Pages

Wednesday, July 18, 2007

അഞ്ചരക്കുള്ള അലറിവിളി.

രാവിലെ കൃത്യം 5.30ന്‌ തന്നെ അവന്‍ അലറിവിളിക്കാന്‍ തുടങ്ങി.ഉറക്കത്തിനേറ്റ ഭംഗത്തില്‍ ദ്വേഷ്യം പൂണ്ട്‌ ഞാന്‍ അവന്റെ വലത്തേ ചെവിക്കിട്ട്‌ ഒന്ന്‌ അമര്‍ത്തി.അത്ഭുതം ...! അവന്റെ അലറല്‍ നിന്നു. പക്ഷേ പത്ത്‌ മിനിട്ടിന്‌ ശേഷം ഒരു പ്രകോപനവുമില്ലാതെ അവന്‍ വീണ്ടും അലറി.ഇത്തവണ എനിക്കങ്ങ്‌ കലികയറി.സാമാന്യം ശക്തിയില്‍ തന്നെ ഞാന്‍ അവന്റെ വലത്തേ ചെവിയില്‍ വീണ്ടും അമര്‍ത്തി.അവന്‍ അലറല്‍ നിര്‍ത്തി. 5.50 ആയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവന്‍ വീണ്ടും അലറാന്‍ തുടങ്ങി.പക്ഷേ ഇത്തവണ , മൊബെയിലില്‍ 5.30ന്‌ അലാറം സെറ്റ്‌ ചെയ്തു വച്ച എന്നെ സ്വയം ശപിച്ചുകൊണ്ട്‌ ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റു!!!

