നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സ്ഥാനത്ത് നിന്നും മാറിയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു. എൻ.എസ് .എസുമായി ചേർന്ന് നിന്ന എട്ട് വർഷക്കാലം ക്ലാസ്സുകളും ക്യാമ്പുകളും കൊണ്ട് തിരക്കേറിയതായിരുന്നു എങ്കിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.എന്റെ കോളേജിലെ യൂണിറ്റിനുള്ള സെഷനുകൾ ഒഴിവാക്കിയാൽ എപ്പോഴെങ്കിലും ചില ഓറിയെന്റേഷൻ ക്ളാസുകൾ മാത്രമായി എൻ.എസ് .എസുമായുള്ള ബന്ധം ചുരുങ്ങി.മറ്റു ചില ഗ്രൂപ്പുകളുമായി ചേർന്നുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും എന്റേതായ ചില വർക്കുകളിലും വ്യാപൃതനായിരുന്നതിനാൽ എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നില്ല.
ബട്ട്, 2021 ജൂൺ മാസം വളരെ വ്യത്യസ്തമായിരുന്നു. മീറ്റിങ്ങുകൾ എല്ലാം ഓൺലൈൻ ആയപ്പോൾ ആരെയും എവിടെയും പ്രോഗ്രാമിന് ക്ഷണിക്കാം എന്ന സൗകര്യം വളരെയധികം പേര് പ്രയോജനപ്പെടുത്തി. സൗജന്യമായിട്ടാണെങ്കിലും, വീട്ടിലിരുന്ന് വ്യത്യസ്ത തരം കുട്ടികൾക്ക് ക്ലാസ് എടുക്കാനുള്ള അവസരം ട്രെയിനർമാർക്കും ലഭിച്ചു. എട്ട് സെഷനുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച ഞാൻ ഇതിൽ വളരെ സന്തുഷ്ടനാണ്. കാരണം എട്ടിൽ ഏഴിലും എനിക്ക് ചെയ്യേണ്ടിയിരുന്നത് വ്യത്യസ്ത വിഷയങ്ങളായിരുന്നു.
ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു ആദ്യ ക്ലാസ് . കോഴിക്കോട് ഗവ.പോളിടെക്‌നിക്ക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പരിസ്ഥിതി ദിനാഘോഷത്തിൽ, എല്ലാവർക്കും ചെയ്യാവുന്ന എന്റെ ചില പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
അതേ ദിവസം തന്നെ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നൊളജിക്ക് കീഴിൽ "Everything You Need to Know about KEAM 2021" എന്ന വിഷയത്തിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഈ വിഷയത്തിലെ എന്റെ ആദ്യത്തെ സെഷൻ നടത്തി.കൃത്യം ഒരാഴ്ച കഴിഞ്ഞ് ജൂൺ 12 ന് അതേ കോളേജിന്റെ കീഴിൽ തന്നെ KEAM 2021 Application & Allotment Process" എന്ന ശീർഷകത്തിൽ ലൈവ് സംശയനിവാരണ സെഷനും കൈകാര്യം ചെയ്തു.
ജൂൺ 13 ന് ലഭിച്ച അവസരം തികച്ചും അപ്രതീക്ഷിതമായിരുന്നു. FR Life Skills Pvt Ltd ആഴ്ച തോറും നടത്തുന്ന Sunday Boost എന്ന പ്രോഗ്രാമിലെ Explore the Experienced സെഷൻ ആയിരുന്നു അന്ന് . എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ നാദിർ ഹോസ്റ്റ് ചെയ്ത ആ പരിപാടിയിലൂടെ എനിക്ക് തികച്ചും അപരിചിതമായ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു ബഹുസ്വര സംഘത്തോട് എന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനായി. ഒരു മുൻധാരണയും ഇല്ലാതെ ചെയ്ത ഈ സെഷൻ എനിക്കും വളരെയധികം പോസിറ്റീവ് എനർജി നൽകി .
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ രണ്ടാം ഊഴത്തിൽ എൻ.എസ്.എസ് ന്റെ ചാർജ്ജ് ലഭിച്ചില്ലെങ്കിലും ഈ മൂന്ന് വർഷങ്ങളിൽ നടന്ന സപ്തദിന ക്യാമ്പുകളിലും ത്രിദിന ക്യാമ്പുകളിലും ഒരു സെഷൻ സ്ഥിരം ലഭിക്കാറുണ്ട്. നിലവിലുള്ള സെക്രട്ടറിമാരുടെ കീഴിലെ അവസാന ത്രിദിന ക്യാമ്പായ "വൈവർണ്ണ്യ"ത്തിലും അത് തുടർന്നു.എന്റെ ആദ്യ പുസ്തകത്തിന്റെ പേരായ "അമ്മാവന്റെ കൂളിംഗ് എഫക്ട്" എന്നായിരുന്നു സെക്ഷന്റെ പേര്. ജൂൺ 19 ന് നടന്ന പ്രസ്തുത സെഷൻ എൻ.എസ്.എസ് അനുഭവങ്ങളിലൂടെയുള്ള ഒരു നോൺ സ്റ്റോപ്പ് യാത്രയായിരുന്നു.
എൻ.എസ്.എസ് ലെ മുൻകാല വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും അടങ്ങുന്ന NSS Passion Followers എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച രക്തദാന ബോധവൽക്കരണ വാരാചരണത്തിന്റെ സമാപന പരിപാടിയിലായിരുന്നു അടുത്ത അവസരം. ജൂൺ 21 ന് നടന്ന പ്രസ്തുത സെഷനിൽ സ്ത്രീകളിലെ രക്തദാന ബോധവൽക്കരണത്തിന്റെ ആവശ്യകതയായിരുന്നു എന്റെ സംസാര വിഷയം.
എൻ.എസ്.എസ് ന്റെ ചാർജ്ജ് ലഭിച്ചില്ലെങ്കിലും AICTE നിർദ്ദേശ പ്രകാരം ഏക് ഭാരത് ശ്രെഷ്ട് ഭാരത് എന്ന EBSB Club കോളേജിൽ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ നോഡൽ ഓഫീസറായി ഞാൻ നിയമിതനായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം-ഭാഷ-വേഷം തുടങ്ങിയവ അടുത്തറിഞ്ഞ് ദേശീയോദ്ഗ്രഥനം സാധ്യമാക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്‌ഷ്യം. ക്ലബ്ബിലെ പുതിയ അംഗങ്ങൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്താനും വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കാനും വേണ്ടി ഒരു ഓറിയെന്റേഷൻ സെഷൻ ജൂൺ 22 ന് നടത്തി.
ഈ മാസത്തെ ക്ലാസ്സുകൾ തീർന്നു എന്ന് കരുതിയപ്പോഴാണ് എന്റെ പരിചയക്കാരനായ കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം പോളിടെക്‌നിക്ക് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കുട്ടികൾക്ക് വേണ്ടി ഒരു ഓറിയെന്റേഷൻ ക്ലാസ് ആവശ്യപ്പെട്ടത്. എന്റെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ ഞാനത് ഉടനടി സമ്മതിച്ചു. പിന്നീടാണ് ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ സെഷനായി അത് നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടത്. ഈ രംഗത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ത്രിദിന പരിശീലന ക്യാംപിൽ പങ്കെടുത്ത അനുഭവം ഉള്ളതിനാൽ ലഹരി വിരുദ്ധ ബോധവൽക്കരണവും എൻ.എസ്.എസ് വളണ്ടിയർമാർക്ക് അതിലുള്ള പങ്കും വിശദീകരിക്കുന്ന ക്ലാസ് ആക്കി അത് മാറ്റി.
"നോ" എന്ന പദം എന്റെ നിഘണ്ടുവിൽ പലപ്പോഴും കാണാറില്ല. വിഷയം ഏത് തന്നെ ആയാലും അത് സുഗമമായി കൈകാര്യം ചെയ്യാൻ എന്നെ പ്രാപ്തനാക്കുന്ന ദൈവത്തിന് സ്തുതി. എന്നിൽ വിശ്വാസമർപ്പിച്ച് എനിക്കവസരം നൽകുന്ന പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും.
3 comments:
വിഷയം ഏത് തന്നെ ആയാലും അത് സുഗമമായി കൈകാര്യം ചെയ്യാൻ എന്നെ പ്രാപ്തനാക്കുന്ന ദൈവത്തിന് സ്തുതി. എന്നിൽ വിശ്വാസമർപ്പിച്ച് എനിക്കവസരം നൽകുന്ന പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും.
സകലകലാവല്ലഭനായി മുന്നേറുക ...
മുരളിയേട്ടാ ...Thanks
Post a Comment
നന്ദി....വീണ്ടും വരിക