Pages

Tuesday, March 05, 2024

ദാൽ തടാകത്തിലെ ശിക്കാരകൾ (വിൻ്റർ ഇൻ കാശ്മീർ - 15 )

 Part 14: നിഷാത് ബാഗിലൂടെ

നിഷാത് ബാഗിൽ നിന്നും പുറത്തിറങ്ങിയ എല്ലാവരും പെട്ടെന്ന് തന്നെ ബസ്സിൽ കയറി. കാരണം അടുത്തത്, കഴിഞ്ഞ നാല് ദിവസമായി എന്നും കണ്ടു കൊണ്ടിരിക്കുന്നതും കാശ്മീരിൻ്റെ മുഖമുദ്രയുമായ ദാൽ തടാകത്തിലെ ശിക്കാര യാത്രയാണ്. ആദ്യമായിട്ട് പോകുന്നവർക്ക് വളരെയധികം ആസ്വാദ്യകരമായ ഒരു യാത്ര തന്നെയാണത്.

"ഇത് നമ്മുടെ അവസാനത്തെ യാത്രയാണ്... ഛെ... കാഴ്ചയാണ്... ദാൽ ലേക്ക് ... ഗാട്ട് നമ്പർ 16-ൽ നമ്മുടെ ബസ് പാർക്ക് ചെയ്യും. ഗാട്ട് നമ്പർ 14 -ൽ നിന്നാണ് ശിക്കാര ബോട്ട് യാത്ര. പാക്കേജിൽ ഉൾപ്പെട്ടതാണ്, പക്ഷെ ഇഷ്ടമുള്ളവർ പോയാൽ മതി. റൂമിലേക്ക് പോകേണ്ടവർക്ക് തടാകത്തിൻ്റെ സൈഡ് ചേർന്ന് നടന്നോ ഓട്ടോ പിടിച്ചോ പോകാം. ബസ്സിൽ ഒന്നും വയ്ക്കരുത്. ബസ് അവിടെ ഹാൾട്ടാണ്..." ടൂർ മാനേജർ നിഖിൽ നിർദ്ദേശം നൽകി.

കഴിഞ്ഞ തവണ വന്നപ്പോൾ ദാലിൽ ശിക്കാര യാത്ര നടത്തിയതാണെങ്കിലും ഒരിക്കൽ കൂടി പോയി നോക്കാം എന്ന് മനസ്സ് പറഞ്ഞു. ഞാനും സത്യൻ മാഷും ഗാട്ട് നമ്പർ 14 ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ, ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന ചെറിയ ഒരു കര ഭാഗത്ത് ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്ന കാശ്മീരി യുവതയുടെ കാഴ്ച ഞങ്ങളിൽ ആശ്ചര്യം ജനിപ്പിച്ചു. 

"ഒരു സിക്സ് അടിച്ചാൽ ബാൾ ദാൽ ലേക്കിലെത്തും.." സത്യൻ മാഷ് പറഞ്ഞു.

"ആ... അതിന് ഇത്തരം സ്ഥലത്ത് പ്രത്യേകം ഒരു നിയമമുണ്ട് ..." ഞാൻ പറഞ്ഞു.

" ങേ !! അതേതാ അങ്ങനെ ഒരു നിയമം ?"

"സിക്സറടിച്ചാൽ അടിച്ചവൻ മാത്രമല്ല, ആൾ ഔട്ട്!!" ഞാൻ പറഞ്ഞു.

"ങേ!!" പുതിയ നിയമം കേട്ട് സത്യൻ മാഷ് വാ പൊളിച്ചു.

"പണ്ട് ഞങ്ങളും ഇതു പോലെ പുഴ വയ്ക്കത്ത് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സിക്സറടിച്ച് ബാൾ ആഴമുള്ള സ്ഥലത്തേക്ക് വീണാൽ അത് തിരിച്ചെടുക്കാനുള്ള റിസ്കും സമയ നഷ്ടവും പരിഗണിച്ച് ഓൾ ഔട്ടായി പ്രഖ്യാപിക്കും. "

"കൊള്ളാലോ ഈ നിയമം. സ്റ്റേഡിയത്തിന് പുറത്തേക്ക് സിക്സർ അടിക്കുന്നവർക്കും ഈ നിയമം ബാധകമാക്കാവുന്നതാണ്..." സത്യൻ മാഷ് അഭിപ്രായപ്പെട്ടു.

