കടലുണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ കടലുണ്ടിപ്പാലത്തിൽ കയറിയാൽ മതി എന്നാണ് പൊതുവെ പറയാറ്. എന്നാൽ കടലിനോട് ചേർന്ന് കിടക്കുന്ന ചെങ്കൽപ്പാറകൾക്ക് മുകളിൽ കയറി ഇരുന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ പിന്നെ അവിടെ നിന്ന് എണീക്കാൻ മനസ്സ് വരില്ല. പാലത്തിന്റെ ഇടത് വശം ചേർന്നുള്ള ഇടുങ്ങിയ റോഡിലൂടെ ചെറുവാഹനങ്ങൾക്ക് ചെങ്കൽ പാറകൾക്ക് അടുത്തെത്താം. മെയിൻ റോഡിൽ നിന്ന് അരക്കിലോമീറ്റർ നടന്നും ഇവിടെ എത്താം.
ചെങ്കല്ലിൽ തല തല്ലുന്ന തിരമാലകളാണ് ഇവിടത്തെ പ്രധാന ആകർഷണം. പാറയുടെ വിടവുകളിൽ കൂടി മുകളിലേക്ക് ഉയർന്നു വരുന്ന കടൽ വെള്ളത്തിൽ ഒരു സാൾട്ട് വാട്ടർ സ്പ്രേബാത്തും നടത്താം. തിരമാലകളുടെ തല്ലും തലോടലും ഏറ്റുവാങ്ങി ആകൃതി മാറിയ പാറകൾ ഫോട്ടോഗ്രാഫർമാർക്കും സെൽഫി പ്രേമികൾക്കും ഏറെ പ്രിയങ്കരമാണ്. പാലത്തിനോട് ചേർന്നുള്ള ഭാഗത്ത് മണൽ തിട്ടകൾ രൂപപ്പെട്ടതിനാൽ കുട്ടികൾക്കടക്കം വെള്ളത്തിൽ ഇറങ്ങാനും സൗകര്യമാണ്. പാറകളിൽ കൂടി ഓടിക്കളിക്കുന്ന കുഞ്ഞ് ഞണ്ടുകൾ ഭയപ്പെടുത്തുമെങ്കിലും പഞ്ച പാവങ്ങളാണ് എന്ന് പെട്ടെന്ന് മനസ്സിലാകും.
കടലുണ്ടിയിൽ നിന്ന് ഞങ്ങൾ നേരെ പോയത് ചാലിയത്തേക്കാണ്.ജങ്കാറിൽ കയറി ബേപ്പൂർ തീരത്തിറങ്ങാനായിരുന്നു പദ്ധതി.കഴിഞ്ഞ വർഷം ബേപ്പൂർ ഫെസ്റ്റ് കാണാൻ പോയ സമയത്ത് ബേപ്പൂരിൽ നിന്ന് ചാലിയത്തേക്ക് ജങ്കാറിൽ യാത്ര ചെയ്തതിനാൽ എനിക്ക് ഇതിൽ അത്ര താല്പര്യം തോന്നിയില്ല. എങ്കിലും കൂട്ടുകാർക്കൊപ്പം നീങ്ങി സ്ഥലത്തെത്തി. പക്ഷെ അന്ന് ജങ്കാർ സർവ്വീസ് ഉണ്ടായിരുന്നില്ല. അത് കാരണം നേരെ പുലിമുട്ടിൽ പോകാൻ തീരുമാനിച്ചു. നട്ടുച്ചക്ക് അത്രയും ദൂരം വെയിലത്ത് നടന്നു പോകുന്നതിലെ ബുദ്ധിമുട്ട് മനസ്സിനെ വീണ്ടും പിന്നോട്ടടിപ്പിച്ചു.പക്ഷെ ചാലിയം ഭാഗത്തെ പുലിമുട്ടിൽ കൂടി വാഹനത്തിൽ സഞ്ചരിക്കാമെന്ന് അന്നാണ് മനസ്സിലായത്. വാഹനത്തിൽ പോകാവുന്ന അത്രയും ദൂരം പോയി ബാക്കി വരുന്ന കരിങ്കൽ പാകിയ ദുർഘട പാതയും കടന്ന് ഞങ്ങൾ പുലിമുട്ടിന്റെ അറ്റത്തെത്തി. കാറ്റും തിരയും വെയിലും ഏറ്റ് അല്പനേരം ആ പാറപ്പുറത്തും ഇരുന്നു. ഡിഗ്രിക്ക് ഫാറൂഖ് കോളജിൽ പഠിക്കുന്ന കാലത്ത് ബേപ്പൂർ പുലിമുട്ടിൽ എത്തി കടലാടികൾ (ചെറിയ ഡോൾഫിനുകൾ) ചാടുന്നത് കണ്ടിരുന്നത് അന്നേരം ഓർമ്മയിൽ തിരതല്ലി.
