(ആമാശയം ദോശയെ ആശിച്ച നിമിഷം - ഇതിൽ ക്ലിക്കി വായന ആരംഭിക്കുക)
നേരം സന്ധ്യ മയങ്ങിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ ആ ദേശത്ത്, സൂര്യൻ നേരത്തെ സേവനം നിർത്തിപ്പോയ പോലെ ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു.നോക്കെത്തും ദൂരത്ത് ഒരു മനുഷ്യനെപ്പോലും കാണാത്തതിനാൽ ആശിച്ച ദോശ കിട്ടില്ലേ എന്നൊരു സന്ദേഹം മെല്ലെ മനസ്സിൽ അരിച്ച് കയറാൻ തുടങ്ങി.
"ദേ ...നോക്ക് .." മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ഷൈൻ സാർ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും നോക്കി.
"എന്താണ് സാർ?" പ്രത്യേകിച്ച് ഒന്നും കാണാത്തതിനാൽ ഞാൻ ചോദിച്ചു.
"കട പൂട്ടിയിട്ടത് കണ്ടില്ലേ ?"
"ഇതല്ല സാർ... ഇനിയും മുന്നോട്ട് പോകണം" റഹീം മാഷ് പറഞ്ഞു.
"ഏയ് ഇതു തന്നെയാ അന്ന് നമ്മൾ കഴിച്ച കട..."
"അതെ, പക്ഷെ ഇതല്ല ഒറിജിനൽ കട...നിങ്ങള് വിട്ടോളൂ... ഞാൻ പറഞ്ഞ് തരാം" റഹീം മാഷുടെ വാക്കുകളിൽ വല്ലാത്തൊരു ധൈര്യം നിറഞ്ഞ് നിന്നിരുന്നു.
കുണ്ടും കുഴിയും ഇരുട്ടും നിറഞ്ഞ റോഡിലൂടെ ഒന്നൊന്നര കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ദൂരെ ഒരു വെളിച്ചം ദൃശ്യമായി.അതിനടുത്ത് തന്നെ ഒന്ന് രണ്ട് കാറുകളും ഇടുങ്ങിയ റോഡിൽ ഒതുക്കി ഇട്ടതായി കണ്ടു.
"അതാ ...ആ കാണുന്നതാണ് ദോശക്കട " റഹീം മാസ്റ്റർ പറഞ്ഞു.
ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ പറ്റുന്ന വഴിയിൽ നന്നായി അരിക് പറ്റി ഷൈൻ സാർ വണ്ടി പാർക്ക് ചെയ്തു.ഷീറ്റ് മേഞ്ഞ കടയിൽ നിന്നും തുറന്നിട്ട വാതിലിലൂടെ വെളിച്ചത്തിന്റെ ഒരു കീറ് പുറത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.ആരും ശ്രദ്ധിക്കാത്ത രൂപത്തിൽ പൊടിപിടിച്ച ചെറിയ ഒരു ഫ്ളക്സ് കഷ്ണത്തിൽ എഴുതി വച്ചത് ഞാൻ വായിച്ചു - ഹോട്ടൽ ഹരിഹരപുത്ര.
കൈ കഴുകി അകത്ത് പ്രവേശിച്ച ഞങ്ങളെ വരവേറ്റത് "ശ്ശ്" എന്ന ദോശ മൊരിയുന്ന തുടർച്ചയായ ശബ്ദമായിരുന്നു.ആകെക്കൂടി പത്ത് പേർക്കിരിക്കാവുന്ന ഒരു സെറ്റപ്പ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.കഴിച്ച് കഴിഞ്ഞവർ വേഗം സ്ഥലം കാലിയാക്കണം എന്ന അലിഖിത നിയമം ഞാൻ ആ സെറ്റപ്പിൽ നിന്നും വായിച്ചെടുത്തു.വെളുത്ത് മെലിഞ്ഞ് കുപ്പായം ധരിക്കാത്ത ഒരു ചേട്ടൻ ആയിരുന്നു ദോശക്കല്ലിനടുത്തുണ്ടായിരുന്നത്.കുട്ടേട്ടൻ എന്നാണ് കടയിൽ വരുന്നവർ അദ്ദേഹത്തെ വിളിച്ചിരുന്നത്.ദോശയും റോസ്റ്റും പാർസലും അല്ലാതെയുമായി കുട്ടേട്ടൻ നല്ല തിരക്കിലാണ്.സഹായിയായി മറ്റൊരു ചേട്ടനും ഉണ്ട്.
"അച്ഛന്റെ പേര് ഹരിഹരൻ എന്നാണല്ലേ?" കുട്ടേട്ടൻ ഞങ്ങളുടെ അടുത്ത് വന്നപ്പോൾ ജയപാലൻ മാഷ് ചോദിച്ചു.
"അതെന്താ അങ്ങനെ ചോദിക്കാൻ ?"
"കടയുടെ പുറത്ത് ഹോട്ടൽ ഹരിഹരപുത്ര എന്നെഴുതിയത് കണ്ട് ചോദിച്ചതാ ..."
"ആദ്യം ദോശ കഴിക്കണം, അത് കഴിഞ്ഞ് നെയ് റോസ്റ്റും ..." റഹീം മാഷ് നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ ദോശക്ക് ഓർഡർ നൽകി കാത്തിരുന്നു.അൽപ സമയത്തിനകം തന്നെ നല്ലവണ്ണം ആരെടുത്ത മൊരിഞ്ഞ ദോശകൾ ഞങ്ങൾക്ക് മുന്നിൽ അണി നിരന്നു.
തേങ്ങാ ചട്ടിണിയും മുളക് ചമ്മന്തിയും കൂട്ടി ദോശ തിന്നാൻ തുടങ്ങിയത് ഓർമ്മയുണ്ട്.പിന്നെ ടേബിളിൽ ദോശയുടെ വരവും പോക്കും തന്നെയായിരുന്നു.അതിനിടയിൽ ഫ്രണ്ട് ഡോർ അടക്കുകയും ചെയ്തു - ഇന്നത്തെ കച്ചവടം നിർത്തുന്നതിന്റെ സൂചനയാണ്;എന്ന് വച്ചാൽ ഞങ്ങൾ ജസ്ററ് എസ്‌കേപ്ഡ്.
ദോശക്ക് ശേഷം കഴിച്ചതിനാലാണോ എന്നറിയില്ല റോസ്റ്റ് എനിക്കത്ര പിടിച്ചില്ല.ഒപ്പം വന്നവരും അതെ അഭിപ്രായക്കാരായിരുന്നു.ബട്ട്, കേരളത്തിൽ ഇരുപത് രൂപക്ക് നെയ്‌റോസ്‌റ്റ് കിട്ടണമെങ്കിൽ കുട്ടേട്ടന്റെ അടുത്ത് തന്നെ എത്തേണ്ടി വരും.
പാലക്കാട് നിന്നും ചെർപ്പുളശ്ശേരിയിലേക്ക് പോകുമ്പോൾ അഴിയന്നൂർ എന്ന സ്ഥലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്.നാട്ടു രുചികൾ തേടിപ്പോകുന്നവർക്ക് കുട്ടേട്ടന്റെ കൈപ്പുണ്യം ദോശയിലെ നൈപുണ്യമായി ആസ്വദിക്കാം.
1 comments:
നാട്ടു രുചികൾ തേടിപ്പോകുന്നവർക്ക് കുട്ടേട്ടന്റെ കൈപ്പുണ്യം ദോശയിലെ നൈപുണ്യമായി ആസ്വദിക്കാം.
Post a Comment
നന്ദി....വീണ്ടും വരിക