Tuesday, July 17, 2007

കോയാക്കയുടെ മക്കാനി

"കോയാക്കാ....അസ്സലമലൈക്കും..." മക്കാനിയില്‍ കയറിയ വണ്ടിക്കാരന്‍ സലാം പറഞ്ഞു. "അ...വലൈകുമുസ്സലാം....സൈതാല്യോ...? ഒപ്പരം ആരാ...?" സലാം മടക്കി കൊണ്ട്‌ കോയാക്ക ചോദിച്ചു. "അത്‌ ഞമ്മളെ നാട്ട്‌ല്‌ള്ളൊര്‌ കുണ്ടനാ*..." "ആ...അനക്ക്‌ സഹായത്തിന്‌ കൂട്ട്യേതായിരിക്കും...." "ആ കിസ്സ* ഞമ്മള്‌ പറഞ്ഞ്‌ തരാ.....ഞമ്മക്ക്‌ രണ്ടാക്കും ആദ്യം...അനക്ക്‌ എത്താ മാണ്ട്യേ*?..." അബുവിന്റെ നേരെ തിരിഞ്ഞ്‌ വണ്ടിക്കാരന്‍ ചോദിച്ചു. "ഇച്ച്‌....ങള്‌ തിന്ന്‌ണന്നെ..." "ആ...സൈതാല്യേ...ആവി പറക്ക്‌ണ ബോട്ടിം പൂളേംണ്ട്‌...എട്‌ക്കട്ടെ..?" കോയാക്ക ചോദിച്ചു. "ആ...ന്നാ മൂന്ന് പ്ലേറ്റ്ങ്ങട്ട്‌ ബരട്ടെ...രണ്ടെണ്ണം ഞമ്മക്കും...ഒന്ന് ഇബനും...." വണ്ടിക്കാരനും അബുവും കൈ കഴുകി ഇരുന്നു.അല്‍പസമയത്തിനകം ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അവരുടെ മുന്നിലെത്തി. "ബിസ്മില്ലാഹ്‌..." വണ്ടിക്കാരന്‍ കഴിക്കാന്‍ ആരംഭിച്ചു.തലേന്ന് വൈകുന്നേരം എളാപ്പയുടെ വീട്ടില്‍ നിന്നും കിട്ടിയ ഭക്ഷണം ആവിയായിപ്പോയതിനാല്‍ അബുവിന്‌ നല്ല വിശപ്പുണ്ടായിരുന്നു.അതിനാല്‍ ഭക്ഷണത്തിന്‌ നല്ല രുചിയും തോന്നി.പ്ലേറ്റ്‌ മുഴുവന്‍ പെട്ടെന്ന് തന്നെ അബു കാലിയാക്കി . "അല്‍ഹംദുലില്ലാഹ്‌.."ഏമ്പക്കം വിട്ടുകൊണ്ട്‌ വണ്ടിക്കാരന്‍ പറഞ്ഞു.കൈ കഴുകിയ ശേഷം അവര്‍ കൗണ്ടറിലേക്ക്‌ ചെന്നു.കൗണ്ടറിലിരിക്കുന്ന ആളെ അബു സസൂക്ഷ്മം നോക്കി - നെരിയാണിക്ക്‌ മേലെ മുട്ടിന്‌ തൊട്ട്‌ താഴെ വരെ മാത്രം എത്തുന്ന ഒരു കള്ളിത്തുണി...അരയില്‍ വീതിയേറിയ പച്ച ബെല്‍ട്ട്‌...ബെല്‍ട്ടില്‍ അടപ്പുള്ള രണ്ട്‌ പോക്കറ്റുകള്‍..കൊണ്ടോട്ടി കുബ്ബ പോലെ തള്ളി നില്‍ക്കുന്ന കുടവയര്‍...അതിനെ പൊതിഞ്ഞു കൊണ്ട്‌ അരക്കയ്യന്‍ ബനിയന്‍....അവിടവിടെ മാത്രം കറുത്ത രോമങ്ങളുള്ള അത്യാവശ്യം വലിയ താടി..മുടി വെട്ടിയൊതുക്കിയ തലയില്‍ ചിത്രപണികളുള്ള ഒരു വെള്ളത്തൊപ്പി....നെറ്റിയില്‍ വലിയൊരു നിസ്കാരത്തഴമ്പ്‌...അബു കോയാക്കയെ തന്നെ നോക്കി നിന്നു. "എന്താ അന്തം വിട്ട്‌ കുന്തം പോലെ നില്‍ക്ക്‌ണ്‌..."കോയാക്കയുടെ ചോദ്യം കേട്ട്‌ അബു ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. "കോയാക്കാ...ഇന്നെന്റെ ചായന്റെ കായി ഔടെ കുത്തിക്കോളി*..." വണ്ടിക്കാരന്‍ പറഞ്ഞു. "ആ...ബറാത്ത്‌ രാവ്‌ന്റെ മുമ്പ്‌ എടവാട്‌ തീര്‍ക്കണം ട്ടോ.." "ആ...അയ്ക്കോട്ടെ...പിന്നെ ങളൊന്ന് ങട്ട്‌ ബെരി...ഒര്‌ കുസുകുസു*ണ്ട്‌.."വണ്ടിക്കാരനും കോയാക്കയും മക്കാനിയുടെ ഒരു മൂലയിലേക്ക്‌ നീങ്ങി.അബു കൗണ്ടറിനടുത്ത്‌ തന്നെ നിന്നു. "പിന്നേയ്‌..ആ കുണ്ടന്‍ യത്തീം* കുട്ട്യാ...കുടീന്ന് എറങ്ങിപ്പോന്നതാ...കായിണ്ടാക്കാന്‍ മാണ്ടി നാട്‌ ബ്‌ട്ടതാന്നാ ഓന്‍ പറ്യണ...ഇബടെ ങളെ മക്കാനീല്‌ ചെറ്യേ ഒര്‌ പണി ഓന്‌ കൊട്‌ക്കണം...ചെറ്യേ കുണ്ടനല്ലേ...എപ്പളെങ്കിലും ഇമ്മാനെ കാണണം തോന്ന്യാ...ഞമ്മളെന്നെ തിരിച്ച്‌ കൊണ്ടോവും....ഞമ്മള്‌ കോയ്ക്കോട്ട്‌ ബെരുമ്പോളൊക്കെ ഇബടെ ണ്ടാകണമ്ന്ന് ഞാനും ഓനും തമ്മ്‌ലൊര്‌ കറാറ്‌*ണ്ട്‌...ഓന്‌ പയ്ച്ച്‌ണേന്‌* ത്‌ന്നാനും പിന്നെ ലേസം* കായിം കൊട്‌ത്താ മതി....ങക്ക്‌ തോന്ന്യ പണി ഒക്കെ കൊട്‌ത്തോളി...ഞമ്മളിഞ്ഞി രണ്ട്‌-മൂന്നായ്ച്ച കയിഞ്ഞ്‌ട്ടേ ബെരൊള്ളൂ...എത്താ ങക്ക്‌ പറ്റൂലെ.." വണ്ടിക്കാരന്‍ ശബ്ദം താഴ്ത്തികൊണ്ട്‌ കോയാക്കയോട്‌ കാര്യങ്ങള്‍ വിശദീകരിച്ചു. "ആ...കുലുമാലൊന്നും ഒപ്പിക്കൂലാലോ....?" "ഏയ്‌...ഞമ്മള്‌ ഗ്യാരണ്ട്യാ...പിന്നെ, ഓനെ ബടെ തനെ പുട്‌ച്ചി നിര്‍ത്തണം...ബേറെ പോകാന്‍ സമ്മയിക്കര്‌ത്‌...നാട്ട്‌ന്നാരെങ്കിലും അന്വേസിച്ചാല്‍ ഇന്ന സെലത്ത്ണ്ട്‌ന്ന്‌ പറഞ്ഞൊട്‌ക്കണല്ലോ..." "ശരി...ശരി.." കോയാക്ക തലയാട്ടി.വണ്ടിക്കാരന്‍ കോയാക്കയെയും കൂട്ടി അബുവിന്റെ അടുത്തേക്ക്‌ വന്ന്‌ പറഞ്ഞു. "അപ്പം പറഞ്ഞ മാതിരി...അനക്ക്‌ ബടെ കോയാക്കാന്റെ മക്കാനീല്‌ ന്‌ക്കാം...പള്ള* നര്‍ച്ച്‌ ത്‌ന്നാനും ക്‌ട്ടും....ഞമ്മളെ കണ്ടീസന്‍ ഓര്‍മ്മണ്ടല്ലോല്ലേ...?" "ആ..." അബു മൂളി. "ന്നാ ...ഞമ്മള്‌ ബെരട്ടെ...അസ്സലാമലൈക്കും...." "വലൈകുമുസ്സലാം..." അബുവും കോയാക്കയും ഒരുമിച്ച്‌ സലാം മടക്കി. (തുടരും...) ************************* കുണ്ടന്‍ = ആണ്‍കുട്ടി കിസ്സ = കഥ മാണ്ട്യ = വേണ്ടത്‌ കുത്തുക = എഴുതുക കുസുകുസു = സ്വകാര്യം യത്തീം = അനാഥന് ‍കറാറ്‌ = കരാര് ‍പയ്ച്ച = വിശക്കുക ലേസം = കുറച്ച്‌ പള്ള = വയറ്‌

