Pages

Wednesday, August 04, 2010

ഒരു തലയെണ്ണല്‍ കഥ.

പതിവിന് വിപരീതമായി ഞായറാഴ്ച വൈകിട്ട് കുമാരന്‍ മാഷ് ഓടിക്കിതച്ച് വരുന്നത് കണ്ടപ്പോള്‍ ശങ്കുണ്ണിയേട്ടനും ആധിയായി.‘ആ കുരുത്തം കെട്ട ചെക്കനും തന്റെ സന്താനവുമായ രാമുണ്ണി ഇനിയും വല്ല കുരുത്തക്കേടും ഒപ്പിച്ചു വച്ചോ? പക്ഷേ , ഇന്ന് ഞായറാഴ്ച സ്കൂള്‍ ഇല്ലാത്ത ദിവസമാണല്ലോ.പിന്നെ കുമാരന്‍ മാഷ്...‘ ശങ്കുണ്ണിയേട്ടന്റെ ആശങ്കകള്‍ക്ക് ചിറക് മുളക്കാന്‍ തുടങ്ങി.

“ശങ്കുണ്ണിയേട്ടാ...” യജമാനനെ കണ്ട ആരെയോപോലെ കുമാരന്‍ മാഷ് ,മുറ്റത്ത് എത്തുന്നതിന്റെ മുമ്പെ വിളിച്ചു.

“ഏട്ടന്‍ “ കൂട്ടിയുള്ള വിളി പെട്ടെന്ന് ദഹിക്കാത്തതിനാല്‍ ശങ്കുണ്ണിയേട്ടന്‍ തന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടൊ എന്ന് തിരിഞ്ഞു നോക്കി.

“എന്താ മാഷെ ഇത്ര തിരക്കിട്ട്... “ പിന്നില്‍ ആരെയും കാണാത്തതിനാല്‍ ശങ്കുണ്ണിയേട്ടന്‍ ചോദിച്ചു.

“അതൊക്കെ പറയാം...രാമന്‍ ഇല്ലേ ഇവിടെ?”

“ഉണ്ടല്ലോ...രാമാ...രാ..മ...” ശങ്കുണ്ണിയേട്ടന്‍ മകനെ നീട്ടി വിളിച്ചു.

“ങാ...ഇത് അവനുള്ളതാ..” ഒരു വലിയ പൊതി എടുത്ത് കുമാരന്‍ മാഷ് നീട്ടിയപ്പോള്‍ ശങ്കുണ്ണിയേട്ടന്റെ കൈ നീളണോ വേണ്ടേ എന്ന് അറച്ച് നിന്നു.

“ഇതെന്താ മാഷേ?” ശങ്കുണ്ണിയേട്ടന്‍ വീണ്ടും ചോദിച്ചു.

“ഇതാ..ഇതും അവനുള്ളതാ...” ഒരു പുത്തന്‍ മൊബെയില്‍ ഹാന്റ്സെറ്റ് കുമാരന്‍ മാഷ് ശങ്കുണ്ണിയേട്ടന്റെ നേരെ നീട്ടി.ഒന്നും മനസ്സിലാകാതെ ശങ്കുണ്ണിയേട്ടന്‍ കുമാരന്‍ മാഷെ നോക്കി പറഞ്ഞു.

“മാഷ് , കയറി വന്നിരിക്കുന്നത് ശങ്കുണ്ണിയുടെ വീട്ടിലേക്കാ , കയറാന്‍ ഉദ്ദേശിച്ചത് എങ്ങോട്ടായിരുന്നു എന്നറിയില്ല !”

“കയറിയതും കയറാന്‍ ഉദ്ദേശിച്ചതും എല്ലാം ശങ്കുണ്ണിയേട്ടന്റെ മകന്‍ രാമന്റെ വീട്ടിലേക്ക് തന്നെയാ...” കുമാരന്‍ മാഷ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.ഇനി കാര്യം പറയാം.

“ങ്ങാ...എങ്കില്‍ മാഷ് കയറി ഇരിക്കൂ...”

“നാളെ സ്കൂളില്‍ തലയെണ്ണല്‍ പരിപാടിയാ “ കുമാരന്‍ മാഷ് പറഞ്ഞു തുടങ്ങി.

“തലയെണ്ണലോ?” ശങ്കുണ്ണിയേട്ടന് മനസ്സിലായില്ല.

