Pages

Friday, January 01, 2021

എസ് എം എസ് മാനിയ

               ക്ലാസ് ഓൺലൈനായതിൽ സന്തോഷം തോന്നിയിരുന്നെങ്കിലും, മാസാവസാനമാകുമ്പോൾ ആലസ്സൻ മാസ്റ്ററുടെ ഹൃദയത്തിന് മിടിപ്പ് ഒന്ന് കൂടുമായിരുന്നു. ശമ്പളം നേരത്തെ ഓൺലൈനാണെങ്കിലും, പുതിയ ഓൺലൈൻ  ക്ലാസ് അതിനെ പാളം തെറ്റിക്കുമോ എന്ന നേരിയ ഉൾഭയമായിരുന്നു ഈ മിടിപ്പ് കൂടുന്നതിന്റെ രഹസ്യം എന്നത് അധികമാർക്കും അറിയില്ല. രണ്ടാം  തീയ്യതി ഫോണിൽ സദാ സമയം ചുമ്മാ നോക്കിയിരിക്കുന്ന ഒരു തരം പ്രത്യേക അസുഖവും പിടിപെട്ടതായി മാഷുടെ ഭാര്യ പറഞ്ഞതോടെ ഈ രണ്ടാം തീയ്യതി ഞാൻ മാസ്റ്ററെ നേരിട്ട് സന്ദർശിച്ചു.  

            കയ്യിൽ മൊബൈൽ ഫോണും പിടിച്ച് നിൽക്കുന്ന ആലസ്സൻ മാസ്റ്റർ എന്നെ സ്വീകരിച്ചിരുത്തി.അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞതിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി.എങ്കിലും കണ്ടറിയാം എന്ന തീരുമാനത്തിൽ ഞാൻ സംഭാഷണം തുടങ്ങി.

"അല്ല മാഷേ , ഇങ്ങനെ പോയാൽ എല്ലാം പരിധി കടക്കും എന്നാണല്ലോ തോന്നുന്നത് ..."

"അല്ലെങ്കിലും ഇതിന്റെ ഉള്ളിൽ നിന്ന് ആ പെണ്ണ് എത്ര കാലമായി പറയാൻ തുടങ്ങീട്ട്.... നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിക്ക് പുറത്താണ്...." മൊബൈൽ കാണിച്ച് മാസ്റ്റർ പറഞ്ഞു .

"അതല്ല മാഷേ , കൊറോണയുടെ കാര്യമാ പറഞ്ഞത് ...."

"ആ ... അത്യാവശ്യമായി ആരെയെങ്കിലും വിളിക്കുമ്പഴാ ആ പെരുമ്പാമ്പ് നീളത്തിലുള്ള   പരസ്യം .... "

അപ്പോഴേക്കും മാഷെ ഫോണിൽ ഒരു എസ് എം എസ് വന്നതിന്റെ ശബ്ദം കേട്ടു . മാഷ് വേഗം മെസേജ് നോക്കി. ഞാൻ മാഷുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആകാംക്ഷ രസം ആശ്വാസ രസമായി മാറുന്നതിന്റെ ലക്ഷണം അവിടെ കണ്ടില്ല.

"എന്താ ...മാഷേ ?' ഞാൻ ചോദിച്ചു .

"അത് ... ഇൻഷൂറൻസ് കമ്പനിയിൽ നിന്നാ... ജീവൻ സുവിധാ പോളിസി വരുന്നു ന്ന് ..... ജീവിതം ഒരു സുഖവും ഇല്ലാതെ മുന്നോട്ട് പോകുമ്പളാ ജീവൻ സുവിധാ..."

"അവർക്കും വേണ്ടേ ബിസിനസ് മുന്നോട്ട് പോവാ... "

"ങാ ... ങും ... " ഇഷ്ടമില്ല എന്നർത്‌ഥത്തിൽ മാഷുടെ മറുപടി കേട്ടു .ഞങ്ങൾ വീണ്ടും നാട്ടുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.അതിനിടയിൽ വീണ്ടും എസ് എം എസ് വന്നതിന്റെ ശബ്ദം കേട്ടു .മാഷ് വേഗം ഫോൺ അൺലോക്ക് ചെയ്ത് മെസേജ് നോക്കി. മുഖത്ത് വിരിയുന്നത് മ്ലാനമാണെന്ന് ഞാൻ കണ്ടു.

' കദീസുന്റെ ജന്മദിനം ഓൾക്ക് തന്നെ അറിയണ്ട, പിന്നെന്തിനാ എന്നെ അത് ഓർമ്മപ്പെടുത്തുന്നത് ?' മാഷ്‌ ആത്മഗതം ചെയ്തത് ഞാൻ കേട്ടു.

"മാഷേ .... നമ്മുടെ നാരായണന്റെ സ്ഥിതി എന്താ ?" ഞാൻ നാട്ടിലെ വിശേഷങ്ങളിലേക്ക് തിരിഞ്ഞു.

"ഏത് നാരായണൻ ?" 

"മീത്തലെ... പെട്ടെന്ന് കുഴഞ്ഞു ന്ന് കേട്ടിരുന്നു ..."

"ആ.... ഓനിപ്പഴും അങ്ങനെത്തന്നാ..." ആലസ്സൻ മാസ്റ്റർ പറഞ്ഞ് കഴിഞ്ഞതും ഒരു എസ് എം എസ് വന്ന ശബ്ദം കേട്ടു .മാഷ് വീണ്ടും മെസേജ് നോക്കി. മുഖത്ത് വിരിയുന്ന രസം രൗദ്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

"എന്താ മാഷേ ?" ഒന്ന് തണുപ്പിക്കാനായി ഞാൻ ചോദിച്ചു.

"മോളെ സ്‌കൂളിലെ പി ടി എ മീറ്റിംഗ് ന്റെ മെസേജാ ..."

"അതിനെന്തിനാ നിങ്ങള് മുഖം കറുപ്പിക്കുന്നത്?"

"ഒന്നുംല്ല ... "  മാഷ് ഫോണിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. ഫോൺ ഒന്നുകൂടി തിരിച്ചും മറിച്ചും നോക്കിയ ശേഷം വീണ്ടും അൺലോക്ക് ചെയ്തു .

'ങേ !! ഒരു മെസേജ് മിണ്ടാതെ ഒളിച്ചിരിക്കാ ... ഇതെങ്കിലും അതാകണേ റബ്ബേ ... ' ആലസ്സൻ മാസ്റ്റർ ആത്മഗതം ചെയ്തു. ഞാൻ മാഷേ തന്നെ നോക്കി ഇരുന്നു.

"ഒലക്കേടെ മൂട് " മാഷ് പറഞ്ഞത് അല്പം ഉച്ചത്തിലായതിനാൽ ഞാൻ കേട്ടു.

"എന്താ ... അത് മാറ്റണം എന്ന് ഭാര്യ പറഞ്ഞിരുന്നോ ?" ഞാൻ ഇടപെട്ടു.

"ങാ... അത് മാത്രല്ല ... പലതും മാറ്റണം എന്ന് പറഞ്ഞിട്ടുണ്ട്  ... "

ആലസ്സൻ മാസ്റ്റർ പിന്നെയും മൊബൈലിൽ എന്തോ ചികയുന്നത് കണ്ട് എൻ്റെ ക്ഷമയും നശിച്ചു. അവസാനം ഞാൻ ചോദിച്ചു  
" മാഷേ...ആക്ച്വലി എന്താ നിങ്ങളെ പ്രശ്‍നം ?"

"പ്രശ്‍നമോ ... എനിക്കോ ?"

" അതെ ... ഈ മൊബൈലിൽ ഇങ്ങനെ ഇടക്കിടക്ക് തെരയുന്നത് എന്താ ?"

"ഓ ...അത് .... അത് ... സെക്കൻറ് വർക്കിംഗ് ഡേ സിൻഡ്രോം എന്ന് പറയും .... "

"ങേ , സെക്കൻറ് വർക്കിംഗ് ഡേ സിൻഡ്രോം!!  അതെന്താ ?"

"അത് ... ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ എല്ലാ വാധ്യാന്മാർക്കും ഉണ്ടായ അസുഖമാ ... പ്രധാന ലക്ഷണം മൊബൈലിൽ ഇടക്കിടക്ക് തെരയും... നെടുവീർപ്പിടും ... പിന്നെയും തെരയും , നെടുവീർപ്പിടും ... "

"എന്തിന് ?"

"ശമ്പളം അക്കൗണ്ടിൽ കയറിയ മെസേജ് വന്നോന്ന് നോക്കുകയാ ... സത്യം പറഞ്ഞാ ആ മെസേജ് കാണാതെ അന്ന് ഉറക്കം വരില്ല...."

"ഓ ... അത് ശരി ... എങ്കിൽ ഇനി ഞാനിറങ്ങട്ടെ"  ആലസ്സൻ മാസ്റ്ററുടെ ഭാര്യ പറഞ്ഞ അസുഖത്തെപ്പറ്റി എനിക്ക് നേരിട്ട്  ബോധ്യം വന്നതിനാൽ ഞാൻ വേഗം സ്ഥലം വിട്ടു.  

9 comments:

Areekkodan | അരീക്കോടന്‍ said...

2021 ഉത്‌ഘാടനം ഈ പോസ്റ്റിലൂടെ നിർവ്വഹിക്കുന്നു...

Unknown said...

Njammakk ഉണ്ട് ഇൗ അസുഖം.പക്ഷെങ്കിൽ ശമ്പള message അല്ല ..പിന്നെ...
അത് ..അത്..

Areekkodan | അരീക്കോടന്‍ said...

ആരാ ഇത് ? എന്തസുഖാപ്പാ ഇത് ??

© Mubi said...

എനിക്കാണെങ്കിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ഫോൺ നോക്കുന്നത് പാടെ കുറഞ്ഞു... ഇനി അതും ഒരസുഖമാവോ?

Areekkodan | അരീക്കോടന്‍ said...

മുബീ ... അതൊരു സുഖമാണ് , അസുഖമല്ല

Jochie said...

കുറെ നാളായി അരീക്കോടന്റെ പോസ്റ്റ് വായിച്ചിട്ട് . നന്നായി എഴുതി ഞാനും ഇടക്കിടക്ക് മൈബൈലിൽ നോക്കും പണ്ട് ഉള്ളവർ പടിക്കലേക്ക് നോക്കും ആരേലും പടി കടന്ന് വരുന്നോ എന്ന് , ആരും വരാനില്ലെങ്കിലും നോക്കും - ആനോട്ടത്തിന്റെ മറ്റൊരു രൂപം

Muralee Mukundan , ബിലാത്തിപട്ടണം said...

മൊബൈൽ നൽകുന്ന പിരിമുറുക്കങ്ങൾ ...

Areekkodan | അരീക്കോടന്‍ said...

Jochie ... ഇതാരാന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ...ഒറ്റക്കിരിക്കുമ്പോൾ പടിക്കലേക്ക് നോക്കി ഇരിക്കുന്നതിൽ ഒരു സമാധാനം ഉണ്ട്. May be psychological

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ .... എല്ലാത്തിനും നല്ലതും ചീത്തയും വശം ഉണ്ടാകുമല്ലോ

Post a Comment

നന്ദി....വീണ്ടും വരിക