Pages

Sunday, June 01, 2008

നോക്കിയ N95-ഉം ഒരു പാവം മരമണ്ടനും !!! (ഭാഗം 2)

(ഒന്നാം ഭാഗം:http://abidiba.blogspot.com/2008/05/n95.html ) സെറ്റ്‌ ചെയ്ത അലാറം കൃത്യമായി തന്നെ അടിയുമോ അതല്ല പറ്റിക്കുമോ എന്നറിയാന്‍ ഞാന്‍ രാത്രി 10.20-ന്‌ അലാറം സെറ്റ്‌ ചെയ്തു.അപ്പോള്‍ സമയം 10.16.നാലും അഞ്ചും അല്ല പത്ത്‌ മിനുട്ട്‌ കഴിഞ്ഞിട്ടും എന്റെ നോക്കിയ എന്നെ നോക്കി ഇളിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.ഞാന്‍ വിട്ടില്ല.10.40-ന്‌ വീണ്ടുംഅലാറം സെറ്റ്‌ ചെയ്തു.അവനുണ്ടോ കുലുങ്ങുന്നു,ഞാനുണ്ടോ ഓര്‍ക്കുന്നു? പിറ്റേ ദിവസം എനിക്ക്‌ University Exam Invigilation Duty ഉണ്ടായിരുന്നു.പരീക്ഷാഹാളില്‍ എത്തി ഞാന്‍ ഉറക്കെ പറഞ്ഞു. "All of you switch of your mobilephone and keep it in my seat". എല്ലാവരും അവനവന്റെ കുന്ത്രാണ്ടങ്ങള്‍ പൊക്കി എടുത്ത്‌ എന്റെ അടുത്ത്‌ കൊണ്ടു വച്ചു.എന്റെ കയ്യിലെ കുന്ത്രാണ്ടം പോലെ ഒരെണ്ണം ആരുടെയും കയ്യില്‍ കണ്ടില്ല. ഇന്‍വിജിലേറ്റര്‍ ആയ ഞാന്‍ എന്റെ ഫോണും ഓഫാക്കണമായിരുന്നു.അതിനായി പഠിച്ച പണി 18-ഉം പയറ്റിയിട്ടും സാധിച്ചില്ല.തലേ ദിവസം തുടര്‍ച്ചയായി ഓഫായി കൊണ്ടിരുന്നതായിരുന്നു ഫോണിന്റെ പ്രശ്നം.ഇന്ന് ഓഫാക്കാന്‍ ഒരു വിധത്തിലും സാധിക്കുന്നില്ല!! ഞാന്‍ മെല്ലെ Exam Hall-ന്റെ വാതില്‍ക്കലേക്ക്‌ നീങ്ങി.ആരെയെങ്കിലും ഫോണ്‍ ഏല്‍പിച്ചാലോ എന്ന് ചിന്തിച്ചു.അപ്പോള്‍ അതുവഴി എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ലക്ചറര്‍ ആയ ശബീര്‍ സര്‍ വന്നു. ഫോണിന്മേല്‍ കളിയില്‍ അഗ്രഗണ്യനായ അദ്ദേഹത്തിന്‌ ഫോണ്‍ കൈമാറി അതൊന്ന് ഓഫ്‌ ചെയ്തു തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.പത്ത്‌ മിനുട്ട്‌ നേരത്തെ പരിശ്രമത്തിന്‌ ശേഷം എങ്ങനെയോ (അതെ!!!എങ്ങനെ എന്ന് അദ്ദേഹത്തിനും അറിയില്ല!!!) സാധനം ഓഫായി.സമാധാനത്തോടെ ഫോണ്‍ കീശയിലിട്ട്‌ ഞാന്‍ പരീക്ഷാ ഹാളില്‍ കയറി. സമയം ഇഴഞ്ഞു നീങ്ങി.ഞാന്‍ കുട്ടികളുടെ പിന്നില്‍ ഇരുന്ന് പരീക്ഷ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌.പെട്ടെന്ന് ഒരു മൊബൈല്‍ റിങ്ങ്‌ടോണ്‍ ശബ്ദം! 'ങേ......ഹാ...ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും Exam Hall-ല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ മാത്രം ധൈര്യമുള്ള ഭിന്ദ്രന്‍വാല ആര്‌' എന്ന മട്ടില്‍ ഞാന്‍ ചാടി എണീറ്റു. അപ്പോഴാണ്‌ എന്റെ പാന്റിന്റെ കീശ വൈബ്രേറ്റ്‌ ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയത്‌!ഫോണെടുത്ത്‌ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.തലേ ദിവസം രാത്രി 10.40-ന്‌ അടിക്കാന്‍ ഏല്‍പിച്ച അലാറക്കഴുത രാവിലെ 10.40-ന്‌ എണീറ്റ്‌ അലമുറയിടുന്നു..സെറ്റ്‌ ഓഫായതിനാല്‍ എവിടെ പിടിച്ച്‌ നെക്കിയാലാണ്‌ ഈ അലറല്‍ നില്‍ക്കാ എന്നറിയാതെ ഞാന്‍ പുറത്തെക്കോടി.പുറത്തെത്തുമ്പോഴേക്കും അവന്‍ അലറല്‍ നിര്‍ത്തി.സമാധാനത്തിന്റെ നെടുവീര്‍പ്പിട്ട്‌ ഞാന്‍ വീണ്ടും ഹാളില്‍ പ്രവേശിച്ചു. സമയം വീണ്ടും നീങ്ങി.ഒരു കുട്ടി അഡീഷണല്‍ ഷീറ്റ്‌ ആവശ്യപ്പെട്ടു കൊണ്ട്‌ എണീറ്റ്‌ നിന്നു.ഞാന്‍ പേപ്പറുമായി അങ്ങോട്ട്‌ നീങ്ങവേ എന്റെ കീശ വീണ്ടും വൈബ്രേറ്റ്‌ ചെയ്യാന്‍ തുടങ്ങി!!!എന്ത്‌ ചെയ്യണമെന്നറിയാതെ ഞാന്‍ നിന്ന് പരുങ്ങുമ്പോള്‍ കുട്ടികളുടെ മുഖത്ത്‌ ചിരി പടരുന്നത്‌ നിസ്സഹായനായി ഞാന്‍ നോക്കി നിന്നു. അമളി പരമ്പരക്കൊടുവില്‍ , ഒരാഴ്ച പിന്നിട്ടപ്പോളാണ്‌ ഫോണ്‍ കൊടുത്തവിട്ട ആളുടെ വിളി വന്നത്‌.സുഖ വിവരങ്ങള്‍ അറിയാനല്ല,ഫോണിനെ കണ്ട്രോള്‍ ചെയ്യാന്‍ ആനക്ക്‌ തോട്ടി എന്ന പോലെ ഒരു കുത്താംകോല്‌ (കുത്തുന്ന വടി) കൂടി അതില്‍ തിരികി വച്ചിട്ടുണ്ട്‌ എന്ന് പറയാന്‍.അതെടുത്ത്‌ പ്രയോഗിച്ചാല്‍ ഫോണ്‍ മെരുങ്ങുമത്രേ!!! ആണി പോലുള്ള ആ കോലും കോലുപോലുള്ള ഈ ഞാനും മെരുക്കിയിട്ടും മെരുങ്ങാതെ എന്റെ നോക്കിയ N95 ഇപ്പോഴും എന്നെ നോക്കി ഇളിക്കുന്നു.

