Pages

Thursday, November 04, 2010

പെട്ടിയിലടച്ച ജനാധിപത്യ ഭൂതം

ജനാധിപത്യത്തിന്റെ, പെട്ടിയിലടച്ച ഭൂതം തുറന്ന് വിടപ്പെട്ടപ്പോള്‍ പലരും ഞെട്ടി.ഇത്രയും ദിവസം പെട്ടിയില്‍ കിടന്ന് നരകിച്ച ഭൂതം പക്ഷേ പ്രതീക്ഷിച്ച പോലെ അക്രമാസക്തമായില്ല.കൂടുതല്‍ വോട്ട് കിട്ടിയവര്‍ തന്നെയാണ് ഇക്കൊല്ലവും ജയിച്ചത്.അതിന് യാതൊരു മാറ്റവും വരുത്താന്‍ ആര്‍ക്കും സാധിച്ചില്ല.

ഞാന്‍ മലപ്പുറത്ത്കാരനാണെങ്കിലും എനിക്ക് അറിയേണ്ടിയിരുന്നത് കോഴിക്കോട്‌ ജില്ലയിലെ റിസല്‍ട്ട് ആയിരുന്നു.മറ്റൊന്നുമല്ല , കോഴിക്കോട്‌ ജില്ലയിലായിരുന്നല്ലോ എനിക്ക് ഇലക്ഷന്‍ഡ്യൂട്ടി.23 ആം തീയതി പെട്ടിയിലാക്കിയ ഭൂതം വെള്ളവും വെളിച്ചവും കിട്ടാതെ 31 ആം തീയതിയാണ് പുറത്ത് ചാടിയത്.ഭൂതങ്ങള്‍ പുറത്ത് ചാടാന്‍ തുടങ്ങിയ ഉടനെ ഞാന്‍ എന്റെ ബൂത്തിലെ റിസല്‍ട്ട് പരതാന്‍ തുടങ്ങി.ഗ്രാമപഞ്ചായത്ത് റിസല്‍ട്ട് എവിടേയും എത്തിയിരുന്നില്ല.ബ്ലോക്ക് പഞ്ചായത്ത് ചിലതിലെ ലീഡിംഗ് കാണിക്കുന്നുണ്ട്.ജില്ലാപഞ്ചായത്ത് വേറെ എന്തൊക്കെയോ കാണിക്കുന്നു.തല്‍ക്കാലം അന്ന് ഞാന്‍ ആ സൈറ്റില്‍ അധികം സമയം ചെലവാക്കിയില്ല.

പിറ്റേന്ന് നെറ്റില്‍ കയറിയ ഉടനെ ഞാന്‍ തിരഞ്ഞത് കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്ക് കട്ടിപ്പാറ ഡിവിഷനില്‍ നിന്ന് ആര് എത്ര വോട്ടിന് ജയിച്ചു എന്നായിരുന്നു.കാരണം മറ്റൊന്നുമല്ല വോട്ടിംഗിന്റെ തലേ ദിവസം ഒരു മുഖ്യ ഏജന്റ് വന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞതും എനിക്ക് പറ്റിയ ചെറിയ ഒരു കൈഅബദ്ധവും ഒരുമിച്ചാല്‍ സംഭവിച്ചേക്കാമായിരുന്ന റിസല്‍ട്ട് മറിമായം അറിയാനായിരുന്നു അത്.ആ ഡിവിഷനിലെ റിസല്‍ട്ട് പ്രഖ്യാപ്പിക്കാതെ കണ്ടപ്പോള്‍ ചെറിയ പേടി തോന്നി.പക്ഷേ പിന്നീട് റിസല്‍ട്ട് വന്നപ്പോള്‍ ജയിച്ച സ്ഥനാര്‍ത്ഥിക്ക് പതിനായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ എന്റെ പേടി അസ്ഥാനത്തായി.

ഇനി സംഭവിച്ച കൈഅബദ്ധം - ബാലറ്റ് പേപ്പറിന്റെ പിന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടണം എന്നാണ് നിര്‍ദ്ദേശം.എന്നാല്‍ അത് പോളിംഗ് തുടങ്ങിയിട്ടേ ഇടാന്‍ തുടങ്ങാവൂ എന്നും പറയും.പക്ഷേ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇരുന്നൂറോ മുന്നൂറോ എണ്ണം ആദ്യമേ ഒപ്പിട്ട് വയ്ക്കും.ഞാനും അങ്ങിനെ തന്നെ ചെയ്തു.പക്ഷേ പോളിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തപ്പോള്‍ കെട്ട് ഒന്ന് മാറി, ഒപ്പിടാത്ത ബാലറ്റ് നല്‍കിപ്പോയി!അത് അസാധുവില്‍ കൂട്ടിയോ അല്ല സാധുവില്‍ കൂട്ടിയോ എന്ന് എണ്ണിയവര്‍ക്കറിയാം.ഗ്രാമപഞ്ചായത്തായിരുന്നെങ്കില്‍ കൊളമാകാന്‍ വേറെ ഒന്നും വേണ്ടിയിരുന്നില്ല.

അതിനാല്‍ ഇനി ഇലക്ഷന്‍ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ മുക്കാല്‍ ഭാഗം ബാലറ്റ് പേപ്പറിലും തലേ ദിവസം തന്നെ ഒപ്പിട്ട് വച്ചേക്കുക.ഒപ്പിട്ട് ഉപയോഗിക്കാത്തവയുടെ എണ്ണം കാണിക്കണം എന്ന് മാത്രമേ ഉള്ളൂ.ഇതുപോലെ ടെന്‍ഷന്‍ അടിക്കേണ്ട ഗതികേട് വരില്ല.പിന്നെ എത്ര നന്നായി ചെയ്താലും ഇലക്ഷന്‍ഡ്യൂട്ടി ഒരിക്കലും പെര്‍ഫക്ട് ആകില്ല എന്നതിനാല്‍ ഇതെല്ലാം അപ്പോള്‍ തന്നെ മറന്നേക്കുക!

6 comments:

Areekkodan | അരീക്കോടന്‍ said...

കാരണം മറ്റൊന്നുമല്ല വോട്ടിംഗിന്റെ തലേ ദിവസം ഒരു മുഖ്യ ഏജന്റ് വന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞതും എനിക്ക് പറ്റിയ ചെറിയ ഒരു കൈഅബദ്ധവും ഒരുമിച്ചാല്‍ സംഭവിച്ചേക്കാമായിരുന്ന റിസല്‍ട്ട് മറിമായം അറിയാനായിരുന്നു അത്.ആ ഡിവിഷനിലെ റിസല്‍ട്ട് പ്രഖ്യാപ്പിക്കാതെ കണ്ടപ്പോള്‍ ചെറിയ പേടി തോന്നി.

മൻസൂർ അബ്ദു ചെറുവാടി said...

പെടാപാട് പിടിച്ച ഏര്‍പ്പാട് ആണല്ലേ..?
ഏതായാലും ഇപ്പോള്‍ സമാധാനമായല്ലോ.

പട്ടേപ്പാടം റാംജി said...

എന്തായാലും റിസള്‍ട്ട് വന്നപ്പോള്‍ സമാധാനമായല്ലോ...

Jazmikkutty said...

ഒന്നും സംഭവിച്ചില്ലല്ലോ...ദീപാവലി ആശംസകള്‍!

http://ajeshchandranbc1.blogspot.com/ said...

കൊള്ളാം ..ഈ എലക്ഷന്‍ ഡ്യൂട്ടിയേ ഒരു തല വേദന പിടിച്ച ഏര്‍പ്പാടാണല്ലോ..

Areekkodan | അരീക്കോടന്‍ said...

ചെറുവാടി...കണ്ണൂരില്‍ ആണെങ്കില്‍ വേര്‍പാടിന്റെ ഏര്‍പാട് ആകാനും സാധ്യത കൂടുതലാ...

റാംജി...അതേ, സമാധാനമായി.പക്ഷേ ആറേഴ് മാസത്തിനുള്ളീല്‍ അടുത്തത് വരുന്നു!!!

ജസ്മികുട്ടി...നന്ദി

അജേഷ്...നൂലാമാലകള്‍ ഒഴിവാക്കിയാല്‍ വളരെ എളുപ്പമുള്ള ഒന്ന്,കുഴപ്പമാക്കിയാല്‍ കുടുംബംകലക്കാന്‍ പറ്റുന്നതും.

Post a Comment

നന്ദി....വീണ്ടും വരിക