രണ്ടര മാസത്തോളം പഠനം അവതാളത്തിലാക്കിയ നിര്‍മല്‍ മാധവ് വിഷയം അവസാനിക്കുന്നു എന്ന് എന്റെ കോളേജിലെ ഓരോ കുട്ടിയുടേയും മാതാപിതാക്കള്‍ ആശ്വസിക്കുമ്പോള്‍, മറ്റൊരു കോളേജിലെ കുട്ടികളുടെ മാതാപിതാക്കള്‍ ഒരു പേടിസ്വപ്നത്തിന്റെ വയ്ക്കിലാണ്.നിര്‍മല്‍ മാധവിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്ന പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളും രക്ഷിതാക്കളും ആണ് ഇനി ഈ കോളേജില്‍ എന്തെല്ലാം സംഭവിച്ചേക്കും എന്ന ആശങ്കയില്‍ നില്‍ക്കുന്നത്.എന്റെ സഹോദരിയുടെ മകള്‍ അവിടെ പഠിക്കുന്നതിനാല്‍ അവരും ആ പേടി പേറുന്നു.ഒരു പക്ഷേ ഒന്നും സംഭവിക്കാതെ നിര്‍മ്മല്‍ പഠനം പൂര്‍ത്തിയാക്കിയോ അല്ലാതെയോ പോയേക്കാം.എങ്കിലും ഒരു പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങള്‍ നിര്‍മ്മല്‍ വായിക്കുന്ന ഒരു രംഗം എന്റെ മനസ്സിലൂടെ കടന്നു പോകുന്നു.എന്തിനായിരുന്നു കേരളം മുഴുവന്‍ കലക്കിമറിച്ച ഈ കോലാഹലങ്ങള്‍ ?
യഥാര്‍ത്ഥത്തില്‍ നിര്‍മല്‍ മാധവിന്റെ അഞ്ചാം സെമസ്റ്റര്‍ പ്രവേശനത്തിലൂടെ ആരംഭിച്ച ഈ സമര പരമ്പരകളുടെ ഉത്തരവാദികള്‍ ആരൊക്കെയാണ് ? രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഇടതും വലതും ഇതില്‍ തുല്യ പങ്ക് വഹിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. നിര്‍മ്മലിന് പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട സര്‍ക്കാരാണ് എല്ലാവരുടെ കണ്ണിലും ഒന്നാം പ്രതി.മൂന്നാം സെമസ്റ്ററില്‍ വച്ച് ടി.സി വാങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഴമേറിയ ചിന്ത ആവശ്യമായിരുന്നു.മാത്രമല്ല മറ്റൊരു കോളേജില്‍ ഒന്നാം സെമസ്റ്ററില്‍ മറ്റൊരു വിഷയത്തിന് ചേര്‍ന്ന് പഠിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.കോളേജില്‍ ക്ലാസ് അറ്റന്റ് ചെയ്ത് നേരാം വണ്ണം എത്തിയ കുട്ടികള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ കടക്കാന്‍ അസ്സൈന്മെന്റ്,സീരീസ് ടെസ്റ്റ് തുടങ്ങീ അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഒരു പരീക്ഷയോ മറ്റോ നടത്തി ഈ വിദ്യാര്‍ത്ഥിക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കാം എന്ന സൂത്രം ഉന്നത വിദ്യാഭ്യാസരംഗത്തെ ആരുടെ തലയില്‍ നിന്ന് വന്നതാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.കാരണം ഇത്രയും സുന്ദരമായി കടന്നുകയറാന്‍ പറ്റുന്നതാണ് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ എങ്കില്‍ ഇങ്ങനെ പഠിച്ച് പുറത്ത് വരുന്ന എഞ്ചിനീയര്‍മാരുടെ ക്വാളിറ്റി എന്തായിരിക്കും?
ഇനി ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കോളേജില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പോ അല്ലെങ്കില്‍ പ്രവേശനം സ്ഥിരപ്പെടുത്തുന്നതിന് മുമ്പോ അതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും സിണ്ടിക്കേറ്റിന്റെ അംഗീകാരം ലഭിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിര്‍മ്മല്‍ മാധവ് അതും വളരെ എളുപ്പത്തില്‍ കൈവശമാക്കി.അന്ന് കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിലവിലിരുന്നത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒരു സിണ്ടിക്കേറ്റ് ആയിരുന്നു.എന്റെ ധാരണ ശരിയാണെങ്കില്‍ ഈ സിണ്ടിക്കേറ്റ് എങ്ങനെ ഈ അനുകൂല തീരുമാനം കൈകൊണ്ടു?അതല്ല ഈ പ്രവേശനം ഇവരാരും അറിയാതെ നടന്നതാണോ?
മൂന്നാം സെമസ്റ്ററില്‍ ടി.സി വാങ്ങിയ കുട്ടിയെ അതേ സെമസ്റ്ററിലേക്ക് തന്നെ പ്രവേശനം നല്‍കിയിരുന്നുവെങ്കില്‍ ഇത്രയധികം പൊല്ലാപ്പ് സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകുമായിരുന്നില്ല എന്ന പക്ഷക്കാരനാണ് ഞാന്‍.നിര്‍മ്മലിന്റെ റാങ്ക് പ്രകാരം സര്‍ക്കാര്‍ കോളേജില്‍ അഡ്‌മിഷന്‍ നല്‍കാമോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും അതെല്ലാം മാറ്റിവയ്ക്കാമായിരുന്നു.പക്ഷേ ഇത്രയും ലാഘവത്തോടെ ഈ സംഗതി കൈകാര്യം ചെയ്തത് നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന് കളങ്കമായി എന്ന് പറയാതിരിക്കാന്‍ വയ്യ.
നിര്‍മ്മലിനെതിരെ നടത്തിയ വിദ്യാര്‍ഥി സമരവും വളരെയധികം നീണ്ടുപോയി.യഥാര്‍ത്ഥത്തില്‍ ഈ സമരം കോളേജില്‍ നീട്ടിക്കൊണ്ടു പോകുന്നതിനോട് ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യം ഇല്ലായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.പകരം ഇതിന് അനുമതി നല്‍കിയ അധികാര കേന്ദ്രങ്ങളില്‍ ആയിരുന്നു ഈ സമരങ്ങള്‍ അരങ്ങേറേണ്ടിയിരുന്നത്.ഇപ്പോള്‍ സമരം കാരണം ബലിയാടായത് ഈ കോളേജിലെ 1200-ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.ഉന്നതാധികാരികളുടെ ശ്രദ്ധയില്പെടുത്താന്‍ സാധിക്കുന്ന ഒരു സമരം സംസ്ഥാനതലത്തില്‍ നടത്തിയിരുന്നെങ്കില്‍ അധികാരിവര്‍ഗ്ഗങ്ങളുടെ കണ്ണ് നേരത്തെ തുറപ്പിക്കാന്‍ സാധിക്കുമായിരുന്നു.ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ ഈ പ്രവേശനം നടന്നയുടനെത്തന്നെ എടുപ്പിക്കാനും സാധിക്കുമായിരുന്നു.ഒട്ടേറെ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ഈ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും വലിയ ഒരു പാളിച്ച സംഭവിച്ചു? എന്തുകൊണ്ട് സംസ്ഥാന നേതൃത്വം ഈ സമരത്തിന് വലിയപ്രാധാന്യം നല്‍കിയില്ല?സ്വാഭാവികമായും ഇടതുപക്ഷത്തിനും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ അലംഭാവം തന്നെ തെളിവാണ്.
ഇത്രയും കോലാഹലങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സ്ഥിതിക്ക് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത് ഈ വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം തന്നെയാണ്.തന്റെ പ്രവേശനം തുടര്‍ന്ന് പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ട് തന്നെയായിരുന്നു എന്ന് തെളിയിക്കേണ്ടത് നിര്‍മ്മലിന്റെ കൂടി ഉത്തരവാദിത്വമാണ്.ഇനിയെങ്കിലും ശാന്തമായ അന്തരീക്ഷത്തില്‍ പഠിച്ച് നല്ല മാര്‍ക്കോടെ നിര്‍മ്മല്‍ മാധവ് പുറത്ത് വരും എന്ന് ഗ്യാരണ്ടിയില്ലെങ്കില്‍, രണ്ടര മാസം വെസ്റ്റ്‌ഹില്‍ ഗവ:എഞ്ചിനീയറിംഗ് കോളേജിലെയും ശേഷം നിര്‍മ്മലിനെ ഇപ്പോള്‍ മാറ്റിയ കോളേജിലേയും വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരും നിര്‍മ്മലും ചെയ്യുന്ന അപരാധമായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
Thursday, October 13, 2011
Tuesday, October 11, 2011
കണ്ണൂര്‍ സൈബര്‍ മീറ്റ് - വൈകി വന്ന പോസ്റ്റ്.