11 comments:

Areekkodan | അരീക്കോടന്‍ said...

ഫോണിനെ കണ്ട്രോള്‍ ചെയ്യാന്‍ ആനക്ക്‌ തോട്ടി എന്ന പോലെ ഒരു കുത്താംകോല്‌ (കുത്തുന്ന വടി) കൂടി അതില്‍ തിരികി വച്ചിട്ടുണ്ട്‌ എന്ന് പറയാന്‍.അതെടുത്ത്‌ പ്രയോഗിച്ചാല്‍ ഫോണ്‍ മെരുങ്ങുമത്രേ!!!

ആണി പോലുള്ള ആ കോലും കോലുപോലുള്ള ഈ ഞാനും മെരുക്കിയിട്ടും മെരുങ്ങാതെ എന്റെ നോക്കിയ N95 ഇപ്പോഴും എന്നെ നോക്കി ഇളിക്കുന്നു.

സുല്‍ |Sul said...

അരീക്കോടാ അതേതായാലും ഏറ്റു.

ഏയം പീയം എന്ന കുന്ത്രാണ്ടമൊന്നും കണ്ടില്ലേ അതില്‍. ഇല്ലെങ്കില്‍ പിന്നെ രാത്രിയിലെ സമയം കിട്ടാന്‍ മണിക്കൂറിനോടൊപ്പം ഒരു 12 കൂടി കൂട്ടി വെക്കണം മാഷെ. (4 മിനുട്ടിനും 10 മിനുട്ടിനുമെല്ലാം അലറാന്‍ വെക്കാന്‍ ഇവനാരെടാ എന്നു കരുതിക്കാണും പാവം ഫോണ്‍:))

-സുല്‍

അനില്‍ശ്രീ... said...

പിന്നേം അബദ്ധം പറ്റിയോ അരീക്കോടന്‍ മാഷേ. N95 തന്നെയാണോ ആ സെറ്റ് എന്ന് നോക്കിയേ..

N95-ന് കുത്താന്‍ കോല്‍ ഉള്ളതായി അറിയില്ലല്ലോ. പിന്നെ പുള്ളി എന്തിനാണാവോ കോല് കൊടുത്ത് വിട്ടത്?

അഭിലാഷങ്ങള്‍ said...

രണ്ട് എപ്പിസോഡും വായിച്ചു. രസമുള്ള അനുഭവം തന്നെ.

അരീക്കോടന്‍ മാഷേ, ഇപ്പോ ഇറങ്ങുന്ന ഫോണിലൊക്കെ അത് ഉണ്ടാക്കിയവന്മാര്‍ക്ക് പോലും അറിയാത്ത കുറേ ഫംങ്ങ്ഷന്‍സ് ഉണ്ട് എന്ന് എനിക്ക് ചിലപ്പോ തോന്നിയിട്ടുണ്ട്. എന്തൊക്കെ എന്തൊക്കെ ഫോണുകളാ.. ഇന്നലെയാണ് ‘രണ്ട് സിം ഒരുമിച്ച് ഉപയോഗിക്കാവുന്ന‘ ഒരു ഫോണുമെടുത്ത് ഒരുത്തന്‍ ഓഫീസില്‍ വന്നത്. അതിലാണേല്‍ ഒരു നൂറായിരം ഫംങ്ങ്ഷന്‍സും...

വേറെ ഒരു സംഗതി ഉണ്ടായി കഴിഞ്ഞ ആഴ്ച.

അതായത്, എന്റെ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന അറബിക്ക് ആരോ ആപ്പിള്‍ കമ്പനിയുടെ ഒരു i-phone ഗിഫ്റ്റ് കൊടുത്തു. അറബിക്ക് അതിന്റെ എ.ബി.സി.ഡി അറിയാത്തത് കൊണ്ടാവണം, എന്നോട് ചോദിച്ചു :

‘നിനക്ക് പുതിയ മോഡല്‍ ഫോണ്‍ വേണോ? ഒരു 1000 ദിര്‍ഹം തന്നാല്‍ മതി..’

ഞാന്‍ അന്വേഷിച്ചപ്പോ മാര്‍ക്കറ്റില്‍ 2000 ദിര്‍ഹത്തിന് മുകളില്‍ ഉണ്ട് റേറ്റ്.

വൌ..വൌ..വൌ...!!!!! എന്തായലും ഇപ്പോ തല്‍ക്കാലം പോക്കറ്റ് കാലിയാ, സാലറി കിട്ടീട്ട് അത് അടിച്ചുമാറ്റാം എന്ന് കരുതി ‘പിന്നെപറയാം‘ എന്ന് പറഞ്ഞു. ഇന്നലെ സാലറി കിട്ടിയപ്പോ ഞാന്‍ അത് വാങ്ങാന്‍ പോയപ്പോ അങ്ങേര് പറയുകയാ..

