Pages

Friday, June 06, 2008

അവസരങ്ങള്‍ കാത്തുനില്ക്കുകയില്ല

എന്റെ മോള്‍ പഠിക്കുന്ന സ്കൂളിന്‌ സ്വന്തമായി വാഹനം ഇല്ല..കുട്ടികള്‍ അധികപേരും സ്വന്തം ഏര്‍പ്പാടാക്കിയ ടാക്സികളിലും ഓട്ടോകളിലുമാണ്‌ വരുന്നത്‌.ഞാന്‍ സ്ഥലത്തെ പുതിയ താമസക്കാരനായതിനാലും അധ്യയനവര്‍ഷം തുടങ്ങിയ ശേഷം എത്തിയ ആളായതിനാലും മോള്‍ക്ക്‌ പോകാന്‍ ഓട്ടോ ഏര്‍പ്പാടാക്കാന്‍ സാധിച്ചില്ല.അതിനാല്‍ രാവിലെ അവളുടെ കൂടെ സ്കൂളില്‍ വരെ നടന്നുപോയി പിന്നെ ബസ്സില്‍ കോളേജില്‍ പോവുകയാണ്‌ എന്റെ പതിവ്‌. പലപ്പോഴും അവളെ സ്കൂളില്‍ വിട്ടു വരുമ്പോള്‍ മറ്റു കുട്ടികള്‍(പിഞ്ചുപിള്ളേരടക്കം) വാഹനത്തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നത്‌ ഞാന്‍ കാണാറുണ്ട്‌.സ്കൂളില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തവരോ ,അതല്ലെങ്കില്‍ എന്നെപ്പോലെ വൈകിയത്തിയവരോ അതുമല്ല അകമ്പടി സേവിക്കാന്‍ സാധിക്കാത്ത മാതാപിതാക്കളുടെ കുട്ടികളോ ആയിരിക്കാം അവര്‍ എന്ന ചിന്തയാണ്‌ അവരെക്കാണുമ്പോള്‍ എനിക്കുണ്ടാകുന്നത്‌.അതിനാല്‍ തന്നെ റോഡ്‌ മറുവശം കടക്കാന്‍ ആ കുട്ടികളെ ഞാന്‍ സഹായിക്കാറുണ്ടായിരുന്നു.പലപ്പോഴും അവരുടെ സഹായത്തിന്‌ പോലീസും ഉണ്ടാകും. ഒരു ദിവസം മോളെ സ്കൂളില്‍ വിട്ടു തിരിച്ചുപോരുമ്പോള്‍ റോഡില്‍ നല്ല വാഹനത്തിരക്കായിരുന്നു.മോളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ സാധിക്കാതെ മറുവശത്ത്‌ നില്‍ക്കുന്നത്‌ എന്റെ ശ്രദ്ധയില്‍പെട്ടു.ആ കുട്ടിക്ക്‌ എന്നെ അറിയാവുന്നതുകൊണ്ട്‌ സഹായാര്‍ത്ഥത്തില്‍ അവള്‍ പുഞ്ചിരിച്ചു.വാഹനത്തിരക്ക്‌ ഒഴിയാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുന്നതിനിടയില്‍ , അതേ സ്കൂളിന്റെ കോണ്‍വെന്റില്‍ താമസിക്കുന്ന ഒരു സിസ്റ്റര്‍ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ശ്രദ്ധയോടെ അവളെ മറുവശത്തെത്തിച്ചു.സിസ്റ്ററുടെ പ്രവൃത്തി എന്നെ ഹഠാദാകര്‍ഷിച്ചെങ്കിലും ഒരു കൈ സഹായം നല്‍കാനുള്ള എന്റെ അവസരം നഷ്ടപ്പെട്ടതില്‍ എനിക്ക്‌ ദു:ഖം തോന്നി. അവസരങ്ങള്‍ അങ്ങിനെയാണ്‌.അവ കാത്തുനില്‍ക്കുകയില്ല.മുന്നില്‍ വന്നു നില്‍ക്കുന്ന അവസരത്തെ പ്രയോജനപ്പെടുത്തുകയാണ്‌ വേണ്ടത്‌. നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോര്‍ത്ത്‌ വൃഥാ ദു:ഖിക്കാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ.മറ്റുള്ളവരെ സഹായിക്കാനും മറ്റും ലഭിക്കുന്ന അപൂര്‍വ്വാവസരങ്ങള്‍ ഒരിക്കലും പാഴാക്കാതെ ഓരോരുത്തരും അവനവന്റെ ജീവിതം ധന്യമാക്കുക.

6 comments:

Areekkodan | അരീക്കോടന്‍ said...

അവസരങ്ങള്‍ അങ്ങിനെയാണ്‌.അവ കാത്തുനില്‍ക്കുകയില്ല.മുന്നില്‍ വന്നു നില്‍ക്കുന്ന അവസരത്തെ പ്രയോജനപ്പെടുത്തുകയാണ്‌ വേണ്ടത്‌. നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോര്‍ത്ത്‌ വൃഥാ ദു:ഖിക്കാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ.മറ്റുള്ളവരെ സഹായിക്കാനും മറ്റും ലഭിക്കുന്ന അപൂര്‍വ്വാവസരങ്ങള്‍ ഒരിക്കലും പാഴാക്കാതെ ഓരോരുത്തരും അവനവന്റെ ജീവിതം ധന്യമാക്കുക.
.....പ്രതിവാരക്കുറിപ്പുകള്‍

കണ്ണൂരാന്‍ - KANNURAN said...

ഒന്നും ആരെയും കാത്തു നില്‍ക്കുന്നില്ല !!!!

കുഞ്ഞന്‍ said...

അവസരങ്ങള്‍ കാത്തു നിന്നില്ലെങ്കിലും വീണ്ടും വരും അപ്പോള്‍ വേണ്ടതുപോലെ ഉപയോഗിക്കുക.. അതായിത് ഒരവസരം നഷ്ടപ്പെട്ടു എന്നുകരുതി മനസ്ഥാപപ്പെടാതെ പുഞ്ചിരിയോടെ അടുത്ത അവസരത്തെ ഭംഗിയായി ഉപയോഗിക്കണം..!

ബീരാന്‍ കുട്ടി said...

സഹായിക്കുന്നവനെ കുറ്റവാളിയായി ചിത്രികരിക്കുന്ന സമൂഹത്തില്‍, അവസരം കിട്ടിയിട്ടും നിശ്ചലരായി നില്‍ക്കുന്നവരില്ലെ.

പണ്ട്‌, കുണ്ടോട്ടി ബസ്സ്റ്റാന്റില്‍ നിന്നും കുഞ്ഞുകുട്ടികെളെ ബസ്സ്‌ കയറുവാന്‍ സഹായിച്ചതിന്‌ കിളി തന്ന സമ്മാനം ഇപ്പോഴും എന്റെ പുറത്തുണ്ട്‌. പക്ഷെ, ഇത്‌ കണ്ട്‌കൊണ്ടിരുന്ന സ്ഥലത്തെ എസ്‌.ഐ. അവനെ പിടിച്ചിറക്കി, എന്നോട്‌ തിരിച്ചടിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തീരെ ചെറുതായ പോലെ.

മാഷിന്റെ ചിന്തകള്‍, സ്കൂള്‍ കോള്‍ജ്‌ ജീവിതത്തിലേക്ക്‌ എന്നെ തിരിച്ച്‌ നടത്തിട്ടോ.

Unknown said...

:

Areekkodan | അരീക്കോടന്‍ said...

കണ്ണൂരാന്‍....ആര്‍ക്കാ ഇപ്പോ അതിനൊക്കെ സമയം???
കുഞ്ഞാ....വളരെ നല്ല അഭിപ്രായം
ബീരാന്‍...കൊടു കൈ...
അനൂപ്‌.....

Post a Comment

നന്ദി....വീണ്ടും വരിക