Tuesday, July 10, 2007

അബു കോഴിക്കോട്ട്‌

അര്‍മാന്‍ മോല്യാര്‍ ഇറങ്ങിപ്പോയതോടെ അബുവിന്‌ സമാധാനമായി.അബുവിന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.അതിനിടക്ക്‌ എപ്പോഴോ അബു ഉറക്കത്തിലേക്ക്‌ വഴുതി വീണു.മനസ്സ്‌ ശാന്തമായതോടെ അബു കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി.വണ്ടി കോഴിക്കോട്ടെത്തിയത്‌ അബു അറിഞ്ഞതേ ഇല്ല. കാളവണ്ടികള്‍ നിര്‍ത്താനുള്ള വിശാലമായ മൈതാനത്തിന്റെ ഒരറ്റത്ത്‌ ഒരു വന്മരത്തിന്റെ ചുവട്ടില്‍ വണ്ടി നിര്‍ത്തി.വണ്ടിയുടെ പിന്നില്‍ ഒരു താങ്ങ്‌ കൊടുത്ത്‌ വണ്ടിക്കാരന്‍ കാളകളെ അഴിച്ചുമാറ്റി.കാളകള്‍ക്ക്‌ വെള്ളം കൊടുക്കാനായി അവയെ മരത്തിലേക്ക്‌ മാറ്റികെട്ടി. "ശൂ...ശൂ.." വണ്ടിക്കാരന്‍ ഒരു പ്രത്യേക താളത്തില്‍ ചൂളമടിച്ചു. "ശൂ...ശൂ.." മറുപടിചൂളവും വന്നു.പിന്നാലെ രണ്ടുപേര്‍ പിണ്ണാക്കും മറ്റും ചേര്‍ത്ത രണ്ട്‌ വലിയ ബക്കറ്റ്‌ വെള്ളവുമായി എത്തി.കാളകള്‍ക്ക്‌ വച്ചുകൊടുക്കേണ്ട താമസം അവ ആര്‍ത്തിയോടെ അതിലേക്ക്‌ തലയിട്ടു കുടിക്കാന്‍ തുടങ്ങി. വണ്ടിക്കാരന്‍ കാളകളെ ഒന്ന്‌ തൊട്ടുതലോടിയ ശേഷം മൈതാനത്തിന്റെ ഒരു വശത്തുള്ള കിണറിനടുത്തേക്ക്‌ തോര്‍ത്തുമായി നീങ്ങി. പൊടിയില്‍ മുങ്ങിയ ദേഹത്തും തലയിലും നന്നായി വെള്ളമൊഴിച്ചുകൊണ്ട്‌ വണ്ടിക്കാരന്‍ വിശദമായി കുളിച്ചു.കുളിക്കിടയില്‍ തന്നെ വാങ്ങേണ്ട സാധനങ്ങളെക്കുറിച്ചും പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും തിരിച്ചുപോകേണ്ട സമയത്തെക്കുറിച്ചും പദ്ധതികള്‍ ആസൂത്രണം ചെയ്തു.കുളികഴിഞ്ഞ്‌ വണ്ടിക്കാരന്‍ കാളകളുടെ അടുത്തേക്ക്‌ തന്നെ തിരിച്ചു പോയി. "ബേ..ബേ..." വണ്ടിക്കാരനെ കണ്ട്‌ കാളകള്‍ കരയാന്‍ തുടങ്ങി.ശബ്ദം കേട്ട്‌ അബു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കി. 'ങേ....വണ്ടി നിന്നല്ലോ.....കോയ്ക്കോട്ടെത്ത്യോ?' അബു പെട്ടെന്ന് തട്ടിക്കുടഞ്ഞ്‌ എഴുന്നേറ്റു.വണ്ടിക്കുള്ളിലെ ആളനക്കം വണ്ടിക്കാരന്റെ ശ്രദ്ധയില്‍പെട്ടു.അയാള്‍ സൂക്ഷിച്ചു നോക്കി "ങേ...ഒര്‌ ചെക്കന്‍!* ഇബന്‍ യൗടന്ന് കേറിക്കൂടിയതാണാവോ ?" ആത്മഗതം ചെയ്തുകൊണ്ട്‌ വണ്ടിക്കാരന്‍ അബുവിന്റെ അടുത്തേക്ക്‌ നീങ്ങി. വണ്ടിക്കാരന്റെ വരവ്‌ കണ്ട അബു പേടിച്ച്‌വിറച്ച്‌ വണ്ടിയില്‍ നിന്നിറങ്ങി. "ആരാടാ നീ..?" വണ്ടിക്കാരന്‍ ഉച്ചത്തില്‍ ചോദിച്ചു. "ഞാന്‍...." അബുവിന്റെ വാക്കുകള്‍ പുറത്തേക്ക്‌ വന്നില്ല. "അന്റെ പേരത്താന്ന്..?" "അവ്വോക്കര്‍...അബൂന്ന് ബിളിച്ചും.. "ആ...ജ്ജ്‌* യൗടന്നാ കേറ്യേ..?" "പോത്താഞ്ചീരീന്ന്..." "സുബ്‌ഹാനള്ളാ...അരീക്കോട്ടെ പോത്താഞ്ചീരീന്നോ..? അപ്പം ഇന്നലെ മഗ്‌രിബ്‌ മൊതല്‌ ജ്ജ്‌ ഞമ്മളെ വണ്ടീല്‌ണ്ടായ്ന്യോ ?" "ആ..." "അപ്പം നാട്‌ ബ്‌ട്ടതാണല്ലേ..?" "ആ..." "ഹമ്‌ക്കേ...അന്റെ തന്ത അന്നെ തെരഞ്ഞ്‌ നടക്ക്‌ണ്‌ണ്ടാവൂലെ?" "ഇച്ച്‌ തന്തല്ല..." "ഓ...അപ്പം ജ്ജ്‌ എത്ത്‌നാ നാട്‌ ബ്‌ട്ടത്‌?" "പണിട്‌ത്ത്‌ കായി*ണ്ടാക്കാന്‍..." "എത്ത്നാ അനക്ക്‌ കായി?" "മംഗലം കയ്ച്ചാന്‍.." "ആ...ഹാ...അപ്പം ജ്ജ്‌ എത്ത്‌ പണ്യാ ഇട്‌ക്കാ?" "കായി ക്‌ട്ട്‌ണ ഏത്‌ പണിം.." "ആ..സരി...സരി..അനക്ക്‌ ബെസക്ക്‌ണ്‌ണ്ടോ*..?" "ആ.." "ന്നാ ബാ....ബടെ ഞമ്മളൊക്കെ പോണ ഒര്‌ മക്കാനി*ണ്ട്‌...അനക്ക്‌ ഔടെ പണിം ക്‌ട്ടും....പച്ചേ...ഒര്‌ കണ്ടീസന്‍....ഞമ്മള്‌ ഈ കോയ്ക്കോട്ട്‌ ബെരുമ്പോളൊക്കെ ജ്ജ്‌ ഔടെ ണ്ടാവണം...ഏറ്റോ...?" "ആ...ഏറ്റു..." "ന്നാ നടക്ക്‌ മക്കാനീക്ക്‌..." അവര്‍ മക്കാനി ലക്ഷ്യമാക്കി നടന്നു.അര്‍മാന്‍ മോല്യാര്‍ പറഞ്ഞ സംഗതികള്‍ വണ്ടിക്കാരന്‍ മറന്നുപോയിരുന്നതിനാല്‍ അബുവിനെ വണ്ടിക്കാരന്‌ മനസ്സിലായില്ല. (തുടരും...) ************************** ചെക്കന്‍ = ആണ്‍കുട്ടി ജ്ജ്‌ = നീ കായി = കാശ്‌ ബെസക്കുക = വിശക്കുക മക്കാനി = ഹോട്ടല്‍

