Pages

Tuesday, February 17, 2009

ഫ്ളുവന്‍സിയുടെ രഹസ്യം

"An ant....an apple...an aeroplane....an arrow...." എണ്റ്റെ LKG ക്കാരി മകള്‍ പുസ്തകമെടുത്ത്‌ വായിച്ചു കൊണ്ടിരിക്കുകയാണ്‌.

'ഹൊ...ഇത്ര ചെറുപ്പത്തിലേ ഇതെല്ലാം പഠിക്കാനോ?അതും കേരള സിലബസ്സില്‍ പഠിച്ചിട്ട്‌ ഇത്ര ഫ്ലുവണ്റ്റ്‌ ആയി...' നാലാം ക്ളാസ്സില്‍ വച്ച്‌ ആദ്യമായി ഇംഗ്ളീഷ്‌ അക്ഷരങ്ങള്‍ കണ്ട എനിക്ക്‌ ആശ്ചര്യം തോന്നി.

"ഓ...ഭയങ്കര പഠിത്തമാണല്ലോ....ant എന്ന് പറഞ്ഞാലെന്താ?"മൂത്തവള്‍ ഇളയവളോട്‌ ചോദിച്ചു.

"എറ്‌മ്പ്‌"

"കറക്ട്‌.... അപ്പോള്‍ അമ്പിന്‌ എന്താ പറയാ?"അവളുടെ അടുത്ത ചോദ്യം

ഇത്തവണ LKGക്കാരി ചെറുതായി പരുങ്ങി - ഉത്തരം വായില്‍ തത്തിക്കളിച്ചിട്ടും പുറത്തേക്ക്‌ വരാത്തത്‌ പോലെ.

"വേഗം പറ....അമ്പിനെന്താ പറയാ?" മൂത്തവള്‍ ധൃതി കൂട്ടി.

"നിക്ക്‌...നിക്ക്‌....ഞാന്‍ ചൊല്ലി നോക്കട്ടെ!!An ant....an apple...an aeroplane....an arrow....ആ...കിട്ടി....കിട്ടി....arrow!!!"

അപ്പോഴാണ്‌ LKG ഇംഗ്ളീഷ്‌ വായനയുടെ ഫ്ലുവന്‍സിയുടെ രഹസ്യം ഞാന്‍ മനസ്സിലാക്കിയത്‌.

Thursday, February 12, 2009

സ്വപ്നസാക്ഷാല്‍ക്കാരത്തിണ്റ്റെ രണ്ടാംഘട്ടം

അത്യുന്നതനായ ദൈവത്തിന്‌ വീണ്ടും സ്തുതി.10/2/2009ചൊവ്വാഴ്ച, ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിണ്റ്റെ മുകള്‍നിലയുടെ മെയിന്‍സ്ളാബിണ്റ്റെ വാര്‍ക്കല്‍ കഴിഞ്ഞു.അങ്ങിനെ ഒരു സ്വപ്നത്തിണ്റ്റെ രണ്ടാംഘട്ടവും സാക്ഷാല്‍കൃതമായി.സാമ്പത്തികമായി സഹായിച്ച ബന്ധുക്കളേയും സുഹൃത്തുക്കളേയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം സര്‍വ്വശക്തനായ ദൈവം അവര്‍ക്ക്‌ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥ പ്രതി ആര്‌?

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ബസ്സില്‍ നാട്ടിലേക്ക്‌ പോകുകയായിരുന്നു.താമരശേരിയില്‍ നിന്നും അരീക്കോട്ടേക്കുള്ള ബസ്‌ കയറിയ ഞാന്‍ ആദ്യം കണ്ട ഒഴിഞ്ഞ സീറ്റില്‍ ചെന്നിരുന്നു.മൂന്ന്‌ പേര്‍ക്കിരിക്കാവുന്ന ആ സീറ്റില്‍ ഒരു മുതിര്‍ന്ന ആളും ഒരു കുട്ടിയുമാണ്‌ ഇരുന്നിരുന്നത്‌.എന്നിട്ടും വണ്ണം കുറഞ്ഞ ഞാന്‍ ചെന്നിരുന്നപ്പോള്‍ എനിക്കവിടെ ഇരിക്കാന്‍ വളരെ പ്രയാസം തോന്നി.അതിനാല്‍ മുമ്പില്‍ ഡോറിനടുത്ത്‌ ഒരാള്‍ മാത്രമിരിക്കുന്ന സീറ്റിലേക്ക്‌ ഞാന്‍ മാറിയിരുന്നു.അദ്ദേഹമാകട്ടെ തണ്റ്റെ കയ്യിലുള്ള ഒരു ബാഗ്‌ സീറ്റില്‍ വച്ചാണ്‌ ഇരിക്കുന്നത്‌!ഞാന്‍ സീറ്റില്‍ ഇരുന്നിട്ടും അയാള്‍ ബാഗ്‌ എടുത്തില്ല.അല്‍പം ഞെരുങ്ങി ഇരിക്കേണ്ടി വന്നെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.