"ദേ... ദാലിലെ വിസ്മയക്കാഴ്ചകൾ തുടങ്ങി... ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് .." പാർക്ക് ചെയ്ത ഒരു ബോട്ട് ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു. തൊട്ടടുത്ത് കണ്ട മരവും മനോഹരമായി തോന്നി.

നിമിഷങ്ങൾക്കകം തന്നെ ഞങ്ങൾ ഗാട്ട് നമ്പർ 14 ൽ എത്തി. സത്യൻ മാഷും ഞാനും ഏലിയാമ്മ ചേച്ചിയും സണ്ണിച്ചായനും ഹബീൽ കാണിച്ച് തന്ന ബോട്ടിൽ കയറി ഇരുന്നു. അൽപ്പസമയത്തിനകം തന്നെ ഒരു കശപിശ ശബ്ദം കേട്ടു. മറ്റൊരു ബോട്ടിലേക്ക് മാറാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ മാറിക്കയറി.

കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, മണിക്കൂറിന് 2000 രൂപ കൊടുത്തായിരുന്നു ഞങ്ങൾ ശിക്കാര യാത്ര നടത്തിയത്. ഒരു മണിക്കൂർ യാത്രക്ക് വെറും 600 രൂപ മാത്രമേയുള്ളൂവെന്ന് ഇത്തവണ മനസ്സിലായി.

പൂക്കളുടെ തടാകം എന്ന പേരിൽ ദാൽ തടാകം പ്രസിദ്ധമാണ്. പക്ഷേ, വിൻ്റർ സീസണായതിനാൽ തടാകത്തിലോ ഫ്ലോട്ടിംഗ് മാർക്കറ്റുകളിലോ പൂക്കൾ കണ്ടില്ല. തണുപ്പ് അടിക്കാൻ തുടങ്ങിയതിനാൽ ആയിരിക്കാം സഞ്ചാരികൾ പൊതുവെ കുറവായിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളുടെ സംഘാംഗങ്ങളെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

പതിവ് പോലെ വിവിധതരം കച്ചവടക്കാർ ഞങ്ങളുടെ ബോട്ടിനെ ചുറ്റിപ്പറ്റി വട്ടം കറങ്ങി. കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആവേശം വീണ്ടും കൂടി.അവരിൽ ചിലർ വർഷങ്ങളായി നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ തുഴ എറിയുന്നവരാണെന്ന് കൂടി പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നി. വള്ളംകളി ടീമിൻ്റെ പേരായ കൈനകരി ചുണ്ടൻ എന്നും ചമ്പക്കുളം ചുണ്ടൻ എന്നും നാവ് വഴങ്ങാതെ അവർ പറയുകയും കൂടി ചെയ്തപ്പോൾ വിശ്വസിക്കാതിരിക്കാനും വയ്യ എന്നായി. പലരിൽ നിന്നും പലതും വാങ്ങി കൊറിച്ചും ചിരിച്ചും ഞങ്ങൾ ദാലിലെ യാത്ര അവിസ്മരണീയമാക്കി.

"ദേ . . . എന്താ ദ് മുഖത്ത് ? " തൊട്ടപ്പുറത്തെ ബോട്ടിലിരിക്കുന്ന കപിൾസിലെ ജാസിറയെ നോക്കി സത്യൻ മാഷ് ചോദിച്ചു.

"എന്താ ... ഇക്കാ എൻ്റെ മുഖത്ത് ..." 

"ഓ...അത് സ്വൽപം കരി.."

"ങേ... കരിയോ? എന്നിട്ടെന്തേ ഇതുവരെ പറയാഞ്ഞത്... ഇതുവരെ എടുത്ത ഫോട്ടോയിൽ എല്ലാം ഇ കരിപുരണ്ട..."

"അതിപ്പോ ... ഫോട്ടോ എടുക്കുമ്പം മുഖത്ത് കരിയാണോ നരിയാണോ എന്നൊന്നും നോക്കാൻ എനിക്കാവില്ല..."

