Friday, August 17, 2007
മലയാളത്തിന്റെ മാഞ്ഞാളം
അന്നും പതിവുപോലെ സൂര്യന്‍ കിഴക്കുദിച്ചു.ക്ലോസപ്പിന്റെ നുരയുന്ന പത വായിലും , പരിശുദ്ധമെന്ന് ലേബലുള്ള എണ്ണ കഷണ്ടിത്തലയിലും ഇരുപത്തി ഏഴോ മറ്റോ തവണ കുളിപ്പിക്കുന്ന സോപ്പിന്റെ പത ശരീരത്തിലും തേക്കുന്ന എല്ലാ പ്രഭാത കുറ്റകൃത്യങ്ങളും അന്നും ലംബോധരന്‍ മാഷ് തെറ്റിച്ചില്ല.നവോന്മേഷത്തോടെ സ്കൂളിലേക്ക് അടിവക്കുമ്പോളാണ് മാസ്റ്ററുടെ അയല്‍വാസിയായ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിയത്.
"good Morning" ഞാന്‍ മാസ്റ്ററെ അഭിവാദ്യം ചെയ്തു.
"ങാ....സുപ്രഭാതം " പതിവ് തെറ്റിയ പ്രത്യഭിവാദ്യം എന്റെ ശ്രദ്ധയില്‍ പെട്ടില്ല.
"മാഷേ.....സ്കൂളൊക്കെ എങ്ങനെ പോകുന്നു ? റിട്ടയര്‍മന്റ് ലൈഫൊക്കെ പ്ലാന്‍ ചെയ്തോ ?" കുശലാന്വേഷണത്തിനായി എന്റെ വായില്‍ നിന്നും വന്ന ചോദ്യം പ്രായത്തെ കുറിച്ചോര്‍മ്മിപ്പിക്കുന്നത് കൂടിയായി.
"ങാ....പള്ളിക്കൂടം കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു.സേവനാനന്തരകാല പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല....തനിക്ക് വല്ല അഡ്...സോ.......അല്ല...അല്ല....ഉപദേശനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടോ ?" ജാള്യതയോടെ എന്തൊക്കെയോ മറച്ചുവച്ച്കൊണ്ട് മാസ്റ്റര്‍ പറഞ്ഞു.
"നോ...നോ....ഹൗ കാന്‍ ഐ അഡ്വൈസ് എ സീനിയര്‍ പേഴ്സണ്‍ ലൈക് യൂ..." എന്റെ വായില്‍ നിന്നും അല്‍പം ഇംഗ്ലീഷ് നുരയൊഴുകി.
മാസ്റ്റര്‍ വീണ്ടും മൗനം അവലംബിച്ചു.പതിവിന് വിപരീതമായുള്ള മാസ്റ്റെറുടെ മൗനം എന്നില്‍ എന്തോ പന്തികേടുണ്ടാക്കി.കൂടുതല്‍ സമയം കളയാതെ ഞാന്‍ മാസ്റ്ററോട് ഗുഡ്ബൈ ചൊല്ലി.
* *** ****** ****** * * * * * *
വൈകുന്നേരം ലംബോധരന്‍ മാസ്റ്റര്‍ തിരിച്ച് എത്തുമ്പോള്‍ ഞാന്‍ എന്റെ പൂമുഖപടിയില്‍ പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു.കാളിംഗ് ബെല്ലിന് അകമ്പടിയായി എത്തുന്ന Good evening dear എന്ന പ്രയോഗം അസൂയയോടെ എന്നും ഞാന്‍ കേട്ടിരുന്നു.അന്നും ഞാനാ സ്നേഹമന്ത്രണത്തിന് കാതോര്‍ത്തു.
"സുസായാഹ്നം പ്രിയതമേ...!!" പുത്തനഭിവാദ്യം എനിക്കെന്ന പോലെ മാസ്റ്ററുടെ ശ്രീമതിക്കും ദഹിച്ചില്ല എന്ന് തോന്നുന്നു.അന്തം വിട്ടു നിന്ന ശ്രീമതി ടീച്ചറെ നോക്കി ലംബോധരന്‍ മാഷ് അടുത്തവെടി പൊട്ടിച്ചു.
