Pages

Wednesday, November 04, 2009

വഞ്ചി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു

എന്റെ നാടിനെ നടുക്കിയ വന്‍‌ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലെ സ്കൂള്‍കടവില്‍ തോണി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു.ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.അഞ്ച് കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.ഞാന്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചവര്‍ എല്ലാവരും.


ഇന്ന് വൈകിട്ട് 4.30-ന് ആണ് ഒരു ജലദുരന്തത്തിന് കൂടി കേരളം സാക്ഷിയായത്.മുപ്പതിലധികം കുട്ടികള്‍ തോണിയില്‍ കയറിയതായി പറയപ്പെടുന്നു.ഓവര്‍ലോഡ് ആണെന്ന മുന്നറിയിപ്പ് വക വയ്ക്കാതെ  തോണിയില്‍ തന്നെ ഇരുന്നവരാണ് ദുരന്തത്തിന് ഇരയായത്. സാധാരണ ഉണ്ടാകാറുള്ള കടത്തുകാരന്‍ തത്സമയത്ത് ഇല്ലാതായതും മറ്റൊരു കാരണമായി.മുന്നറിയിപ്പ് പരിഗണിച്ച് ഇറങ്ങിയ കുട്ടികള്‍ക്ക് ദുരന്തം കണ്ട് കരയില്‍ നിന്ന് വാവിട്ട് കരയാനേ സാധിച്ചുള്ളൂ.


അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതിനാലും കുറേ പേര്‍ നീന്തി രക്ഷപ്പെട്ടതിനാലും മരണസംഖ്യ ചുരുങ്ങി.ഫയര്‍ഫോഴ്സും പോലീസും തക്ക സമയത്ത് തന്നെ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രിയും തുടരുന്നു.



+1 വിദ്യാര്‍ത്ഥികളായ കിഴിശ്ശേരി സ്വദേശി മുഷ്ഫിക്ക്,കൊഴക്കോട്ടൂര്‍ സ്വദേശി ഷാഹിദലി,പാലപറ്റ സ്വദേശി തൌഫീക്ക്, ,വെള്ളേരി സ്വദേശി ഷിഹാബ്,വി.കെ.പടി സ്വദേശി ഷമീം,കൊഴക്കോട്ടൂര്‍ സ്വദേശിനി ത്വയ്യിബ ,+2 വിദ്യാര്‍ത്ഥികളായ കുനിയില്‍ സ്വദേശി സിറാജ്,ഉഗ്രപുരം സ്വദേശി സുഹൈല്‍ എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളില്‍ മൂന്നെണ്ണം അരീക്കോട്‌ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും അഞ്ചെണ്ണം സ്ഥലത്തെ സ്വകാര്യ ആശുപത്രിയിലും ആണ് .ആശുപത്രി പരിസരത്തും ദുരന്തസ്ഥലത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.സഹപാഠികളുടെ അകാലവിയോഗത്തില്‍ ദു:ഖം പേറി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളേയും പലയിടത്തും കാണുന്നുണ്ട്.



ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത് കാരണം ചാലിയാറില്‍ വെള്ളം ഉയര്‍ന്ന നിലയിലാണ് ഉള്ളത്.കൂടാതെ മണലെടുപ്പ് കാരണം അപകടം നടന്ന സ്ഥലത്ത് നല്ല ആഴവും ഉണ്ടായിരുന്നു.മറിഞ്ഞ തോണി ഉയര്‍ത്തിയപ്പോള്‍ അതിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഒരു മൃതദേഹം.

മൂര്‍ക്കനാട് വഴി ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും സ്വകാര്യ ബസ്സില്‍ കയറ്റപ്പെടുന്ന കുട്ടികള്‍ക്ക് പരിമിതി ഉള്ളതിനാലും അരീക്കോട്‌ ബസ്‌സ്റ്റാന്റില്‍ പെട്ടെന്ന് എത്തിച്ചേരാമെന്നതിനാലും കുട്ടികള്‍ ഈ കടവിലൂടെയാണ് കൂടുതലായും യാത്ര ചെയ്യുന്നത്.പുഴക്ക് കുറുകെ കെട്ടിയ കയറില്‍ പിടിച്ചുവലിച്ചാണ് തോണി സഞ്ചരിച്ചിരുന്നത്.ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ തോണിയില്‍ വെള്ളം കയറുന്നത് കണ്ട് പരിഭ്രാന്തരായി കുട്ടികള്‍ എണീറ്റതാണ് തോണി മറിയാനുള്ള കാരണമായി പറയപ്പെടുന്നത്.


ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കടവ്.മഴക്കാലത്ത് കുത്തി ഒഴുകുന്ന ചാലിയാര്‍ അക്കരെ കടക്കുന്നത് ജീവന്‍ പണയം വച്ചുള്ള പരിപാടി ആയിരുന്നു.കുട്ടികള്‍ക്കും പ്രദേശ വാസികള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സ്ഥലത്ത് തൂക്കുപാലം വേണമെന്ന ആവശ്യത്തിന് ഇനിയെങ്കിലും അധികൃതരുടെ അനുമതി ലഭിക്കുമോ ആവോ ?

23 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചവര്‍ എല്ലാവരും.
ഒരു പിടി കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്....

കാവലാന്‍ said...

അരീക്കോടാ.................. :(

keraladasanunni said...

ടി.വി.യില്‍ വാര്‍ത്തയും ദൃശ്യങ്ങളും കണ്ടു. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അനുശോചിക്കുന്നു.
palakkattettan

നിഷാർ ആലാട്ട് said...

:(

വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അനുശോചിക്കുന്നു

ഒരു നുറുങ്ങ് said...

മാഷേ...ആ മക്കള്‍ സ്വര്‍ഗസ്ഥരായി...ഇന്നാ ലില്ലാഹി
വഇന്നാ.....
അവരുടെ സന്തപ്തരായ രക്ഷിതാക്കള്‍ക്ക് അല്ലാഹു
ക്ഷമയും മനസ്സമാധാനവും നല്‍കട്ടെ..ആമീന്‍!

Sabu Kottotty said...

കാണാതായ അഞ്ചു കുട്ടികള്‍ക്കെങ്കിലും ഒന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെ.....

OAB/ഒഎബി said...

അനുശോചനം രേഖപ്പെടുത്തികൊണ്ട് ഞാന്‍ ഒന്ന് രണ്ട് കാര്യം പറഞ്ഞോട്ടെ..

ചാലിയാറിന്‍ തീരത്തുള്ള എന്റെ ഭാര്യവീട്ടിലെ ചെറിയ കുട്ടികള്‍ക്കൊന്നും നീന്താന്‍ അറിയില്ല. പെണ്ണുങ്ങള്‍ ആരും അലക്കാനും കുളിക്കാനും ഇപ്പോള്‍ പുഴയിലേക്ക് പോവാറില്ല. കുട്ടികളെ ഒറ്റക്ക് പറഞ്ഞയക്കുകയുമില്ല(അത് ശരിയല്ല താനും)

ഒന്നോ രണ്ടൊ കൊല്ലം കഴിഞ്ഞ് ലീവിന് നാട്ടില്‍ പോയി, ഇടക്ക് അവിടെ ചെല്ലുമ്പോല്‍ കുട്ടികളുടെ അഹ്ലാദം കാണണം. എല്ലാം എന്റെ കൂടെ കൂടും അളിയാക്ക പൊഴീക്ക് പോവാ...എന്നും പറഞ്ഞ്. ഞാന്‍ എല്ലാത്തിനെയും (അവരുടെ ഉമ്മായുപ്പമാരെ) നന്നായി പറഞ്ഞ് മനസ്സിലാക്കും. അപ്പോള്‍ അവര്‍ പറയുന്നത് ഇപ്പോള്‍ പുഴ പുഴയല്ല വെറും ചളിക്കുണ്ട് ആണെന്നും അതില്‍ നിന്നും കുളിച്ചാല്‍ ശരിയാവില്ല എന്നോക്കെയാണ്. അത് കുറച്ച് മാസങ്ങളിലെ ഉണ്ടാവാറുള്ളു.

ഒന്നേ എനിക്കീ സമയത്ത് പറയാനുള്ളൂ.
അവിടെ തൂക്ക് പാലം വന്നോട്ടെ.

എന്നാലും,അച്ചനമ്മ, ഉമ്മബാപ്പമാരെ
നാളത്തെ ജീവിതത്തിനായി എന്തെല്ലാം നിങ്ങള്‍ മക്കളെ പഠിപ്പിക്കുന്നു.
അത് പോലെ നിങ്ങളുടെ മക്കളെ ചെറുപ്പത്തിലെ നിര്‍ബന്ധമായും നീന്തല്‍ പഠിപ്പിക്കുക.

അത് കുളത്തിലും പുഴയിലും ആറ്റിലും ചേറ്റിലുമൊക്കെയാവട്ടെ...

മാണിക്യം said...

വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അനുശോചിക്കുന്നു
ഒഎബി പറഞ്ഞത് വളരെ ശരി കുട്ടികള്‍ നീന്തല്‍ അറിഞ്ഞിരിക്കണം .സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യരുത്. എല്ലാ ദുരന്തത്തിനും ഒടുവില്‍ അനുശോചിക്കുന്നതിനെക്കാള്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക ലേശം താമസിച്ചാലും അടുത്ത ട്രിപ്പില്‍ പോകാമല്ലൊ . നിയമങ്ങള്‍ നമ്മുടെ നന്മക്കായിട്ടണ്

കുഞ്ഞന്‍ said...

ദുഖത്തിൽ പങ്കുചേരുന്നു മാഷെ...

പ്രിയ ഒഎബി ചൂണ്ടിക്കാണിച്ച കാര്യം പ്രാവർത്തികമാക്കിയാൽ അപകടത്തിന്റെ അളവ് ഒരു പരധിവരെ കുറയും തീർച്ച..!

രഘുനാഥന്‍ said...

മാഷേ താങ്കളുടെ നാട്ടിലെ ദുരന്തത്തില്‍ ഈ കേരളക്കരയാകെ ദുഃഖിക്കുന്നു..
മരിച്ച കുട്ടികളുടെ ആത്മാവുകള്‍ക്ക് നിത്യ ശാന്തി നേരുന്നു..

PONNUS said...

ദുഖത്തിൽ പങ്കുചേരുന്നു മാഷെ...

PONNUS said...

ദുഖത്തിൽ പങ്കുചേരുന്നു മാഷെ...

Typist | എഴുത്തുകാരി said...

ഞാനും കൂടുന്നു മാഷേ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍. ദു:ഖം തോന്നുന്നു.

ഇന്നലെ പ്രാദേശിക വാര്‍ത്തയില്‍ ഇതു കേട്ട ഉടനെ ഓര്‍ത്തതു് മാഷിന്റെ സ്ഥലമാണല്ലോ എന്നാണ്.

Unknown said...

വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അനുശോചിക്കുന്നു

ഒഎബി പറഞ്ഞത് വളരെ ശരി കുട്ടികള്‍ നീന്തല്‍ അറിഞ്ഞിരിക്കണം

ramanika said...

അരിക്കൊടിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.....

തിരൂര്കാരന്‍ said...

വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ മാഷെ ഓര്‍ത്തിരുന്നു...ഇങ്ങിനെ ഒരു പോസ്റ്റും...
എന്ത് ചെയ്യാം ...സര്‍ക്കാരുകള്‍ ജനങ്ങളുടെ കാര്യങ്ങള്‍ക്കു അലഭാവം കാണിക്കുന്നു... എത്ര ലക്ഷങ്ങളാണ് കട്ടുമുടിക്കുന്നത്...അതിലല്‍പ്പം നീക്കി വെച്ചിരുന്നെങ്ങില്‍....
.16 , 17 വയസ്സ് പ്രായമായ മക്കള്‍ ആണ് പൊലിഞ്ഞു പോയത്...ആ മാതാപിതാക്കള്‍ക്ക് മനക്കരുത്ത് നല്‍കണേ ദൈവമേ...

രാജീവ്‌ .എ . കുറുപ്പ് said...

മാഷെ കരയാന്‍ അല്ലാതെ ഒന്നിനും വയ്യ, ഇന്നലെ ടീവിയില്‍ കണ്ട ദ്രിശ്യങ്ങള്‍ മനസിനെ ഉലച്ചു കളഞ്ഞു. അവരുടെ അച്ഛനും അമ്മയുമൊക്കെ എങ്ങനെ സഹിക്കുമോ?

Areekkodan | അരീക്കോടന്‍ said...

ഒരു നാടിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാ ബൂലോകര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഭായി said...

മാഷേ വാര്‍ത്ത നേരത്തേയറിഞു..
......വാക്കുകളില്ല )-:

bhoolokajalakam said...

ദുഖത്തിൽ പങ്കുചേരുന്നു

ഭൂതത്താന്‍ said...

മാഷേ വാര്ത്ത ടീ .vi .യില്‍ കണ്ടിരുന്നു ...അരീക്കൊടിന്റെ ദുഃഖത്തില്‍ ഞാനും ചേരുന്നു ...ഒരു പിടി കണ്ണീര്‍ പൂക്കളോടെ ....I.O.B മാഷ്‌ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തം തന്നെ ....

Areekkodan | അരീക്കോടന്‍ said...

ഒരു നാടിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാ ബൂലോകര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

Sureshkumar Punjhayil said...

Anushachanangal .... Prarthanakal ....

Post a Comment

നന്ദി....വീണ്ടും വരിക