പുലിമുട്ടിൽ നിന്നും മടങ്ങുന്ന വഴിയിലാണ് ലൈറ്റ് ഹൗസ് ദൃഷ്ടിയിൽ പെട്ടത്. വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ കുടുംബം പിക്നിക്കിനായി ചാലിയത്ത് എത്തിയ സമയത്ത്, നൂറടി ഉയരമുള്ള ഈ ലൈറ്റ് ഹൗസിൽ കയറിയിരുന്നു. ഹെക്സഗൺ ആകൃതിയിൽ നിർമ്മിച്ച ലൈറ്റ് ഹൗസിൽ കയറാൻ പത്ത് രൂപാ ടിക്കറ്റ് എടുക്കണം.
ഇത്രയും സ്റ്റെപ്പുകൾ കയറിയിട്ട് വേണം മുകളിലെത്താൻ.പ്രായമായവരെ ഒരു കാരണവശാലും മുകളിലേക്ക് കയറ്റാതിരിക്കുന്നതാണ് ബുദ്ധി.കയറാൻ എളുപ്പമാണെങ്കിലും ഇറങ്ങുമ്പോൾ മുട്ട് വേദനിക്കും.മുകളിൽ എത്തിയാൽ കിലോമീറ്ററുകളോളം വെളിച്ചം വീശുന്ന ആ അത്ഭുതദീപം അടുത്ത് നിന്ന് കാണാം.ലൈറ്റ് ഓണാക്കുന്നതിന് അര മണിക്കൂർ മുമ്പ് വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. മാത്രമല്ല, അൽപം ഭാഗ്യവും ഉണ്ടായിരിക്കണം. പലപ്പോഴും അടച്ചിട്ട ഗേറ്റും കണ്ട് തിരിച്ചു പോവാറാണ് പലരുടെയും പതിവ്.ലൈറ്റ് ഹൗസിൻറെ ഏറ്റവും മുകളിൽ നിന്നുള്ള ചുറ്റുവട്ട കാഴ്ച വിവരണാതീതമാണ്. 1977 ൽ നിർമ്മിച്ച ലൈറ്റ് ഹൗസ് ഇന്നും പ്രവർത്തന നിരതമാണ്.
കടലുണ്ടി ഇന്നറിയപ്പെടുന്നത് പ്രശസ്തമായ പക്ഷിസങ്കേതം എന്ന നിലയിലാണ്. ആ കാഴ്ചകൾ അടുത്ത പോസ്റ്റിൽ.
2 comments:
തിരമാലകളുടെ തല്ലും തലോടലും ഏറ്റുവാങ്ങി ആകൃതി മാറിയ പാറകൾ ഫോട്ടോഗ്രാഫർമാർക്കും സെൽഫി പ്രേമികൾക്കും ഏറെ പ്രിയങ്കരമാണ്.
സാർ.... യാത്രാവിവരണം അതിമനോഹരം 👏👏👏
Post a Comment
നന്ദി....വീണ്ടും വരിക