" ആ... ശണ്ഠ കൂടണ്ട...ഈ ബോട്ട് യാത്ര ഏതാനും നിമിഷങ്ങൾക്കകം തീരും.പക്ഷേ  ജീവിത നൗക ഇനിയും കുറെ മുന്നോട്ട് പോകാനുള്ളതാ..." ഞാൻ അവരെ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ ശിക്കാര യാത്രയിൽ ഓരോ സ്പോട്ടും ബോട്ടുകാരൻ പറഞ്ഞ് തന്നിരുന്നു. ഇത്തവണ അദ്ദേഹം തൊട്ടടുത്ത ബോട്ടുകാരനോട് സൊറ പറഞ്ഞായിരുന്നു തുഴഞ്ഞിരുന്നത്. ഇലപൊഴിച്ച് നിൽക്കുന്ന ചിനാർ മരങ്ങൾക്ക് പിന്നിൽ മറയുന്ന അരുണൻ്റെ കാഴ്ച ദാൽ തടാകത്തിലെ ബോട്ടിൻ്റെ പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്തിയപ്പോൾ അതിമനോഹരമായ ഒരു സീനറി കിട്ടി. 

കഴിഞ്ഞ തവണ കയറിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഇത്തവണയും വെറുതെ ഒന്ന് കയറിയിറങ്ങി.ഒരു മണിക്കൂർ ശിക്കാര യാത്ര പൂർത്തിയാക്കി ഞങ്ങൾ അഞ്ച് മണിയോടെ തിരിച്ചെത്തി.

"എല്ലാവരും ഒന്ന് കൂടി തടാകത്തിലേക്ക് നോക്കൂ..." നിഖിൽ പറഞ്ഞു. 

ജെട്ടിയിലേക്ക് അടുപ്പിക്കുന്ന ഒരു ബോട്ടിൽ മലയാളത്തിൽ എഴുതിയത് കണ്ട് ഞങ്ങൾ ഞെട്ടി.
" കേറി വാടാ മക്കളേ... Take off Holidays !!"

ദാൽ ലേക്കിൻ്റെ പരിസരത്ത് നിന്ന് തന്നെ കാശ്മീരിൻ്റെ ഓർമ്മക്കായി പല സാധനങ്ങളും ഞങ്ങൾ വാങ്ങി. മരത്തിൽ തീർത്ത മിക്ക കരകൗശല വസ്തുക്കൾക്കും വിലയും തുലോം കുറവായിരുന്നു.

"സാർ... നമുക്ക് ബീണ്ടി കഴിക്കണ്ടേ?" ആമാശയം ഉണർന്നതിൻ്റെ ലക്ഷണങ്ങൾ സത്യൻ മാഷ് പ്രകടിപ്പിച്ചു.

"വേണം വേണം... ഇന്നലെ തെരഞ്ഞ് നടന്നിട്ട് കിട്ടിയിട്ടില്ല... നാളെ ഇനി ഒരവസരവും ഇല്ല.. ഇന്ന് ബീണ്ടി കിട്ടുന്നത് വരെ തെണ്ടി നടക്കാം..." ഹഖും സമ്മതിച്ചതോടെ ഞാനും ബീണ്ടിയുടെ രുചി അറിയാൻ കൊതിച്ചു. അങ്ങനെ കൃഷ്ണാ ധാബയിൽ വച്ച് ഞങ്ങൾക്ക് സാധനം കിട്ടി.

മലയാളിയുടെ വെണ്ടയ്ക്ക അൽപം മസാല ചേർത്ത് ഗ്രേവിയാക്കി വച്ചതാണ് ബീണ്ടി. നാട്ടിൽ നാൽപത് രൂപക്ക് ഒരു കിലോ കിട്ടുന്ന വെണ്ടയ്ക്ക നാല് പ്ലേറ്റ് ബീണ്ടിയായി മാറുമ്പോൾ ഒരു പ്ലേറ്റിന് 120 രൂപയായി മാറും എന്ന തിരിച്ചറിവും അന്ന് കിട്ടി. 

ശ്രീനഗറിൽ നിന്നുള്ള അവസാനത്തെ അത്താഴവും കഴിച്ച് ഞങ്ങൾ കൃഷ്ണാ ധാബയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തണുപ്പിൻ്റെ പുതപ്പ് നഗരത്തെ മൂടാൻ തുടങ്ങിയിരുന്നു.

Part 16 : മംഗല്യം തന്തുനാനെ 

1 comments:

Areekkodan | അരീക്കോടന്‍ said...

"സാർ... നമുക്ക് ബീണ്ടി കഴിക്കണ്ടേ?" ആമാശയം ഉണർന്നതിൻ്റെ ലക്ഷണങ്ങൾ സത്യൻ മാഷ് പ്രകടിപ്പിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക