ഒരു റമളാന്‍ മാസം കൂടി സമാഗതമായിക്കൊണ്ടിരിക്കുന്നു.എന്റെ ഓര്‍മ്മയില്‍ ബാപ്പ കൂടെ ഇല്ലാത്ത ആദ്യത്തെ റമളാനാണ് കടന്നു വരുന്നത്.പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ സദാസമയവും ഖുര്‍ആന്‍ പാരായണം ചെയ്യലായിരുന്നു ബാപ്പയുടെ രീതി.നേരിട്ടറിയുന്നതും പത്രദ്വാര അറിഞ്ഞതുമായ അഗതികളേയും അശരണരേയും സഹായിക്കലും അദ്ദേഹത്തിന്റെ പതിവില്‍ പെട്ടതായിരുന്നു.
റമളാന്‍ മാസം ആഗതമാകുന്നതിന് മുമ്പേ ധാരാളം മണിഓര്‍ഡര്‍ ഫോമുകള്‍ എന്നെക്കൊണ്ടോ അനിയനെക്കൊണ്ടോ ബാപ്പ വാങ്ങിപ്പിക്കുമായിരുന്നു.ചെറുപ്രായത്തില്‍ ഞങ്ങള്‍ റമളാന്റെ വരവ് അറിയുന്നത് അങ്ങനെയാണ്.
റമളാന്‍ മാസം തുടങ്ങിയാല്‍ പിന്നെ എല്ലാ ദിവസവും ബാപ്പ പേപ്പറില്‍ നിന്ന് എന്തോ വെട്ടി എടുക്കുന്നത് കാണാമായിരുന്നു.(സഹായാഭ്യര്‍ത്ഥനകളുടെ കട്ടിംഗുകളാണ് അവ എന്ന് മുതിര്‍ന്നപ്പോഴാണ് മനസ്സിലായത്).ഇങ്ങനെ ഒരാഴ്ച ശേഖരിച്ച കട്ടിംഗുകളെല്ലാം മണിഓര്‍ഡര്‍ ഫോം സഹിതം ബാപ്പ എനിക്ക് കൈമാറും.ബാപ്പക്ക് കൈവിറ ഉണ്ടായിരുന്നതിനാല്‍ മണിഓര്‍ഡര്‍ ഫോം പൂരിപ്പിക്കല്‍ എന്റെ ഡ്യൂട്ടി ആയിരുന്നു.
പിറ്റേന്ന് അത് പോസ്റ്റ് ഓഫീസില്‍ കൊണ്ടുപോയി അടയ്കേണ്ടതും ഞാനോ അനിയനോ ആയിരിക്കും. മൊത്തം അടയ്ക്കേണ്ട സംഖ്യയും അതിന്റെ M O കമ്മീഷനും പ്രത്യേകം പ്രത്യേകമായി തന്നെ ബാപ്പ തരും.
ഇങ്ങനെ റമളാന്‍ പിറന്നാല്‍ കൂടുതലായി ,പോസ്റ്റ് ഓഫീസ് വഴിയും വീട്ടില്‍ വരുന്നവര്‍ക്ക് നേരിട്ടും മറ്റ് ചിലര്‍ക്ക് ദൂതന്മാര് വഴിയും ബാപ്പ സഹായമെത്തിക്കും.പലപ്പോഴും ആ ഉദാരമനസ്ക്കതക്ക് മുമ്പില്‍ ഞാന്‍ സ്തംഭിച്ചുപോയിട്ടുണ്ട്.
"ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അത് നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കും.ദാനധര്‍മ്മങ്ങള്‍ നിങ്ങളുടെ സമ്പത്തിനെ കുറക്കുകയില്ല.മറിച്ച് ഇരട്ടിക്കിരട്ടിയായി വര്‍ദ്ധിപ്പിക്കും.വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്‍മ്മങ്ങള്‍ ഉപകാരപ്പെടും" .ഇതായിരുന്നു ഓരോ ദാനസമയത്തും ബാപ്പ ഞങ്ങളോട് ഉപദേശിച്ചിരുന്നത്.
ദാനധര്‍മ്മങ്ങളും സത്പ്രവൃത്തികളും വര്‍ദ്ധിപ്പിച്ച് നമ്മുടെ ചുറ്റും സഹവസിക്കുന്ന എല്ലാവര്ക്കും താങ്ങും തണലുമാകുന്ന രൂപത്തില്‍ എല്ലാക്കാലത്തും നമുക്ക് പ്രവര്‍ത്തിക്കാം.പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ പ്രത്യേകിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍.
4 comments:
"ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.അത് നിങ്ങളുടെ ധനത്തെ ശുദ്ധീകരിക്കും.ദാനധര്‍മ്മങ്ങള്‍ നിങ്ങളുടെ സമ്പത്തിനെ കുറക്കുകയില്ല.മറിച്ച് ഇരട്ടിക്കിരട്ടിയായി വര്‍ദ്ധിപ്പിക്കും.വരാനിരിക്കുന്ന ആപത്തിനെ തടയാനും ദാനധര്‍മ്മങ്ങള്‍ ഉപകാരപ്പെടും" .ഇതായിരുന്നു ഓരോ ദാനസമയത്തും ബാപ്പ ഞങ്ങളോട് ഉപദേശിച്ചിരുന്നത്.
ബാപ്പയുടെ പരലോക ജീവിതം നല്ലതാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ദാനധർമ്മങ്ങളുടെ മഹത്വം നമ്മുടെ നാട്ടിലെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ നാട്ടിലെ പട്ടിണി എന്നോ പമ്പ കടന്നേനെ.
രസികാ...പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്കട്ടെ,ആമീന്‍
“..... നമുക്കു ചുറ്റും സഹവസിക്കുന്നവര്‍ക്കു താങ്ങും തണലുമായി പ്രവര്‍ത്തിക്കാം”.
എന്തു നല്ല സന്ദേശം ഇല്ലേ? പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എത്ര നല്ലതു്!
Post a Comment
നന്ദി....വീണ്ടും വരിക