Pages

Monday, August 25, 2008

തൊറമാങ്ങ എന്ന ഒറമാങ്ങ

സേലന്‍ മാങ്ങ, കുറുക്കന്‍ മാങ്ങ,മൂവാണ്ടന്‍ മാങ്ങ,കോമാങ്ങ തുടങ്ങീഅനേകം മാങ്ങകള്‍ പരിചയപ്പെട്ട്‌, സ്വാദും അറിഞ്ഞ ശേഷമാണ്‌ വയനാട്ടില്‍വച്ച്‌ പുതിയൊരു മാങ്ങയെപ്പറ്റി ഞാന്‍ കേട്ടത്‌ - തൊറമാങ്ങ.

ഫ്രൂട്ട്‌സ്‌ വില്‍ക്കുന്ന ഒരു കടയിലും ലഭിക്കാത്ത മാങ്ങയാണ്‌ തൊറമാങ്ങ.എന്നാലോ ബേക്കറിയില്‍ ലഭിക്കുകയും ചെയ്യും!!!

പേരു കേട്ടിട്ട്‌ ആദ്യമേ ഒരു പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ഈ മാങ്ങ അന്വേഷിച്ച്‌ ആദ്യം പോയത്‌ ഫ്രൂട്ട്‌സ്‌ കടയിലോ ബേക്കറിയിലോ ആയിരുന്നില്ല.- പച്ചക്കറി പീടികയിലായിരുന്നു!!!(മീന്‍ മാര്‍ക്കറ്റില്‍ പോയില്ലല്ലോ എന്ന്നിങ്ങള്‍ക്കും ആശ്വസിക്കാം)

"ഒറമാങ്ങയുണ്ടോ?" ഞാന്‍ കടയില്‍ ചോദിച്ചു.

"എത്ര എണ്ണം വേണം?" കടക്കാരന്റെ മറുചോദ്യം.

'ങേ! മാങ്ങ എണ്ണി വാങ്ങുകയോ?' എന്ന ചോദ്യം മനസ്സില്‍ വന്നപ്പോഴേക്കുംകടക്കാരന്‍ സാധനം എടുത്ത്‌ നീട്ടി - പ്ലാസ്റ്റിക്ക്‌ കവറില്‍ പാക്ക്‌ ചെയ്തഒരു സാധനം.ഉള്ളിലെ ലേബലില്‍ എഴുതിയത്‌ ഞാന്‍ വായിച്ചു നോക്കി.അപ്പോഴാണ്‌ഒറമാങ്ങയല്ല തൊറമാങ്ങയാണ്‌ യഥാര്‍ത്ഥ പേരെന്ന് മനസ്സിലായത്‌.ഒറ(മലപ്പുറംകാര്‍ കവറിന്‌ പറയുന്ന പേര്‌)യില്‍ ഇടുന്ന മാങ്ങയായതുകൊണ്ട്‌ ഞാന്‍പറഞ്ഞ പേരും ചേരും.

ടേസ്റ്റ്‌ അറിയാന്‍ വേണ്ടി ഒരു പാക്കറ്റ്‌ ഞാന്‍ വാങ്ങി.രുചി നോക്കിയ എനിക്ക്‌ അത്‌ വളരെ ഇഷ്ടപെട്ടു.

മാങ്ങ ഉപ്പിലിട്ടോ അല്ലാതെയോ ഉണക്കി അതില്‍ പ്രത്യേക തരം മസാല(ഉപ്പും മുളകും പുളിയും ചേര്‍ന്നത്‌)തേച്ച്‌ പിടിപ്പിച്ചതാണ്‌ ഈ തൊറമാങ്ങ.വലിയ മാങ്ങ രണ്ട്‌ ഭാഗവും കീറി മസാല ഉള്ളിലും തേച്ച്‌ പിടിപ്പിച്ചശേഷം വീണ്ടും പഴയപോലെ യോജിപ്പിച്ച്‌ (റബ്ബര്‍ ബാന്റിട്ട്‌ കെട്ടി !!)പാക്ക്‌ ചെയ്യുന്നു.മാങ്ങ തുറന്ന് തിന്നുന്നതിനാലാവും 'തുറമാങ്ങ' എന്ന പേര്‌.

ചോറ്‌, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാനും വെറുതെ നൊട്ടി നുണയാനും നല്ലൊരു ഐറ്റമാണ്‌ തൊറമാങ്ങ.പഴകുംതോറും ടേസ്റ്റ്‌ കൂടും എന്ന് ഇവിടെയുള്ളവര്‍പറയുന്നു.മറ്റു പലഹാരങ്ങളുടെ കൂടെ തൊറമാങ്ങയും തലശ്ശേരിയില്‍നിന്നും വയനാട്ടിലേക്ക്‌ വന്നതായിരിക്കും എന്ന് അനുമാനിക്കപ്പെടുന്നു.

തൊറമാങ്ങ പ്രിപ്പറേഷന്‍ അറിയുന്നവര്‍ അത്‌ ബൂലോകത്ത്‌ അവതരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

11 comments:

Areekkodan | അരീക്കോടന്‍ said...

പേരു കേട്ടിട്ട്‌ ആദ്യമേ ഒരു പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ഈ മാങ്ങ
അന്വേഷിച്ച്‌ ആദ്യം പോയത്‌ ഫ്രൂട്ട്‌സ്‌ കടയിലോ ബേക്കറിയിലോ ആയിരുന്നില്ല.
- പച്ചക്കറി പീടികയിലായിരുന്നു!!!(മീന്‍ മാര്‍ക്കറ്റില്‍ പോയില്ലല്ലോ എന്ന്
നിങ്ങള്‍ക്കും ആശ്വസിക്കാം)

ശ്രീ said...

ആദ്യമായാണ് തൊറമാങ്ങയെ പറ്റി കേള്‍ക്കുന്നത്.

ജിജ സുബ്രഹ്മണ്യൻ said...

ആദ്യമായാണു ഈ സംഭവത്തെ പറ്റി കേട്ടത്.എങ്കിലും വായിച്ചു വന്നപ്പോള്‍ വായില്‍ ഒരു കടലോളം വെള്ളം..അല്ല നമ്മുടെ നാടന്‍ മാങ്ങാ ഉപ്പും കാന്താരിമുളകും കൂട്ടി തിന്ന ഒരു കാലം ഉണ്ടല്ലോ. അതോര്‍മ്മ വന്നു

തൊറമാങ്ങയുടെ ഒരു പടം കൂടി ഇടാമായിരുന്നു.

smitha adharsh said...

ഞാനും ആദ്യമായാണ്‌ ഇങ്ങനെ ഒരു മാങ്ങയെപറ്റി കേട്ടത്..

അനില്‍@ബ്ലോഗ് // anil said...

ആഹാ,
ഈ സംഭവം ആദ്യമാണല്ലൊ കേള്‍ക്കുന്നതു. വയനട്ടില്‍ പലതവണ വന്നിട്ടുണ്ടെങ്കിലും ആരും പറഞ്ഞുകേട്ടില്ല.

Areekkodan | അരീക്കോടന്‍ said...

ശ്രീ,കാന്താരീ,smitha,അനില്‍...ഈയുള്ളവനും ഈ സാധനത്തെ ഇവിടെ വച്ചാ പരിചയപ്പെട്ടത്‌.പിന്നെ പടം ഈ ബ്ലോഗ്ഗില്‍ ഇടാറില്ലാത്തതുകൊണ്ട്‌ (അതിന്റെ പടം എടുത്താല്‍ അത്‌ ഒരു മാതിരി ...)ഞാന്‍ അത്‌ ഇവിടെ ഇടുന്നില്ല.

എ.ജെ. said...

തൊറമാങ്ങയെ പറ്റി കേട്ടിട്ടുണ്ട്.. കണ്ടിട്ടുണ്ട്... തിന്നിട്ടുമുണ്ട്....

ചോറ് തിന്നുമ്പോ പച്ചമോരും തൊറമാങ്ങയും കൂട്ടി കുഴച്ച ഒരു കുഴമ്പ് പരുവത്തിലുള്ള മിശ്രിതം ഉണ്ടാകാറുണ്ടായിരുന്നു വീട്ടില്‍...
അത് ഓര്‍ക്കുമ്പോ ഇപ്പോഴും വായില്‍ വെള്ളം ഊറുന്നു...

ഇനി നാട്ടില്‍ പോകുമ്പോ തൊറമാങ്ങ കിട്ടുകയാണേല്‍ ഒന്നു രണ്ടു പടം പിടിക്കാം..

Areekkodan | അരീക്കോടന്‍ said...

എ.ജെ.....സ്വാഗതം.ഒരാളെങ്കിലും ഇതിനെപറ്റി കേട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

Unknown said...

ഒത്ത മൂപ്പുള്ള കോമാങ്ങ വെള്ളത്തിലിട്ട് തിളപ്പിക്കുക. മഞ്ഞ നിറമായാൽ പുറത്തെടുത്ത് നെടുകെ കീറുക - (അണ്ടിയോടെ). അണ്ടിയുടെ ഉള്ളിലുള്ള മുളയും മറ്റും കളയുക. ശേഷം മൂന്ന് ദിവസം വെയിലത്തിട്ട് ഉണക്കുക. (വെയിലു കുറഞ്ഞാൽ പൂത്തുപോകാൻ സാധ്യതയുണ്ട്. ശേഷം എടുത്ത് ഉപ്പും മഞ്ഞളും ചേർത്ത് ഭരണിയിൽ ഭദ്രമായി അടച്ചു വെക്കുക. അപ്പോൾ അതിലെ വെള്ളമൊക്കെ ഇറ്റി പാകമാകും. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് അതെടുത്ത് പെരും ജീരകം, കുരുമുളക് പൊടി, ചുകന്ന മുളക്പൊടി, ഉലുവ, കടുക്, ഉപ്പ് എന്നിവയുടെ മിശ്രിതം പുരട്ടി വീണ്ടും ഭരണിയിൽ വെക്കുക. അങ്ങനെ പത്തറുപത് ദിവസം കഴിഞ്ഞാൽ തുറമാങ്ങ തയ്യാർ.

Areekkodan | അരീക്കോടന്‍ said...

ജലീല്‍ ഭായ്....ഈ വിവരം പങ്കുവച്ചതിന് നന്ദി.പ്രിന്റെടുത്ത് ഭാര്യയെ ഏല്പിച്ചു...2 മാസത്തിന് ശേഷം തുറമാങ്ങ കഴിക്കാം എന്ന് കരുതുന്നു.

Anonymous said...

തൊറമാങ്ങ നല്ല ടേസ്റ്റാണ്. മോരും കൂട്ടികഴിക്കാൻ ബെസ്റ്റാണ്.
അതുണ്ടാക്കുന്നത് അറിയാൻ വേണ്ടി ഗൂഗിളിൽ സെർച്ചിയപ്പോഴാണ്
ഈ സൈറ്റ് കണ്ടത്. ഇനിയൊന്ന് പരീക്ഷിച്ച് നോക്കാം

.... നന്ദി..> Jaleel pm

Post a Comment

നന്ദി....വീണ്ടും വരിക