Pages

Wednesday, June 18, 2008

ആത്മഹത്യ ഒരു പരിഹാരമല്ല....

കുറച്ചുകാലമായി എന്റെ അയല്‍വാസി ബേബിയെ എനിക്ക്‌ കാണാന്‍ കിട്ടാറില്ല,ബിസിനസ്‌ സംബന്ധമായി എവിടെയെങ്കിലും പോയതായിരിക്കും എന്നാണ്‌ ഞാന്‍ കരുതിയത്‌.അങ്ങിനെ ഇരിക്കെ ഒരു ദിവസം ഭാര്യ എന്നോട്‌ പറഞ്ഞു. "പ്രമീള ചേച്ചി ഇവിടം വിട്ടു പോവുകയാണ്‌..." "ങും...എന്താ കാര്യം?" "സാമ്പത്തിക പ്രശ്നം...." "പെട്ടെന്ന് വിട്ടു പോകാന്‍ എന്ത്‌ പ്രശ്നമാ ഉണ്ടായത്‌ ?" "അത്‌......അയാളെ ആരോ വഞ്ചിച്ചു...." "ങേ....ആര്‌? എങ്ങനെ?" "അതൊരു കുടകന്‍ (കര്‍ണ്ണാടകയിലെ കുടക്‌ വാസി)....ഇയാള്‍ക്ക്‌ കുടകില്‍ എന്തോ ബിസിനസ്‌ ഉണ്ടായിരുന്നു.....പാര്‍ട്ട്‌ണറായ കുടകന്‍ ഇയാളെ വഞ്ചിച്ച്‌ രക്ഷപ്പെട്ടു.ആറ്‌ ലക്ഷം രൂപയോളം നഷ്ടം വന്നു എന്നാ ചേച്ചി പറഞ്ഞത്‌...." "ദൈവമേ!ആറ്‌ ലക്ഷം രൂപയോ ?" ചെറിയൊരു സംഖ്യ പ്രതീക്ഷിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഭാര്യയും പിന്നീട്‌ ഒന്നും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞു.ഒരു വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ വേണ്ടി ഞാന്‍ കോളേജില്‍ നിന്നും നേരത്തെ തിരിച്ചെത്തി ഉച്ച ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാര്യ ചോദിച്ചു. "നിങ്ങളറിഞ്ഞോ ?" "എന്ത്‌ ?" ഭാര്യ പുറത്തേക്കൊന്ന് നോക്കിയ ശേഷം ശബ്ദം താഴ്ത്തിക്കൊണ്ട്‌ പറഞ്ഞു "ബേബി വിഷം കഴിച്ചു !!" "ങേ!!!" "സീരിയസ്‌ ആണ്‌ എന്നാ കേട്ടത്‌....കുടകില്‍ പോകാന്‍ വേണ്ടി ഇന്നലെ ഇവിടെ നിന്ന് പോയതാ....കാട്ടിക്കുളത്ത്‌ ലോഡ്‌ജില്‍ റൂമെടുത്ത്‌ വിഷം കഴിച്ചു....അടുത്തുള്ള റൂമുകാരനാ കണ്ടെത്തി ഹോസ്പിറ്റലില്‍ എത്തിച്ചത്‌...." കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അന്നനാളത്തിലൂടെ മുന്നോട്ട്‌ പോകാന്‍ മടിക്കുന്നതായി എനിക്കനുഭവപ്പെട്ടു.ഞാന്‍ ആദ്യമായി ഈ ക്വാര്‍ട്ടേഴ്സില്‍ വരുമ്പോള്‍ കൈകുഞ്ഞിനെയുമെടുത്ത്‌ ബേബി നിന്നിരുന്നതുംഞ്ഞാന്‍ അദ്ദേഹത്തോട്‌ സംസാരിച്ചതുമെല്ലാം എന്റെ മനസ്സിലൂടെ ഓടി മറഞ്ഞു. ഭക്ഷണം മുഴുമിക്കാനാകാതെ ഞാന്‍ എണീറ്റു. ആത്മഹത്യ ഒരു പരിഹാരമല്ല.അത്‌ വന്‍ ഭീരുത്വമാണ്‌,ഒളിച്ചോട്ടമാണ്‌.ജീവിത പ്രതിസന്ധികളെ ക്ഷമയോടും സഹനത്തോടും കൂടി കൈകാര്യം ചെയ്യുന്നവനാണ്‌ യഥാര്‍ത്ഥ വിജയി.നാം സ്വയം വരുത്തിവക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരവും ഉണ്ട്‌.അവ അന്വേഷിച്ച്‌ ചികഞ്ഞെടുക്കുക.ദൈവം തന്ന വിലപ്പെട്ട ജീവിതം സ്വയം ഹനിക്കാതെ ധൈര്യമായി മുന്നേറുക.തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വാല്‍ : മരണത്തില്‍ നിന്നും ബേബി രക്ഷപ്പെട്ടു.ഇപ്പോള്‍ വീണ്ടും ഞങ്ങളില്‍ ഒരുവനായി കഴിയുന്നു.

10 comments:

OAB/ഒഎബി said...

അതെ ആത്മഹത്ത്യ...അതൊന്നിനും ഒരു പരിഹാരമെ അല്ല. പകരം ജീവിച്ചിരിക്കുന്നവരെ കൂടുതല്‍
കഷ്ടപ്പെടുത്താനുള്ള ഒരു മാറ്ഗ്ഗം മാത്രം.
ബേബി രക്ഷപ്പെട്ടു...എല്ലാവരും രക്ഷപ്പെടട്ടെ. പടച്ചവന്‍ നമ്മള്‍ക്കും നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ.
ഇതിവിടെ പകറ്ത്തിയ താങ്കളുടെ നല്ല മനസ്സിന്‍ ഒരായിരം നന്ദി.

Typist | എഴുത്തുകാരി said...

അത്രയും മനസ്സു മടുത്ത, ഇനിയും ജീവിച്ചിട്ടു കാര്യമില്ല എന്ന തോന്നല്‍ വരുമ്പോള്‍ ചെയ്തു പോകുന്നതാവും. ആര്‍ക്കും അങ്ങിനെ തോന്നാതിരിക്കട്ടെ. അത്ര വിലപ്പെട്ടതല്ലേ, ഈ ജീവിതം.

Shaf said...

ആതമഹത്യ ഒരു പരിഹാര്‍മല്ല എന്നത് നല്ല ചിന്ത പ്ക്ഷെ ..അതിനു ശേഷം വരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട് അതിനത് പരിഹാര്‍മാണ്..

ബഷീർ said...

ജീവിതത്തിന്റെ അര്‍ത്ഥം പലര്‍ക്കും പലതണു.. ആത്മഹത്യയോടെ എല്ലാം തീര്‍ന്നെന്ന് കരുതുന്നവര്‍.. അവര്‍ ഈ ജീവിതത്തെ അറിഞ്ഞവരല്ല. മാനസിക നില തെറ്റാത്ത രീതിയില്‍ ആത്മഹത്യ ചെയ്യുന്നവര്‍ തന്റെ ജീവിതം മാത്രമല്ല അവസാനിപ്പിക്കുന്നത്‌ ..മറ്റ്‌ പലരുടെതുമാണു..

പച്ചയായ ജീവിതം.. അവിടെ വിജയിക്കാന്‍ കഴിയട്ടെ ഏവര്‍ക്കും..

siva // ശിവ said...

ആത്മഹത്യ ഒന്നിനും ഒരിക്കലും ഒരു പരിഹാരമല്ല. ഞാനും ഒരിയ്ക്കല്‍ അത് മനസ്സിലാക്കിയവനാണ്.

Malayali Peringode said...

വിഷം കഴിച്ചും ഞെരമ്പ് മുറിച്ചും ആത്മഹത്യ ചെയ്യുന്നവരേ...

നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ പറ്റിച്ച് പോയവന് ഇനി സമാധാനിക്കാം, ചോദിക്കാന്‍ ഇനി നിങ്ങളില്ലല്ലോ!

(ഹോ... സമാധാനമായി ആ‍ ‘ശല്യം’ ഒഴിഞ്ഞു എന്ന് അവര്‍ ആശ്വാസം കൊള്ളട്ടെ)

Unknown said...

കടം കേറി മുടിഞ്ഞാല്‍ ഒരുവന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു.അയ്യാളുടെ സാമ്പാദ്യം മുഴുവന്‍
കൊടുത്താലും തീരാത്തത്ര കടം മാനഹാനി
ആയ്യാള്‍ പിന്നെ എന്തു ചെയ്യണം മാഷെ
പണം കൊടുത്ത് സഹായിക്കാന്‍ എത്ര പേറ് തയ്യാറാകും.
നമ്മളെല്ലാം സ്വാര്‍ഥരാകുന്നത് ആ ഒരു കാര്യത്തിലാണല്ലോ

ബഷീർ said...

സഹായിക്കണം ..കടം കയറി വലഞ്ഞവനെ.. ഏറ്റവും പ്രതിഫലമര്‍ഹിക്കുന്ന സഹായമായി അതിനെ കണക്കാക്കുന്നു.
ഇനി ആരും സഹായിച്ചില്ല എന്ന് വെച്ച്‌ .. ആത്മഹത്യയ്ക്ക്‌ അത്‌ ന്യായീകരണമാകുന്നില്ല.

ഇന്ന് കടം കയറുന്നതിന്റെ കാരണം കൂടുതലും പലിശയാണു.. പലിശയുടെ പിടിയിലമര്‍ന്ന സമൂഹം .. അതില്‍ നിന്നും മോചനമില്ലാത്തിടത്തോളം ഈ കാര്യങ്ങള്‍ തുടരുക തന്നെ ചെയ്യും..

പ്രാദേശികമായ കൂട്ടായ്മകളലൂടെ ഒരു പരിധി വരെ ഇതിനൊക്കെ പരിഹാരം കാണാന്‍ കഴിയും.. അവിടെയും പലിശ കയറി വരാതെ നോക്കണം..

നിരാശ അരുത്‌.. ജീവിതം .. നമുക്ക്‌ ജീവിക്കാനുള്ളതാണു.. ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

oab,typist,ബഷീര്‍....അതെ....ദൈവം നമുക്ക്‌ എന്നും നല്ല മനസ്സ്‌ തരട്ടെ...
shaf....ആത്മഹത്യ അല്ലാത്ത പരിഹാരമാര്‍ഗ്ഗമാണ്‌ നാം തേടേണ്ടത്‌.
ബഷീര്‍....നന്ദി
മലയാളി.....സ്വാഗതം....അതു ശരിയാ....പക്ഷേ കുറേ പേരെ ആ അത്മഹത്യ മാനം കെടുത്തും.
അനൂപ്‌...കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്ന് കേട്ടിട്ടില്ലേ? അപ്പോള്‍ പിന്നെ കടം കേറി മുടിയുന്നത്‌ എങ്ങനെ എന്ന് മനസ്സിലാവുന്നില്ല.ബഷീര്‍ പറഞ്ഞപോലെ നിരാശ അരുത്‌.

കുഞ്ഞന്‍ said...

ആത്മഹത്യ ചെയ്ത ആരും പറയില്ല മാഷെ ഞങ്ങള്‍ ചെയ്തത് ബുദ്ധി ശൂന്യതയായിരുന്നുവെന്ന്, അവര്‍ക്ക് സംസാരിക്കാന്‍ നാവുണ്ടായിരുന്നെങ്കില്‍..! എന്നാല്‍ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ തീര്‍ച്ചയായും പ്രാകും അല്ല പറയും ആത്മഹത്യ ഒരു പരിഹാരമല്ലെന്ന്..!

Post a Comment

നന്ദി....വീണ്ടും വരിക