കാശ്മീരിൽ കാല് കുത്തിയതോടെ എല്ലാവരുടെയും സന്തോഷം പതിന്മടങ്ങ് വർദ്ധിച്ചു.ഭൂമിയിൽ ജീവിതം ആരംഭിച്ച് അമ്പതിലധികം വർഷം കഴിഞ്ഞ ശേഷമാണ് സ്വന്തം രാജ്യത്തിന്റെ വടക്കേ അറ്റം ഒന്ന് കാണാൻ പറ്റുന്നത് എന്നതാകാം അതിന്റെ കാരണം.അസ്ഥിയിലേക്ക് തണുപ്പ് സാവധാനം അരിച്ചിറങ്ങിയെങ്കിലും ആ സന്ധ്യ ഞങ്ങൾ എല്ലാവരും ആർമാദിച്ച് തന്നെ ആസ്വദിച്ചു.വണ്ടിയിൽ നിന്നിറങ്ങിയിട്ട് ഒരു മണിക്കൂർ ആവാറായിട്ടും ആർക്കും സ്റ്റേഷൻ പരിസരം വിടാൻ തോന്നിയില്ല.മറ്റു യാത്രികരെല്ലാം സ്ഥലം വിട്ടതിനാൽ റോഡും ടാക്സി സ്റ്റാൻഡും എല്ലാം ഏകദേശം വിജനമായി കഴിഞ്ഞിരുന്നു.അവസാനം, സമയം ഏറെ വൈകുന്നു എന്ന് കണ്ടതോടെ ഞാൻ ഞങ്ങളുടെ പത്താം ക്ലാസ് ടൂറിലെ കരീം മാസ്റ്ററായി.ആ പേര് കേട്ടതും എല്ലാവരും എൻ്റെ പിന്നാലെ ടാക്സി സ്റ്റാൻഡിലേക്ക് നീങ്ങി.
ശ്രീനഗറിലെ മുനവ്വറാബാദിൽ, ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തുകാരൻ നടത്തുന്ന ഹോട്ടൽ ആയാത്തിൽ ആയിരുന്നു ഞാൻ റൂം ബുക്ക് ചെയ്തിരുന്നത് (ഉടമ ഞങ്ങളുടെ ഒരു സഹപാഠിയുടെ അനിയൻ കൂടിയായിരുന്നു എന്ന് ഈയിടെയാണ് അറിഞ്ഞത്).എൻ്റെ ഏറ്റവും ചെറിയ അനിയൻ കാശ്‍മീരിൽ പോയപ്പോൾ യാദൃശ്ചികമായി ഇയാളുമായി കണ്ടുമുട്ടിയപ്പോൾ സംഘടിപ്പിച്ച നമ്പറിലൂടെയാണ് ഞാൻ ബുക്കിംഗ് നടത്തിയത്.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമിന് 1200 രൂപയായിരുന്നു വാടക.ഭക്ഷണം വേണമെങ്കിൽ അതിന് എക്സ്ട്രാ സംഖ്യ കൊടുക്കണം.അത്രയും കുറഞ്ഞ നിരക്കിൽ റൂം നൽകാനുള്ള കാരണം ടൂറിസ്റ്റുകൾ ഇല്ലാത്തത് തന്നെയായിരുന്നു.മറ്റൊരു അനിയനും സംഘവും കഴിഞ്ഞ മാസം കാശ്മീരിൽ പോയപ്പോൾ താമസിച്ചതും ഇവിടെ തന്നെയായിരുന്നു
ശ്രീനഗർ സ്റ്റേഷനിൽ നിന്നും ടാക്സിക്ക് ആയിരം രൂപയേ മാക്സിമം ആകൂ എന്ന് ഹോട്ടൽ റിസപ്‌ഷനിൽ നിന്നും ഞാൻ ആദ്യമേ അറിഞ്ഞ് വച്ചിരുന്നു.ടാക്സി വിളിക്കാൻ എല്ലാവരും കൂടി വരരുത് എന്ന് ഞാൻ കൂട്ടുകാർക്ക് പച്ചമലയാളത്തിൽ നിർദ്ദേശവും നൽകിയിരുന്നു.പക്ഷെ ശ്രീനഗർ കണ്ട സന്തോഷത്തിൽ അവരത് മറന്നു.എല്ലാവരും കൂടി എൻ്റെ കൂടെ ടാക്സിക്കാരന്റെ മുന്നിലെത്തി.അയാൾ 2500 രൂപ പറയുകയും ചെയ്തു!മെയിൻ റോഡിലേക്കിറങ്ങിയാൽ ടാക്സി കിട്ടും എന്നുള്ള വിവരവും കിട്ടിയിരുന്നതിനാൽ ഞാൻ ആ ടാക്സിക്കാരനെ ഒഴിവാക്കി മുന്നോട്ട് നടക്കാൻ ഭാവിച്ചു.
"അരേ സാബ്.... മുനവ്വറാബാദ് ഹേ ന .... പന്ത്രഹ് സൗ ദോ ...."
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. മറ്റൊരു ടാക്സിയുടെ മുകളിൽ ലഗേജുകൾ കെട്ടിക്കൊണ്ടിരിക്കുന്നയാളാണ്.
"ദസ് സവാടി ഔർ സാമാൻ ഭീ ഹെ..." ആ ടവേരയുടെ മുകളിൽ ബാഗുകൾ നിറഞ്ഞ് കഴിഞ്ഞതിനാൽ ഞാൻ പറഞ്ഞു.
"മുശ്കിൽ നഹിം... ഗാഡി വഹ് ഹെ..." മറ്റൊരു വണ്ടി കാണിച്ചു തന്നു കൊണ്ട് അയാൾ പറഞ്ഞു. സമയം വൈകിയതിനാൽ മറ്റൊരു ടാക്സി തേടിപ്പോകണ്ട എന്ന് എൻ്റെ മനസ്സ് പറഞ്ഞു. പന്ത്രഹ് സൗ എന്നാൽ ആയിരത്തി അഞ്ഞൂറ് ആണെന്ന് തലച്ചോറും പെട്ടെന്ന് കണക്ക് കൂട്ടി പറഞ്ഞ് തന്നു.
"ആപ് ക നാം ?" മറ്റേ ടാക്സിയുടെ മുകളിൽ നിന്ന് ചാടിയിറങ്ങിയ അയാളോട് ഞാൻ ചോദിച്ചു.
"ഇർഫാൻ ..... പത്താൻ നഹിം..."
ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം ആദ്യം ട്രോളി ബാഗുകൾ, പിന്നെ വലിയ ബാഗുകൾ അവസാനം ചെറിയ ബാഗുകൾ എന്ന ക്രമത്തിൽ മുഴുവൻ ലഗേജുകളും ടവേരക്ക് മുകളിൽ അടുക്കി വെച്ച് ഭദ്രമായി കെട്ടി. പിന്നാലെ ഞങ്ങൾ പത്ത് പേരും വണ്ടിയിൽ കയറി.
ഗ്രാമീണ കാഴ്ചകൾ പിന്നിലേക്കോടിച്ച് കൊണ്ട് ശ്രീനഗർ ലക്ഷ്യമാക്കി ടാക്സി നീങ്ങിത്തുടങ്ങി. പിറ്റേ ദിവസം മുതൽ കറങ്ങാനുള്ള വണ്ടി ഏല്പിച്ചിട്ടുണ്ടോ എന്ന് യാത്രക്കിടയിൽ ഇർഫാൻ ചോദിച്ചു. ആദ്യ ദിവസം ശ്രീനഗർ ആണ് കാണാൻ ഉദ്ദേശിക്കുന്നത് എന്നും അതിന് ബസും ഓട്ടോയും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നും പഹൽഗാം , സോനാമാർഗ് , ഗുൽമാർഗ് എന്നിവിടങ്ങളിലേക്ക് ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കിയ ട്രാവലർ ഉണ്ട് എന്നും ഞാൻ പറഞ്ഞപ്പോൾ ഇർഫാൻ മ്ലാനനായി. റേറ്റ് കുറച്ച് തൻ്റെ അടുത്ത് വിവിധ തരം വണ്ടികൾ ഉണ്ട് എന്ന് ഇർഫാൻ പറഞ്ഞതിനാൽ അയാളുടെ നമ്പർ വാങ്ങി വെയ്ക്കാൻ ഞാൻ മുജീബിനോട് പറഞ്ഞു.
"ദേ .... ദാൽ ലേക്ക് ... !!" വണ്ടി ദാൽ ഗേറ്റിൽ എത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ പറഞ്ഞു. ഹോട്ടൽ ലൊക്കേഷൻ അറിയാത്തതിനാൽ ഇർഫാൻ വണ്ടി അവിടെ നിർത്തി.
"@*?v > !21 $&?* ആയാത് ഹോട്ടൽ?" കാശ്മീരിയിലുള്ള ചോദ്യത്തിലെ ഹോട്ടലിൻ്റെ പേര് മാത്രം എനിക്ക് മനസ്സിലായി.
"ഗ്രാൻ്റ് ഹയാത്ത് ? പീച്ചെ ധാ.." ആ മറുപടി എനിക്ക് മനസ്സിലായി.
"നഹീം... ഹോട്ടൽ ആയാത്ത് ... മുനവ്വറാബാദ്.. " ഉടൻ ഞാൻ തിരുത്തി.
"മുനവ്വറാബാദ് ആഗെ ഹെ..." ഇർഫാൻ വീണ്ടും വണ്ടി മുന്നോട്ട് എടുത്തു. ഞങ്ങൾ പാസ് ചെയ്ത് പോന്ന ഒരു ജംഗ്ഷനിൽ വീണ്ടും എത്തി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് അമ്പത് മീറ്റർ മുന്നോട്ട് പോയപ്പോൾ ഇടത് ഭാഗത്തേക്ക് ഒരു ഗല്ലി റോഡ് കണ്ടു. റോഡ് തുടങ്ങുന്നിടത്തെ പുരാതന കെട്ടിടത്തിൻ്റെ നരച്ച ചുമരിൽ മങ്ങിയ ഒരെഴുത്ത് കണ്ടു - ഹോട്ടൽ ആയാത്ത് ! എല്ലാം കൂടി എൻ്റെ മനസ്സിലേക്ക് ഒരു ടോർപിഡോ മിസ്സൈൽ തുളഞ്ഞ് കയറി.
(തുടരും...)


1 comments:
റോഡ് തുടങ്ങുന്നിടത്തെ പുരാതന കെട്ടിടത്തിൻ്റെ നരച്ച ചുമരിൽ മങ്ങിയ ഒരെഴുത്ത് കണ്ടു - ഹോട്ടൽ ആയാത്ത് !
Post a Comment
നന്ദി....വീണ്ടും വരിക