“എടാ.. ഇത് സൂപ്പര്‍ സാധനമാ... ഓഫീസിലെ എന്റെ അസിസ്റ്റന്റ് ഇത് ഉപയോഗിക്കേണ്ട വിധം എനിക്ക് ശരിക്ക് പഠിപ്പിച്ചു. എനിക്ക് ഈ സാധനം ഇഷ്ടമായി. ഞാന്‍ ഇനി വില്‍ക്കുന്നില്ല. എന്റെ പഴയ ഫോണ്‍ മോള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. ഇത് ഞാന്‍ തന്നെ എടുക്കാം...!!“

ഇത് കേട്ടപ്പോ, എന്റെ ഖല്‍ബിനകത്തുണ്ടായ വേദന... പറഞ്ഞറിയിക്കാന്‍ വയ്യ!. അന്നേ വാങ്ങിയാല്‍ മതിയായിരുന്നു. ശ്ശൊ.. ആ കാലമാഡന്‍ അസിസ്റ്റന്‍ഡ്..! അവനെ കൈയ്യീക്കിട്ടീരുന്നേല്‍.. അടിച്ച് അവന്റെ പല്ല് 32 ഉം താഴെയിട്ട്, നടുവിന് നോക്കി ഒരു ചവിട്ട് കൊടുത്ത്, കൈ പിടിച്ച് ഒടിച്ച്, ....

( ങാ.. അല്ലേ വേണ്ട, ഇവിടുത്തെ ജയിലുകളില്‍ നാട്ടിലെ പോലെ ഗോതമ്പുണ്ടപോലും കിട്ടില്ല....)

എന്നാലും തിരിച്ചിറങ്ങുമ്പോള്‍ എന്റെ കൈയ്യില്‍ നിന്ന് N-73 എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

“ഞാനെന്ത് കുറ്റം ചെയ്തിട്ടാ ഇഷ്ടാ... എന്നെ... “

N- സീരിസ് കുടുമ്പത്തില്‍ പിറന്ന അവന്‍, എന്നോട് ഗദ് ഗദത്തോടെ ചോദിക്കുന്നതായി തോന്നി.

നല്ല സാധനം തന്നെ, കാണാനും, സ്വഭാവവും, രീതികളും എല്ലാം നല്ലതു തന്നെ. ബട്ട്, ഞാന്‍ ഇതിനെ “ഗാംഗുലി ഫോണ്‍” എന്നാണ് വിളിക്കാറ്. എന്റെ ഫോണിനേ പ്രശ്നം ഉള്ളൂ എന്ന് പിന്നീട് മനസ്സിലായി. അതായത് ഗാംഗുലിയുടെ ശരീരത്തിന്റെ അടുത്തൂടെ ബോള്‍ പോയാലോ, ചുമ്മ ഒരു ചെറിയ ഏറ് കൊണ്ടാലോ അവന്‍ അവിടെ ഓഫാകുന്നത് നമ്മള്‍ ടി.വി യില്‍ ലൈവ് ആയി കാണാറില്ലേ? അത് തന്നെ ഇവനും അസുഖം, എവിടേലും ഒന്ന് തട്ടിപ്പോയാല്‍, ഒരു ചെറിയ അടികിട്ടിയാല്‍, അവനും ഓഫാകും...

ഈ ‘ഗാംഗുലി ഫോണ്‍‘ ഞാന്‍ അടുത്ത് തന്നെ ഉപേക്ഷിച്ച് നല്ല ഒരു ‘ധോണി ഫോണ്‍’ വാങ്ങുന്നുണ്ട്. :-)

കുഞ്ഞന്‍ said...

ഹഹ..

ചിരിപ്പിച്ചൂട്ടൊ ഫോണിന്റെ പൊല്ലാപ്പുകള്‍ മാഷെ.

സാറന്മാര്‍ക്ക് എന്തും ചെയ്യാലൊ എന്നു കുട്ടികള്‍..!

അഭിലാഷങ്ങളുടെ കമന്റും രസാവഹം.

ബീരാന്‍ കുട്ടി said...

മാഷെ,
ഇങ്ങളെ നോക്കിയാല്‍-95 ന്റെ കഥ ഇഷ്ടായി ട്ടോ. ന്നാലുന്റെ മാഷെ, പറ്റിയത്‌ ഇങ്ങനെ പച്ചക്ക്‌ പറയണോ?.

അങ്ങാടീക്കുടെ ചില ആളുകള്‍ ഒരു ഭാഗം ചെരിഞ്ഞ്‌ നടക്കുന്നത്‌ കണ്ടിട്ട്‌ ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്‌, അവരുടെ ഫോണിന്റെ കനംകൊണ്ടാണ്‌ ഒരു ഭാഗത്തേക്ക്‌ ചെരിവെന്നാണ്‌. ഇനി വരുന്ന ഫോണ്‍ എന്തായാലും കീശയില്‍ കൊള്ളില്ല, ഞാമ്മക്ക്‌ ബാഗിലിട്ട്‌ നടക്കാം.

രണ്ട്‌ മൂന്ന് ദിവസം നല്ല കുട്ടിയായി ജീവിച്ച്‌, ഇങ്ക്രിമന്റ്‌ ചോദിച്ച്‌ ബോസ്സിന്റെ മുന്നില്‍ ഞാന്‍. തരാം എന്ന ഒരു ഘട്ടത്തിലെത്തിയപ്പോഴാണ്‌ എന്റെ കീശയില്‍ നിന്നും ശക്കലക്ക്‌ ബേബി, ഫുള്‍ വോളിയത്തില്‍ കീറിയത്‌. ഇങ്ക്രിമന്റ്‌ പോയീന്ന് മത്രമല്ല, പിന്നെ മുസിക്‌ കണ്ടാല്‍ അപ്പോ ഞമ്മക്ക്‌ 28 എളകും.

Rafeeq said...

:D

കൊള്ളാം.. :)
:)

ശ്രീ said...

ഹ ഹ. മാഷേ, ചൈനീസ് സെറ്റ് കുറേയെണ്ണം ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞു കേട്ടു. ഒരുപാട് ഫങ്ങ്ഷന്‍‌സ് ഉള്ള മോഡത്സ്. എല്ലാ മോഡലുകളും ചുരുങ്ങിയ വിലയ്ക്ക് കിട്ടുമത്രെ. അതെങ്ങാനുമാണോ സാധനം?
:)

Jayasree Lakshmy Kumar said...

കൊള്ളാം. പോസ്റ്റ് രസിപ്പിച്ചു

Areekkodan | അരീക്കോടന്‍ said...

സുല്ലേ...അതൊക്കെ പണ്ടായിരുന്നു.ഇപ്പോ ഏയം പീയം ഒക്കെ അവന്‍ തനിയെ മനസ്സിലാക്കുമത്രേ(ഇല്ലെങ്കില്‍ നമ്മള്‍ മനസ്സിലാക്കും!!!)
അനില്‍....അബദ്ധം പറ്റിക്കൊണ്ടേ ഇരിക്കുന്നു....എന്റെ N95-ന്‌ കുത്താന്‍ കോല്‍ ഉണ്ട്‌.
അഭിലാഷങ്ങള്‍....കഷ്ടമായിപ്പോയി.ഇനി ആര്‌ ചോദിച്ചാലും ഉടന്‍ കയറിപ്പിടിച്ചേക്കണം.'ധോണി'യെ വാങ്ങിക്കോ.'ശ്രീ' വേണ്ട(തല്ല് പാര്‍സല്‍ വരാന്‍ സാധ്യതയുണ്ട്‌)
കുഞ്ഞാ....പൊല്ലാപ്പുകള്‍ തുടരുന്നു...
ബീരാന്‍...ഈ കുന്ത്രാണ്ടം കനമില്ല....പക്ഷേ കീശയുടെ കനം കുറക്കും(മെസേജ്‌ എങ്ങോട്ടൊക്കെയാ വിടുന്നത്‌ എന്ന് ആ കുന്ത്രാണ്ടത്തിന്‌ തന്നെയേ അറിയൂ..)
rafeeq....
ശ്രീ.....എന്താ സംശയം,ഇത്‌ ഒരിജിനല്‍ ചൈന തന്നെ
lakshmy....നന്ദി

ബഷീർ said...

(10.40-ന്‌ അടിക്കാന്‍ ഏല്‍പിച്ച അലാറക്കഴുത രാവിലെ 10.40-ന്‌ എണീറ്റ്‌ അലമുറയിടുന്നു..സെറ്റ്‌ )


അലാറക്കഴുത എന്ന വാചകത്തില്‍ ഇവിടെ ഒരു വാചകം വിട്ടു പോയി

അലാറാം വെച്ച (ബാക്കി ഇങ്ങളു തന്നെ പറന്‍ഞ്ഞോളീ)

Post a Comment

നന്ദി....വീണ്ടും വരിക