Pages

Saturday, August 11, 2007

മോല്യാരുടെ ചിന്തകള്‍

ആഴ്ചകള്‍ പിന്നിട്ടു.അര്‍മാന്‍ മോല്യാരുടെ മനസ്സില്‍ അബുവിണ്റ്റെ വിവാഹം എന്ന ഗുലുമാല്‍ കെട്ടിമറിയാന്‍ തുടങ്ങി.പ്രശ്നം ആദ്യം എവിടെ അവതരിപ്പിക്കണമെന്ന്‌ തീര്‍ച്ചയാക്കാന്‍ മോല്യാര്‍ക്ക്‌ പിന്നെയും ആഴ്ചകള്‍ വേണ്ടി വന്നു.കല്ലായി പോയി സമ്മതം ചോദിച്ചിട്ട്‌ നാളേക്ക്‌ രണ്ട്‌ മാസം തികയുന്നു.ഇത്രയുമായ സ്ഥിതിക്ക്‌ ഇനി പിന്നോട്ട്‌ പോകുന്നത്‌ ശരിയല്ല.പക്ഷേ...അബൂണ്റ്റെ വായീന്ന്‌ സംഗതി കേട്ട ദിവസം ബീപാത്തൂനോട്‌ കയര്‍ത്തതും മോലിയുടെ വീട്ടില്‍ പോയി കോലാഹലമുണ്ടാക്കിയതും ശരിയായില്ല.ഇനിയിപ്പോ ഈ കല്യാണം നിശ്ചയിക്കാനും......' അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകെക്കൂടി ആശയക്കുഴപ്പമായി. 'ഏതായാലും അന്ന്‌ മോലിയുടെ വീട്ടില്‍ പോയപ്പോള്‍ മോലിയെ നേരിട്ട്‌ കണ്ടിട്ടില്ല.പറ്യാനുള്ളതെല്ലാം കദീശുണ്റ്റട്ത്ത്‌ പറഞ്ഞിട്ടാ പോന്നത്‌ അതോണ്ട്‌ ആദ്യം മോലിയെ നേരില്‍ കാണാം.കല്ലായീന്നും കേട്ട കാര്യങ്ങള്‍ മോലിണ്റ്റട്ത്ത്‌ പറ്യാനും ബയ്യ.സ്രീതനം കൊട്ക്കാന്‍ മോലിണ്റ്റട്ത്ത്‌ കായിണ്ടാവൂല.അപ്പം കല്യാണം കൊറച്ച്‌ കയ്ഞ്ഞിട്ടാ മോലിക്കും നല്ലത്‌.അയിണ്റ്റെ മുമ്പ്‌ ഓള്‍ക്ക്‌ ബേറെ കല്യാണം ഏതെങ്കിലും ബെന്നാല്‍..? അതങ്ങട്ട്‌ ഓന്‍ സമ്മയ്ച്ചും ചെയ്താല്‍..?ഞമ്മള്‌ കല്ലായി പോയതും ഈ തല പുണ്ണാക്ക്ണതും ഒക്കെ ബാത്തിലാവും*....' അര്‍മാന്‍ മോല്യാര്‍ തലപുകഞ്ഞ്‌ ആലോചിച്ചുകൊണ്ടിരുന്നു. 'അതോലെ ബീപാത്തൂനും ഈ കല്യാണത്തിന്‌ മൊടക്കുണ്ടോന്ന്‌ അന്വേസിക്കണം...ചെക്കന്‍ ഓളെ ബീട്ട്‌ലാ.....ഓള്‍ക്കുണ്ടാവും മരോള്‌ എങ്ങനായിര്‍ക്കണംന്ന്‌ ബിചാരം...മോലിണ്റ്റെ മോള്‌ കായികൊണ്ട്‌ ഓള്‍ക്ക്‌ ഒക്കും.....സ്വബാവും കൊയപ്പംല്ലാന്ന്‌ തോന്ന്ണ്ണ്ണ്ട്‌....ചൊര്‍ക്ക്‌* പിന്നെ ഓല്‌ ബാല്യേക്കാര്‌ തീര്‍മാനിച്ചണ്ട്യതാ... ' 'ഞമ്മക്ക്‌ കജ്ജ്ണ കോലത്തില്‌ ഞി രണ്ട്‌ കൂട്ടരേം അങ്ങട്ടട്പ്പിക്കണം.പെട്ടന്നങ്ങട്ട്‌ കേക്കുമ്പം രണ്ടൂട്ടര്‍ക്കും ഒര്‌ തീര്‍മാനം ക്ട്ടൂല....ചെക്കണ്റ്റെ ബാഗത്ത്‌ ഞി ബീപാത്തു സമ്മയിച്ചാ മതി.മോലിണ്റ്റെ ബാഗത്ത്‌ മോലിണ്റ്റിം കദീസൂണ്റ്റിം ബാക്കിള്ളോടൊക്കെ ചോയ്ച്ച്‌ തീര്‍മാനിക്കേണ്ടി ബെരും.....ഓണ്റ്റെ ബാക്കിള്ളോല്‌ യൌട്യാന്ന്‌ ഓനെന്നെ അറ്യോന്ന്‌ തംസ്യാ*....' 'ആ ഞി ആലോയിച്‌ ആലോയിച്‌ തല പുണ്ണാക്കണ്ട....ഓത്തള്ളി ബ്ട്ട്ട്ട്‌ നേരെ മോലിണ്റ്റട്ത്തണ്ട്‌ പോവ....ഓനോട്‌ ബേം കല്യാണത്തിന്‌ കായിണ്ടാക്കാന്‍ പറ്യ.....ന്നട്ട്‌ ഓണ്റ്റെ ബാക്കിള്ളോലോട്‌ ബീരം പറ്യാനും പറ്യ....പിന്നെ ബീപാത്തൂണ്റ്റട്ത്ത്‌ പോയി ഓളോടും അത്‌ ബെരെള്ള ബിസേസങ്ങള്‍ പറ്യാ...ന്നട്ട്‌ മജ്ജത്തായാലും* മാണ്ടില്ല.. ' ഓരോന്നാലോചിച്ചുകൊണ്ട്‌ മോല്യാര്‍ ഓത്തുപള്ളിയിലെത്തി.നേരെ ആറാം ക്ളാസ്സില്‍ പോയി വിളിച്ചു."സൈനബാ... " "ഓള്‌ ബന്ന്‌ട്ട്‌ ഇന്നക്ക്‌ രണ്ട്‌ മാസായി..." ആരോ പറഞ്ഞു. "ങേ!!! രണ്ട്‌ മാസോ ???" മോല്യാര്‍ ഞെട്ടി. ഉടന്‍ അഞ്ചാം ക്ളാസ്സില്‍ പോയി വിളിച്ചു." അബോ... " "അബുപ്പം ബെരല്ല്ലാ.. " "ങേ...അപ്പം ബലാലേള്‍ രണ്ടും കൂടി നാട്‌ ബ്ട്ടോ..?യാ മുഹ്‌യുദ്ദീന്‍ ശൈഖ്‌... " 'ബേം മോലിണ്റ്റെ ബീട്ട്‌ല്‌ പോയി ചോയ്ചില്ലെങ്കി ആകെ കുലുമാലാവും...നാട്നും നാട്ടാര്‍ക്കും കൊണം കെട്ടെ ഏര്‍പ്പാടാവും...' ആത്മഗതം ചെയ്തുകൊണ്ട്‌ മോല്യാര്‍ മോലിയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു. (തുടരും) *********************************** ബാത്തിലാവുക = വെറുതെയാവുക ചൊര്‍ക്ക്‌ = സൌന്ദര്യം തംസ്യം = സംശയം മജ്ജത്താവുക = മരിക്കുക