"വൈ ആര്‍ യൂ..... സോ....അല്ല..അല്ല...എന്താടീ നീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണേ...?'പതിവില്ലാതെ ശ്രീമതി ടീച്ചറോടുള്ള ചോദ്യത്തിലെ പന്തികേട് രാവിലെ എനിക്കനുഭവപ്പെട്ട പന്തികേടിനോട് സംകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയതിനാല്‍ ഞാന്‍ വീട്ടിനകത്തേക്ക് കയറി മാസ്റ്ററുടെ ബാക്കി ഡയലോഗ്ഗുകള്‍ ഞാന്‍ ശ്രദ്ധിച്ചു.
"വാട്ട്.....സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ സമയത്ത് വല്ല ട്രാന്‍സ്ഫറോ മെമ്മോയോ കിട്ടിയോ....അതോ ഹെഡ്മാസ്റ്റര്‍...." മാസ്റ്ററുടെ സ്വഭാവമാറ്റം ശ്രദ്ധിച്ച ടീച്ചര്‍ ചോദിച്ചു.
"ഇല്ലെടീ ഇല്ല....സ്ഥലമാറ്റമൊന്നും ഇല്ല....പ്രധാനാദ്ധ്യാപകന്‍ ഒന്നും പറഞ്ഞുമില്ല.....പക്ഷേ ഒരു പരിപത്രം തന്നു...."
"ങേ....താമ്രപത്രം എന്ന് കേട്ടിട്ടുണ്ട്...പരിപത്രം...? അതെന്ത് പത്രമാ...?"
"ങാ...അങ്ങനെ ഒരു പത്രം....നിവൃത്തി വേദനം കണക്കാക്കാന്‍ അടിസ്ഥാന ശമ്പളം , ക്ഷാമബത്ത. സ്ഥാനപനതാ ബത്ത, ഉത്സവ ബത്ത തുടങ്ങീ എല്ലാ ബത്തകളും കൂട്ടിവച്ച് എണ്ണിച്ചുട്ട് വാങ്ങുന്ന ഉലുവാ എത്രയെന്ന് എഴുതികൊടുക്കാന്‍ ഒരു പരിപത്രം...."
"ശ്ശൊ....അതങ്ങ് എഴുതിക്കൊടുക്കാനാണോ ഇത്ര പ്രയാസം...? അതും പരിപത്രവും തന്നിട്ട്...." ടീച്ചര്‍ക്ക് മനസ്സിലായില്ല.
"അതല്ലെടീ പ്രശ്നം....അത് കണക്കാക്കാന്‍ ഞാന്‍ പരികലനെ എല്ലായിടത്തും അന്വേഷിച്ചു...."
"ആരെ.....ആരെ.... അന്വേഷിച്ചൂന്ന്...?"
"പക്ഷേ...പരികലന്‍ സംഗണകന്‍ മുറിയിലായിരുന്നു...." ടീച്ചറുടെ ചോദ്യം കേള്‍ക്കാതെ മാസ്റ്റര്‍ തുടര്‍ന്നു.
"ങേ ....ദൈവമേ.." മാസ്റ്ററുടെ സംസാരത്തില്‍ പന്തികേട് തോന്നിയ ടീച്ചര്‍ ഫോണിനടുത്തേക്ക് ഓടി , റിസീവറെടുത്ത് ഏതോ നമ്പറില്‍ ആഞ്ഞ് കുത്തി.
"സംഗണാകാദ്ധ്യാപകന്‍ മുറി തുറന്നപ്പോള്‍ പരികലകനെ ..." ടീച്ചര്‍ പോയതറിയാതെ മാസ്റ്റര്‍ തുടര്‍ന്നു.
"ഡോക്ടര്‍....ഉടന്‍ ഇവിടം വരെ വരണം....മാഷ് എന്തൊക്കെയോ പിച്ചും പേയും പറയുന്നു....ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍....ങും....ങും...." റ്റീച്ചര്‍ ഡോക്ടര്‍ക്ക് ഫോണ്‍ ചെയ്തു.
"പരികലനില്‍ ഞാന്‍..."
അല്‍പസമയത്തിനകം മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. ഡോക്ടര്‍ കാറില്‍ നിന്നുമിറങ്ങിയതും ടീച്ചര്‍ ഓടിക്കിതച്ചെത്തി.
"ഇതുവരെ ഒരു കുഴപ്പവുമില്ലായിരുന്നു...സ്കൂള്‍ വിട്ട് വന്നതില്‍ പിന്നെ തുടങ്ങിയതാ..." ടീച്ചര്‍ ഒറ്റ ശ്വാസത്തില്‍ വിവരങ്ങല്‍ പറഞ്ഞു.
"good Evening" ഡോക്ടര്‍ ലംബോധരന്‍ മാസ്റ്റെറെ അഭിവാദ്യം ചെയ്തു.
"ങാ....ആരിത്? എന്താ പതിവില്ലാതെ ഇതുവഴി...?"
"ടീച്ചര്‍ കാള്‍ഡ് മീ ആന്റ് റ്റോള്‍ഡ് യൂ ആര്‍ അബ്നോര്‍മല്‍...സ്പീക്കിംഗ് അബ്നോര്‍മലി..."
"ഞാന്‍....ഞാന്‍ അസാധാരാണമായൊന്നും സംസാരിച്ചില്ലല്ലോ....പള്ളിക്കൂടത്തില്‍ ഇന്ന് നടന്ന ഒരു കാര്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...." ലംബോധരന്‍ മാസ്റ്റര്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
"ങാ..എന്ത് കാര്യം..?" ഡോക്ടര്‍ ചോദിച്ചു
"പ്രധാനാദ്ധ്യാപകന്‍ ഒരു പരിപത്രം തന്നു...."
"ങേ....പരിപത്രമോ...?.?"
"പരിപത്രം....എന്നു വച്ചാല്‍ സര്‍ക്കുലര്‍...(പറഞ്ഞ ശേഷം രണ്ട് തവണ മാസ്റ്റര്‍ മുറ്റത്തേക്ക് കാര്‍ക്കിച്ചു തുപ്പി)...എന്റെ നിവൃത്തി വേദനം കണക്കാക്കാന്‍ സ്ഥാനപനതാബത്തയും മറ്റും..."
"ങേ....എന്ത്...എന്ത്?"
"അതായത് പെന്‍ഷന്‍ കണക്കാക്കാന്‍ ഒഫീഷ്യേറ്റിംഗ് അലവന്‍സും (വീണ്ടും മാസ്റ്റര്‍ നാല് തവണ കാര്‍ക്കിച്ചു തുപ്പി) മറ്റും എഴുതി കൊടുക്കാന്‍ പറഞ്ഞു.അത് നല്‍കാന്‍ ഞാന്‍ പരികലകനെ അന്വേഷിച്ചപ്പോള്‍ അത് സംഗണക മുറിയില്‍ ...."
"വാട്ട്...മൈ ഗോഡ്..." ഡോക്ടറും റ്റീച്ച്രും ഒരുമിച്ചലറി.
"ശ്ശൊ.....നിങ്ങളൊക്കെ ഭൂമി മലയാളത്തിലല്ലേ വസിക്കുന്നത് ? നേരെ ചൊവ്വെ മലയാളം പറയാനും സമ്മതിക്കില്ലല്ലോ....കാല്‍കുലേറ്റര്‍ അന്വേഷിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ മുറിയിലാണെന്ന് ..." അല്‍പം ദ്വേഷ്യത്തോടെ പറഞ്ഞ് മാസ്റ്റര്‍ വീണ്ടും നാല് തവണ കാര്‍ക്കിച്ചു തുപ്പി.
"ഈ വിവരം ഞാന്‍ സഹധര്‍മിണിയോട് പറയുകയായിരുന്നു...അതിനിടയിലാണ് താങ്കള്‍ ഇങ്ങോട്ട് വന്നത്..."
"ഓഹോ....ശരി...ശരി.." ഡോക്ടര്‍ക്ക് സംഗതി പിടികിട്ടി.
"എന്നാ പിന്നെ ഞാനിറങ്ങട്ടെ....." ജാള്യതയോടെ നില്‍ക്കുന്ന ടീച്ചറെ നോക്കി ഡോക്ടര്‍ യാത്ര പറഞ്ഞു.
'മലയാളത്തിന്റെ മാഞ്ഞാളം....' പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്ന ടീച്ചറെയും സംഭവിച്ചതെന്തന്നറിയാതെ ഇരിക്കുന്ന ലംബോധരന്‍ മാസ്റ്ററെയും വീക്ഷിച്ചിരുന്ന എന്റെ മനസ്സ് മന്ത്രിച്ചു.
Thursday, August 16, 2007
കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം'
പാരമ്പര്യമായി ഫുള്‍ടൈം 'വെള്ള'ത്തിലായതിനാലാവും കുട്ടപ്പേട്ടന്റെ കുടുംബപേരായിരുന്നു നല്ലതണ്ണി.സ്വാതന്ത്ര്യദിനത്തില്‍ ഡബിള്‍ഫുള്‍ വീശി സ്വാതന്ത്ര്യം നന്നായി ആഘോഷിക്കാനുള്ള പുറപ്പാടിലാണ് കുട്ടപ്പേട്ടന്‍.
"ഡേ.....എല്ലാരും ഒന്നെന്റെ ചുറ്റും കൂടി നിന്നേ..." ആടി ഉലയുന്ന കുട്ടപ്പേട്ടന്‍ പറഞ്ഞു.
"എന്താ....കാറ്റടിക്കുമ്പം വീഴാതിരിക്കാനാണോ..?" ആരോ ചോദിച്ചു.
"ഫൂ...ഒരു സ്വാതന്ത്ര്യദിന സന്ദേശം തരാനാ.....അങ്ങ് ദൂരെ...ദൂരെ...." ദൂരേക്ക് കൈ ചൂണ്ടിയ കുട്ടപ്പേട്ടന്‍ ബാക്കി കിട്ടാതെ തപ്പിത്തടഞ്ഞു.
"ദൂരെ...ദൂരെ എന്താ..?" കുട്ടപ്പേട്ടന്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയവര്‍ ചോദിച്ചു.
"ദൂരെ..ദൂരെ കിണ്ടി...ആ....കിട്ടി....ചെങ്കോട്ടയില്‍ ലാല്‍സലാം മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നതാരാടോ ?" കുട്ടപ്പേട്ടന്റെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി.
"കൂശ്മാണ്ഠങ്ങള്‍.....ഒരു മിനറല്‍ നോളജും ഇല്ല....മുക്യമന്ത്രി അവുല്‍ഫക്കീര്‍ മന്മോഹന്‍സിംഗ്...മൂപ്പര് എന്താ ചെങ്കോട്ടയില്‍ തന്നെ പതാക ഉയര്‍ത്തുന്നത് എന്നറിയോ ?" എല്ലാവരും വീണ്ടും മിഴിച്ച് നിന്നു.
"ഫൂ ....അതും അറ്യാത്ത കാട്മണ്ഠുകള്‍..പുള്ളി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ചെങ്കോട്ട....അതോണ്ട്...." കുട്ടപ്പേട്ടന്‍ വിശദീകരിച്ചു.
"ഓഹോ"
"അതുപോലെ നമ്മള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ഇത്...." കള്ള്ഷാപ്പ് ചൂണ്ടിക്കൊണ്ട് കുട്ടപ്പേട്ടന്‍ പറഞ്ഞു.
"അവിടെ അതാ.....ആ കാണുന്ന കൊടി ഉയര്‍ത്തിയത് ആരാന്നറിയോ..? ഈ നല്ലതണ്ണി കുട്ടപ്പന്‍.." ഷാപ്പിന്റെ ഓലമറയില്‍ തിരുകിവച്ച ചെറിയൊരു പതാക ചൂണ്ടിക്കാണിച്ച് നെഞ്ചില്‍ ശക്തിയിലടിച്ച് കുട്ടപ്പേട്ടന്‍ പറഞ്ഞു.
"അപ്പോ...ഞാനാരാ..? പ്രധാനമന്ത്രി നല്ലതണ്ണി കുട്ടപ്പന്‍..ഈ പ്രധാനമന്ത്രിക്ക് സംരക്ഷണം നല്‍കാനാടോ നിന്നോടെല്ലാം എന്റെ ചുറ്റും കൂടി നില്‍ക്കാന്‍ പറഞ്ഞത്.....മനസ്സിലായോ -----------ന്റെ മക്കളേ...." കൂടുതല്‍ തെറി വായില്‍നിന്നും പുറപ്പെടുന്നതിന് മുമ്പ് കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം' കേട്ടവര്‍ ഉടന്‍ പിരിഞ്ഞുപോയി ..
Tuesday, August 14, 2007
ദിശയും ഉദ്ദേശവും
"തിരുമേനീ എങ്ങോട്ടാ...?" നമ്പൂരിയുടെ എതിരെ വന്ന രാമേട്ടന്‍ ചോദിച്ചു
"വടക്കോട്ടാ..." നമ്പൂരിയുടെ ഉത്തരം ഉടന്‍ വന്നു.
"ഉം...എന്താ ഉദ്ദേശം..?"
"എങ്കി തെക്കോട്ടാവാം...അപ്പോ നമുക്കും രാമന്റെ അതേ ഉദ്ദേശം തന്നെ ആവൊല്ലോ....എന്താ രാമന്റെ ഉദ്ദേശം ? " ചെറുചിരിയോടെ രാമേട്ടന്റെ അതേ ദിശയില്‍ തിരിഞ്ഞുനടന്നുകൊണ്ട് നമ്പൂരി ചോദിച്ചു.
പൂച്ചകുഞ്ഞിന്റെ മരണം - ഒരന്വേഷണ ഗാഥ
അയല്‍പക്കത്തെ കുടിയേറ്റക്കാരന്‍ പൂച്ചകുഞ്ഞ് ചത്തു.കുട്ടികള്‍ ചുറ്റും കൂടി.DPEP യുടെയും SSA യുടെയും അനന്തരഫലങ്ങള്‍ കുട്ടികളില്‍ നിന്നും പതഞ്ഞുപൊങ്ങാന്‍ തുടങ്ങി.
"പൂച്ചമ്മ പാല് കൊടുക്കാത്തത് കൊണ്ടാ കുഞ്ഞ് ചത്തത്..." അല്‍താഫ് ആദ്യ മരണക്കുറിപ്പ് ഇറക്കി.
"പോടാ അതൊന്നുമല്ല..." ശഹാമ അല്‍താഫിനെ പിന്താങ്ങിയില്ല.
"എങ്കി നീ പറ...എങ്ങനെയാ ചത്തതെന്ന്...." അല്‍താഫും വിട്ടില്ല.
"അത്.....പൂച്ചകുഞ്ഞിന് ആയുസ്സില്ലാത്തതുകൊണ്ട്..." ചിരിയുടെ അകമ്പടിയോടെ ശഹാമ പറഞ്ഞു.
"പോടീ ....വിറ്റടിക്കാതെ..." ഉണ്ണി ഇടയില്‍ കയറി.
"ആ...എങ്കില്‍ നീ പറയെടാ.....മരണകാരണം..."ശഹാമ ഉണ്ണിയുടെ നേരെ തിരിഞ്ഞു.
"പൂച്ചകുഞ്ഞ് മഴയത്ത് ജോണ്‍സ് കുട ചൂടാത്തത്‌കൊണ്ട്..." ഉണ്ണി തന്റെ സ്റ്റാന്റ് അവതരിപ്പിച്ചു.
"ഫൂ......ജഗദീശ് ബിറ്റ്.....വളിപ്പ്...." ആരൊക്കെയോ വിളിച്ചു പറഞ്ഞു.
അപ്പോഴേക്കും ലുലുവും ഫാത്തിമയും കുശുകുശുത്തു.ശേഷം അവര്‍ ഒരുമിച്ച് പറഞ്ഞു.
"ഞങ്ങള്‍ പറയാം..."
"ഓ....കേള്‍ക്കട്ടെ....പെണ്ണുങ്ങളുടെ അഭിപ്രായം...." അല്‍താഫും ഉണ്ണിയും മൊഴിഞ്ഞു.
"അതോ...അത്...കടക്കെണിമൂലം ആത്മഹത്യ ചെയ്തതാ...." ചിരിച്ചുകൊണ്ട് ലുലുവും ഫാത്തിമയും പറഞ്ഞു.
"കൂയ്..കൂയ്...അതൊന്നുമല്ല..." കൂട്ടത്തില്‍ ഏറ്റവും പയ്യനായ റയീസിന്റെ ശബ്ദമുയര്‍ന്നു.
"ആ...എങ്കില്‍ നീ പറാ.." എല്ലാവരും റയീസിന്റെ നേരെ തിരിഞ്ഞു.
"അതോ...പൂച്ചകുഞ്ഞ് ചത്തത് പുര്‍ക്ക* കടിച്ച് 'മട്ടന്‍ കെനിയ' എന്ന സൊക്കേട്* പിടിച്ചാ!!!
"******************************
പുര്‍ക്ക = കൊതുക്
സൊക്കേട് = അസുഖം
Sunday, August 12, 2007
രണ്ടാം ലൊകമഹായുദ്ധം മൂന്നാം ദിവസം സംഭവിച്ചത് !!!
തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രിപ്പേര്‍ ചെയ്യാതെയാണ് ചരിത്രാധ്യാപകനായ നൌഷാദ് മാസ്റ്ററ്‍ ട്യൂഷന്‍ ക്ലാസ്സിലെത്തിയത്.രണ്ടാം ലൊകമഹായുദ്ധത്തെപ്പറ്റിയുള്ള ക്ലാസ്സ് മൂന്നാം ദിനത്തിലേക്ക് നീട്ടി എടുക്കുകയാണ്.
"ജപ്പാനിലെ ഹിരൊഷിമക്ക് മുകളിലൂടെ ബൊംബ് നിറച്ച അമേരിക്കന്‍ വിമാനം വട്ടമിട്ട് പറന്നു.... " കുട്ടികളെ ആകാംക്ഷാഭരിതരാക്കാന്‍ വേണ്ടി നൌഷാദ് മാസ്റ്ററ്‍ വീണ്ടും പറഞ്ഞു.
തൊട്ടപ്പുറത്ത് ഒഫീസ് മുറിയില്‍ മൂന്നാം ദിവസവും ഇത് കേട്ട് കൊണ്ടിരുന്ന പ്രിന്‍സിപ്പാള്‍ മന്‍സൂറ്‍ മാസ്റ്ററ്‍ ചുമരിന് മുകളിലൂടെ എത്തി നൊക്കി കൊണ്ട് ഒരു ഒര്‍ഡര്‍ -
"നൌഷാദേ....ഇനി ആ ബൊംബങ്ങ് ഇട്ടേക്ക്....മൂന്ന് ദിവസമായി വിമാനം ഹിരൊഷിമയുടെ മുകളില്‍ ചുറ്റിപ്പറക്കാന്‍ തുടങ്ങിയിട്ട്.!.!. "
സൈക്കിളില്‍ നിന്ന് വീണ ചിരിയൊടെ നൌഷാദ് മാസ്റ്റെരും ഞങ്ങളുറ്റെ കൂട്ടച്ചിരിയില്‍ പങ്കുകൊണ്ടു.
