മക്കളുടെ വിജയങ്ങൾ മാതാപിതാക്കളുടെയും വിജയങ്ങളാണ് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെ മക്കളുടെ വിജയത്തിൽ ഒരു പക്ഷെ അവരെക്കാളും സന്തോഷിക്കുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും. മക്കളിലൂടെ ഈ സന്തോഷം നിരവധി തവണ അനുഭവിച്ചവരാണ് ഞാനും എന്റെ ഭാര്യയും.
വേനൽ ചൂടിൽ ഉരുകുന്ന ഈ സമയത്ത് സന്തോഷത്തിന്റെ കുളിർക്കാറ്റ് വീശിത്തുടങ്ങിയത് ഹിമാലയത്തിന്റെ താഴ് വരയിലെ ജമ്മുവിൽ നിന്നാണ്. ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന എന്റെ മൂത്ത മകൾ ഐഷ നൗറയായിരുന്നു സന്തോഷത്തിന്റെ പൂത്തിരി ആദ്യം കത്തിച്ചത്. ഉഡാൻ 2023 എന്ന ജമ്മു യൂനിവേഴ്സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനാലാപനത്തിൽ അവൾ ഒന്നാം സ്ഥാനം നേടി. എന്റെ കുടുംബത്തിലെ കലാലയ കലാ രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത വിജയം ഇതോടെ അവൾ സ്വന്തം പേരിൽ കുറിച്ചു.
സന്തോഷത്തിന്റെ അമിട്ട് പൊട്ടിച്ചത് രണ്ടാമത്തെ മകൾ ആതിഫ ജുംലയാണ്.ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്ന അവൾക്ക് പ്രതി വർഷം 12000 രൂപ ലഭിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ സ്കോളർഷിപ്പ് ലഭിച്ചു. പിന്നാലെ ഇതേ തുക നൽകുന്ന കേരള സ്റ്റേറ്റ് ഹയർ എഡുക്കേഷൻ വകുപ്പിന്റെ സ്കോളർഷിപ്പും ലഭിച്ചു. അതും കഴിഞ്ഞ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ (Innovation in Science Pursuit for Inspired Research (INSPIRE) ) സ്കോളർഷിപ്പും അവളെ തേടി എത്തി. പ്രതിവർഷം എൺപതിനായിരം രൂപ എന്ന നിരക്കിൽ അഞ്ച് വർഷത്തേക്കാണ് ഇൻസ്പയർ സ്കോളർഷിപ്പ് . പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയമാണ് (1196/1200 ) അവളെ ഇതിനെല്ലാം അർഹയാക്കിയത്.ഒരാൾ ഒരു സ്കോളർഷിപ് മാത്രമേ സ്വീകരിക്കാവൂ എന്ന എന്റെ ഉപദേശം സ്വീകരിച്ച് ആദ്യ രണ്ടെണ്ണവും അവൾ റീഫണ്ട് ചെയ്തു. സാമൂഹ്യ സേവനത്തിൽ തൽപരയായ അവൾക്ക് തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ഒരു സംരംഭമായ iLAB ന്റെ സ്റ്റുഡന്റ് ഫെസിലിറ്റേറ്റർ ആയും ഈയിടെ സെലക്ഷൻ കിട്ടി.
സന്തോഷത്തിന്റെ സമാപന വെടിക്കെട്ട് മൂന്നാമത്തെ മകൾ അബിയ്യ ഫാത്തിമയുടെ വകയായിരുന്നു.ഏഴാം ക്ലാസിൽ പഠിക്കുന്ന അവൾ USS എഴുതി ഫലം കാത്തിരിക്കുന്നു. സ്കൂൾ - മദ്രസാ പരീക്ഷകൾ എല്ലാം കഴിഞ്ഞ് റിലാക്സ് ചെയ്യുമ്പഴാണ് ബാലഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു ഫോൺവിളി എത്തിയത്. ബാലഭൂമി നടത്തിയ വിജ്ഞാന മത്സരത്തിൽ വിജയിച്ച , തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള മുപ്പത്തിനാല് പേരിൽ ഒന്ന് അവളാണ് പോലും. വിജയികൾക്കായി ബാലഭൂമി കോഴിക്കോട്ട് ഒരുക്കുന്ന സമ്മർ ക്യാമ്പിലേക്കുള്ള ഔദ്യോഗിക ക്ഷണമായിരുന്നു ആ ഫോൺ കോൾ . ക്യാമ്പിന്റെ ഭാഗമായി പ്ലാനറ്റേറിയം , സൈബർ പാർക്ക് വിർച്വൽ റിയാലിറ്റി മ്യൂസിയം, മാതൃഭൂമി പ്രസ് എന്നിവ സന്ദർശിക്കാനും ചാലിയാറിലൂടെയുള്ള ബോട്ട് യാത്ര ആസ്വദിക്കാനും അവൾക്ക് സാധിച്ചു. സർട്ടിഫിക്കറ്റും സ്കൂൾ ബാഗും സമ്മാനമായി ലഭിക്കുകയും ചെയ്തു.
ഇനി അവസരം വരാനുള്ളത് നാലാമൻ അബ്ദുള്ള കെൻസിനാണ്. ഒന്നാം ക്ലാസുകാരനായ അവനും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ.
3 comments:
വേനൽ ചൂടിൽ ഉരുകുന്ന ഈ സമയത്ത് സന്തോഷത്തിന്റെ കുളിർക്കാറ്റ് വീശിത്തുടങ്ങിയത് ഹിമാലയത്തിന്റെ താഴ് വരയിലെ ജമ്മുവിൽ നിന്നാണ്.
മാഷേ എത്ര മാത്രം സന്തോഷം നൽകുന്ന വാർത്തകൾ ആണ് . മക്കൾ നന്നായി പഠിച്ചു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ . ആശംസകൾ
ഗീതാജി... ആശംസകൾക്ക് നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക