Pages

Wednesday, May 20, 2009

പൊതുവഴിയിലെ 'നിധി'

എന്റെ വീട്ടില്‍ നിന്നും അങ്ങാടിയിലേക്ക്‌ പോകാന്‍ മെയിന്‍റോഡിന്‌ പുറമേ മറ്റൊരു വഴി കൂടിയുണ്ട്‌.ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ മുന്‍ഭാഗത്തുകൂടിയാണ്‌ ആ വഴി കടന്നുപോകുന്നത്‌.അതിനാല്‍ തന്നെ ഞാന്‍ പലപ്പോഴും അങ്ങാടിയില്‍ പോകുന്നതും തിരിച്ചുവരുന്നതും അതു വഴിയാണ്‌.

പക്ഷേ പൊതുവഴിയായ ആ വഴിപലരും ഉപയോഗിക്കുന്നത്‌ കണ്ടാല്‍ അവരുടെ സ്വന്തം പറമ്പിന്റെ ഭാഗമാണെന്ന് തോന്നിപോകും.സ്വന്തം വീട്ടിലേക്കുള്ള വിറക്‌,വീട്‌ പടുത്തുയര്‍ത്താനുള്ള കല്ല്,തേയ്ക്കാനുള്ള മണല്‍,വീടോ പറമ്പോ ഇടിച്ചു നിരപ്പാക്കിയതിന്റെ അവശിഷ്ടങ്ങള്‍ എല്ലാം യാതൊരു കൂസലും കൂടാതെ അവര്‍ ഈ വഴിയില്‍ കൊണ്ടു തട്ടുന്നു!സ്കൂള്‍കുട്ടികളും സ്ത്രീകളടക്കമുള്ള പൊതുജനങ്ങളും സര്‍വ്വസാധാരണമായി കടന്നുപോകുന്ന, ഒരു ലോറിക്ക്‌ സുഖമായി കടന്നുപോകാന്‍ സാധിക്കുന്ന ഈ വഴിയുടെ പകുതിഭാഗത്തോളം ഇക്കാരണത്താല്‍ അധിക ദിവസങ്ങളിലും ഉപയോഗ ശൂന്യമാണ്‌.(എന്തോ ഭാഗ്യത്തിന്‌ ആരും തങ്ങളുടെ അടുക്കള വേസ്റ്റ്‌ ഇവിടെ തട്ടാറില്ല).

ഈ വഴിയിലൂടെ നടക്കുന്ന ദിവസങ്ങളിലെല്ലാം എനിക്ക്‌ ഒരു 'നിധി' കിട്ടാറുണ്ട്‌.എന്നും കിട്ടുന്ന ആ 'നിധി' പെറുക്കി എടുത്ത്‌ ഞാന്‍, തൊട്ടടുത്ത പറമ്പിന്റെ മൂലയിലേക്കോ വഴിയുടെ ഉപയോഗിക്കാത്ത അരികിലേക്കോ വലിച്ചെറിയും.തുരുമ്പ്‌ പിടിച്ച പട്ടികാണികള്‍ (കോണ്‍ക്രീറ്റിങ്ങിന്റെ പലക അടിക്കാന്‍ ഉപയോഗിക്കുന്നവ)ആണ്‌ ആ നിധി.ഈ വഴിയോരത്ത്‌ തന്നെ സ്ഥിതി ചെയ്യുന്ന ഒരു രണ്ടുനില വാടകകെട്ടിടനിര്‍മ്മാണ സമയത്ത്‌ വഴിയിലിട്ട്‌ പണി എടുത്തതിന്റെ ബാക്കിപത്രമാണ്‌ വഴിയിലെ ആ ആണികള്‍.

വഴിയിലെ ഉപദ്രവങ്ങള്‍ നീക്കുന്നത്‌ എന്റെ മതവിശ്വാസ പ്രകാരം ഒരു സല്‍കര്‍മ്മമാണ്‌.അത്‌ ഒരു ചെറുമുള്ളായാല്‍ പോലും പ്രതിഫലം ലഭിക്കും എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.ഈ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുവഴി തടസ്സപ്പെരുത്തരുത്‌ എന്ന സാമാന്യമര്യാദ എങ്കിലും എല്ലാവരും പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആശിച്ചുപോകാറുണ്ട്‌.നമ്മുടെ സമൂഹത്തെ എങ്ങനെ ആ ചിന്തയിലേക്ക്‌ നയിക്കാം എന്ന ചിന്തക്ക്‌ ഒരുത്തരം കിട്ടുന്നില്ല.

11 comments:

Areekkodan | അരീക്കോടന്‍ said...

ഈ വഴിയിലൂടെ നടക്കുന്ന ദിവസങ്ങളിലെല്ലാം എനിക്ക്‌ ഒരു 'നിധി' കിട്ടാറുണ്ട്‌.എന്നും കിട്ടുന്ന ആ 'നിധി' പെറുക്കി എടുത്ത്‌ ഞാന്‍, തൊട്ടടുത്ത പറമ്പിന്റെ മൂലയിലേക്കോ വഴിയുടെ ഉപയോഗിക്കാത്ത അരികിലേക്കോ വലിച്ചെറിയും.

ഉറുമ്പ്‌ /ANT said...

ഒറ്റ ബയിയേ ഒള്ളു. ജ്ജ് ഒരു പരാതി എയ്തി മുഖ്യമന്ത്രീന്റ ആപ്പീസിലോട്ട് കൊണ്ടക്കൊട്.

Sabu Kottotty said...

ഇരുമ്പാണെങ്കില്‍ വലിച്ചെറിയേണ്ട ആവശ്യമില്ല അരീക്കോടന്‍...
നല്ലവിലയുള്ള സമയമാ,
തൂക്കിവിറ്റാല്‍ നല്ലവിലയും കിട്ടും.

മലയാളികള്‍ക്കുള്ള ഈ നല്ലശീലം എന്നു മാറുമോ ആവോ...

വീകെ said...

ഇതു ഒരു ഒറ്റപ്പെട്ട സംഭവമല്ല.
പൊതുവഴി പൊതു ആവശ്യങ്ങൾക്കാണെങ്കിൽ പോലും കുണ്ടും കുഴിയുമാക്കിയിടുന്നത് നമ്മുടെ ഒരു പൊതു സ്വഭാവമാണ്.
അതിൽ അകപ്പെടുന്നവർക്ക് മരണം വരെ സംഭവിക്കുന്നത് നിത്യ സംഭവം.

ഇതിൽ നിന്നും രക്ഷപ്പെടാൻ അതി ശക്തമായ നിയമ നിർമ്മാണവും, ലഘിക്കുന്നവർക്ക് തടവുൾപ്പടെയുള്ള ശിക്ഷാ വിധികളും, അതു നടപ്പിലാ‍ക്കാൻ ആർജ്ജവമുള്ള അധികാരികളും വേണം.

പാവപ്പെട്ടവൻ said...

നമ്മുടെ സദാചാരത്തിന്‍റെ ചില പരിപാലന പ്രശനമാണ്
സ്വന്തമായി ബോധമുണ്ടാകുക

roopadarsakan said...

തുടര്‍ന്നും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു താങ്കളുടെ വിശ്വാസങ്ങള്‍ താങ്കളെ പ്രേരിപ്പിക്കുമാറാകട്ടെ

അരുണ്‍ കരിമുട്ടം said...

ഒരോരുത്തരും ഇപ്രകാരം ചെയ്തിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായേനെ?

ഹന്‍ല്ലലത്ത് Hanllalath said...

സാനിട്ടറി നാപ്‌കിനുകള്‍ വരെ കൊണ്ടു വന്ന് റോഡില്‍ ഇടുന്നവരുണ്ട്..
ഇതെത്രയോ ഭേദമാണ്
നല്ല മനസ്സിന് അഭിനന്ദനങ്ങള്‍...

ചാണക്യന്‍ said...

മാഷെ..ഓരോരുത്തരും ഇങ്ങനെ ചെയ്ത് അവനവന്റെ പരിസരമെങ്കിലും ശുചിയാക്കിയിരുന്നെങ്കില്‍....

Typist | എഴുത്തുകാരി said...

നമുക്കത്രയൊക്കെ തന്നെ ചെയ്യാന്‍ കഴിയുള്ളൂ. നമുക്കു ചെയ്യാം, നമ്മുടെ കുട്ടികളെ അങ്ങനെ ശീലിപ്പിക്കാം.
പലപ്പോഴും വഴിയില്‍ ഇങ്ങിനെയൊക്കെ കാണുമ്പോള്‍ ദേഷ്യവും അമര്‍ഷവുമൊക്കെ തോന്നാറുണ്ട്‌. എന്തു കാര്യം!

Areekkodan | അരീക്കോടന്‍ said...

ഉറുമ്പേ...ന്നട്ട്‌ അന്റെ പരാതി കിട്ടി,മേലാപ്പീസ്‌ക്ക്‌ അയച്ച്ക്ക്‌ണ്‌ എന്ന കത്തും വായിച്ച്‌ ജീവിതം തീര്‍ക്കാം....
കൊട്ടോടിക്കാരാ...സ്വാഗതം.എല്ലാം എറിഞ്ഞുകഴിഞ്ഞിട്ടാണോ ഈ ഉപദേശം.
വീ.കെ....,എഴുത്തുകാരീ.......പൊതുവഴി എല്ലാ ആവശ്യങ്ങള്‍ക്കും എന്നാണ്‌ പലരുടേയും ധാരണ
പാവപ്പെട്ടവനേ...അതേ സ്വന്തമായി ബോധം ഉണ്ടാകലേ നിവൃത്തിയുള്ളൂ..
രൂപദര്‍ശകാ...നന്ദി
അരുണ്‍....അങ്ങിനെ ഒരു കാലം വരും എന്ന് പ്രതീക്ഷിക്കാം.
ഹാന്‍ള്ളളഠ്‌....നന്ദി
ചാണക്യാ....കൊതുക്‌-ഈച്ച-മൂട്ടാദികള്‍ കൊടി പിടിക്കും.

Post a Comment

നന്ദി....വീണ്ടും വരിക