Monday, July 09, 2007

ആനകള്‍ ക്രോസ്സ്‌ ചെയ്യുന്ന സ്ഥലം !!!

കാട്ടിനുള്ളിലെ ഗട്ടറുകള്‍ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു നമ്പൂരി.അപ്പോഴാണ്‌ മുമ്പില്‍ ഒരു ബോര്‍ഡ്‌ കണ്ടത്‌... " ആനകള്‍ ക്രോസ്സ്‌ ചെയ്യുന്ന സ്ഥലം...വാഹനങ്ങള്‍ സൂക്ഷിച്ചു പോവുക.." "ഹാവൂ,സമാധാനായി" നമ്പൂരി പറഞ്ഞു. "ഉം..എന്താ?" ഡ്രൈവര്‍ ചോദിച്ചു. "ഇതെങ്ങനാ ഇത്രേം പൊളിഞ്ഞ റോഡുണ്ടാക്കീത്‌ എന്നായിരുന്നു നോം ഇതുവരെ ആലോചിച്ചത്‌....ഇപ്പോ ഈ ബോര്‍ഡ്‌ കണ്ടപ്പോളല്ലേ ആനകള്‍ നടന്നതുകൊണ്ടാ ഇത്‌ ഇങ്ങനെ ആയതെന്ന് നമുക്ക്‌ മനസ്സിലായത്‌."

