Pages

Wednesday, September 15, 2021

തട്ടുകടയിലെ രുചിഭേദങ്ങൾ

തട്ടുകടകൾ മലയാളികളുടെ നാവിൻ തുമ്പത്ത് എരിപൊരി ഉണ്ടാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ നാട്ടിലെയും തട്ടുകടകളിലെ രുചി ഭേദങ്ങൾ വ്യത്യസ്തമായതിനാൽ ഏത് നാട്ടിൻപുറത്ത് പോയാലും മലയാളി ആദ്യം തിരയുന്നത് ഒരു തട്ടുകട തന്നെയായിരിക്കും (ഒന്നിനും രണ്ടിനും ഇല്ലെങ്കിൽ). തട്ടുകടയിലെ രുചിക്കൊപ്പം അതിന്റെ ആ ഒടുക്കത്തെ 'ആമ്പിയൻസ് ' കൂടി ചേരുമ്പോൾ വയറും മനസ്സും ഒരുമിച്ച് നിറയും.

രാത്രിയാണ് സാധാരണ ഗതിയിൽ തട്ടുകടകൾ സജീവമാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഒരു ചായയും അല്പനേരം ഒരു വെടി പറച്ചിലും നൽകുന്ന ആനന്ദം വളരെ വലുതാണ്. അത് ഒരു തടുകടയിൽ വച്ചാണെങ്കിൽ പരമാനന്ദമായി. കാരണം അവിടെ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഗന്ധം മൂക്കിലൂടെ ഒന്ന് ആവാഹിച്ചാൽ തന്നെ അതിന്റെ രുചി നാവിലൂറും. 

ആരെയോ പ്രതീക്ഷിച്ച് , രാത്രിയുടെ അന്ത്യയാമങ്ങളിലും ഒറ്റക്കിരിക്കുന്ന തട്ടുകടക്കാരെ മെയിൻ റോഡു വക്കുകളിൽ കാണാം. വർണ്ണപ്രകാശം ചൊരിയുന്ന മോടി പിടിപ്പിച്ച തട്ടുകടകളും ഇപ്പോൾ കാണപ്പെടുന്നുണ്ട്. പക്ഷെ എനിക്കിഷ്ടം ഇത്തിരി സ്ഥലത്ത് കെട്ടി മറച്ചുണ്ടാക്കിയ , ഒരു ബെഞ്ചോ ഡെസ്കോ മാത്രമുള്ള ( അതും നടുവൊടിഞ്ഞ വല്ല ഇലക്ട്രിക്ക് പോസ്റ്റ് കൊണ്ട് തട്ടിക്കൂട്ടിയത് ), ഒറ്റ ബൾബുള്ള , ഒരാൾ നിയന്ത്രിക്കുന്ന തട്ടുകടകളാണ്. അതൊരു മരച്ചുവട്ടിലോ നദിക്കടുത്തോ ആയാൽ ഗംഭീരമായി. ഇതെല്ലാം കൂടിയാണ് ഞാൻ മുകളിൽ സൂചിപ്പിച്ച ആ ആമ്പിയൻസ്.

ഒരിക്കൽ ഒരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കുട്ടികൾ ഒരാഗ്രഹം പറഞ്ഞു. ഏതെങ്കിലും തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കണം ന്ന്. ഉച്ച സമയമായിരുന്നു. മിക്ക തട്ടുകടകളിലും നെയ്ച്ചോറും ചിക്കനും ആണ് ഉച്ചഭക്ഷണം. വീടിന്റെ അടുത്തെത്തിയെങ്കിലും മക്കളുടെ ആഗ്രഹം നിറവേറ്റാനായി ഞാൻ ഒരു തട്ടുകടയിൽ കയറി അവിടെ ലഭ്യമായ ഭക്ഷണം കഴിച്ചു.

പാലക്കാട് ജില്ലയിലെ ഒരു ഉൾഗ്രാമമായ കൂട്ടിലക്കടവിലായിരുന്നു സഹപ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിലെ എന്റെ ഭക്ഷണം. ഹോട്ടൽ ഉണ്ടായിരുന്നിട്ടും എല്ലാവർക്കും താല്പര്യം തട്ടുകടയിലെ ഭക്ഷണത്തോടായിരുന്നു. " ഒരു മിക്സിംഗ് " എന്ന സഹപ്രവർത്തകരുടെ ഓർഡർ എന്നെ ആദ്യം അങ്കലാപ്പിലാക്കിയെങ്കിലും അൽപ നേരം അവിടെ ഇരുന്നതോടെ എനിക്ക് സംഗതി പിടി കിട്ടി. 

കപ്പയും ബീഫും ആയിരുന്നു ആ താരം. കൊത്തി നുറുക്കിയ സവാള കൂടി വിതറി ഒന്ന് കൂടി മിക്സ് ചെയ്ത് ഒരു സ്പൂൺ വായിലേക്കങ്ങ് വയ്ക്കുമ്പോഴേക്കും അവിടെ ഒരു പുഴ ഉൽഭവിച്ചിട്ടുണ്ടാകും. മേമ്പൊടിയായി താറാമുട്ട കൊണ്ടുള്ള ഒരു ഓംലറ്റ് കൂടിയായാൽ, വായിൽ പിന്നെ ടൈറ്റാനിക് ഓടും.

യാത്രകളിലെ ഇത്തരം രുചികളും സമയ ബന്ധിതമല്ലാത്ത ആസ്വാദനങ്ങളും ആണ് പലപ്പോഴും എന്റെ മനസ്സ് നിറക്കുന്നത്. അതിന്റെ ചെലവ് എത്ര തന്നെയായാലും അത് ഓർമ്മയിൽ എന്നെന്നും തങ്ങി നിൽക്കുന്ന ഒരു  മൂലധനമായിരിക്കും എന്ന് തീർച്ചയാണ്.


5 comments:

Areekkodan | അരീക്കോടന്‍ said...

കൊത്തി നുറുക്കിയ സവാള കൂടി വിതറി ഒന്ന് കൂടി മിക്സ് ചെയ്ത് ഒരു സ്പൂൺ വായിലേക്കങ്ങ് വയ്ക്കുമ്പോഴേക്കും അവിടെ ഒരു പുഴ ഉൽഭവിച്ചിട്ടുണ്ടാകും.

Dhruvakanth s said...

മനോഹരമായി എഴുതി... ആശംസകൾ

Areekkodan | അരീക്കോടന്‍ said...

Thanks Dhruvakanth

Muralee Mukundan , ബിലാത്തിപട്ടണം said...

നാവിൽ രുചിവരും വായന

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നല്ല വായനാസ്വാദനത്തിന് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക