ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ...
നാടോടിക്കാറ്റ് എന്ന സിനിമക്ക് വേണ്ടി ശ്രീ യൂസഫലി കേച്ചേരി എഴുതിയ ഈ വരികളാണ് ഇന്നലെ വീട്ടിൽ തിരിച്ച് കയറുമ്പോൾ എൻറെ മനസ്സിൽ ഓടി എത്തിയത്. ഒരു വലിയ പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയതല്ല ഞാൻ,മറിച്ച് ഞാനടക്കം വെറും ഇരുപത്തി ഒന്ന് പേർ മാത്രം പങ്കെടുത്ത ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ശേഷം വന്ന് കയറിയതായിരുന്നു. പക്ഷെ ആ സംഗമം യുഗങ്ങളായി ആഗ്രഹിച്ച ഒന്നായിരുന്നു.ഇരുപതാം നൂറ്റാണ്ടിൽ തമ്മിൽ കണ്ട് മറന്നുപോയ, മനസ്സിന്റെ അറകളിൽ എവിടെയോ ക്ലാവ് പിടിച്ച് കിടക്കുന്ന ചില ചിത്രങ്ങൾ മിനുക്കി എടുക്കാനുള്ള ഒരു എളിയ ശ്രമം.1994ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററിൽ നിന്ന് ബി.എഡ് പഠനം പൂർത്തിയാക്കിയവരുടെ ഒരു സംഗമമായിരുന്നു അത്.
ഇരുപത്തിയെട്ട് വർഷത്തെ വിടവ് ഞങ്ങളിൽ പല മാറ്റങ്ങളും വരുത്തിക്കഴിഞ്ഞിരുന്നു.സേവനകാലാവധി അവസാനിച്ച് മറ്റു മേഖലകളിലേക്ക് തിരിഞ്ഞവർ,ഇപ്പോഴും പല സ്കൂളുകളിലുമായി മലപ്പുറം ജില്ലയിൽ തന്നെ സേവനമനുഷ്ഠിക്കുന്നവർ,അദ്ധ്യാപക രംഗം വിട്ട് മറ്റു പല വകുപ്പുകളിലേക്കും ചേക്കേറിയവർ അങ്ങനെ വിവിധങ്ങളായ തുറകളിൽ പ്രവർത്തിക്കുന്നവരായിരുന്നു സംഗമത്തിൽ പങ്കെടുത്ത എല്ലാവരും.
മലപ്പുറം പാലസ് ഹോട്ടലിന് മുകളിൽ പ്രവർത്തിച്ചിരുന്ന ബി.എഡ് സെന്ററിൽ നിന്ന് 1994 ഡിസമ്പറിൽ പടി ഇറങ്ങിയ ശേഷം ഇതുവരെ പരസ്പരം കണ്ടുമുട്ടാത്തവരായിരുന്നു വന്നവരിൽ പലരും. കാലചക്രത്തിന്റെ കറക്കം, തലയിലും മുഖത്തും ശരീരത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും മനസ്സിനെ പിടികൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.പഴയ അതേ ആവേശത്തോടെ ആ നല്ല ദിനങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ പ്രായം റിവേഴ്സ് ഗിയറിൽ ഓടാൻ തുടങ്ങി.പെട്ടെന്ന് തന്നെ എല്ലാവരും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളായി മാറി.സെന്ററിന്റെ അകത്തളങ്ങളിൽ അന്ന് പാറിപ്പറന്ന പൂമ്പാറ്റകൾ വീണ്ടും ചിറകടിച്ചു.ആ ബട്ടർഫ്ളൈ എഫക്ടിൽ ഇരുപത്തിഎട്ട് വർഷം അലിഞ്ഞില്ലാതായി.
സ്വയം പരിചയപ്പെടുത്തലും ഓർമ്മകളുടെ അയവിറക്കലും കലാപരിപാടികളും ഭാവിപരിപാടികളുടെ ആസൂത്രണവും കഴിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു.ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കൊണ്ട് വയറ് കൂടി നിറഞ്ഞതോടെ എല്ലാം ഗംഭീരമായി അവസാനിച്ചു. എന്നിട്ടും അവിടം വിടാൻ പലർക്കും മനസ്സിനെ പറിച്ചെടുത്ത് പോരേണ്ടി വന്നു. സൂഫിവര്യൻ ജലാലുദ്ദീൻ റൂമിയുടെ വരികളാണ് അപ്പോൾ ഓർമ്മ വന്നത്."വിടപറയുന്നത് കണ്ണുകൊണ്ട് സ്നേഹിക്കുന്നവർക്ക് മാത്രം.കാരണം മനസ്സും മനസ്സും കൊണ്ട് സ്നേഹിക്കുന്നവർക്ക് വേർപിരിയൽ എന്നൊന്നില്ല"
2 comments:
ആ ബട്ടർഫ്ളൈ എഫക്ടിൽ ഇരുപത്തിഎട്ട് വർഷം അലിഞ്ഞില്ലാതായി.
വരാൻ കഴിഞ്ഞില്ല. ഒരു function ഉണ്ടായിരുന്നെങ്കിലും അത് മാറ്റി വെച്ച് വരണമെന്ന് ഉദ്ദേശിച്ചതാണ്. പക്ഷെ വെള്ളിയാഴ്ച തൊട്ട് തുടങ്ങിയ പനി അതെല്ലാം അട്ടിമറിച്ചു
Post a Comment
നന്ദി....വീണ്ടും വരിക