“അതേ...അദ്ധ്യാപകരുടെ എണ്ണം കുറക്കാന്‍ കുട്ടികളുടെ എണ്ണം എടുക്കുന്ന സര്‍ക്കാര്‍ ആവിഷ്കരിച്ച അതീവ രഹസ്യ പരിപാടിയാ ഈ തലയെണ്ണല്‍ ...”

“ങേ, അദ്ധ്യാപകരുടെ എണ്ണം കുറക്കാന്‍ കുട്ടികളുടെ എണ്ണം എടുക്കുന്നതെന്തു കണക്കാ? എന്നിട്ട് ഈ രഹസ്യ പരിപാടി എങ്ങനെ നിങ്ങള്‍ നേരത്തെ അറിഞ്ഞു...?”

“സംഗതി പരമ രഹസ്യമായിരുന്നു.പക്ഷേ ഈ സാധനം കയ്യിലുള്ളപ്പോള്‍ എന്ത് രഹസ്യം ശങ്കുണ്ണിയേട്ടാ?” മൊബൈല്‍ ഉയര്‍ത്തി കാണിച്ച് കുമാരന്‍ മാഷ് പറഞ്ഞു.

“ശരി...അപ്പോ രാമന് എന്തിനാ ഈ സാധനം കൊണ്ട് വന്നത്? കുടുംബ രഹസ്യം അങ്ങാടിപ്പാട്ടാക്കാനോ ?” ശങ്കുണ്ണിയേട്ടന്റെ സംശയം തീര്‍ന്നില്ല.

“ഏയ് അതല്ല.രാമന്‍ വിചാരിച്ചാല്‍ ഈ ഭാഗത്ത് നിന്നുള്ള കുറച്ച് കുട്ടികളെ നാളെ ക്ലാസ്സില്‍ എത്തിക്കാന്‍ പറ്റും.അതിന് അവനുള്ള അഡ്വാന്‍സ് സമ്മാനമാ ഈ സാധനങ്ങള്‍...ഇപ്പോള്‍ ഓഫറുകളുടേയും അഡ്വാന്‍സ് സമ്മാനങ്ങളുടേയും കാലമല്ലേ?”

“ശരി ശരി.പക്ഷേ ഈ ഭാഗത്തുള്ള കുട്ടികള്‍ പലരും വേറെ ഏതോ സ്കൂളില്‍ പോകുന്നവരാണല്ലോ മാഷേ?”

“അതേ, അവരെ നാളെ നമ്മുടെ സ്കൂളിലേക്ക് കൊണ്ടു വരണം.ശങ്കുണ്ണിയേട്ടന്റെ മകന്‍ രാമന്‍ വിചാരിച്ചാല്‍ അതും അതിലപ്പുറവും നടക്കും...”

“അപ്പോള്‍ അവര്‍ അവരുടെ സ്കൂളിന്റെ യൂണിഫോമില്‍ ആയിരിക്കില്ലേ? ”ശങ്കുണ്ണിയേട്ടന് വീണ്ടും സംശയമായി.

“അത് ഒരു പ്രശ്നമേ അല്ല...എണ്ണം തികഞ്ഞാല്‍ മതി.അപ്പോള്‍ പറഞ്ഞപോലെ, രാമനോട് ഒരു പത്ത് കുട്ടികളെയുമായി സ്കൂളില്‍ എത്താന്‍...” ശങ്കുണ്ണിയേട്ടന്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ കുമാരന്‍ മാഷ് ഇറങ്ങിയോടി.

* * * * * *

രാവിലെ തന്നെ സ്കൂള്‍ പരിസരത്ത് പുത്തന്‍ മൊബൈല്‍ കുട്ടികളെ കാണിക്കുന്ന രാമനെയും, ചുറ്റും മറ്റേതോ സ്കൂളിന്റെ യൂണിഫോമില്‍ നില്‍ക്കുന്ന കുട്ടികളേയും കണ്ട കുമാരന്‍ മാഷക്ക് സന്തോഷം അടക്കാനായില്ല.കുട്ടികളെ എല്ലാവരേയും ക്ലാസ്സില്‍ കയറ്റി ഇരുത്തി മാഷ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.ഇതൊക്കെ പറയാന്‍ ഇയാള്‍ ആരെന്ന മട്ടില്‍ കുട്ടികള്‍ അവിടേയും ഇവിടേയും നോക്കി ഇരുന്നു.

കൃത്യം പത്ത് മണിക്ക് തന്നെ ഇന്‍സ്പെക്ഷനുള്ള അദ്ധ്യാപകന്‍ വന്നു.ഒപ്പം കുമാരന്‍ മാഷും.കുട്ടികള്‍ ആദരപൂര്‍വ്വം എണീറ്റ് നിന്നു.രണ്ട് തരം യൂണിഫോം കണ്ട ആഗതന്‍ ആദ്യം ഒന്നമ്പരന്നു.ശേഷം കുമാരന്‍ മാഷെ ഒന്ന് ഉഴിഞ്ഞ് നോക്കി.

“അത്...അവരുടെ സഹോദരന്മാരുടെ യൂണിഫോം കടം മേടിച്ചിട്ടതാ...” ആഗതന്റെ നോട്ടം മനസ്സിലാക്കി കുമാരന്‍ മാഷ് തട്ടി.

“അതെന്തിനാ കടം മേടിക്കുന്നത്...ഇവര്‍ക്ക് യൂണിഫോം ഇല്ലേ?”

“ഉണ്ട്...അത് ഈ കോരിച്ചൊരിയുന്ന മഴയില്‍ കുതിര്‍ന്ന് നനഞ്ഞ് ...”കുമാരന്‍ മാഷ് ഉരുളാന്‍ തുടങ്ങി.

“അടുത്ത വര്‍ഷം കുറച്ച് യൂണിഫോം കൂടി തയ്പ്പിച്ചു വച്ചോണം , ഈ നാടകത്തില്‍ വേഷമിടാന്‍..” ആഗതന്‍ കുമാരന്‍ മാഷുടെ ചെവിയില്‍ പറഞ്ഞു.കുമാരന്‍ മാഷ് ഇളിഭ്യനായി സ്ഥലം വിട്ടു.


* * * * * *

ആഗതന്‍ കുട്ടികളെ ഒന്ന് നോക്കി.ശേഷം ചോദിച്ചു “നിങ്ങളുടെ സ്കൂളിന്റെ പേരെന്താ ?”

“അല്‍കുല്‍ എല്‍.പി ബില്‍കുല്‍ ഇംഗ്ലീഷ് മീഡിയം അല്ല മലയാളം സര്‍ക്കാര്‍ ഛെ ...” പലരും പല ഉത്തരവും വിളിച്ചു പറഞ്ഞു.

“ങാ...ശരി ശരി.നിങ്ങളുടെ യൂണിഫോമിന്റെ കളര്‍ എന്താ..?”

“സേര്‍ ‍....ഇച്ച് പുടീണ്ട്...ങ്ങള് ഞമ്മളെ തലെ എണ്ണാന്‍ ബെന്നതല്ലേ..ബേം തലിം എണ്ണി ബണ്ടി ബിട്ടോളി?” അവസാന ബെഞ്ചില്‍ നിന്നും വന്ന ശരത്തിന് മുന്നില്‍ മാഷ് ഒന്ന് പതറി.

‘ങേ!സര്‍ക്കാര്‍ രഹസ്യം അപ്പോള്‍ കുട്ടികള്‍ വരെ ചോര്‍ത്തിയോ?‘ ആഗതനായ മാഷും അന്ധാളിച്ച് നിന്നു.

“സേര്‍ , ബെന്റെ തല രണ്ടെണ്ണാ‍ക്കി കൂട്ടണം...” പിന്‍ ബെഞ്ചില്‍ നിന്നും വേറെ ആരോ വിളിച്ചു പറഞ്ഞു.

“ങേ!!!!!!!!”

“ഓന്റെ തലക്ക് അല്ലെങ്കിലേ ബെല്‌പം കൊറച്ച് അധികാ..പോരാത്തെയ്‌ന് മുടിഞ്ഞ പഠിപ്പും...അത് രണ്ടെണ്ണാക്കി കൂട്ടില്ലെങ്കി നാളെ മൊതല്‍ സമരാ..” കൂട്ടത്തില്‍ നേതാവായ കോയ പറഞ്ഞു.

“ശരി ശരി...എണ്ണം കറക്ടാ...” കൂടുതല്‍ നിന്നാല്‍ തടി കേടാകുമോ എന്ന സംശയത്തില്‍ മാഷ് വേഗം പരിപാടി തീര്‍ത്തു.

“അപ്പോ ഇഞ്ഞി അട്‌ത്ത കൊല്ലം കണ്ട് മുട്ടും വരേക്കും വണക്കം” കുട്ടികള്‍ പറഞ്ഞത് കേട്ട പാതി കേള്‍ക്കാത്ത പാതി മാഷ് വേഗം സ്ഥലം വിട്ടു.

12 comments:

Areekkodan | അരീക്കോടന്‍ said...

വളരെ കാലത്തിന് ശേഷം ഒരു കഥയില്ലാ കഥ.

ശ്രീനാഥന്‍ said...

സർക്കാർ സ്ക്കൂളുകളിലെ തലയെണ്ണൽ മഹോൽസവം നല്ല രസികൻ പോസ്റ്റാക്കിയിട്ടുണ്ട്, തലകളുടെ എണ്ണം രണ്ടായിക്കൂട്ടണമെന്നു പറഞ്ഞത് സ്റ്റൈലായി. 'ചെക്കനൊരാളു കുറഞ്ഞതു കാരണം അച്ചുതൻ മാസ്റ്റർടെ ജോലി പോയി' എന്ന് ഈയങ്കോട് എഴുതിയത് ഓർത്തുപോയി.

മൻസൂർ അബ്ദു ചെറുവാടി said...

:-)

ഷൈജൻ കാക്കര said...

വിദ്യാലയങ്ങളിലെ രജിസ്റ്ററിൽ എഴുതിയിരിക്കുന്ന പേരുകളൊന്നും സത്യസന്ധമല്ല എന്നല്ലേ ഈ തലയെണ്ണലിലൂടെ വെളിവാക്കുന്നത്‌...

smitha adharsh said...

ഈശ്വരാ..!! ഞാന്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ ഈ പിള്ളേരെ പിടിക്കാന്‍ ഞാനും ഓടേണ്ടി വന്നേനെ..
കൃത്യമായി തറയ്ക്കുന്ന ആക്ഷേപ ഹാസ്യം..

OAB/ഒഎബി said...

ഈ മാഷുമാരുടെ ഒക്കെ ഒരു കസ്റ്റപ്പാടേയ്
വളരെ കാലത്തിന് ശേഷം ഞാനും..

അനൂപ്‌ .ടി.എം. said...

നാല് കുട്ടികള്‍ മാത്രമുള്ള ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു ടീച്ചറെ എനിക്ക് പരിചയമുണ്ട്..!!

കണ്ണനുണ്ണി said...

ഇപ്പോഴും സര്ക്കാര് ഇടയ്ക്കു ഈ പണിയുമായി ഇറങ്ങുന്നുണ്ടോ

Akbar said...

“സേര്‍ , ബെന്റെ തല രണ്ടെണ്ണാ‍ക്കി കൂട്ടണം...” പിന്‍ ബെഞ്ചില്‍ നിന്നും വേറെ ആരോ വിളിച്ചു പറഞ്ഞു".

തലയെണ്ണം തികക്കാന്‍ ഇനി പഴയപോലെ ഉച്ചക്കഞ്ഞിയും ഉപ്പുമാവും ഒന്നും മതിയാവില്ല. ഇവിടെ പരീക്ഷിച്ച പോലെ മൊബൈലോ ഒക്കെത്തന്നെ വേണ്ടി വരും.

സ്വാശ്രയം, ഇംഗ്ലീഷ് മീഡിയം എന്നൊക്കെ പറഞ്ഞു തലകള്‍ കുറെ പല വഴിക്ക് പോയി.
പോസ്റ്റ് കൊള്ളാം കേട്ടോ. ഒരു അരീക്കോടന്‍ ടച്

അബ്ദുണ്ണി said...

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജിലെ മാഷന്മാര്‍ക്കും താമസിയാതെ ഈ ഗതി വന്നേക്കും

അബ്ദുണ്ണി said...

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജിലെ മാഷന്മാര്‍ക്കും താമസിയാതെ ഈ ഗതി വന്നേക്കും

ബഷീർ said...

പാവം മാഷന്മാർ അവരുടെ കഷ്ടപ്പാടുകൾ..സ്വന്തം കുട്ടികളെപോലും അവനവർ പഠിപ്പിക്കുന്ന സ്കൂളിൽ ചേർക്കാൻ അവർ തയ്യാറാകാത്തത് അവിടുത്തെ ഗുണവും മണവും അറിയുന്നത് കൊണ്ട് തന്നെയാവും .

Post a Comment

നന്ദി....വീണ്ടും വരിക