Tuesday, July 03, 2007

കാളവണ്ടിയില്‍ ഒരു രാത്രി

അര്‍മാന്‍ മോല്യാര്‍ നല്ല ഉറക്കത്തിലാണ്‌.ഇടക്കിടെ വണ്ടി കുഴിയില്‍ ചാടി കുലുങ്ങുമ്പോള്‍ മോല്യാരുടെ ഉറക്കത്തിന്‌ ഭംഗം വരുന്നുണ്ട്‌.അപ്പോഴെല്ലാം അബുവിന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്നുണ്ട്‌.പക്ഷേ മോല്യാര്‍ , പെട്ടെന്ന്‌ തന്നെ ഉറക്കത്തിലേക്ക്‌ തിരിച്ച്‌ വീഴുന്നുമുണ്ട്‌. "'മോല്യാര്‍ ഉറക്കമുണര്‍ന്നാല്‍....?യാ മുഹുയുദ്ദീന്‍ ശൈഖ്‌......' അബുവിന്‌ അത്‌ ആലോചിക്കാന്‍ പോലും പേടിയായി.വണ്ടി നല്ല വേഗത്തിലായതിനാല്‍ ചാടി രക്ഷപ്പെടാനും വയ്യ.ശബ്ദം വച്ച്‌ ഇറങ്ങാന്‍ ശ്രമിച്ചാല്‍ അര്‍മാന്‍ മോല്യാരും ഉണരും, വണ്ടിക്കാരന്റെ വക ശകാരവും കിട്ടും.എല്ലാം കൂടി അബുവിന്‌ ഇരിക്കപ്പൊറുതി ഇല്ലാതായി. വണ്ടിയുടെ പിന്നില്‍ ചാക്ക്‌ തൂക്കിയിട്ടതിനാല്‍ റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍ അബു അവിടെ ഇരിക്കുന്നത്‌ മോല്യാര്‍ക്ക്‌ കാണാമായിരുന്നില്ല.അപ്പോഴാണ്‌ തൊട്ടടുത്ത്‌ ഒരു ചാക്ക്‌ കിടക്കുന്നത്‌ അബു കണ്ടത്‌.അബു ഒന്നുകൂടി മൂലയിലേക്ക്‌ ഒതുങ്ങിയിരുന്നു.ശേഷം ചാക്കുകൊണ്ട്‌ ഒന്നാകെ മൂടി.ഇടക്കിടെ അര്‍മാന്‍ മോല്യാരെ ഇടങ്കണ്ണിട്ട്‌ നോക്കി. 'ഇല്ല....മോല്യാര്‍ ഉറക്കം തന്നെയാണ്‌...മോല്യാര്‍ എവിടേക്കാണാവോ പോകുന്നത്‌ ?' അബു ആലോചിച്ചു 'ഹൊ...എന്തൊരു നാറ്റം...ഇതെന്ത്‌ പൊതിഞ്ഞ ചാക്കാണാവോ ?'അബു ആത്മഗതം ചെയ്തു.ഇടക്കെപ്പോഴോ അബു ഉറങ്ങി.വണ്ടി കുത്തിക്കുലുങ്ങി പാഞ്ഞുകൊണ്ടേ ഇരുന്നു. "ആ......ച്ചി...." ഉറക്കത്തില്‍ പെട്ടെന്ന്‌ അബു തുമ്മി. "ഭാഗ്യം...മോല്യാര്‍ അറിഞ്ഞിട്ടില്ല....' ഇടങ്കണ്ണിട്ട്‌ മോല്യാരെ നോക്കിയ അബുവിന്‌ സമാധാനമായി.'പക്ഷേ......വണ്ടിക്കാരന്‍ പിന്നോട്ട്‌ തന്നെയാണല്ലോ നോക്കുന്നത്‌...!? കുലുമാലായോ..?ബദ്‌രീങ്ങളേ കാക്ക്‌......ബീട്‌ ബ്ട്ട്‌ പോരണ്ടായിരുന്നു....പാവം ഇമ്മ ഒറ്റക്കായിരിക്കും...ഈ ബണ്ടി എങ്ങോട്ടാണാവോ പോകുന്നെ..? '"ആ......ച്ചി....അല്‍ഹംദുലില്ലാഹ്‌..."അബു വീണ്ടും തുമ്മി. "എര്‍ഹംകുമുള്ളാഹ്‌..." പ്രത്യുത്തരം കേട്ട്‌ അബു ഞെട്ടി.ചാക്കിന്നുള്ളിലൂടെ ഓളികണ്ണിട്ട്‌ അബു നോക്കി. 'ങേ!!അര്‍മാന്‍ മോല്യാര്‍ ഉണര്‍ന്നിരിക്കുന്നു!!!!!!അശ്ശൈഖ്‌ മുഹ്യുദ്ദീന്‍ശൈഖ്‌...ബദ്‌രീങ്ങളേ...മംബറത്തെതങ്ങളേ...' അബു എല്ലാവരെയും മനസ്സില്‍ വിളിച്ചു. "ഇതേതാ സ്ഥലം ?" മോല്യാര്‍ വണ്ടിക്കാരനോട്‌ ചോദിച്ചു. "ഇങ്ങക്ക്‌ എറങ്ങാനായിട്ട്‌ല്ല...കല്ലായീക്ക്‌ കൊറച്ചും കൂടി പോണം.." "സമയം ഇപ്പം എത്തിര ആയിട്ട്‌ണ്ടാവും ?" "സുബയി ആവാന്‍ അര മണിക്കൂറുമ്പാടെ ണ്ടാവും....സുബയിക്ക്‌ ഞമ്മള്‌ കോയിക്കോട്ടെത്തും...ഇന്‍ശഅള്ള.."ആകാശത്തേക്ക്‌ നോക്കികൊണ്ട്‌ വണ്ടിക്കാരന്‍ പറഞ്ഞു. 'അപ്പോ....ഞാന്‍ കൊയ്ക്കോട്ട്‌ക്കാ എത്താമ്പോണത്‌....പച്ചേ....അര്‍മാന്‍ മോല്യാര്‍ അയിന്റെ മുമ്പെറങ്ങും... മോല്യാര്‌ ഇത്‌ക്കൂടി എറങ്ങ്യാ ഇന്നെ കാണും.....നല്ലോണങ്ങട്ട്‌ ചുരുണ്ട്‌ കൂടി അരൂക്ക്‌ പറ്റിക്കടന്ന് ചാക്ക്‌ട്ടങ്ങട്ട്‌ മൂടാം.....ബെള്‍ച്ചം ഇല്ലാത്തോണ്ട്‌ മോല്യാര്‌ ശെര്‍ദ്ദിക്കൂല...'അബു മനസ്സില്‍ കരുതി. "ങക്ക്‌ കല്ലായ്‌ലെത്താ ഏര്‍പ്പാട്‌?" "ചില്ലറ മരക്കച്ചോടംണ്ട്‌....ഇന്ന് ബേറെ ആവശ്യത്ത്‌നാ..." "ഉം??" "ഒര്‌ കല്ല്യാണക്കാര്യം.." "ഇത്തറ ദൂരത്ത്ന്നോ?" "ആ.....കല്ല്യാണം ഞമ്മളെ നാട്ട്‌ലന്ന്യാ...." "പിന്നെ കല്ലായ്‌ല്‌?" "അത്‌...ചെക്കന്‌ തന്തല്ല.....തന്തന്റെ ബാക്കിള്ളോല്‌ണ്ട്‌....ഈ കല്ലായീല്‌..." "ആ...അത്‌....സരി..." "ചെക്കന്‍ ഞമ്മളെ ഓത്തള്ളീല്‌ ബെര്‌ണ്‌ണ്ട്‌....ഔടെതന്നെള്ള ഒര്‌ത്തിനോട്‌ ഓന്‌ ഒര്‌...." "ഒര്‌..?" "മൊഹബത്ത്‌...ന്നാ പിന്നെ ഞമ്മളായ്ട്ട്‌ മൊടക്കണ്ട..." സംസാരം ശ്രദ്ധിച്ചിരുന്ന അബു ഞെട്ടി. "അപ്പം തന്തെന്റെ ബാക്കിള്ളോലോട്‌ ഒര്‌ ബാക്ക്‌ പറ്യണല്ലോ ?" "ആ...അത്‌ പറ്യണം...എത്താ ചെക്കന്റെ പേര്‌...?ആ....കല്ലായി എത്തി..നല്ലോം പുട്‌ച്ചി എറങ്ങണംട്ടോ...." "ആ....അംദുലില്ലാഹ്‌..അസ്സലാമലൈക്കും..."വണ്ടിയില്‍ നിന്നും ഇറങ്ങിയ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "വലൈകുമുസ്സലാം....ആ...ചെക്കന്റെ പേര്‌ പറഞ്ഞ്‌ലാ...." "അബു!!!" അര്‍മാന്‍ മോല്യാര്‍ വിളിച്ചു പറഞ്ഞു.ഉത്തരം കേട്ടതും അബു ഞെട്ടി എണീറ്റു. 'ഇന്റെ മംഗലം സരിയാക്കാനായി അര്‍മാന്‍ മോല്യാര്‍ ഇത്രേം ദൂരം ബരേ..?ഇമ്മ പറഞ്ഞെ എത്ര സരി ആയ്‌നി....പാവം...ആ മോല്യാരോട്‌ ഞാനെത്തൊക്കെയാ പറഞ്ഞെ....'അബുവിന്‌ സന്തോഷവും ദു:ഖവും തോന്നി.കാളവണ്ടി കോഴിക്കോട്‌ ലക്ഷ്യമാക്കി കിതച്ചോടി.