2022 ൽ പുസ്തക വായന തുലോം കുറവായിരുന്നു. അതിനാൽ തന്നെ ഈ വർഷം മാസത്തിൽ രണ്ട് പുസ്തകങ്ങൾ എന്ന രീതിയിൽ ചുരുങ്ങിയത് ഇരുപത്തിയഞ്ച് പുസ്തകങ്ങൾ എങ്കിലും വായിക്കണം എന്നാണ് എന്റെ തീരുമാനം. എത്രത്തോളം പ്രാവർത്തികമാകും എന്നത് കാലം തെളിയിക്കട്ടെ.
മതപരമായ കാര്യങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ നിരന്തരമായ ഉത്ബോധനം നടത്തുക എന്ന ലക്ഷ്യത്തോടെയും ആഴ്ചയിൽ ഒരിക്കലെങ്കിലും എല്ലാവരും അൽപനേരം ഒരുമിച്ചിരിക്കുക എന്ന ഉദ്ദേശ്യത്തോടെയും ഞാൻ ആവിഷ്കരിച്ച ഒരു പരിപാടിയാണ് എല്ലാ ശനിയാഴ്ചയും മഗ്‌രിബ് നമസ്കാരം കഴിഞ്ഞുള്ള പുസ്തക പാരായണവും ചർച്ചയും. പതിനഞ്ചോ ഇരുപതോ മിനിട്ട് മാത്രം നീളുന്ന ഒരു പരിപാടിയായതിനാൽ ബോറടിക്കുകയും ഇല്ല. നാലഞ്ച് പുസ്തകങ്ങൾ ഈ പരിപാടിയിലൂടെ മുഴുവനാക്കി കഴിഞ്ഞു.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി.എം.എ ഗഫൂറിന്റെ "വിശ്വാസി ഓർമ്മിക്കേണ്ടത് " എന്ന പുസ്തകമാണ് ഈ വർഷം വായിച്ച് മുഴുവനാക്കിയ ആദ്യ പുസ്തകം. പുതിയ അറിവ് പകരുകയല്ല, നമ്മുടെ ഉള്ളിലുള്ള അറിവിനെ ഉണർത്തുകയാണ് ഈ കൃതി ചെയ്യുന്നത് എന്ന് പുറംചട്ടയിൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്.
ഇസ്‌ലാം മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സാമൂഹിക ഇടപെടലുകളും പ്രവർത്തനങ്ങളും എന്തൊക്കെ , എങ്ങനെയൊക്കെ നടത്താം എന്നതിനെ പറ്റിയുള്ള ഉത്ബോധനങ്ങൾ അടങ്ങിയ നാൽപത്തിയേഴ് കുറിപ്പുകളുടെ സമാഹാരമാണ് ഈ കൃതി. ദൈവ സ്മരണകൾ നിലനിർത്തി ജീവിതം ക്രമീകരിക്കാൻ ഈ പുസ്തക വായനയിലൂടെ സാധിക്കും എന്നാണ് എന്റെ അഭിപ്രായം.
പുസ്തകം : വിശ്വാസി ഓർമ്മിക്കേണ്ടത്
രചയിതാവ് : പി.എം.എ.ഗഫൂർ
പ്രസാധകർ: യുവത ബുക്ക് ഹൗസ്
പേജ്: 140
വില : Rs 80
1 comments:
2023 ലെ ആദ്യ വായന
Post a Comment
നന്ദി....വീണ്ടും വരിക