കെന്നഡി വധവും ലിങ്കണ്‍ വധവും തമ്മിലുള്ള രസകരമായ സാമ്യതകള്‍ ഈ അടുത്ത് ഞാന്‍ വായിക്കുകയുണ്ടായി. ഇതേപോലെ എന്റെ തുഞ്ചന്‍പറമ്പ് മീറ്റും കണ്ണൂര്‍ സൈബര്‍ മീറ്റും തമ്മില്‍ ചില സാമ്യതകള്‍ ഉണ്ടായിരുന്നു.തുഞ്ചന്‍പറമ്പ് മീറ്റിന് ഞാന്‍ എത്തുന്നത് ഒരു എന്‍.എസ്.എസ് ക്യാമ്പ് കഴിഞ്ഞ് പിറ്റേന്ന് ആയിരുന്നു.കണ്ണൂര്‍ സൈബര്‍ മീറ്റ് കഴിഞ്ഞ് ഞാന്‍ പോയത് ഒരു എന്‍.എസ്.എസ് ക്യാമ്പിലേക്കായിരുന്നു.തലവേദനയും കൊണ്ടാണ് തുഞ്ചന്‍പറമ്പ് മീറ്റിന് ഞാന്‍ എത്തിയതെങ്കില്‍ ചുമയും പനിയും തലവേദനയും കൊണ്ടാണ് കണ്ണൂര്‍ മീറ്റില്‍ പങ്കെടുത്തത്.തുഞ്ചന്‍പറമ്പ് മീറ്റ് വിഷുസദ്യയുടെ കെട്ട് വിടുന്ന ദിവസമായിരുന്നെങ്കില്‍ കണ്ണൂര്‍ മീറ്റ് ഓണസദ്യയുടെ കെട്ട് വിട്ട ദിവസമായിരുന്നു!
ബ്ലോഗില്‍ ഹരിശ്രീ കുറിച്ചതിന്റെ ആദ്യവര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ പ്രചരണാര്‍ത്ഥം ബ്ലോഗ് അക്കാഡമിയുമായി സഹകരിച്ച് സൌജന്യ ബ്ലോഗ്‌ശില്പശാലകള്‍ സംഘടിപ്പിച്ച് നടന്നിരുന്ന കാലത്ത് ഇതേ ജവഹര്‍ ലൈബ്രറിയില്‍ വച്ച് നടന്ന ശില്പശാലയുടെ മധുരസ്മരണകള്‍ അയവിറക്കികൊണ്ടാണ് ഇടതിന്റെ കോട്ടയായ കണ്ണൂരില്‍ ഞാന്‍ വലതു കാല്‍ വച്ചത്. മലയാളത്തിലെ യുവസാഹിത്യകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ പരിചയപ്പെട്ടതും ആ ശില്പശാലയില്‍ വച്ചായിരുന്നു.അന്ന് നിറഞ്ഞ് തുളുമ്പിയ ഹാള്‍ ഇത്തവണ വളരെ ശുഷ്കമായി.
എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം തുഞ്ചന്മീറ്റിനെക്കാളും കൂടുതല്‍ ബ്ലോഗര്‍മാരെ നേരിട്ട് കണ്ട് പരിചയപ്പെടാനും അടുത്തിടപഴകാനും കണ്ണൂര്‍ മീറ്റില്‍ സാധിച്ചു എന്നത് നിറഞ്ഞ സന്തോഷം തരുന്നു.അതിലുമേറെ സന്തോഷം തന്നത് ഈ വിര്‍ച്വല്‍ ലോകത്ത് വച്ച് പരിചയപ്പെട്ട , എന്റെ ബാപ്പയോട് സാദൃശ്യം തോന്നുന്ന ഹാറൂണ്‍ക്കയെ (ഒരു നുറുങ്ങ്) അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു എന്നതാണ്.നട്ടെല്ല് തകര്‍ന്ന് കിടപ്പിലായവര്‍ക്കുള്ള സാന്ത്വനദൂതുമായി എവിടെയും എത്തിച്ചേരുന്ന, നട്ടെല്ലിന് ക്ഷതം സംഭവിച്ച ഹാറൂണ്‍ക്ക നമ്മിലോരോരുത്തര്‍ക്കും പ്രചോദനമാണ്, വഴികാട്ടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടി വന്നപ്പോള്‍ തന്റെ ആ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്ലോഗില്‍ നിന്നും അല്പം വിട്ടു നില്‍ക്കേണ്ടി വന്ന ഹാറൂണ്‍ക്കക്ക് സന്തോഷമേകുന്നതായിരുന്നു ബൂലോകരുടെ സന്ദര്‍ശനം.ശരീഫ്‌ക്ക,നാമൂസ്,സമീര്‍ തിക്കോടി,ശ്രീജിത്ത് കൊണ്ടോട്ടി, വാല്യക്കാരന്‍ , നൌഷാദ് വടക്കേല്‍ എന്നിവരും എന്റെ പിന്നാലെ ഹാറൂണ്‍ക്കയുടെ വീട്ടിലെത്തി.
ഹാറൂണ്‍ക്കയോട് മീറ്റ് വിശേഷങ്ങളും ബ്ലോഗിതര വിശേഷങ്ങളും പങ്കുവച്ച് ഏകദേശം അരമണിക്കൂര്‍ ഞങ്ങളവിടെ ചെലവഴിച്ചു.യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയും “സഹറി”ല്‍ എത്തും (ഇന്‍ഷാ അല്ലാഹ്) എന്ന് പറയാനേ എല്ലാവര്‍ക്കും നാവുണ്ടായിരുന്നുള്ളൂ.കിടപ്പിലാണേങ്കിലും ഹാറൂണ്‍ക്കയുടെ ആതിഥ്യമര്യാദ അത്രയും ആകര്‍ഷകമായിരുന്നു.
(മടക്കയാത്രയിലെ സംഭവ ബഹുലമായ വിശേഷങ്ങള്‍ ഉടന്‍ വരുന്നു...)
വാല്‍: അതിഥി ദേവോ ഭവ:

Monday, October 10, 2011
പുതിയ ഉത്തരവാദിത്വം കൂടി....
പ്രിയപ്പെട്ടവരേ...
ഞങ്ങളുടെ കോളേജ് എന്‍.എസ് എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, എന്നെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ ജില്ലാ കോഡിനേറ്ററായി തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഈ രംഗത്ത് പ്രവര്‍ത്തിച്ചവരുടേയും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടേയും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Saturday, October 08, 2011
സമാധാനം എന്റെ വീട്ടിലും...
എന്റെ ചെറിയമോള്‍ക്ക് ഒന്നര വയസ്സായി. പിടിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.പക്ഷേ സ്വയം നടക്കാന്‍ ഒരു ധൈര്യക്കുറവ്.ദിവസം കഴിയുന്തോറും ഭാര്യക്ക് ചെറിയ തോതില്‍ പേടി കൂടിക്കൂടി വന്നു.
മോള്‍ക്ക് ഇടക്കിടെ ജലദോഷവും ചുമയും വരുന്നതിനാല്‍ ഹോമിയോ ഡോക്ടറുടെ അടുത്ത് എല്ലാ മാസവും ഒപ്പിടാറുണ്ട്.അങ്ങനെ കഴിഞ്ഞ ഒപ്പിടലില്‍, അവള്‍ ഡോക്ടറോട് കാര്യം പറഞ്ഞ് ഇതിനുള്ള മരുന്നും (കാത്സ്യം സപ്പ്ലിമെന്റ്) ഒപ്പിച്ചു.
എന്റെ പാരമ്പര്യം അനുസരിച്ച് നടത്തം ഇനിയും വൈകും എന്ന് നിരവധി തവണ ഞാന്‍ സൂചിപ്പിച്ചെങ്കിലും ഈ പെണ്ണുങ്ങള്‍ക്കുണ്ടോ ഇതൊക്കെ തലയില്‍ കയറുന്നു?അയലത്തെ ചക്കിയുടെ കുട്ടിയും റോഡുവയ്ക്കിലെ ആമിനുവിന്റെ കുട്ടിയും എന്തിനധികം നബീസുവിന്റെ എട്ടുമാസമായ കുട്ടിയും എണീറ്റ് നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്ക് എങ്ങനെ സമാധാനം കിട്ടാന്‍?
രണ്ട് ദിവസം മുമ്പ് എല്ലാവര്‍ക്കും സമാധാനമായി.മോള്‍ രണ്ട് സ്റ്റെപ് വച്ചു.അല്പം കഴിഞ്ഞ് ഒരാവേശത്തില്‍ പത്ത് സ്റ്റെപ്! അങ്ങനെ തനിക്കും നടക്കാന്‍ സാധിക്കും എന്ന് അവളുടെ ഉമ്മയുടെയും ഉപ്പയുടേയും മുമ്പില്‍ വ്യക്തമാക്കി.
പിറ്റേ ദിവസം ഒരൊറ്റ സ്റ്റെപ്പും വച്ചില്ല!ഇന്നലെ തലേ ദിവസത്തെ പലിശ അടക്കം ഒരു നെടുനീളന്‍ നടത്തം!!ഏതായാലും സമാധാനത്തിനുള്ള നോബല്‍ സമ്മാനം അങ്ങകലെ ഓസ്‌ലോയില്‍ പ്രഖ്യാപ്പിക്കുമ്പോള്‍ ഇവിടെ എന്റെ വീട്ടിലും അതിന്റെ കാറ്റ് അടിച്ചു കൊണ്ടിരുന്നു.

Thursday, September 08, 2011
ഓണം - ചില നഷ്ട ചിന്തകള്‍
തുമ്പപൂവും മുക്കുറ്റിയും കാക്കാപൂവും തേടി തൊടിയിലൂടെ അലഞ്ഞ ഒരു ബാല്യകാലം ഉണ്ടായിരുന്നു.എന്റെ വീട്ടില്‍ പൂക്കളം ഇടാനല്ല,അയല്‍വാസികളായ തട്ടാന്‍ കുടുംബത്തിന്റെ ഓണപ്പൂക്കളം തീര്‍ക്കാനായിരുന്നു ഈ അലയല്‍.ബാപ്പ പണ്ടുമുതലേ പലതരത്തിലുള്ള പൂച്ചെടികളും വീട്ടില്‍ നട്ടുപിടിപ്പിച്ചിരുന്നതിനാല്‍ ഓണക്കാലത്ത് വീട്ടില്‍ പൂക്കള്‍ സുലഭമായിരുന്നു.ചുവന്ന ചെമ്പരത്തിയും, വെളുത്ത ചെമ്പരത്തിയും, മുളക് ചെമ്പരത്തിയും, വെള്ള ഒടിച്ചുകുത്തിയും ,ചുവന്ന ഒടിച്ചുകുത്തിയും (അരിപ്പൂവ്),അശോക തെച്ചിയും മുറ്റത്തും തുമ്പപൂവും, മുക്കുറ്റിയും, കാക്കാപൂവും തൊടിയിലും പൂത്ത് പുളച്ച് നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.പൂക്കള്‍ പറിക്കാന്‍ ബാപ്പ ആരെയും സമ്മതിക്കില്ലായിരുന്നു.എന്നാല്‍ ഓണക്കാലത്ത് പൂക്കളിറുക്കാന്‍ അനുമതി ഉണ്ടായിരുന്നതിനാല്‍ നിഷിയും ബിനീഷും ലതയും പ്രസന്നയും ഹരിദാസനുമെല്ലാം പൂതേടി ഞങ്ങളുടെ വീട്ടില്‍ എത്തിയിരുന്നു.
എല്ലാവരുടെ കയ്യിലും പൂ ശേഖരിക്കാന്‍ തേക്കിന്റെ ഇല കൊണ്ടുണ്ടാക്കിയ കുമ്പിളുകളും ഉണ്ടായിരുന്നു.ഞങ്ങളും കുമ്പിള്‍ കുത്തി അവരുടെ കൂടെ പൂ ശേഖരിക്കും.ശേഖരിച്ച പൂക്കള്‍ അവര്‍ക്ക് കൈമാറും.വീടിന്റെ മുമ്പില്‍ ഉണ്ടായിരുന്ന(ഇപ്പോള്‍ അവിടെ മൂത്താപ്പയുടെ മക്കള്‍ വീടു വച്ചു) അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പില്‍ തുമ്പ പൂക്കള്‍ നിറയെ ഉണ്ടായിരുന്നു.ഒരു കുമ്പിള്‍ നിറയെ തുമ്പപ്പൂക്കളും മറ്റൊരു കുമ്പിള്‍ നിറയെ കാക്കാപൂവും ശേഖരിച്ച് അതിലേക്ക് എത്തി നോക്കുമ്പോള്‍ കണ്ണിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി ലഭിച്ചിരുന്നു.
