Pages

Wednesday, May 23, 2007

അബുവും ആപ്പയും

വടക്കേ കണ്ടത്തിണ്റ്റെ അറ്റത്തുള്ള മുള്ളുവേലിയിലെ കടായിയുടെ* മുന്നിലെത്തി അബു ഒരു നിമിഷം നിന്നു. 'തിരിഞ്ഞു നോക്കണോ ?....മാണ്ട...ഇമ്മാണ്റ്റെ മോറ്‌* ഇഞ്ഞും കണ്ടാല്‍ ഒരു പച്ചേ ഈ യാത്ര ഇബടെ അവസാനിച്ചും.......ബാപ്പ ഉദ്ദേശിച്ചപോലെ ബല്ല്യ മന്‍സനാവാനുള്ള യാത്ര തൊടങ്ങാണ്‌.... ' വേലിക്കരികിലെ കമുകിനടുത്ത്‌ മെല്ലെ തലപൊക്കി നില്‍ക്കുന്ന പ്ളാവിന്‍തൈ കമുകിനോടടുപ്പിച്ച്‌ നിര്‍ത്തി പ്ളാവിന്‍ തയ്യിണ്റ്റെ ഉയരം ഒരു കരിങ്കല്‍ കഷ്ണം കൊണ്ട്‌ അബു കമുകില്‍ കോറിയിട്ടു. 'ഇഞ്ഞി ഞാന്‍ ബല്ല്യ മന്‍സനായി ബെരുമ്പോത്ത്ന്‌ ജ്ജും ബല്ല്യ പിലാവായി കൊറെ ചക്കട്ട്‌ തരണം' അബു വെറുതെ മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ കരിങ്കല്‍ കഷ്ണം തൊട്ടടുത്തുള്ള , ആച്ചുമ്മാത്തയുടെ പറമ്പിലെ പൊട്ടക്കിണറ്റിലേക്ക്‌ വലിച്ചെറിഞ്ഞു.അബുവിണ്റ്റെ മനസ്സ്‌ പോലെ കിണറ്റിനകത്ത്‌ നിന്ന്‌ എന്തൊക്കെയോ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടു. തങ്ങളുടെ പറമ്പിന്‌ അതിരിടുന്ന പോത്താഞ്ചീരി പാടത്തിണ്റ്റെ വീതിയേറിയ വരമ്പിലേക്ക്‌ അബു കയറി.വരമ്പിണ്റ്റെ അരികിലൂടെ മന്ദം മന്ദം ഒഴുകുന്ന വെള്ളത്തില്‍ കണ്ണാംചൂട്ടികള്‍* തൊട്ടുകളിക്കുന്നത്‌ അബുവിണ്റ്റെ കണ്ണിലൂടെ മിന്നി മറഞ്ഞു. വിശാലമായ പോത്താഞ്ചീരി പാടവും കടന്ന്‌ അബു കാട്ട്‌ലായി പാടത്തിണ്റ്റെ ഇടുങ്ങിയ വരമ്പിലേക്ക്‌ കയറി.ഇനി വടക്കോട്ട്‌ പോകണോ അതോ തെക്കോട്ട്‌ പോകണോ ? അബു ഒരു നിമിഷം ശങ്കിച്ചു നിന്നു. ' വടക്കോട്ടുള്ള വഴിയില്‍ പാടം കഴിഞ്ഞ്‌ ഒരു തോടുണ്ട്‌...അതിന്‌ കുറുകെ ഒരു ഒറ്റത്തടിപ്പാലം.പാലം കടന്നാല്‍ ആദ്യത്തെ വളവില്‍ തന്നെയുള്ള വീട്‌, വകയില്‍ ഒരു മൂത്താപ്പയുടേതാണ്‌.മൂത്താപ്പയും മൂത്തുമ്മയും പന്ത്രണ്ട്‌ മക്കളും അവിടെ സസുഖം വാഴുന്നു.അത്‌ വഴി പോയാല്‍ അവരാരെങ്കിലും കണ്ടാല്‍ ??അതുകൊണ്ട്‌ അത്‌ വഴി പോകണ്ട...... ' അബു നേരെ തെക്കോട്ട്‌ തിരിഞ്ഞു. 'ഇത്‌ വഴി പോയാലും...??പാടം കഴിഞ്ഞാല്‍ ഒരു കുണ്ടനിടവഴി....ഇടവഴിയിലൂടെ അപ്പുറം കയറിയാല്‍ വീണ്ടും ഒരു കമുകിന്‍ തോട്ടം...അത്‌ മുറിച്ച്‌ കടന്നാല്‍ റംലളേമയുടെ പറമ്പിണ്റ്റെ തെക്കേ അറ്റത്തുള്ള നടവഴി.എളേമ പറമ്പിലുണ്ടെങ്കി ഒരു ചെറ്യേ പൊള്ള്‌* പറ്യേണം...പച്ചപാവം എളേമ, എന്ത്‌ പറഞ്ഞാലും വിശ്വസിക്കും...ആപ്പ ഗള്‍ഫിലായതിനാല്‍ അദ്ദേഹം കാണുമെന്ന പേടി ഇല്ല.പക്ഷേ എളേമയുടെ മകന്‍ ആ കുഞ്ഞാണി എങ്ങാനും കണ്ടാല്‍ ...??ആ....ഒരു പൊള്ള്‌ കൂടി തട്ടി അവനെയും ഒഴിവാക്കാം....' ചിന്തയില്‍ മുഴുകിക്കൊണ്ട്‌ അബു നടന്നു. "ഭൌ....ഭൌ...." ഇടവഴി താണ്ടി കമുകിന്‍ തോട്ടത്തില്‍ കയറിയതും എവിടെ നിന്നോ ഒരു നായ അബുവിണ്റ്റെ നേരെ കുരച്ചു ചാടി.സര്‍വ്വശക്തിയും സംഭരിച്ച്‌ അബു ഓടി.മുമ്പ്‌ സൈനബക്ക്‌ വെള്ളത്തണ്ട്‌ ഒടിക്കാന്‍ രാമേട്ടണ്റ്റെ പറമ്പില്‍ കയറിയപ്പോള്‍ പട്ടി പിന്നാലെ കൂടിയതും വേലിയിലെ മുള്ള്‌ ചന്തിയില്‍ കോറിയതും അബുവിണ്റ്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു.റംലളേമയുടെ പറമ്പിണ്റ്റെ അറ്റത്തുള്ള നടവഴിയില്‍ എത്തിയപ്പോഴാണ്‌ അബുവിന്‍ ശ്വാസം നേരെ വീണത്‌. 'ഹാവൂ....ഇപ്പ്രാവശ്യവും രക്ഷപ്പെട്ടു.....ഈ ചെത്തലപ്പട്ടി*കളെക്കൊണ്ടുള്ള ശല്ല്യം.....ആ.....അതോണ്ട്‌ ബേം ഇങ്ങെത്താനായി....ഇനി എളേമാണ്റ്റെ പറമ്പും കൂടി കൂനിക്കുനിഞ്ഞ്‌ കടക്കണം....പിന്നെ ചെമ്മണ്‍ റോഡായി...റോട്ടിലും നേരെ കേറി നിക്കാന്‍ പറ്റൂലാ....ആരെങ്കിലും കണ്ട്‌ ചോയ്ച്ചാല്‍?തല്‍ക്കാലം റോട്ട്‌ വക്കിലെ പിലാവിണ്റ്റെ മറൂല്‌* നിക്കാം.....ഏതേലും കാളബണ്ടി ബെന്നാ ചാടിക്കേറണം.'പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ട്‌ അബു നടന്നു. നടവഴിയില്‍ കയറിയ ഉടനെ അബു റംലളേമയുടെ വീടിന്‌ നേരെ ഒന്ന്‌ തല ഉയര്‍ത്തി നോക്കി. 'വേലിപ്പടര്‍പ്പിനുള്ളിലൂടെ ഇങ്ങോട്ട്‌ കാണുംന്ന്‌ തോന്ന്ണ്‍ല്ല...ന്നാലും കുനിഞ്ഞ്‌ തെന്നെ നടക്കാം....ഏളേമയുടെ കള്‍ഫ്‌ പത്രാസ്സ്ള്ള ബീട്‌....ഈ നാട്ടിലെ ആദ്യത്തെ രണ്ടട്ടി ബീടാണ്‌.....രണ്ട്‌ ബര്‍സം* മുമ്പാ എളേമിം കുടുംബവും ഇങ്ങട്ട്‌ മാറ്യേത്‌...കുടീര്‍ക്കലും* കയിഞ്ഞ്‌ ആറാം ദെവസം ആപ്പ കെള്‍ഫ്ക്കെന്നെ പോയി....പിന്നെ ബെന്നോ ആവോ...ആ...ഞനും ആപ്പനെപ്പോലെ ഒര്‌ ബല്ല്യ ബീട്‌ ബെക്കും.....ന്നട്ട്‌ സൈനൂനെ മംഗലം കയ്ച്ച്‌..... ' "അല്ല... ഇതാര്‌..... അബുവോ .....?ഞാനിന്ന്‌ ഈ സമയത്ത്‌ ഇവിടെത്തുംന്ന്‌ അനക്‌ വഹ്യ്യ്‌* കിട്ട്യോ ?" ഇടവഴിയിലെ വളവ്‌ തിരിഞ്ഞ ഉടനെയുള്ള ശബ്ദം കേട്ട്‌ അബു ഞെട്ടിപ്പോയി. "ങേ....കെള്‍ഫിലുള്ള ആപ്പ... !!!" *************************(തുടരും) കടായി = മരം കൊണ്ടുള്ള ഗേറ്റ്‌ മോറ്‌ = മുഖം കണ്ണാംചൂട്ടികള്‍ = ഒരു തരം മത്സ്യം പൊള്ള്‌ = കള്ളം ചെത്തലപ്പട്ടി = തെണ്ടിപ്പട്ടി മറൂല്‌ = മറവില്‍ ബര്‍സം = വര്‍ഷം കുടീര്‍ക്കല്‍ = താമസം തുടങ്ങല്‍ വഹ്യ്യ്‌ = ദിവ്യസന്ദേശം

4 comments:

Areekkodan | അരീക്കോടന്‍ said...

'തിരിഞ്ഞു നോക്കണോ ?....മാണ്ട...ഇമ്മാണ്റ്റെ മോറ്‌* ഇഞ്ഞും കണ്ടാല്‍ ഒരു പച്ചേ ഈ യാത്ര ഇബടെ അവസാനിച്ചും.......ബാപ്പ ഉദ്ദേശിച്ചപോലെ ബല്ല്യ മന്‍സനാവാനുള്ള യാത്ര തൊടങ്ങാണ്‌.... '
അബു - സൈനബ - ഒമ്പതാം ഭാഗം

വല്യമ്മായി said...

:)

സു | Su said...

ആപ്പയെ കണ്ടപ്പോള്‍, യാത്ര അവിടെ അവസാനിച്ചു അല്ലേ?

shani said...

👍🏾👍🏾🤩

Post a Comment

നന്ദി....വീണ്ടും വരിക