Pages

Wednesday, November 25, 2009

കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി

ബാപ്പയുടെ മരണ ശേഷം ബാപ്പയുടെ ജ്യേഷ്ഠനായ എന്റെ നിലവിലുള്ള ഒരേ ഒരു മൂത്താപ്പയെ പല പരിപാടികളിലും വച്ച് കണ്ടിരുന്നു എന്നല്ലാതെ അവരുടെ വീട്ടില്‍ പോയി സന്ദര്‍ശിച്ചിട്ടില്ലായിരുന്നു.സമയം ഒത്തുകിട്ടിയില്ല എന്ന ഒഴിവ്കഴിവ് പറയുന്നതിനേക്കാളും നല്ലത് സമയമുണ്ടാക്കിയില്ല എന്ന കുറ്റസമ്മതമാണ്.ബാപ്പ ജീവിച്ചിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും മൂത്താപ്പ താമസിക്കുന്ന ബാപ്പയുടെ സ്വന്തം ഗ്രാമമായ പേരാമ്പ്രക്കടുത്ത നൊച്ചാട് പോകുമായിരുന്നു.ബന്ധുക്കളില്‍ ഒട്ടു മിക്കവരെയും സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അവരെ എല്ലാം ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത എന്റെ ഭാര്യക്കായിരുന്നു.ബാപ്പയുടെ മരണത്തോടെ അതെല്ലാം നിലച്ച മട്ടായി.


ആ കുറ്റബോധത്തില്‍ നിന്നുള്ള ഒരു ഉള്‍വിളിയാണ് കഴിഞ്ഞ ദിവസം നൊച്ചാട് സന്ദര്‍ശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.പലതരം അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മൂത്താപ്പയേയും മൂത്തുമ്മയേയും നേരില്‍ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാനായി ഞാന്‍ പുറപ്പെട്ടു.


വെള്ളിയൂരില്‍ ബസ്സിറങ്ങി ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് നടന്നപ്പോള്‍ പെട്ടെന്ന് ബാപ്പ വീണ്ടും എന്റെ ചിന്തയില്‍ എത്തി.എന്റെ കുട്ടിക്കാലത്ത് വേനലവധിയില്‍ മൂന്ന് ദിവസം ഞങ്ങള്‍ കുടുംബ സമേതം നൊച്ചാട് പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു.അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെടുന്നതിനാല്‍ ഭക്ഷണം കാര്യമായി കഴിച്ചുട്ടുണ്ടാവില്ല.കഴിച്ചവയെല്ലാം ബസ്സില്‍ ചര്‍ദ്ദിച്ച് കളഞ്ഞിരിക്കും.ഞങ്ങള്‍ വരുന്ന വിവരം വിളിച്ചറിയിക്കാന്‍ അന്ന് ഒരു ഫോണും ഇല്ല.അപ്പോള്‍ പ്രാതല്‍ കഴിക്കുന്നത് വെള്ളിയൂര്‍ ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ഹോട്ടലില്‍ വച്ചായിരുന്നു.ആ ഹോട്ടല്‍ നിന്നിടത്തെ കടയിലാണ് ഞാന്‍ ബേക്കറി സാധനങ്ങള്‍ വാങ്ങാനായി കയറിയത്.


സാധനങ്ങള്‍ വാങ്ങി ഞാന്‍ നൊച്ചാട് റോഡിലേക്ക് നടന്നു.കുട്ടിക്കാലത്ത്, വെള്ളിയൂര്‍ നിന്നും ബാപ്പയുടെ തറവാട് ലക്ഷ്യമാക്കി ഒന്നര കിലോമീറ്റര്‍ നടക്കലായിരുന്നു പതിവ്.ഇന്ന് ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്നു.പണ്ട് കാലത്തെ ആ നടത്തം അയവിറക്കി ഒന്ന് നടക്കാന്‍ മോഹിച്ചെങ്കിലും സമയം അനുവദിച്ചില്ല.ഓട്ടോയില്‍ കയറി പടിഞ്ഞാറേകണ്ടി താഴെ ഞാന്‍ ഇറങ്ങി.


ഒരു പറമ്പ് കടന്ന് ഞാന്‍ കനാലിന്റെ മുകളില്‍ എത്തി.ഞങ്ങള്‍ കനാല്‍ എന്ന പദം കേള്‍ക്കുന്നതും കാണുന്നതും നൊച്ചാട് വച്ചാണ്.കനാലിന്റെ മുകളിലെ ചെറിയ നടപ്പാലം കടന്ന് ഞാന്‍ ഇടവഴിയിലേക്ക് കയറി.പെട്ടെന്ന് എനിക്ക് മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെട്ടു.കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ? എന്നെ മുന്നോട്ട് ഗമിക്കുന്നതില്‍ നിന്നും അല്പനേരം തടഞ്ഞു.(ഇത് ടൈപ്പുമ്പോഴും എന്റെ മനസ്സ് വിതുമ്പുന്നു).മനസ്സ് ശാന്തമായപ്പോള്‍ ഞാന്‍ മുന്നോട്ട് നടന്നു.


മൂത്താപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന വിശാലമായ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റക്കല്‍ പടവിലൂടെ ഞാന്‍ കയറി.പറമ്പില്‍ പ്രവേശിച്ചതും വീണ്ടും എന്റെ ചിന്ത ബാപ്പയെക്കുറിച്ച് തന്നെയായി.ആ വീട്ടില്‍ എത്തിയാല്‍ പറമ്പ് മുഴുവന്‍ നടന്ന് നോക്കുന്ന എന്റെ പിതാവ് അവിടെയുള്ള മാവിന്‍ ചുവട്ടില്‍ ഒരു ബനിയനും ധരിച്ച് നില്‍ക്കുന്ന ചിത്രം എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.


ബാപ്പയുടെ സ്മരണകളില്‍ മുങ്ങി ഞാന്‍ വീടിന് മുമ്പില്‍ എത്തിയപ്പോള്‍ മൂത്താപ്പ പശുവിനെ മാറ്റി കെട്ടുകയായിരുന്നു.മൂത്തുമ്മ അടുക്കളയില്‍ ചായ ഉണ്ടാക്കുകയും.എന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം രണ്ട് പേരും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം തോന്നി.ഒരു മണിക്കൂറോളം അവരുമായി ചെലവഴിച്ച് ഞാന്‍ തിരിച്ച് പോന്നു.


എന്റെ മതവിശ്വാസ പ്രകാരം ,നിങ്ങള്‍ ഒരാളെ സന്ദര്‍ശിക്കാനുദ്ദേശിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടാല്‍ വഴിയിലുടനീളം എഴുപതിനായിരം മലക്കുകള്‍(മാലാഖമാര്‍) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.അതിനാല്‍ ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍.

17 comments:

Areekkodan | അരീക്കോടന്‍ said...

മൂത്താപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന വിശാലമായ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റക്കല്‍ പടവിലൂടെ ഞാന്‍ കയറി.പറമ്പില്‍ പ്രവേശിച്ചതും വീണ്ടും എന്റെ ചിന്ത ബാപ്പയെക്കുറിച്ച് തന്നെയായി.

Rare Rose said...

ആ അവസാന ഭാഗത്ത് പറഞ്ഞതെത്ര സത്യം.എന്തായാലും കുറ്റബോധത്തില്‍ നിന്നുയിര്‍ത്ത ഉള്‍വിളികള്‍ക്ക് കാതോര്‍ത്തു മൂത്താപ്പയെ സന്ദര്‍ശിച്ചല്ലോ..നന്നായി..

ramanika said...

ഇതെല്ലം സുഖകരമായ കാര്യങ്ങള്‍ അല്ലേ
ബന്ധങ്ങള്‍ മുറിയാതെ ഇരിക്കട്ടെ
അതിനു നമ്മുക്ക് ശ്രമിക്കാം

Rejeesh Sanathanan said...