Tuesday, August 07, 2007

നടക്കാനുള്ള ടിക്കറ്റ്‌.

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രദര്‍ശന ഫുട്ബാള്‍ മല്‍സരം നടക്കുന്ന ദിവസം.അരീക്കോട്‌ ഇലവനും കേരള ഇലവനും തമ്മിലായിരുന്നു കളി.പ്രവേശന ടിക്കറ്റുകള്‍ രാവിലെതന്നെ സ്റ്റേഡിയത്തില്‍ വില്‍പന തുടങ്ങിയിരുന്നു. കളി കാണാനായി നമ്പൂരിയും പുറപ്പെട്ടു.വഴിയില്‍ വച്ച്‌ ടിക്കറ്റ്‌ റാക്കുമായി വരുന്ന കണ്ടക്ടര്‍ അനില്‍ നമ്പൂരിയെ കണ്ടു. "നമ്പൂരീ....എങ്ങോട്ടാ?" അനില്‍ ചോദിച്ചു. "നമ്മുടെ കുട്ട്യേളെ കളി ഒന്ന് കാണാന്ന് വച്ചു...." " ടിക്കറ്റ്‌ എടുത്തോ ?" 'ഈശ്വരാ....!!! റോട്ടിലൂടെ നടക്കാനും ടിക്കറ്റോ.?' ആത്മഗതം ചെയ്തുകൊണ്ട്‌ നമ്പൂരി പറഞ്ഞു - " എങ്കി സ്റ്റേഡിയം വരെ നടക്കാനുള്ള ഒരു ടിക്കറ്റ്‌ വേഗം താ...."

ജനകീയ ബഹളം

ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഈവനിംഗ്‌വോക്കിന്‌ ഇറങ്ങിയതായിരുന്നു ഞാന്‍.സംശയം വേണ്ട...ജനകീയാസൂത്രണത്തിന്റെ ഭാഗമായി തന്നെ!!! ആരോഗ്യദൃഢഗാത്രപൗരന്‍ എന്നൊരു പുത്തന്‍സാധനത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗുണഭോക്താവ്‌ എന്ന നിലക്ക്‌ അമ്പത്‌ രൂപയുടെ മുദ്രക്കടലാസില്‍ ഒപ്പിട്ടപ്പോള്‍ അതിലെ അവസാനത്തെ നിബന്ധന ആയിരുന്നു ദിവസേന ഒരു ഈവനിംഗ്‌വോക്ക്‌.ഈ ഈവനിംഗ്‌വോക്കിലാണ്‌ ജനകീയം എന്ന ജനകീയ പദത്തെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക്‌ സാധിച്ചത്‌. ഞാന്‍ നടക്കുന്നത്‌ റോഡിലൂടെയാണ്‌..വെറും റോഡല്ല...ജനകീയ റോഡ്‌....വെട്ടുകുഴികളോ മാവേലിക്കുഴികളോ സ്വിമ്മിംഗ്‌ പൂളുകളോ വാഴ - ചേന കൃഷികളോ ഇല്ലാത്ത സുന്ദരമായ റോഡ്‌ അല്ല ഈ ജനകീയ റോഡ്‌...ഒരു റോഡിന്റെ മേല്‍ പറഞ്ഞ എല്ലാ സൗന്ദര്യഗുണങ്ങളും മേന്മകളും ഉള്ള ഒരു റോഡ്‌....പേര്‌ ജനകീയ റോഡ്‌ എന്നായി മാത്രം. റോഡില്‍ കയറിയാല്‍ ആദ്യം കാണുന്നത്‌ തന്നെ ഒരു ചായക്കട....വെറും ചായക്കടയല്ല...ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ ധാരാളം ആഞ്ഞുവീശിയ ഒരു ജനകീയ ചായക്കട....നാളത്തെ രാഷ്ട്രീയക്കോമാളിയുടെ അരങ്ങേറ്റവേദി.ഞാന്‍ അതുവഴി കടാന്നുപോകുമ്പോള്‍ എന്നും അവിടെ പൊരിഞ്ഞ ചര്‍ച്ചയാണ്‌...ജനകീയ ചര്‍ച്ച...വിഷയം ജനകീയാസൂത്രണം തന്നെ...അതിനിടയില്‍കൂടി കടയുടമ കോയാമുവിന്റെ ( ഇപ്പോള്‍ ജനകീയ കോയാമു ) നീട്ടിയുള്ള വിളി..." മാഷേ...ഒരു ജനകീയ ചായ കുടിച്ച്‌ ജനകീയനായി പോ..." അപ്പോഴേക്കും ഞാന്‍ അടുത്ത ജനകീയന്റെ മുമ്പിലെത്തി...ആളും ആരവവുമില്ലാത്ത ഈ ജനകീയന്‍ മറ്റാരുമല്ല.എല്ലാ ജനകീയപാര്‍ട്ടികളുടെയും പോസ്റ്ററുകളും തോരണങ്ങളും കൊടികളും വഹിക്കാന്‍ വിധിക്കപ്പെട്ട ബസ്റ്റോപ്പ്‌...മേല്‍ക്കൂര ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ആരും തിരിഞ്ഞ്‌ നോക്കാത്തതിനാലാവും കണ്ണേറ്‌ പറ്റാതിരിക്കാന്‍ സുന്ദരമായ പേര്‌ കുമ്പളങ്ങാ വലിപ്പത്തില്‍ - ജനകീയ ബസ്റ്റോപ്പ്‌. ജനകീയ ബസ്റ്റോപ്പിന്‌ തൊട്ടടുത്ത്‌ തന്നെയാണ്‌ അബുക്കയുടെ ബാര്‍ബര്‍ ഷോപ്പ്‌.ഇത്രയും കാലം ഊരോ പേരോ ഇല്ലാതിരുന്ന അബുക്കക്കും അടുത്തിടെ ഒരു ബിസിനസ്‌ മാന്ദ്യം....തലമാന്ദ്യവും താടിമാന്ദ്യവും.ഈ നാട്ടില്‍ എല്ലാവര്‍ക്കും കഷണ്ടി കയറിയോ എന്ന് വരെ സംശയിച്ചു.അപ്പോഴാണ്‌ അബുക്കയുടെ സുന്ദരകഷണ്ടിക്കുള്ളില്‍ പുതിയൊരാശയം ഉടലെടുത്തത്‌.കടക്ക്‌ സുന്ദരമായ ഒരു പേര്‌ - ജനകീയ ബാര്‍ബര്‍ ഷോപ്പ്‌ . മുടിയും താടിയും മൊത്തമായും ചില്ലറയായും കുറഞ്ഞ പരിക്കില്‍ കൂടുതല്‍ ലാഭത്തില്‍ കശാപ്പു ചെയ്തു കൊടുക്കുന്നു....ജനകീയ ബാര്‍ബര്‍ ഷോപ്പ്‌!!! ഞാന്‍ വീണ്ടും നടന്നു....ബസ്‌സ്റ്റാന്റില്‍ അതാ കിടക്കുന്നു ഓരോ നാട്ടിലേക്കും ജനകീയങ്ങള്‍.....ജനകീയ ബസ്‌. ജനങ്ങളെക്കാളും ജനകീയങ്ങളെക്കാളും അധികം കന്നുകാലീയങ്ങള്‍ ആയതിനാലാവും ബസ്‌സ്റ്റാന്റിന്‌ ജനകീയസ്റ്റാന്റ്‌ എന്ന പേര്‌ നല്‍കാഞ്ഞത്‌ എന്ന ചിന്തയിലേക്ക്‌ വീഴുമ്പോഴാന്‌ ബസ്‌സ്റ്റാന്റില്‍ നിന്നും ചില അപശബ്ദങ്ങള്‍ ഉയരുന്നത്‌ കേട്ടത്‌...രണ്ട്‌ ജനകീയങ്ങള്‍ തമ്മില്‍ തന്നെയാണ്‌ പ്രശ്നം...പരസ്പരം ചില ജനകീയ അണ്‍പാര്‍ലിമെന്ററി പദപ്രയോഗവും. ജനകീയത്തിന്റെ വ്യാപ്തി നേരിട്ടറിഞ്ഞ എന്റെ മെഡുലമണ്ണാങ്കട്ടയിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നുപോയി.അതും ഒരു ജനകീയ മണ്ണാങ്കട്ടയായിപ്പോയോ എന്ന ഒരു ജനകീയ സംശയവും ബാക്കിയായി.

Saturday, August 04, 2007

നമ്പൂരി കേട്ട മാപ്പിളപ്പാട്ട്‌

കലാസ്വാദകനയ രാമന്‍ നമ്പൂരി ഒരിക്കല്‍ മാപ്പിളപ്പാട്ട്‌ കേള്‍ക്കാന്‍ പോയി.മഹാകവി മോയിങ്കുട്ടി വ്യൈദ്യരുടെ പ്രസിദ്ധമായ 'സംകൃതപമഗിരി' ആയിരുന്നു ആദ്യത്തെ പാട്ട്‌.പാട്ട്‌ ആരംഭിച്ചു."സംകൃതപമഗിരി തങ്കത്തുങ്ങ റ്റരികിട ധിംകിട തരികിട..." പരിപാടി കഴിഞ്ഞപ്പോള്‍ നമ്പൂരിയോട്‌ ആരോ ചോദിച്ചു."എങ്ങനെയുണ്ടായിരുന്നു തിരുമേനീ പരിപാടി ?" "ശ്ശി ഇഷ്ടായി...പക്ഷേ ആദ്യത്തെ പാട്ടിന്‌ താളമിടാന്‍ തബലക്കാരന്‍ എത്തീല്ലാന്ന് തോന്ന്‌ണു.." "അതെന്താ അങ്ങിനെ തോന്നാന്‍...?" "...തബലയില്‍ വായിക്കുന്ന 'ധിംകിട തരികിട' എല്ലാം ഗായകന്‍ സ്വന്തം വായ കൊണ്ട്‌ പറയുന്നത്‌ കേട്ടു !!"

അര്‍മാന്‍ മോല്യാരുടെ സ്വപ്നം

പൂക്കോയയുടെ അടുത്ത ജ്യേഷ്ഠനെ അന്വേഷിക്കാന്‍ നില്‍ക്കാതെ അര്‍മാന്‍ മോല്യാര്‍ കിട്ടിയ വണ്ടിയില്‍ നാട്ടിലേക്ക്‌ മടങ്ങി.യാത്രയിലുടനീളം അബുവിന്റെ മൂത്താപ്പയുടെ പെരുമാറ്റം മോല്യാരുടെ മനസ്സിനെ മഥിച്ചു. 'സ്ത്രീധനോം അറ്യേം ....ഫൂ...അതില്ലെങ്കി കല്ല്യാണം അല്ലാന്നോ...ഫൂ..കോയയേയും കൂടി കണ്ടിരുന്നെങ്കില്‍??...ആ..അയാളും ഇങ്ങനെ ആണെങ്കി കണ്ടിട്ട്‌ ബല്ല്യ കാര്യൊന്നും ല്ല..' മോല്യാര്‍ ആത്മഗതം ചെയ്തു.പിറ്റേന്ന് സുബഹിയോടെ മോല്യാര്‍ നാട്ടില്‍ തിരിച്ചെത്തി. പതിവുപോലെ അര്‍മാന്‍ മോല്യാര്‍ രാവിലെത്തന്നെ ഓത്തുപള്ളിയിലെത്തി.ഓരോ ക്ലാസ്സിലും പോയി അവരവര്‍ക്കുള്ള ജോലികള്‍ കൊടുത്ത്‌ അര്‍മാന്‍ മോല്യാര്‍ ഏഴാം ക്ലാസ്സില്‍ പോയി ഇരുന്നു . "ബിസ്മില്ലാഹി റഹ്മാനി റഹീം.." അര്‍മാന്‍ മോല്യാര്‍ ഓത്ത്‌ ആരംഭിച്ചു. "ബിസ്മില്ലാഹി റഹ്മാനി റഹീം.." കുട്ടികള്‍ അതേറ്റ്‌ ചൊല്ലി. "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അറഹ്മാനി ......പ്ധിം." ഉറക്കം തൂങ്ങിയ അര്‍മാന്‍ മോല്യാര്‍ മറിഞ്ഞ്‌ വീണു. കണ്ടു നിന്ന കുട്ടികള്‍ ആര്‍ത്തുചിരിച്ചു. "ഇന്റെ മോത്ത്ക്കാ നോക്കി ഇരിക്ക്‌ണ...കിതാബ്‌ക്ക്‌ നോക്ക്യടാ ഹമ്‌ക്ക്‌കളെ..."വീഴ്ചയുടെ നോവും ജാള്യതയും മറക്കാന്‍ വേണ്ടി മോല്യാര്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു. "അറഹ്മാനി റഹീം..." "അറഹ്മാനി റഹീം..." "മാലികി യൗമി.....ങുര്‍....ങുര്‍.." അര്‍മാന്‍ മോല്യാര്‍ വീണ്ടും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. മേശയില്‍ തലയും വച്ച്‌ അര്‍മാന്‍ മോല്യാര്‍ സുഖമായുറങ്ങി.തലേ ദിവസത്തെ യാത്രാക്ഷീണവും കാളവണ്ടിയിലെ കുത്തിക്കുലുങ്ങിയുള്ള യാത്രയും കാരണമുള്ള ഉറക്കനഷ്ടവും അര്‍മാന്‍ മോല്യാരെ പെട്ടെന്ന് സുഖനിദ്രയിലേക്ക്‌ നയിച്ചു.ഉറക്കത്തില്‍ അര്‍മാന്‍ മോല്യാര്‍ സ്വപ്നം കാണാനും തുടങ്ങി. 'അബുവിന്റെ കല്ല്യാണ ദിവസം.നേരത്തെ തന്നെ കുളിച്ചൊരുങ്ങി അത്തറും പൂശി മോല്യാര്‍ പുറപ്പെട്ടു. പൂക്കോയ മരിക്കുമ്പം ഈ ചെക്കന്റെ കല്ല്യാണത്തിന്‌ കൂടാന്‍ ഞമ്മക്ക്‌ ആയുസ്സ്‌ണ്ടാവും ന്ന് ബിചാരിച്ചതല്ല...അംദുലില്ലാഹ്‌....ആ കല്ല്യാണം നടത്തിക്കൊട്‌ക്കാന്‌ള്ള തൗഫീക്കും റബ്ബുല്‍ ആലമീനായ തമ്പുരാന്‍ ഞമ്മള്‍ക്ക്‌ തന്ന്...' ചിന്തയില്‍ മുഴുകിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ കല്ല്യാണവീട്ടിലെത്തി. തൂവെള്ള ഷര്‍ട്ടും വെള്ളത്തുണിയും ഇന്നാട്ട്‌ലെങ്ങും കാണാത്ത ത്ലങ്ങുന്ന കറുത്തൊരു ചെരുപ്പുമിട്ട്‌ ആഗതരെ സ്വീകരിക്കാനായി പന്തലിന്റെ മുമ്പില്‍തന്നെ അബു ചിരിച്ച്‌ നില്‍ക്കുന്നു.അര്‍മാന്‍ മോല്യാര്‍ കയറിച്ചെന്ന് സലാം പറഞ്ഞു.സലാം മടക്കി അബു അര്‍മാന്‍ മോല്യാരെ കസേരയിലിരുത്തി. മോല്യാരുടെ തൊട്ടടുത്ത കസേരയില്‍ തന്നെ അബുവും ഇരുന്നു.അപ്പോഴേക്കും മഞ്ഞ നിറത്തിലുള്ള ഒരു ഗ്ലാസ്സ്‌ വെള്ളം ആരോ അര്‍മാന്‍ മോല്യാര്‍ക്ക്‌ നല്‍കി.മോല്യാര്‍ ബിസ്മി ചൊല്ലി വെള്ളം കുടിച്ചു. അര്‍മാന്‍ മോല്യാര്‍ അടുത്തിരിക്കുന്നവരെ നോക്കി.ആ....അബുവിന്റെ മൂത്താപ്പയാണല്ലോ ആ ഇരിക്കുന്നത്‌....എന്ത്‌ കല്ല്യാണം എന്ന് ചോദിച്ച മൂത്താപ്പ..!! തൊട്ടപ്പുറത്ത്‌ ഇരിക്കുന്നത്‌ മൊകം അങ്ങട്ട്‌ മന്‌സ്സ്‌ലാവ്‌ണ്‌ല്ല.. '"ങേ!!..പൂക്കോയ...മരിച്ചുപോയ പൂക്കോയ!!!" ആര്‍ത്തുവിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.കുട്ടികള്‍ വീണ്ടും ആര്‍ത്തുചിരിച്ചു.പൊട്ടിച്ചിരിക്കുന്ന കുട്ടികളെ കണ്ട്‌ അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഫൂ....പോയിനെടാ ബഡ്‌ക്കൂസുകളേ....കള്ള ഹിമാറ്‌കള്‍ ന്റെ നെയ്ചോറും മൊടക്കി.." കുട്ടികള്‍ കിതാബുകളുമെടുത്ത്‌ പുറത്തേക്കോടി.