലഞ്ച് കൃമികൾ !!

             കുട്ടിക്കാലത്ത് കൃമി ശല്യം ഇല്ലാതാക്കാൻ മാസത്തിലെ അവസാന ശനിയാഴ്ച രാത്രി, ഉമ്മ ആവണക്കെണ്ണ കുടിപ്പിച്ചിരുന്ന കദനകഥ ഭാര്യ കുട്ടികളെ കേൾപ്പിച്ചു. ആവണക്കെണ്ണ സേവക്ക് ശേഷമുള്ള തൃശൂർ പൂരം അനുഭവിച്ചറിയാനാണ് ശനിയാഴ്ച തെരഞ്ഞെടുത്തിരുന്നത്. ഈ കഥ കേൾക്കുമ്പോൾ ഞാനും എൻ്റെ കുട്ടിക്കാലത്ത് എത്തും. മുറ്റത്തെ പപ്പായ മരത്തിൽ നിന്നും പറിക്കുന്ന പഴുത്ത പപ്പായ അങ്ങനെ തന്നെ തിന്നതും അല്ലാത്തത് ഉപ്പേരി വച്ച് തിന്നതും  ഒക്കെ ഞാനും വീശും. ഒരാഴ്ച തിന്നിട്ടും ചൊറി തൽസ്ഥാനത്ത് തുടരുന്നതിനിടയിൽ എൻ്റെ കുഞ്ഞ,നിയൻ അന്ന് ഉമ്മയോട് ചോദിച്ചു -
"കർമൂസ കൃമികൾക്ക് നേരിട്ടങ്ങ് കൊടുത്താൽ പോരേ? നമ്മൾ തന്നെ തിന്നണോ?" എന്ന കഥയും മനസ്സിലോടും.

            ഇന്ന് പ്രശ്ന പരിഹാരം 20-20 സ്റ്റൈലിൽ ആയതിനാൽ ഭാര്യ പറഞ്ഞു.
"മോന് കൃമിശല്യം ഉണ്ട്. ആൽബൻഡ സോൾ ഗുളിക കഴിക്കണം. കുടുംബത്തിൽ ഒരാൾക്ക് വിരശല്യം ഉണ്ടായാൽ എല്ലാവരും ഗുളിക കഴിക്കണം " .

പണ്ട് മെഡിക്കൽ എൻട്രൻസ് എഴുതാൻ പോയതിൻ്റെ ഗുണമാണോ അതോ ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് കിട്ടിയ വിവരമാണോ എന്നറിയില്ല. ഞാൻ ആറ് ഗുളിക അന്ന് തന്നെ വാങ്ങി.

          അങ്ങനെ രണ്ട് ദിവസം മുമ്പ് ഞങ്ങൾ കുടുംബ സമേതം ആ ഗുളിക ഓരോന്ന് വീതം അകത്താക്കി.

" ഈ മഹാപ്രവർത്തനത്തിൻ്റെ പാവനസ്മരണക്കായി നാളെ നമുക്ക് കുടുംബസമേതം തന്നെ ഒരു പണിയുണ്ട്'' ഞാൻ പറഞ്ഞു.
ഇന്ന് ആ കൃത്യം നിർവ്വഹിച്ചു.
ഈ ആറ് പപ്പായത്തൈകൾ മുഴുവൻ കായ തരാൻ തുടങ്ങിയാൽ വിര വംശനാശ ഭീഷണി തന്നെ നേരിടും. കാത്തിരുന്ന് കാണാം.

10 comments:

Areekkodan | അരീക്കോടന്‍ said...

ഒരു വീര ചരിത സ്മരണക്കായി...

ഉദയപ്രഭന്‍ said...

Albendazole. ഇത്രയും ശരിയാണോ കുഞ്ഞുണ്ണിയേട്ടാ.

Bipin said...

കാത്തിരുന്ന് കാണാം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പപ്പായ കൃമികടിക്ക് നല്ല മരുന്നാണ്.

Areekkodan | അരീക്കോടന്‍ said...

ഉദയാ ... ശരിയല്ലേ?

Areekkodan | അരീക്കോടന്‍ said...

അതെ ബിപി നേട്ടാ

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ ... പക്ഷെ പിള്ളേർക്ക് തിന്നാൻ മടിയാ

pravaahiny said...

വിരശല്യത്തിന് പണ്ട് പപ്പായ തിന്നുമായിരുന്നു. പിന്നെ ആശുപത്രിയിൽ നിന്ന് ഒരു മരുന്ന് തരുന്നത് കുടിച്ചതും ഓർമ്മയുണ്ട്

Cv Thankappan said...

മിഠായിത്തിന്നാൽ കൃമികടിയുണ്ടാവുമെന്നു കുട്ടികളെ ഭയപ്പെടുത്താറുണ്ട്.
ആശംസകൾ മാഷേ

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വിര ചരമ ഗീതത്തിന്  അമ്മ
ചെറുപ്പത്തിൽ തരുന്ന ത്രിഫല കഷായത്തിൻ  ഓർമ്മ ..

Post a Comment

നന്ദി....വീണ്ടും വരിക