2023 ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആറാമത് എഡിഷനാണ് ഞാൻ കണ്ട ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നാണ് എൻ്റെ വിശ്വാസം.2016 ൽ തുടങ്ങിയ KLF കാണാൻ ഇത്രയും കാലം വൈകിയത് എന്തു കൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. ലിറ്ററേച്ചർ ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിഞ്ഞതും കേട്ടതും മക്കൾക്ക് അതിൽ താല്പര്യം തോന്നിയതും എല്ലാം 2023 ൽ ആയിപ്പോയി എന്നേ പറയാനുള്ളൂ.
ഡി.സി.ബുക്സിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെ നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റുകളിൽ ഒന്നാണ് ഇത്. കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുന്നതിന് ഒരു കാരണം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആതിഥേയ നഗരം എന്നതാണ്. ഓരോ കൊല്ലം കഴിയും തോറും സെഷനുകളുടെ വൈവിധ്യവും ജനങ്ങളുടെ പങ്കാളിത്തവും കാരണം ലിറ്ററേച്ചർ ഫെസ്റ്റിവൽ കൂടുതൽ കൂടുതൽ ആകർഷകമായി മാറിയിരുന്നു.
ഒമ്പതാമത് KLF വാർത്തകൾ വരുന്നതിന് മുമ്പ് തന്നെ അത് എക്പീരിയൻസ് ചെയ്യണം എന്ന് മനസ്സിൽ കരുതിയിരുന്നു. ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് കോളേജിലെ സഹപ്രവർത്തകനും നല്ലൊരു വായനക്കാരനുമായ സുമേഷിനോട് എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. പത്ത് മിനിട്ടിനകം തന്നെ പോകാൻ തീരുമാനിച്ചു കൊണ്ട് ഇറങ്ങുകയും ചെയ്തു. സാഹിത്യത്തിൽ താല്പര്യമുള്ള മറ്റൊരു സഹപ്രവർത്തകനായ ജനീഷിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹവും ഞങ്ങളുടെ കൂടെ കൂടി. ഗതാഗതത്തിരക്ക് കാരണം ടൗണിൽ നിന്നും നടന്നാണ് ഞങ്ങൾ ഫെസ്റ്റിവൽ വേദിയായ ബീച്ചിലേക്ക് പോയത്. തിരിച്ചു പോന്നപ്പോഴും ടൗൺ വരെ നടക്കേണ്ടി വന്നു.
വിവിധ വേദികളിൽ എത്തി നോക്കി അവസാനം ഞങ്ങൾ എത്തിയത് 'എഴുത്തോല'യിലാണ്. പ്രോഗ്രാം ഷെഡ്യൂൾ കയ്യിലില്ലാത്തതിനാലും വേദിയിലിരിക്കുന്നവരെ മുഖപരിചയം ഇല്ലാത്തതിനാലും ആയിരുന്നു ഈ എത്തിനോട്ടം മാത്രം നടത്തിയത്. ബിഗ് സ്ക്രീനിൽ ആ സെഷനിൽ പങ്കെടുക്കുന്നവരുടെ പേര് കൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള എത്തിനോട്ടക്കാർക്ക് ഉപകാരമാകുമായിരുന്നു എന്ന് തോന്നി.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണെങ്കിലും മിക്ക വേദികളിലും കേട്ടത് ഇംഗ്ലീഷ് ആയിരുന്നു.'എഴുത്തോല'യിലും സ്ഥിതി വ്യത്യസ്തമായില്ല. കറുത്ത് തടിച്ച് ഒരു ആഫ്രിക്കൻ ഛായയുള്ള ആളായിരുന്നു അതിഥി.ബെൻ ജോൺസൺ ആണെന്ന് തോന്നുന്നതായി സുമേഷും ബ്രയാൻ ലാറ ആണോ എന്ന് ജനീഷും സംശയം പ്രകടിപ്പിച്ചപ്പോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ഈ സ്പോർട്സ് ഇതിഹാസങ്ങൾക്ക് എന്ത് കാര്യം എന്നായിരുന്നു എൻ്റെ ചിന്ത. സംസാരത്തിൽ കാനഡയും സ്പോർട്സും ലോക റെക്കാർഡും എല്ലാം കടന്നു പോയപ്പോൾ സാക്ഷാൽ ബെൻ ജോൺസൺ ആണ് സ്റ്റേജിൽ ഇരിക്കുന്നത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സിയോൾ ഒളിമ്പിക്സിലാണ് നൂറ് മീറ്റർ ഓട്ട മത്സരത്തിൽ ബെൻ ജോൺസണിൻ്റെ ആ മാസ്മരിക പ്രകടനം ഉണ്ടായത്. ലോകത്താദ്യമായി ഒരു മനുഷ്യൻ 9.79 സെക്കൻ്റിൽ 100 മീറ്റർ ഫിനിഷ് ചെയ്തു. മുൻ ഒളിമ്പിക്സുകളിൽ തുടർച്ചയായി മെഡൽ നേടിയ കാൾ ലൂയിസിനെയായിരുന്നു പിന്തള്ളിയത്. പക്ഷേ, വിജയാരവം അധികം നീണ്ടു നിന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബെൻ ജോൺസൺ അയോഗ്യനാക്കപ്പെട്ടു. ഇത് സംബന്ധമായ ചോദ്യങ്ങൾ കാണികളിൽ ചിലർ ചോദിച്ചിരുന്നു. ഉത്തരം എനിക്ക് മനസ്സിലായില്ല. പിന്നീട് കൂടുതൽ സമയം ഞങ്ങൾ അവിടെ ഇരുന്നതുമില്ല.
ഫെസ്റ്റിവൽ നഗരിയുടെ കാഴ്ചകളും ആരവങ്ങളും കാണാനായി ഞങ്ങൾ വീണ്ടും നടന്നു. പഴയ ചില സഹപ്രവർത്തകരെയും നാട്ടുകാരെയും മറ്റും അവിടെ കണ്ടുമുട്ടി. സാധാരണ ജനങ്ങൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകാത്ത ചർച്ചകളും സംവാദങ്ങളുമാണ് എല്ലാ വേദികളിലും നടക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ എന്ന പേര് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രൂപത്തിലായിരുന്നു ജന പ്രവാഹം. അടുത്ത ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് എടുത്ത് കൂടുതലായി അറിയണം അനുഭവിക്കണം എന്നൊരു തോന്നൽ ഈ വർഷത്ത ഫെസ്റ്റിവൽ സന്ദർശനത്തിലൂടെ ഉണ്ടായി എന്നതാണ് നേട്ടം.




1 comments:
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലൂടെ ....
Post a Comment
നന്ദി....വീണ്ടും വരിക