Pages

Thursday, September 15, 2022

ദെർത്തീ ക ജന്നത്ത് (കാശ്മീർ ഫയൽസ് - 24)

ഓരോ യാത്രയും കഴിയുമ്പോൾ നിരവധി അനുഭവങ്ങളും പാഠങ്ങളും ആണ് അത് ബാക്കി വയ്ക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി അത് പങ്ക് വയ്ക്കുമ്പോൾ മനസ്സ് വീണ്ടും നിറയും. കാശ്മീർ ഫയൽസ് ഇവിടെ പൂട്ടുകയാണ്.പക്ഷെ ആർക്ക് എപ്പോ വേണമെങ്കിലും തുറന്നു നോക്കാൻ പാകത്തിലാണ് പൂട്ടുന്നത് എന്ന് മാത്രം.അതിന് മുമ്പ് ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെടുത്തിയില്ലെങ്കിൽ ഈ യാത്ര പൂർണ്ണമാവില്ല. ഒരിക്കലെങ്കിലും കാശ്മീർ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപരിക്കാവുന്ന കുറച്ചു വിവരങ്ങൾ കൂടി പങ്കു വയ്ക്കട്ടെ.

1. എപ്പോൾ പോകണം?

പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്.കാശ്മീരിൽ രണ്ട് വിനോദ സഞ്ചാര സീസണുകൾ ആണുള്ളത്. തണുത്തുറഞ്ഞ മഞ്ഞിന്റെ വിന്റർ സീസണും, കാശ്മീരിന്റെ ഭൂപ്രകൃതി നന്നായി ആസ്വദിക്കാൻ പറ്റിയ സമ്മർ സീസണും.ഞങ്ങൾ പോയത് മെയ് അവസാനത്തിലാണ്. കാശ്മീരിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രയാസ രഹിതമായി എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ കാശ്മീർ യാത്രക്ക് അനുയോജ്യമായ മാസങ്ങൾ ഏപ്രിൽ, മെയ്‌, ജൂൺ, ജൂലൈ എന്നിവയാണ്. നാട്ടിലെ എരിപൊരി വെയിലിൽ നിന്ന് കാശ്മീരിലെ തണുപ്പിലേക്ക് ഒരു ഊളിയിടൽ, അതുമല്ലെങ്കിൽ ചറപറാ പെയ്യുന്ന മഴയിൽ നിന്ന് ഒരു താത്കാലിക രക്ഷപ്പെടൽ. ഇതിൽ ഏത് തെരഞ്ഞെടുത്താലും നഷ്ടം വരില്ല. ചുവന്നു തുടുത്ത ആപ്പിൾ കാണാൻ താല്പര്യമുള്ളവർ സെപ്റ്റംബർ മാസം മുതലും മഞ്ഞിൽ പൊതിഞ്ഞ  കാശ്മീർ കാണാൻ ആഗ്രഹിക്കുന്നവർ ജനുവരി, ഫെബ്രുവരി മാസങ്ങളിലും യാത്ര  പ്ലാൻ ചെയ്യുന്നതാണ് നല്ലത്.

2. എങ്ങനെ പോകണം?

കേരളത്തിൽ നിന്ന് ജമ്മുവിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ട്.ഡൽഹി വരെ ട്രെയിനിൽ പോയി അവിടെ നിന്ന് ജമ്മുവിലേക്കും ട്രെയിൻ കയറാം.ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ടാക്സി/ഷെയർ ടാക്സി പിടിച്ച് പോകാം. ബസ് സർവീസും ഉണ്ട് എന്ന് പറയപ്പെടുന്നു.നേരിട്ടുള്ള ബസ്സുകളൊന്നും ഞങ്ങൾ കണ്ടില്ല. ഡൽഹിയിൽ നിന്ന് ഫ്‌ളൈറ്റ് വഴിയും ശ്രീനഗറിൽ എത്താം(വിമാനയാത്ര കാരണം നിരവധി കാഴ്ചകളും അനുഭവങ്ങളും നഷ്ടപ്പെടും എന്ന് കൂടി മനസ്സിലാക്കുക) 

3. കാഴ്ചകൾ എന്തെല്ലാം?

ഒരു ടിപ്പിക്കൽ കാശ്മീർ യാത്രയിൽ കാണാവുന്ന സ്ഥലങ്ങൾ  ശ്രീനഗർ (ദാൽ തടാകം, ശിക്കാര യാത്ര, ഹസ്രത് ബാൽ മസ്ജിദ്, തുലിപ് ഗാർഡൻ, മുഗൾ ഗാർഡൻസ്),ഗുൽമാർഗ്,സോനാമാർഗ്,പഹൽഗാം  എന്നിവയാണ്.ഓരോ സ്ഥലവും ഒരു ദിവസം മുഴുവൻ എടുത്ത് തന്നെ കാണണം.ശ്രീനഗറിൽ താമസിച്ച് ഈ സ്ഥലങ്ങങ്ങളിലേക്ക് പോകുന്നതാണ് നല്ലത്.ജമ്മു-ശ്രീനഗർ റൂട്ടിൽ അനന്ത്‌നാഗിൽ നിന്ന് മറ്റൊരു റൂട്ടിലാണ് പഹൽഗാം എന്നതിനാൽ അവിടെ സന്ദർശിച്ച് ശ്രീനഗറിലേക്ക് വരാം.അല്ലെങ്കിൽ അവസാന ദിവസം അവിടം സന്ദർശിച്ച് ജമ്മുവിലേക്ക് മടങ്ങാം (മടക്കയാത്ര വിമാന മാർഗ്ഗം അല്ലെങ്കിൽ).

4.ഭക്ഷണം എന്ത്?

രുചിയേറിയ നോൺ വെജ് വിഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കാശ്മീർ. ചിക്കൻ,മട്ടൻ,തന്തൂരി വിഭവങ്ങൾ,കബാബുകൾ,കാശ്മീരി റൊട്ടി, നാംകീൻ ചായ,കാശ്മീർ കഹ്‌വ തുടങ്ങീ നിരവധി വിഭവങ്ങൾ കാശ്മീരിൽ ലഭ്യമാണ്.കാശ്‍മീരിന്റെ തനത് വിഭവമായ വാസ് വാൻ ഒരു നേരമെങ്കിലും രുചി നോക്കണം.വെജിറ്റേറിയൻ ഫുഡും കാശ്മീരിൽ ലഭ്യമാണ്.ചോറ് തിരഞ്ഞ് പോകരുത്,പകരം ബിരിയാണി കഴിക്കുക.

5.മറ്റെന്തൊക്കെ ശ്രദ്ധിക്കണം?

കാശ്മീരിൽ നമ്മുടെ പ്രീപെയ്ഡ് സിം വർക്ക് ചെയ്യില്ല. അതിനാൽ ജിയോ അല്ലെങ്കിൽ ബി.എസ്.എൻ.എൽ പോസ്റ്റ്പെയ്ഡ് സിം ഉള്ള മൊബൈൽ എടുക്കുക. മഞ്ഞിൽ കളിക്കാൻ ആവശ്യമായ ഷൂസ്, കോട്ട്,തൊപ്പി എന്നിവ അതാത് സ്ഥലങ്ങളിൽ നിന്ന് വാടകക്ക് എടുക്കുന്നതാണ് നല്ലത്.ഗൈഡുകളുടെ സേവനവും കുതിര സവാരിയും ഒഴിവാക്കിയാൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും.പല സ്ഥലങ്ങളിലും നമുക്ക് കാൽനടയായി എത്താം.


6. ചെലവ് എത്ര?

പ്രധാന ചെലവ് ടാക്സി തന്നെയാണ്.ഞങ്ങൾക്ക് ജമ്മുവിൽ നിന്ന് ശ്രീനഗറിൽ എത്താൻ തന്നെ ടാക്സി ചാർജ്ജ് 10400 രൂപയായി.എട്ടു പേർക്ക് 1300 രൂപ നിരക്കിൽ.മഞ്ഞിൽ കളിക്കാനുള്ള ഡ്രസ്സ് പതിനൊന്ന് പേർക്കും വേണം എന്നതിനാൽ 3400 രൂപ അതിനും ആയി.ദാൽ തടാകത്തിലെ ശിക്കാര റൈഡ് ഒന്നിന് 2000 രൂപ തോതിൽ മൂന്ന് ശിക്കാര എടുക്കേണ്ടി വന്നു.ഭക്ഷണം പല രൂപത്തിലും ആയതിനാൽ വലിയ ചെലവുകൾ വന്നിട്ടില്ല.പഹൽഗാമിൽ ഹട്ട് വാടക 9000 രൂപയായി.ശ്രീനഗർ എത്തിയത് മുതൽ തിരിച്ച് ജമ്മു എത്തുന്നത് വരെ ആറ് ദിവസത്തെ കാബ് വാടക 43300 രൂപയും ആയി.അങ്ങനെ മൊത്തം കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കിയാൽ അരീക്കോട് നിന്ന് കാശ്മീരിൽ പോയി വരാൻ തല ഒന്നിന് ഏകദേശം 12500 രൂപയാകും. 

വീട്ടിൽ തിരിച്ചെത്തിയ ദിവസം രാത്രി സ്വപ്നത്തിൽ ഞാൻ വീണ്ടും കാശ്മീർ പര്യടനം തുടങ്ങി. പെട്ടെന്ന് മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ശബ്ദം മുഴങ്ങി.
"കാശ്മീർ.....
കാശ്മീർ മാത്രം..
മറ്റെല്ലാം വ്യർത്ഥം.."

ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ

അതെ,തിരിച്ച് പോരാൻ തോന്നാത്ത വിധം സുന്ദരിയാണ് കാശ്മീർ അഥവാ ദെർത്തീ ക ജന്നത്ത്.  

(അവസാനിച്ചു)


3 comments:

Areekkodan | അരീക്കോടന്‍ said...

കാശ്മീർ ഫയൽസ് ഇവിടെ പൂട്ടുകയാണ്.പക്ഷെ ആർക്ക് എപ്പോ വേണമെങ്കിലും തുറന്നു നോക്കാൻ പാകത്തിലാണ് പൂട്ടുന്നത് എന്ന് മാത്രം.

Anonymous said...

അങ്ങിനെ ഞാനും ചിലവില്ലാതെ കാശ്മീരിലൊക്കെ പോയി വന്നു

Areekkodan | അരീക്കോടന്‍ said...

ചിലർ ടിക്കറ്റ് ബുക്ക് ചെയ്തും കഴിഞ്ഞു.

Post a Comment

നന്ദി....വീണ്ടും വരിക