ഞങ്ങളുടെ വീട്ടില്‍ നിന്നും ശേഖരിച്ച പൂക്കള്‍ കൊണ്ടുണ്ടാക്കിയ പൂക്കളങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നത് തിരുവോണ ദിനത്തില്‍ മാത്രമായിരുന്നു.കാരണം മെയിന്‍റോഡിന്റെ മറുവശത്തുള്ള അവരുടെ വീട്ടില്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയുള്ളത് ആ ദിവസം മാത്രമായിരുന്നു.അതും മുതിര്‍ന്നവരുടെ കൂടെ മാത്രം.ചാണകമെഴുകിയ മുറ്റത്ത് ചെമ്പരത്തി കൊണ്ട് ചുവന്ന അതിര്‍ത്തിയിട്ട കളത്തിനുള്ളില്‍ തുമ്പയും മുക്കുറ്റിയും കാക്കപൂവും തെച്ചിയും അരിപ്പൂവും ഉപയോഗിച്ചുള്ള പൂക്കളം നോക്കി ഞങ്ങള്‍ വിസ്മയം കൊണ്ടിരുന്നു.
ഇന്ന് ഞാന്‍ മേല്പറഞ്ഞ പൂക്കളില്‍ തെച്ചി ഒഴികെയുള്ള ഒരു പൂവും എന്റെ വീട്ടുമുറ്റത്തില്ല.കാലം കൊണ്ടുപോയ പ്രിയപിതാവിന്റെ കൂടെ അവയും പോയി.തൊടിയില്‍ പേരിന് പോലും ഒരു കാട്ടുപൂവും കാണുന്നില്ല.തുമ്പപൂവും മുക്കുറ്റിയും കാക്കാപൂവും എന്ത് തരം പൂക്കളാണെന്ന് മക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പോലും കഴിയാത്ത നിര്‍ഭാഗ്യാവസ്ഥയില്‍ ആണ് ഞാനടക്കമുള്ള പല മാതാപിതാക്കളും.
തൊടിയിലെ പൂക്കള്‍ അലങ്കരിച്ചിരുന്ന നമ്മുടെ ഓണക്കാല മുറ്റം ഇപ്പോള്‍ അന്യസംസ്ഥാനത്ത് നിന്നുള്ള പൂക്കള്‍ കയ്യേറിക്കഴിഞ്ഞു.വീട്ടുമുറ്റത്ത് ചെമ്പരത്തി ഉണ്ടെങ്കില്‍ പോലും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പൂക്കളുപയോഗിച്ചേ പൂക്കളം ഇടാവൂ എന്ന് ആരോ നിര്‍ബന്ധിക്കുന്ന പോലെ മലയാളി മാറിപ്പോയി.പാടത്തും പറമ്പിലും നടന്ന് പൂ ശേഖരിക്കുമ്പോള്‍ ലഭിച്ചിരുന്ന മാനസികോല്ലാസവും ആ ടീം സ്പിരിറ്റും നമ്മുടെ മക്കള്‍ക്ക് നഷ്ടമായി.ഇങ്ങനെ പോയാല്‍ ഓണവും ഇനി നമുക്ക് നഷ്ടമാവുമോ?
വാല്‍:എന്റെ മൂന്നാം ക്ലാസ്സുകാരി മോള്‍ അയല്പക്കത്തെ തൊടിയിലൂടെ നടന്ന് എന്തൊക്കെയോ പൂക്കള്‍ ശേഖരിച്ച് ഒരു പൂക്കളമിട്ടു.പിറ്റേ ദിവസം എന്റെ പഴയ ലാവണമായ കെ.എസ്.ഇ.ബി ഓഫീസിലെ പൂക്കളമത്സരം കാണാന്‍ ഞാന്‍ അവളെയും കൊണ്ടുപോയി.മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വര്‍ണ്ണാഭമായ പൂക്കള്‍ കൊണ്ടുള്ള പൂക്കളം കണ്ട് ആ കുഞ്ഞ് മനസ്സ് തന്റെ കാട്ടുപൂക്കളം നോക്കി സഹതപിച്ചു.പിറ്റേന്ന് ഞാനും അല്പം പൂ വാങ്ങി അവള്‍ക്ക് നല്‍കി.ആ മുഖത്തെ സന്തോഷം ഞാന്‍ തുമ്പപ്പൂ പറിച്ച് നടന്നിരുന്ന എന്റെ ബാല്യത്തെ ഓര്‍മ്മപ്പെടുത്തി.
ബൂലോകര്‍ക്ക് എന്റെയും കുടുംബത്തിന്റേയും 501 ഓണാശംസകള്‍.

Labels:
ഓര്‍മ്മ,
പ്രതിവാരക്കുറിപ്പുകള്‍,
ബാപ്പ,
സ്മരണകള്‍