Pages

Monday, June 29, 2009

ആ ദിനം ഓര്‍മ്മിക്കുമ്പോള്‍....

2008 ജൂണ്‍ 29 ഞായറാഴ്ച.പതിവ്‌ പോലെ സുബഹി നമസ്കാരത്തിന്‌ ശേഷം ഞാന്‍ അല്‍പം കൂടി ഉറങ്ങി.ബാപ്പ പതിവ്‌ പോലെ ചൂലുമെടുത്ത്‌ മുറ്റത്തേക്കും ഇറങ്ങി.വീടിന്റെ ചുറ്റു ഭാഗവും അന്നും അദ്ദേഹം അടിച്ചുവാരി വൃത്തിയാക്കി.1991-ല്‍ സര്‍ക്കര്‍ സര്‍വ്വീസില്‍ നിന്നും ഹെഡ്‌മാസ്റ്ററായി വിരമിച്ച ശേഷം, വീട്ടില്‍ സര്‍വന്റ്സ്‌ വരുന്ന അപൂര്‍വ്വം ദിവസങ്ങളൊഴികെ എല്ലാ ദിവസവും ബാപ്പ തന്നെയായിരുന്നു ഈ കര്‍മ്മം ചെയ്തിരുന്നത്‌. രാവിലെ പ്രാതല്‍ കഴിച്ച ശേഷം ഞാനും കര്‍മ്മ പഥത്തിലേക്ക്‌ ഇറങ്ങി.പുതുതായി പണിതുകൊണ്ടിരിക്കുന്ന എന്റെ വീടിന്റെ അടുത്ത്‌ കൂട്ടിയിട്ടിരുന്ന മണല്‍ മഴയില്‍ ഒലിച്ചു പോകാതിരിക്കാന്‍ അതിന്‌ ചുറ്റും കല്ലെടുത്ത്‌ വയ്ക്കുന്ന പണിയായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്‌.എന്നാല്‍ പടവിന്റെ ആവശ്യത്തിനായി അതില്‍ നിന്നും മണല്‍ എടുത്തിരുന്നതിനാല്‍ മണല്‍ പരന്ന് കിടക്കുകയായിരുന്നു.അതിനാല്‍ ആദ്യം ഞാനത്‌ കൂട്ടി പിന്നീട്‌ ചെങ്കല്ല് ഓരോന്നായി കൊണ്ടു വന്ന് ചുറ്റും അടുക്കി വൃത്തിയാക്കി വച്ചു.ശേഷം ഞാന്‍, തൊട്ടപ്പുറം തന്നെ ഒരു കരുതല്‍ ശേഖരമായി വച്ചിരുന്ന ക്വാറി സാന്റും ഇതേ പോലെ കൂട്ടി.ചുറ്റും കല്ല് വയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ ബാപ്പ കുറേ ചെടിക്കമ്പുകളുമായി അവിടെ എത്തിയത്‌.അദ്ദേഹം അത്‌ എന്റെ വീട്ടിലേക്ക്‌ കയറുന്ന വഴിയുടെ അരികില്‍ ഉടനീളം നട്ടു.ഇതു കണ്ടപ്പോഴാണ്‌ ആ വേനലവധിക്ക്‌ മാനന്തവാടിയില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ഞാന്‍ കൊണ്ടുവന്ന ഒരു മാവിന്‍ തൈ നടുന്നതിനെക്കുറിച്ച്‌ എനിക്ക്‌ ഓര്‍മ്മ വന്നത്‌.ഞാന്‍ അത്‌ നടാനായി തിരിഞ്ഞു.ഇതു കണ്ട ബാപ്പ എനിക്ക്‌ ചില ഉപദേശങ്ങള്‍ നല്‍കി.(അതിവിടെ). തൈ നട്ട്‌ ഞാന്‍ വീണ്ടും ക്വാറി സാന്റ്‌ കൂട്ടാനായി തിരിഞ്ഞു.ബാപ്പ എന്റെ അടുത്ത്‌ തന്നെ വന്ന് നിന്നു.ഞാന്‍ കല്ല് താങ്ങി കൊണ്ടു വരുന്നത്‌ സഹിക്കാന്‍ കഴിയാതെ അദ്ദേഹവും ഒരു വലിയ കല്ല് താങ്ങി കൊണ്ടുവന്നു.അത്രയും ഭാരം എടുക്കരുത്‌ എന്ന് ഞാന്‍ പ്രിയപിതാവിനോട്‌ സൂചിപ്പിച്ച പ്രകാരം അദ്ദേഹം പിന്നീട്‌ കല്ലെടുത്തില്ല,എന്റെ പണി നോക്കി നിന്നു.അവസാനം തീര്‍ത്തും ആവശ്യമില്ല എന്ന് എനിക്ക്‌ തോന്നിയ ഒരു സ്ഥലത്ത്‌ കല്ല് വയ്ക്കാന്‍ അദ്ദേഹം പറഞ്ഞു.വളരെ യാന്ത്രികമായി ഞാന്‍ അത്‌ അനുസരിച്ചു. സമയം ഉച്ചയോട്‌ അടുത്തിരുന്നു.എന്റെ പണി എകദേശം കഴിഞ്ഞിരുന്നു.അപ്പോഴാണ്‌ മുറ്റത്ത്‌ അടുക്കിവച്ച കല്ലുകള്‍ക്കിടയില്‍ ചില കാട്ടുചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത്‌ ബാപ്പ ശ്രദ്ധിച്ചത്‌. "അതും കൂടി അങ്ങ്‌ പറിച്ചുകള,പാമ്പ്‌ വന്ന് കൂടും" അത്ര നേരം ഞാന്‍ കണ്ടുകൊണ്ടിരുന്ന ആ അവസ്ഥയില്‍ എനിക്ക്‌ ഒന്നും തോന്നാഞ്ഞിട്ടും ബാപ്പ പറഞ്ഞ സ്ഥിതിക്ക്‌ ഞാന്‍ അതും അനുസരിച്ചു. അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങിയിരുന്നു.ബാപ്പയുടെ, മുടിപോയ തലയില്‍ നിന്നും വിയര്‍പ്പും മഴത്തുള്ളികളും ഒഴുകാന്‍ തുടങ്ങി.അദ്ദേഹം എന്നോട്‌ ചോദിച്ചു. "നീ ഇന്ന് മാനന്തവാടിയില്‍ പോകുന്നില്ലേ?" "ങാ...മൂന്ന് മണിക്ക്‌ പോകണം..ഇന്‍ഷാ അള്ളാഹ്‌..." "എങ്കില്‍ ബാക്കി പണി ബാപ്പ നാളെ ചെയ്തോളാം....ഇന്ന് ഇത്ര മതി..." ഞാനും ബാപ്പയും പണി നിര്‍ത്തി ആയുധങ്ങളുമായി വീട്ടിലേക്ക്‌ കയറി. ഭക്ഷണത്തിന്‌ ശേഷം പതിവ്‌ പോലെ ഉച്ചക്ക്‌ രണ്ടര മണിക്ക്‌ ഞാനും ഭാര്യയും മക്കളും മാനന്തവാടിയിലേക്ക്‌ പുറപ്പെടാനായി ഒരുങ്ങി.ബാപ്പ അപ്പോള്‍ ഉറങ്ങുകയായിരുന്നു.ഉച്ച വരെ വെയിലും മഴയും കൊണ്ട്‌ ക്ഷീണിച്ചുറങ്ങുന്ന ബാപ്പയുടെ ഉറക്കം നഷ്ടപ്പെടുത്തേണ്ട എന്ന സദുദ്ദേശത്തോടെ ഞാന്‍ ബാപ്പയോട്‌ സലാം പറയാതെ ഇറങ്ങി(അതിന്റെ മനോ വേദന ഞാന്‍ ഇന്നും അനുഭവിക്കുന്നു). വൈകിട്ട്‌ എന്റെ പണിയെ അഭിനന്ദിച്ചുകൊണ്ട്‌ ബാപ്പ ഉമ്മയുടെ അടുത്ത്‌ പറഞ്ഞു. "ആബിദ്‌ ഇന്ന് എന്നെ തോല്‍പ്പിച്ചു കളഞ്ഞു.." ബാപ്പ ഇതു പറയുമ്പോള്‍ ഒന്നുമറിയാതെ ഞാന്‍ മാനന്തവാടിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പതിവ്‌ പോലെ സന്ധ്യയോടെ ഞങ്ങള്‍ മാനന്തവാടിയിലെത്തി.മഅരിബ്‌ നമസ്കാരം കഴിഞ്ഞ്‌ ഭക്ഷണം പാകം ചെയ്തു.ഇശാ നമസ്കാരം കഴിഞ്ഞ്‌ ഭക്ഷണം കഴിച്ച്‌ ഞങ്ങള്‍ കിടന്നു.യാത്രക്ഷീണം കാരണം മക്കള്‍ പെട്ടുന്നുറങ്ങി.ഉറക്കത്തിലേക്ക്‌ വഴുതിക്കൊണ്ടിരുന്ന എന്നെ എന്റെ മൊബൈല്‍ പെട്ടെന്നുണര്‍ത്തി.ഫോണിലേക്ക്‌ നോക്കിയെങ്കിലും കണ്ണ്‍ ശരിക്കും തുറക്കാത്തതിനാല്‍ എനിക്ക്‌ ആരാണ്‌ വിളിച്ചത്‌ എന്ന് മനസ്സിലായില്ല.ഫോണ്‍ വച്ച്‌ ഞാന്‍ വീണ്ടും കിടന്നപ്പോള്‍ അത്‌ വീണ്ടും റിംഗ്‌ ചെയ്തു.ഞാന്‍ ഫോണെടുത്തു. "ഹലോ...ആബീ...ശരീഫാക്കയാണ്‌...നീ കിടന്നോ?" മൂത്തുമ്മയുടെ മകന്‍ ആണ്‌ വിളിച്ചത്‌.കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സംബന്ധമായ കാര്യങ്ങള്‍ ഇടക്കിടെ ചോദിക്കാറുള്ളതിനാല്‍ അങ്ങിനെ എന്തെങ്കിലും ആവശ്യത്തിനായിരിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞു. "ആ...എന്താ ശരീഫാക്കാ...ഞാന്‍ കിടന്നതേ ഉള്ളൂ..." "ആ...ബാപ്പാക്ക്‌ അല്‍പം സുഖമില്ലായ്മ .....നീ തിരക്ക്‌ കൂട്ടി പോരേണ്ട...സാവധാനം പോര്‌...ഇപ്പോള്‍ തന്നെ ഒരു..." പറഞ്ഞ്‌ മുഴുമിപ്പിക്കുന്നതിന്‌ മുമ്പ്‌ മറ്റൊരു മൂത്തുമ്മയുടെ മകനായ അബ്ദുറഹ്മാന്‍ പറഞ്ഞു: "സുഖമില്ലായ്മ അല്ല...എളാപ്പ മരിച്ചിരിക്കുന്നു!!!വണ്ടി കിട്ടുമെങ്കില്‍ നീ ഉടന്‍ പോര്‌...ഇല്ലെങ്കില്‍ ഇവിടെ നിന്നും വണ്ടി അയക്കാം..." തളര്‍ന്നുറങ്ങുന്ന മക്കളോടും ഭാര്യയോടും എന്ത്‌ പറയണമെന്നറിയാതെ ഹതാശയനായി ഞാന്‍ ഇരിക്കുമ്പോള്‍ ഫോണില്‍ നിന്നും വീണ്ടും റിംഗ്ടോണുകള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാതേയും സ്വയം ബുദ്ധിമുട്ടാതേയും ബാപ്പ ഉദ്ദേശിച്ചരൂപത്തില്‍ തന്നെ അദ്ദേഹം നിര്യാതനായി.സാധാരണ യാത്ര പറയുമ്പോള്‍ എന്റെ മക്കള്‍ക്ക്‌ നല്‍കുന്ന ചുംബനവും സലാം പറയലും അന്ന് എന്റെ മക്കള്‍ക്കും എനിക്കും ലഭിച്ചില്ല എന്നതും യാത്ര പറയാന്‍ അവസരം ലഭിച്ചില്ല എന്നതും എന്റെ സ്വകാര്യ ദു:ഖമായി തുടരുന്നു.എങ്കിലും ദൈവത്തിന്റെ തീരുമാനം അതാണെന്ന നിലക്ക്‌ ഞാന്‍ സമാധാനം കൊള്ളുന്നു.അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ തെറ്റുകളും മാപ്പാക്കി കൊടുക്കട്ടെ,ആമീന്‍.

4 comments:

Areekkodan | അരീക്കോടന്‍ said...

ആരേയും ബുദ്ധിമുട്ടിക്കാതേയും സ്വയം ബുദ്ധിമുട്ടാതേയും ബാപ്പ ഉദ്ദേശിച്ചരൂപത്തില്‍ തന്നെ അദ്ദേഹം നിര്യാതനായി.സാധാരണ യാത്ര പറയുമ്പോള്‍ എന്റെ മക്കള്‍ക്ക്‌ നല്‍കുന്ന ചുംബനവും സലാം പറയലും അന്ന് എന്റെ മക്കള്‍ക്കും എനിക്കും ലഭിച്ചില്ല എന്നതും യാത്ര പറയാന്‍ അവസരം ലഭിച്ചില്ല എന്നതും എന്റെ സ്വകാര്യ ദു:ഖമായി തുടരുന്നു.എങ്കിലും ദൈവത്തിന്റെ തീരുമാനം അതാണെന്ന നിലക്ക്‌ ഞാന്‍ സമാധാനം കൊള്ളുന്നു.അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ തെറ്റുകളും മാപ്പാക്കി കൊടുക്കട്ടെ,ആമീന്‍.

കൊട്ടോട്ടിക്കാരന്‍... said...

അരീക്കോടന്‍, എന്റെ ബാപ്പ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു (?) എനിയ്ക്കറിയത്തില്ല. ആറേഴു കൊല്ലം മുമ്പു കണ്ടതാണ്. പിന്നെ ഒരു കാര്യം കൂടി, അദ്ദേഹത്തെ ഞാന്‍ ബാപ്പാന്നു വിളിച്ചിട്ടുമില്ല... കൂടുതല്‍ പറയുന്നില്ല. താങ്കളുടെ പോസ്റ്റു വായിച്ചപ്പൊ വല്ലാത്ത ഒരു വിഷമം തോന്നി. അതുകൊണ്ടെഴുതിയതാണ്... അരീക്കോടന്റെ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കാളിയാകുന്നു...

Typist | എഴുത്തുകാരി said...

പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു.

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടിക്കാരാ....താങ്കളുടെ സ്വകാര്യദു:ഖത്തില്‍ പങ്ക്ചേരുന്നു.മനുഷ്യമനസ്സ്‌ പ്രവചനാതീതമാണ്‌.സ്നേഹമുള്ള മനസ്സുകളും ഒട്ടും സ്നേഹമില്ലാത്തവയും ഉണ്ടാകാം.നമ്മുടെ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്‌ നാം പെരുമാറുക.
Typist....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക