Pages

Tuesday, June 07, 2022

ആഗ്രയിലൂടെ .... 1

ഓരോ ഭാരതീയനും ജീവിതത്തിൽ ഒരു തവണയെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒന്നാണ് വെണ്ണക്കല്ലിലെ അനശ്വര പ്രണയ കാവ്യമായ താജ്മഹൽ. ലോകാത്ഭുതങ്ങളിൽ ഒന്നായ ഇത് കാണാൻ വേണ്ടി മാത്രം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വരുന്നവരുടെ എണ്ണം നമ്മെ വിസ്മയപ്പെടുത്തും. വർഷത്തിൽ 70 ലക്ഷം മുതൽ 80 ലക്ഷം വരെ സഞ്ചാരികൾ താജ് മഹൽ സന്ദർശിക്കുന്നതായാണ് കണക്ക്.

ഡൽഹിയിലേക്ക് ട്രെയിൻ കയറുമ്പോൾ പലരും മനസ്സിൽ കുറിക്കുന്ന ഒരാഗ്രഹമാണ് ആഗ്ര സന്ദർശനം. ഏഴ് തവണ ഡൽഹി സന്ദർശിച്ച ഞാൻ അതിൽ നാല് തവണയും ആഗ്രയിൽ താജ് മഹലിന്റെ മുന്നിലെത്തിയിട്ടുണ്ട്. 2013 ൽ എന്റെ പതിനാറാം വിവാഹ വാർഷിക ദിനം കുടുംബ സമേതം  ഈ പ്രണയ സൗധത്തിലായിരുന്നു.

യമുനാ നദിയിൽ നിന്നും താജിനെ തഴുകിത്തലോടി എത്തുന്ന മന്ദമാരുതനിൽ മുംതാസിന്റെ സുഗന്ധം നിറഞ്ഞ് നിൽക്കുന്നതിനാലാവാം ഓരോ ഡൽഹി സന്ദർശനത്തിലും ആഗ്ര വീണ്ടും വീണ്ടും എന്നെ മാടി വിളിക്കുന്നത്.

കുടുംബ സമേതം ഒരു കാശ്മീർ യാത്രക്ക് പദ്ധതി തയ്യാറാക്കുമ്പോൾ നേരിട്ട് കാശ്മീരിൽ എത്തുക എന്നതായിരുന്നു എന്റെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ കുറെ കുടുംബ യാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എനിക്ക് പ്രീഡിഗ്രി സുഹൃത്ത് നൗഷാദിനെയും കുടുംബത്തെയും കൂടി കൂട്ടിന് ലഭിച്ചിരുന്നു.വർഷങ്ങൾക്ക് മുമ്പ് ഒരു ഊട്ടി ട്രിപ്പും ഒരു കൊച്ചി ട്രിപ്പും ഞങ്ങൾ ഒരുമിച്ച് നടത്തിയിരുന്നതിനാൽ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നു. നൗഷാദിന്റെ കുടുംബത്തിന് താജ് മഹൽ കാണാൻ ആഗ്രഹം ഉണ്ടായതിനാൽ ഞങ്ങൾ യാത്രയുടെ ഷെഡ്യൂൾ അപ്രകാരമാക്കി.

മെയ് 19 ന് രാവിലെ 10.30 ന് ആഗ്രയിൽ ഇറങ്ങുന്നത് വരെ താമസിക്കാനും ഫ്രഷാവാനും ഒരു റൂം എവിടെ എടുക്കും എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നില്ല. മുൻ സന്ദർശനങ്ങളിലും അവിടെ എത്തിയ ശേഷം റൂം തേടിപ്പിടിക്കുകയായിരുന്നു പതിവ്. സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് നൗഷാദിന്റെ സഹപ്രവർത്തകൻ നൽകിയ വിവര പ്രകാരം ഒരു അഹ്മദ് ബായി യെ വിളിച്ചത്. മലയാളം നന്നായി തിരിയുന്ന ആഗ്രക്കാരനാണ് അഹ്മദ് ബായി. "ഏ ചെങ്ങായി " എന്നേ ഏത് പ്രായക്കാരെയും ആ ചെങ്ങായി വിളിക്കൂ. ടൂറിസ്റ്റുകൾക്ക് (പ്രത്യേകിച്ച് മലയാളം സംസാരിക്കുന്നവർക്ക്) റൂം ശരിയാക്കിക്കൊടുത്ത്  കേരള ഭക്ഷണം ലഭിക്കുന്ന സ്ഥലവും കാണിച്ച് കൊടുത്ത് തന്റെയും സഹോദരന്റെയും ഓട്ടോയിൽ താജ് മഹലും ആഗ്ര ഫോർട്ടും സന്ദർശിച്ച് തിരിച്ചെത്തിക്കുക എന്നതാണ് ബായിയുടെ പരിപാടി. അഞ്ച് കിലോമീറ്ററിൽ താഴെയുള്ള ദൂരം ഓടിത്തിരിച്ചെത്തി ഒരു ഓട്ടോക്ക് 400 രൂപ വാങ്ങുമ്പോഴാണ് നമ്മൾ വീണ കുഴിയെപ്പറ്റി ബോധം വരൂ . താജ് മഹലിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടയിൽ മറ്റൊരാളോട് വെറും 100 രൂപ കൊടുത്ത് താജിലേക്ക് ഓട്ടോ പിടിച്ചെത്താൻ പറഞ്ഞതും ഞാൻ കേട്ടു. അതായത് up & down ശരിയായ ചാർജ്ജ് 200 രൂപയേ വരൂ. ഒരാൾക്ക് 100 രൂപ എന്ന തോതിലാണ് ബായി ഈടാക്കുന്നത് എന്ന് സാരം.

റൂം ശരിയാക്കുന്നിടത്തും ബായി ആളും തരവും നോക്കി മലയാളിയെ "ശരിയാക്കും". 1200 രൂപയുള്ള AC ഡബിൾ റൂം ബായിക്ക് "കിട്ടുന്നത്" 1800 രൂപക്കാണ്. അത് "വില പേശി" 1600 രൂപക്ക് ആക്കിത്തരും ! വൈകിട്ട് എട്ട് മണിയോടെ ബായി സ്ഥലം വിടുന്നതിനാൽ റൂമിന്റെ അവസ്ഥ പിന്നീടേ അറിയൂ. ബായി ഏർപ്പാടാക്കിത്തന്ന റെയിൽവെ സ്റ്റേഷന് തൊട്ടടുത്ത് തന്നെയുള്ള ഹോട്ടൽ രഞ്ജിത്തിലെ എന്റെ റൂമിൽ AC പ്രവർത്തിക്കുന്നില്ലായിരുന്നു. പരാതി പറഞ്ഞപ്പോൾ രണ്ടാം നിലയിലെ ഒഴിവുള്ള റൂമിലേക്ക് മാറാനായിരുന്നു ഹോട്ടലുകാരുടെ നിർദ്ദേശം; അതും രാത്രി 12 മണിക്ക്.ചൂട് കഠിനമായതിനാൽ ഞാനും ഫാമിലിയും റൂം മാറി.

ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി പോയ , തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിൽ വെറുതെ റൂം അന്വേഷിച്ചപ്പോഴാണ് 1200 രൂപ വാടക പറഞ്ഞത്. ഒരു റൂമിൽ മൂന്ന് ബെഡും ഉണ്ട്. അതേ ഹോട്ടലിൽ "ബായി"  തന്നെ റൂം ശരിയാക്കിക്കൊടുത്ത അന്തമാൻ സ്വദേശി ശരീഫിനോട് സംസാരിച്ചപ്പോഴാണ് "ബായി'' യുടെ കളികൾ കൂടുതൽ മനസ്സിലായത്. ആയതിനാൽ ആഗ്രയിൽ എത്തുന്നവർ നേരിട്ട് ഹോട്ടലിൽ ചെന്ന് റൂം എടുക്കുന്നതാണ് പോക്കറ്റിന്റെ ആരോഗ്യത്തിന് ഏറ്റവും ഉചിതം എന്ന് അനുഭവത്തിൽ നിന്നും ഉണർത്തുന്നു.


(തുടരും...)

Part 2 : ആഗ്രയിലൂടെ .... 2

1 comments:

Areekkodan | അരീക്കോടന്‍ said...

വീണ്ടും ആഗ്രയിലൂടെ ...

Post a Comment

നന്ദി....വീണ്ടും വരിക