മാതാപിതാക്കളുടെ സ്നേഹത്തിന്‍റെ വലിപ്പവും ആ കരുതലിന്‍റെ വിടവും അത് നഷ്ടപ്പെടുമ്പോഴേ മനസ്സിലാക്കാറൂള്ളു. അല്ലേ മാഷേ...കണ്ണുള്ളപ്പോള്‍ അതിന്‍റെ വില അറിയില്ലല്ലോ.....

ഭായി said...

##കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ?##

ഈ വരികള്‍ ഒരുപാട് വേദനിപ്പിച്ചു!

തീര്‍ച്ചയായും, ബന്ധങളുടെ കണ്ണിയറ്റുപോകാതെ അത് നിലനിര്‍ത്താന്‍ നമുക്ക് കഴിയട്ടെ....

ഭൂതത്താന്‍ said...

ബന്ധങ്ങള്‍ ബന്ധനങ്ങളായി കാണുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് ഇരുന്നു ചിന്തിക്കാന്‍ ഉതകുന്ന പോസ്റ്റ് ....നന്നായി മാഷേ

Clipped.in - Latest and greatest Indian blogs said...

ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍. :-)

പാവപ്പെട്ടവൻ said...

മാഷേ കുട്ടി കാലം കാട്ടിയ ഈ എഴുത്ത് മനോഹരം

ഒരു നുറുങ്ങ് said...

മാഷെ,ഒരോര്‍മപ്പെരുന്നാള്‍ കൂടെ നാളെ...
ഈദാശംസകള്‍

രാജീവ്‌ .എ . കുറുപ്പ് said...

കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ?

ഒന്നും പറയുന്നില്ല മാഷെ, അവസാനത്തെ വരികള്‍ സത്യം തന്നെ. അറ്റ് പോയ കണ്ണികള്‍ അടുപ്പിച്ചു നിര്‍ത്തുന്ന പഴയ തലമുറയിലെ ആള്‍ക്കാര്‍ മണ്മറഞ്ഞു പോയത് ഒരു നഷ്ടം തന്നെ.

കഴിഞ്ഞ ദിവസം എന്നെ ഒരാള്‍ ഫോണ്‍ ചെയ്തു. "ഞാന്‍ മനുവാ ചേട്ടാ" എന്ന് പറഞ്ഞു.
ഞാന്‍ ചോദിച്ചു "ഏതു മനു"
"എന്നെ മറന്നോ ചേട്ടാ" പരിചയമില്ലാത്ത നമ്പര്‍ കണ്ടു ഞാന്‍ വീണ്ടും ചോദിച്ചു
"മാഷെ എനിക്ക് മനസിലായില്ല, ഒരുപാട് മനുമാര്‍ ഉണ്ട് എന്റെ കൂട്ടുകാരില്‍, നിങ്ങള്‍ എവിടെ നിന്നും വിളിക്കുന്നു"
അന്നേരം "ചേട്ടാ, ഞാന്‍ ശ്യാമള ചിറ്റയുടെ മകന്‍ മനു". കുറച്ചു നേരം നിശബ്ദനായി ഞാന്‍, എന്റെ അച്ഛന്റെ ഇളയ പെങ്ങളുടെ മോനായിരുന്നു. ഒരു അനുജന്‍ അവനെ പരിച്ചയപെടുത്തുന്ന അവസ്ഥ. മാഷ്‌ പറഞ്ഞപോലെ താങ്കളുടെ ആദരണീയനായ പിതാവിനെ ഓര്‍ത്തപോലെ ഞാന്‍ എന്റെ അച്ഛമ്മയെ ഓര്‍ത്തു. കാരണം അച്ഛമ്മ ഉണ്ടായിരുന്നെങ്കില്‍ ഈ ഒരു ഗാപ്‌ സംഭവിക്കില്ലരുന്നു. പലതും ഓര്‍മിപ്പിച്ചു. നന്ദി

Areekkodan | അരീക്കോടന്‍ said...