ബസ്‌ അരീക്കോട്‌ എത്താനായപ്പോഴാണ്‌ സ:പിണറായി വിജയണ്റ്റെ നവകേരള മാര്‍ച്ച്‌ അരീക്കോട്ടെത്തുന്നത്‌.അത്‌ കാണാനായും ബസില്‍ നിന്ന്‌ ഇറങ്ങാനായും ഞാന്‍ സീറ്റില്‍ നിന്ന്‌ എണീറ്റു.അപ്പോള്‍ പിന്നില്‍ നിന്നും ഒരാള്‍ ഓടി വന്ന്‌ എന്നോട്‌ ചോദിച്ചു.

"ഇറങ്ങുകയാണോ?"

ഞാന്‍ അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി.ഉടന്‍ അയാള്‍ ആ സീറ്റില്‍ ഇരുന്നു.സീറ്റിലെ ഞെരുക്കം അനുഭവപ്പെട്ട അയാള്‍ ഒപ്പം ഇരിക്കുന്ന ആളുടെ ബാഗ്‌ സീറ്റില്‍ വച്ചത്‌ കണ്ടു.അയാളോട്‌ ബാഗ്‌ എടുത്ത്‌ മാറ്റാന്‍ ആവശ്യപ്പെട്ടു.

"ഇത്‌ എണ്റ്റെ കൈ വയ്ക്കാനാ..." അയാള്‍ മറുപടി പറഞ്ഞു.

"ങേ!!കൈ വയ്ക്കാനോ?അതിനെന്തിനാ ബാഗ്‌?അതെടുത്ത്‌ മറ്റെവിടെയെങ്കിലും വച്ചാല്‍ ശരിക്കും ഇരുന്നു കൂടേ?"

"ഞാനത്‌ വെറുതെ വച്ചതല്ല...കൈക്ക്‌ സുഖമില്ലാത്തതുകൊണ്ട്‌ വച്ചതാ...നിങ്ങള്‍ക്ക്‌ സൌകര്യമില്ലെങ്കില്‍ ഇവിടെ ഇരിക്കണ്ട.അയാള്‍ ഇത്ര നേരം ഇവിടെ ഇരുന്നതാണല്ലോ?പിന്നെ നിങ്ങള്‍ക്ക്‌ മാത്രമെന്താ പ്രശ്നം?"

എന്നെ ചൂണ്ടിക്കൊണ്ട്‌ സീറ്റില്‍ ആദ്യം ഇരുന്നിരുന്ന ആള്‍ പറഞ്ഞു.

"ങാ...എന്നാല്‍ മിണ്ടാതിരിക്ക്‌.വായിലെ നാവ്‌ എന്ന സാധനം അടക്കി വച്ച്‌ സംസാരിക്കണം.അത്‌... "

പിന്നെ അവിടെ സംസാരം മുറുകുന്നതാണ്‌ ഞാന്‍ കേട്ടത്‌. ഞാന്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍, പുതുതായി അവിടെ ഇരുന്ന ആള്‍ ചെവി മൂടി കെട്ടിയിട്ടുണ്ട്‌.ഒപ്പമിരിക്കുന്നയാള്‍ക്ക്‌ ഒരു കൊട്ട്‌ കൂടി കൊടുത്തുകൊണ്ട്‌ അയാള്‍ വീണ്ടും പറഞ്ഞു.

"അനാവശ്യമായ ഒരു ശബ്ദവും കേള്‍ക്കാന്‍ വയ്യ....സംസാരം പോലും... "

സ്വാഭാവികമായും ബസ്സില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക്‌ ചില സംശയങ്ങള്‍ വന്നു.

ഇവിടെ യഥാര്‍ത്ഥ പ്രതി ആര്‌? ആദ്യം തന്നെ പ്രതികരിക്കാതിരുന്ന ഞാനോ? സീറ്റില്‍ വിശാലമായി ഇരുന്നതിനെ മാന്യമായി ന്യായീകരിക്കാത്ത യാത്രക്കാരനോ? അതോ വായിലെ നാവ്‌ അടക്കിവയ്ക്കണം എന്ന്‌ പറഞ്ഞ്‌ കൂടുതല്‍ സംസാരമുണ്ടാക്കിയ മറ്റേ യാത്രക്കാരനോ?

Wednesday, February 04, 2009

ങേ!!! ഇത്‌ സത്യമോ ?

"ങേ!!! "

"ഇത്‌ സത്യമോ ? "

"അതോ സത്യം പറഞ്ഞപോലെ അസത്യമോ?"

'ഒരു കള്ളനെ ഞാന്‍ പടി ഇറക്കി വിട്ടാണ്‌ ഈ സത്യവാനെ ഇവിടെ പിടിച്ചിരുത്തിയത്‌.

അവനും കള്ളം പറയുന്നുണ്ടോ?'

ഇന്ന്‌ രാവിലെ എണ്റ്റെ ബ്ളോഗിലെ ഹിറ്റ്‌ കൌണ്ടര്‍ കാണിച്ചത്‌ 30003എന്ന മാന്ത്രിക സംഖ്യ!!!(ഇത്രയും പേര്‍ ഇവിടെ വന്നു എന്ന്‌!!!)പക്ഷേ എണ്റ്റെ പോസ്റ്റുകളിലെ കമണ്റ്റുകളുടെ എണ്ണം നോക്കുമ്പോള്‍ എനിക്കിത്‌ വിശ്വാസം വരുന്നില്ല.(വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന്‌ ആത്മഗതം).

ഏതായാലും ഇനി ഒരു പെരുങ്കള്ളന്‍ വരുന്ന വരെ ഇവന്‍ തന്നെ ഇവിടെ ഇരിക്കട്ടെ അല്ലേ?

ബലേട്ടനും മക്കളും - 3

രണ്ടാഴ്ച മുമ്പാണ്‌ എണ്റ്റെ അയല്‍വാസി ബാലേട്ടണ്റ്റെ കുടുംബത്തിണ്റ്റെ ദുരവസ്ഥ (മദ്യപാനം മൂലമുള്ള) ഞാന്‍ ബൂലോകത്തിണ്റ്റെ മുന്നില്‍ വിവരിച്ചത്‌.അന്ന്‌ ശ്രീ. സാഗര്‍ പറഞ്ഞതനുസരിച്ച്‌ ബാലേട്ടനുമയി ഒന്ന്‌ സംസാരിച്ചാലോ എന്ന്‌ ഞാന്‍ ആലോചിച്ചു.പക്ഷേ മുന്‍കോപിയായ ബാലേട്ടനോട്‌ സംസാരിക്കാന്‍ എല്ലാര്‍ക്കുമെന്നപോലെ എനിക്കും ചെറിയൊരു ഭയം.എങ്കിലും ഞാന്‍ പറഞ്ഞാല്‍ ബാലേട്ടന്‍ ശ്രദ്ധിക്കുമെന്ന ആത്മവിശ്വാസത്തില്‍ ഒരവസരത്തിനായി ഞാന്‍ കാത്തു നിന്നു.

സര്‍വ്വീസ്‌ കാലയളവിണ്റ്റെ ഏകദേശം കാല്‍ ഭാഗത്തോളം സസ്‌പെന്‍ഷന്‍ വാങ്ങിയ ബാലേട്ടന്‍ സര്‍വ്വീസ്‌ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി കേസും കോടതിയുമായി നടക്കുകയായിരുന്നു.തടഞ്ഞ്‌ വച്ച ആനുകൂല്യങ്ങളില്‍ ചെറിയൊരു ഭാഗം രണ്ട്‌ മാസം മുമ്പ്‌ ബാലേട്ടന്‌ ലഭിച്ചു.ഇക്കഴിഞ്ഞ ആഴ്ച നല്ലൊരു സംഖ്യ കൂടി ബാലേട്ടന്‌ കിട്ടി.കുടുംബത്തില്‍ സന്തോഷം പടര്‍ത്തിയ അന്ന്‌ തന്നെ, സര്‍വ്വീസ്‌ ആനുകൂല്യമായി ലഭിക്കേണ്ട മറ്റൊരു വന്‍തുക കൂടി പാസ്സായ വിവരവും ലഭിച്ചു.

നല്ലൊരു ജോലി ഉണ്ടായിരുന്നിട്ടും മദ്യപാനവും കമ്പനി കൂടലും കാരണം സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട്‌ വാടകവീട്ടില്‍ താമസിച്ച്‌ വരേണ്ടി വന്നതിനാല്‍ തറവാട്ടിലെ മറ്റ്‌ കുടുംബങ്ങളില്‍ നിന്ന്‌ കടുത്ത അവമതി നേരിടാനായിരുന്നു ബാലേട്ടണ്റ്റേയും കുടുംബത്തിണ്റ്റേയും വിധി.സ്വന്തമായി ഒരു വീട്‌ പോലും ഇല്ലാത്തവര്‍ എന്ന അവഗണന പേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു ബാലേട്ടണ്റ്റെ ഭാര്യയും മക്കളും.ഈ അവസ്ഥക്ക്‌ അറുതിവരുത്താന്‍ ,പണം ലഭിച്ചതിണ്റ്റെ പിറ്റേന്ന്‌ തന്നെ ബാലേട്ടന്‍ വീട്‌ എന്ന സ്വപ്നവുമായി എഞ്ചിനീയറെ കാണാന്‍ പോയി.അന്ന്‌ തന്നെ നല്ലൊരു പ്ളാനുമായാണ്‌ ബാലേട്ടന്‍ തിരിച്ചെത്തിയത്‌.തീര്‍ച്ചയായും ആ തീരുമാനത്തില്‍ എനിക്കും വളരെ സന്തോഷം തോന്നി.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു വൈകുന്നേരം ഞങ്ങള്‍ അച്ഛമ്മ എന്ന്‌ വിളിക്കുന്ന ബാലേട്ടണ്റ്റെ ഭാര്യ വളരെ സന്തോഷത്തൊടെ എണ്റ്റെ ഭാര്യയുടെ അടുത്ത്‌ വന്ന്‌ പറഞ്ഞു.

"മോളെ....അവന്‍ വന്നു...അനി... !!"

"ങേ!!". എണ്റ്റെ ഭാര്യ ഞെട്ടി.കാരണം ഇനി അച്ഛണ്റ്റെ മൂക്കില്‍ പഞ്ഞി വയ്ക്കാനേ ഈ വീട്ടിലേക്ക്‌ കയറൂ എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോയതായിരുന്നു അനി.ഏതായാലും അവന്‍ തിരിച്ചു വന്നതില്‍ നൊന്തു പെറ്റ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

വിവാഹപ്രായം എത്തി നില്‍ക്കുന്ന മകള്‍ക്ക്‌ നല്ല നല്ല ആലോചനകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു.സ്വന്തം വീട്‌ എന്ന സ്വപ്നം ആദ്യം സാക്ഷാല്‍ക്കരിച്ച്‌ അതില്‍ കുറച്ച്‌ കാലം താമസിച്ചതിന്‌ ശേഷം മതി വിവാഹം എന്നാണ്‌ മകളുടെ അഭിപ്രായം.ഇത്രയും കാലം, വീടില്ലാത്തവര്‍ എന്ന അവഗണന എത്ര ആഴത്തില്‍ അവര്‍ അനുഭവിച്ചിരുന്നു എന്നതിണ്റ്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ മകളുടെ ഈ തീരുമാനത്തിണ്റ്റെ പിന്നില്‍ എന്ന്‌ വ്യക്തം.

ഏതായാലും എല്ലാം നല്ല നിലയിലേക്ക്‌ തിരിച്ചു വരുന്നു എന്നതിണ്റ്റെ ശുഭ സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.അയല്‍വാസി എന്ന നിലയില്‍ എനിക്കും ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.മദ്യം ഇനിയും ആ കുടുംബത്തില്‍ ദുരന്തം വിതക്കാതിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം.