അഹമ്മദാബാദ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കാത്ത് "ഷഹജാനന്ദ് " പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ബസ്സിൻ്റെ ഈ പേരിൻ്റെ പൊരുൾ അറിഞ്ഞത് അക്ഷർധാം ടെമ്പിൾ സന്ദർശിച്ചപ്പോഴാണ്. അഹമ്മദാബാദിലെ ടൂർ മാനേജറായ സൂര്യയും റെയിൽവെ സ്റ്റേഷനിൽ എത്തിയിരുന്നു.
ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ തെരുവിലേക്ക് നോക്കുന്നതിന് പകരം എൻ്റെ കണ്ണ് പോയത് ആകാശത്തേക്കാണ്. അഹമ്മദാബാദിൻ്റെ ആകാശത്ത് അന്ന് ഞാൻ ആദ്യമായി കണ്ട കാഴ്ച കുതിച്ച് പൊങ്ങുന്ന ഒരു ജെറ്റ് വിമാനമായിരുന്നു. അതൊരു സിമ്പോളിക് കാഴ്ചയായിരുന്നു എന്ന് ഉച്ചയോടെ തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കേരളം ഗുജറാത്തിനെ പിന്തള്ളി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിലേക്ക് കുതിച്ചതിൻ്റെ ഒരു മുന്നറിയിപ്പായിരുന്നു രാവിലെ കണ്ടത്.
അഹമ്മദാബാദ് മെട്രോയുടെ തൂണുകളിൽ കണ്ട ഗാന്ധിജിയുടെ ഏറ്റവും സിമ്പിളായ വരയായിരുന്നു തെരുവിൽ എനിക്ക് ഇഷ്ടപ്പെട്ട കാഴ്ച.
സ്റ്റേഷനിൽ നിന്നും ഏറെ അകലെയല്ലാത്ത ഹോട്ടൽ ക്രൗണിൽ ആയിരുന്നു ഞങ്ങൾക്ക് ഫ്രഷ് അപ്പും ബ്രേക്ക് ഫാസ്റ്റും ഒരുക്കിയത്. വൃത്തിയിലും വെടിപ്പിലും സ്വാദിലും ഹോട്ടൽ എനിക്കിഷ്ടപ്പെട്ടു. പക്ഷെ,ചില്ല് കൂട്ടിനകത്ത് ഒരു കർട്ടനിട്ട് ടോയ്ലറ്റിൽ ഇരിക്കാൻ അൽപം ലജ്ജ തോന്നി. സമയം പാഴാക്കാതെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്ന് പാക്കപ്പ് ചെയ്തു.
ഈ യാത്രയുടെ പേരിനോട് നീതി പുലർത്തിക്കൊണ്ട് ഞങ്ങളുടെ ആദ്യത്തെ സന്ദർശനം ഇന്ത്യയിലെ നമ്പർ വൺ ക്ഷീര വ്യവസായമായ അമുൽ ഇൻഡസ്ട്രീസിലേക്കായിരുന്നു. 'അമുൽ - ദ ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന് കുട്ടിക്കാലത്ത് നിരവധി തവണ കേട്ടിരുന്നു. അന്ന് മിൽമ പാൽ ഇല്ലാത്തതിനാൽ അമുലിൻ്റെ പാൽപൊടിയായ 'അനിക് സ്പ്രേ' വാങ്ങിയതും സൈക്കിളിൽ നിന്ന് വീണ് അതിൻ്റെ അടപ്പ് പൊട്ടിപ്പോയതും എല്ലാം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. "പൊടി പോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യം അക്ഷരാർത്ഥത്തിൽ അറം പറ്റി അനിക് സ്പ്രേ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
മലയാളിയായ വർഗ്ഗീസ് കുര്യന്റെ നേതൃത്വത്തിൽ നടന്ന ധവള വിപ്ലവത്തിലൂടെ മുളച്ച് വൻമരമായി വളർന്ന് നിൽക്കുന്ന അമുലിൻ്റെ തണലിൽ എത്തിയപ്പോൾ ശരിക്കും അഭിമാനം തോന്നി. ട്രെയിനിംഗ് ഓഫീസർ കങ്കണബെൻ അമുലിൻ്റെ ചരിത്രം ഒരു ഡോക്യുമെൻ്ററിയായി പ്രദർശിപ്പിച്ചു. ഇതിനിടയിൽ തന്നെ വെൽകം ഡ്രിങ്കായി അമുൽ ട്രൂ (ഓറഞ്ച് ഫ്ലേവർ) എല്ലാവരുടെയും മുന്നിലെത്തി.
പിന്നീട് പാൽ-പാലനുബന്ധ ഉൽപന്നങ്ങളുടെ ഉൽപാദനത്തിൻ്റെ വിവിധ ഘട്ടങ്ങളും കങ്കണ ഞങ്ങൾക്ക് കാണിച്ച് തന്നു. നാട്ടിലെ മിൽമ പ്ലാൻ്റിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഒരു മെഗാരൂപം ആയിട്ടാണ് എനിക്ക് ഇതനുഭവപ്പെട്ടത്.എന്നാൽ ആദ്യമായിട്ട് കാണുന്നവർക്ക് വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളാണ് എന്നതിൽ സംശയമേതുമില്ല. തിരിച്ചിറങ്ങുമ്പോൾ ഒരു സംഭാരം കൂടി പ്രതീക്ഷിച്ചെങ്കിലും അത് പ്രതീക്ഷ മാത്രമായി അസ്തമിച്ചു. ഈ യാത്രയിലെ ഏക ഇൻഡസ്ട്രിയൽ വിസിറ്റിനും അതോടെ പരിസമാപ്തിയായി.
"അഗല കാഴ്ച സബർമതി ആശ്രമം ഹെ". സൂര്യ ഞങ്ങൾക്ക് അറിയിപ്പ് തന്നു. ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞ ആ മണ്ണും പരിസരവും കാണാൻ എൻ്റെ ഹൃദയം തുടികൊട്ടി.
(തുടരും...)
1 comments:
മലയാളിയായ വർഗ്ഗീസ് കുര്യന്റെ നേതൃത്വത്തിൽ നടന്ന ധവള വിപ്ലവത്തിലൂടെ മുളച്ച് വൻമരമായി വളർന്ന് നിൽക്കുന്ന അമുലിൻ്റെ തണലിൽ എത്തിയപ്പോൾ ശരിക്കും അഭിമാനം തോന്നി
Post a Comment
നന്ദി....വീണ്ടും വരിക