റോസ്...ഇനിയും സന്ദര്‍ശിച്ചിരുന്നില്ലെങ്കില്‍ ഈ കുറ്റബോധം എന്നെ ഭ്രാന്തനാക്കുമായിരുന്നു.

രമണിക ചേട്ടാ...ബന്ധങ്ങള്‍ മുറിയാതിരിക്കട്ടെ.

മലയാളീ...അതെ,അവരുടെ തണല്‍ നീങ്ങുമ്പോഴാണ് അതിന്റെ കുളിര്‍ എത്രത്തോളമായിരുന്നു എന്ന് തിരിച്ചറിയുക.

ഭായീ...അതെ,ബന്ധങ്ങള്‍ മുറിയാതിരിക്കട്ടെ.

കുമാരാ...നന്ദി

Areekkodan | അരീക്കോടന്‍ said...

ഭൂതമേ...ആ വ്യതിചലനമാണ് നമ്മുടെ സമൂഹത്തിനുണ്ടായ ഏറ്റവും വലിയ ദുര്യോഗം.

ക്ലിപ്പ്ഡ് ഇന്‍...നന്ദി

പാവപ്പെട്ടവന്‍...നന്ദി

നുറുങ്ങ്...എന്റേയും ഈദാശംസകള്‍

കുറുപ്പേ...അനുഭവം പങ്കു വച്ചതിന് നന്ദി.ഊഷ്മളമായ ബന്ധങ്ങള്‍ തുടരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

ഗീത said...

ബന്ധു സന്ദര്‍ശനത്തിനൊന്നും പ്രാധാന്യം കല്‍പ്പിക്കാതിരിക്കുന്ന ഈ കാലത്ത് ഇത് ഒരു വേറിട്ട അനുഭവമായി.

“എന്റെ മതവിശ്വാസ പ്രകാരം ,നിങ്ങള്‍ ഒരാളെ സന്ദര്‍ശിക്കാനുദ്ദേശിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടാല്‍ വഴിയിലുടനീളം എഴുപതിനായിരം മലക്കുകള്‍(മാലാഖമാര്‍) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.അതിനാല്‍ ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍.”

ഈ സന്ദേശം ഞാനും മനസ്സില്‍ കുറിച്ചു വയ്ക്കുന്നു.

vinus said...

ശെരിയാണു മാഷെ കണ്ണികൾ മുറിയരുത് സത്യം പക്ഷെ നമ്മളു ചെല്ലുമ്പൊ എല്ലാരും ടീ‍ വി ക്കു മുമ്പിൽ ആണെൽ ?.

Akbar said...

ബന്ധങളുടെ കണ്ണിയറ്റുപോകാതെ നിലനിര്‍ത്താന്‍ കഴിയട്ടെ. ആശംസകള്‍!

http://chaliyaarpuzha.blogspot.com/

Unknown said...

:)തീര്‍ച്ചയായും, ബന്ധങളുടെ കണ്ണിയറ്റുപോകാതെ അത് നിലനിര്‍ത്താന്‍ നമുക്ക് കഴിയട്ടെ....

Areekkodan | അരീക്കോടന്‍ said...

ഗീതേ...സന്ദേശം മനസ്സില്‍ കുറിച്ചിട്ടതിന് നന്ദി.ഒരാളെങ്കിലും ഇതു പ്രകാരം ഇത്തരം കൃത്യങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഞാന്‍ വളരെ വളരെ കൃതാര്‍ത്ഥനായി.

VINUS...സ്വാഗതം.അതാണ് ഇന്നത്തെ പ്രശ്നം.സന്ദര്‍ശനം കുറക്കാന്‍ നാം തന്നെയുണ്ടാക്കുന്ന ചില കാരണങ്ങള്‍ അല്ലേ അവ എന്ന് ഒന്ന് തിരിച്ചു ചിന്തിക്കുക.

അക്ബര്‍,തെച്ചിക്കോടന്‍...പ്രാര്‍ത്ഥനക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക