Pages

Sunday, October 18, 2020

വെള്ളിയാഴ്ച

 16.10.2020 വെള്ളിയാഴ്ച . എൻ്റെ ജീവിതത്തിൽ എന്തോ ഒരു റീ സ്റ്റാർട്ട് നടന്നതായി അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്. അതെ ,  13.3.2020 ന് ശേഷം ഇന്നാണ് ഞാൻ വെള്ളിയാഴ്ച ജുമുഅ യിൽ സംബന്ധിച്ചത്. അതായത് ഏഴ് മാസത്തിലധികം നീണ്ട ഒരു ഇടവേളക്ക് ശേഷമായിരുന്നു ഈ പളളിപ്രവേശം എന്നർത്ഥം.

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ആഴ്ചയിൽ ഒരിക്കലുള്ള ഈ സാമൂഹ്യ സംഗമം പലതരത്തിലും പ്രാധാന്യമർഹിക്കുന്നതാണ്. മതവിശ്വാസ പ്രകാരമുള്ള ഒരു നിർബന്ധ കർമ്മം എന്നതിലുപരി ഈ സംഗമം പല ധർമ്മങ്ങളും നിർവ്വഹിച്ചിരുന്നു. വാർത്താവിനിമയ മാധ്യമങ്ങൾ ഇന്നത്തെപ്പോലെ സുലഭമല്ലാത്ത ഒരു കാലത്ത് സുഖാന്വേഷണങ്ങൾ നടന്നിരുന്നത് ഈ വാരാന്ത സംഗമത്തിലായിരുന്നു. പലരുടെയും കല്യാണ വിവരങ്ങളും രോഗ - മരണ വാർത്തകളും കൈമാറ്റം ചെയ്തിരുന്നതും പള്ളികളിൽ വച്ചായിരുന്നു. പലരും പലരെയും സാമ്പത്തികമായി സഹായിക്കുന്നതും ഈ സംഗമത്തിൻ്റെ ശേഷമായിരുന്നു.

മേൽ പറഞ്ഞവയെല്ലാം ഇന്ന് അപ്രസക്തമാണെങ്കിലും എൻ്റെ നാട്ടിലൊക്കെ പഴയ തലമുറയിൽ പെട്ടവർ ഇന്നും വെള്ളിയാഴ്ചയെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. വീടിന് പുറത്ത് പോകാൻ ഒരവസരം എന്നതും സമപ്രായക്കാരെ കാണുന്നതിലുള്ള സന്തോഷവും ആണ് ഇതിൻ്റെ പിന്നിലെ രഹസ്യം. എന്നാൽ 65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുത് എന്ന കോവിഡ്‌ 19 നിർദ്ദേശം ഇവരെയെല്ലാം വീടുകളിൽ പൂട്ടിയിരിക്കുകയാണ്. 

നാട്ടുകാരണവന്മാരുടെ അഭാവം പള്ളിയിൽ  സൃഷ്ടിക്കുന്ന ശൂന്യത ഇന്ന് ശരിക്കും ഞാൻ തിരിച്ചറിഞ്ഞു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പള്ളിയിലെ ഇരുത്തവും പുതിയ അനുഭവമായി. നൂറിലധികം ആൾക്കാർ തിങ്ങി ഇരുന്ന് ശ്രവിക്കുന്ന ഉത്ബോധന പ്രസംഗം ശ്രവിക്കാനും നമസ്കാരത്തിൽ പങ്കെടുക്കാനും പരമാവധി നാൽപത് പേർക്കേ അനുവാദമുണ്ടായിരുന്നുള്ളൂ. അതും മുസല്ല അഥവാ നമസ്കാരപടം സ്വന്തമായി കൊണ്ടുവരികയും വേണം. തറയിൽ വിരിച്ചിരുന്ന പായ നീക്കം ചെയ്തതിനാൽ നമസ്കാര പടം കൊണ്ടു വരാത്തവർ പേപ്പറെങ്കിലും വിരിച്ചിരിക്കണം. ഇങ്ങനെ നിരവധി മാറ്റങ്ങളുമായി നടന്ന ജുമുഅ ജീവിതത്തിൽ ഒരു അടയാള ദിനമായി എന്നും നിലനിൽക്കും.

7 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കോവിഡ് അനുഭവം കൂടി

© Mubi said...

ഒരിക്കലും ഗൗനിക്കാത്ത ചെറിയ സന്തോഷങ്ങൾ എത്ര വലുതായിരുന്നുവെന്ന് കോവിഡ് മനുഷ്യരെ പഠിപ്പിക്കുകയാണ്....

Areekkodan | അരീക്കോടന്‍ said...

Mubi... Exactly true

Muralee Mukundan , ബിലാത്തിപട്ടണം said...

കോവിഡ് നൽകുന്ന പുതിയ ശീലങ്ങൾ

Manikandan said...

"വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്
നിരവദ്യമായിട്ടു കാണുവാൻ കഴിവീല്ല" എന്നല്ലെ എന്നും കാണുന്നത് അനുഭവിക്കുന്നത് കുറച്ചു നാൾ കാണാതിരിക്കുമ്പോഴാണല്ലൊ അത് എത്രമേൽ മാധുര്യമുള്ളതായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുക.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നന്ദി.

Areekkodan | അരീക്കോടന്‍ said...

മണികണ്ഠാ .. വളരെ ശരിയാണ്

Post a Comment

നന്ദി....വീണ്ടും വരിക