Pages

Tuesday, November 09, 2010

വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം

             ‘വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം’ എന്ന് പറഞ്ഞത് ഷേക്സ്പിയറിനെപ്പോലെ കഷണ്ടിയുള്ള സാക്ഷാല്‍ അരീക്കോടന്‍ തന്നെയാണ്.അതുകൊണ്ട് തന്നെ പറഞ്ഞത് പോലെ പ്രവര്‍ത്തിച്ചതും അരീക്കോടന്‍ തന്നെ.പോസ്റ്റിലേക്കുള്ള ഒന്നാംതരം ഗ്ലൂ ആയില്ലേ.അപ്പോള്‍ കാര്യത്തിലേക്ക്.

              പതിവിന് വിപരീതമായ ഒരു വെള്ളിയാഴ്ച.എല്ലാ വെള്ളിയാഴ്ചകളും കലണ്ടറില്‍ കറുത്ത അക്കങ്ങളാകുമ്പോള്‍ ഈ വെള്ളിയാഴ്ച (5/11/2010) ചുവപ്പിലായിരുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലൊഴികെയുള്ള കലണ്ടറിലെ ചുവപ്പ് അക്കങ്ങള്‍ കണ്ണിന് കുളിര്‍മ നല്‍കും.ശനി, ഞായര്‍ ദിവസങ്ങളിലെ ചുവപ്പക്കങ്ങള്‍ കണ്ണില്‍ ഇരുട്ട് പരത്തും (അതിന്റെ കാരണങ്ങള്‍ അറിയാന്‍ നിങ്ങളുടെ പേര് സ്പേസ് അയല്‍‌വാസിയുടെ പേര് സ്പേസ് നിങ്ങളുടെ കണ്ണിന്റെ നിറം എന്ന ഫോര്‍മാറ്റില്‍ 52525-ലേക്ക് എസ്.എം എസ് ചെയ്യുക).

             ആ തങ്കപ്പെട്ട ദിവസം തന്നെയാണ് ഞാന്‍ കോയമ്പത്തൂരിലേക്ക് പോകാന്‍ തെരഞ്ഞെടുത്ത പുന്നാര ദിവസം.പോകുന്നത് ഒറ്റക്കല്ല,ഒക്കത്ത് (എന്ന് പറഞ്ഞാല്‍ ഇടുപ്പെല്ലിനും വാരിയെല്ലിനും ഇടയില്‍ ക്വെസ്റ്റ്യന്‍ മാര്‍ക്ക്പോലെ ഉള്ളോട്ട് വളഞ്ഞ് നില്‍ക്കുന്ന സ്ഥലം) കെട്ടി മാത്രം നടക്കാവുന്ന എട്ട് മാസം പ്രായമായ കുഞ്ഞാവ,അതിന്റെ മൂത്ത രണ്ടാം ക്ലാസ്സുകാരി , അതിന്റേയും മൂത്ത ആറാം ക്ലാസ്സുകാരി , പിന്നെ മുപ്പത്തിമൂന്നിന്റെ ‘ചുറുചുറുക്ക്‘ കാണിക്കുന്ന എന്റെ ഭാര്യ.കഴിഞ്ഞില്ല, ഇവരുടെ സല്‍‌വാര്‍, ചുരിദാര്‍, ...ര്‍ തുടങ്ങീ ‘ര്‍’കള്‍ അടങ്ങുന്ന ഒരു പെട്ടിയും - പോരേ പൂരം!

               അങ്ങനെ അരീക്കോട്ട് നിന്നും ഒരു കെ.എസ്.ആര്‍.ടി.സി.യില്‍ പാഞ്ഞ് കയറിയും കോഴിക്കോട്ട് നിന്ന് ട്രെയ്നില്‍ ആഞ്ഞ് കയറിയും കൃത്യം ഒന്നരക്ക് ഞങ്ങള്‍ കോയമ്പത്തൂരില്‍ വലഞ്ഞിറങ്ങി - വിശന്നിട്ട്.

“ടാക്സി വേണൊ സാര്‍ ?” ഒരു തമിഴന്‍ അണ്ണാച്ചി ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി.’കോളേജില്‍ പഠിപ്പിക്കുന്ന ഒരു സാറാണ് ഞാന്‍ എന്ന് കോയമ്പത്തൂരില്‍ കിടക്കുന്ന ഈ അണ്ണാച്ചി എങ്ങനെ മനസ്സിലാക്കി?’.

“വിടമാട്ട്” മലയാളം എന്തിന്റെ കൂടെയും ‘മാട്ട്’ ചേര്‍ത്ത് പറഞ്ഞാല്‍ തമിഴ് ആകും എന്ന് പണ്ട് ഏതോ അടകോടന്‍ (സത്യമായിട്ടും വാഴക്കോടന്‍ അല്ല) പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നതിനാല്‍ വേണ്ട എന്ന ഉദ്ദേശത്തില്‍ ഞാന്‍ തട്ടി.

“എന്നാ ശൊല്ലി, വിടമാട്ട്,നാന്‍ ......” പിന്നെ അയാള്‍ എന്തൊക്കെയാ പറഞ്ഞത് എന്ന് സംഘംകൃതികളില്‍ മാത്രമേ കാണത്തുള്ളൂ.
ഐഷകുട്ടീ...വിട്ടോടീ” എന്ന് ഹരിഹര്‍ നഗര്‍ സ്റ്റൈലില്‍ ഞാന്‍ പറഞ്ഞതും കുടുംബം ഒന്നാകെ ഓടിപുറത്തിറങ്ങിയതും ‘ഗാന്ധിപുരം ഗാന്ധിപുരം‘ എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന ബസ്സില്‍ ചാടിക്കയറിയതും സെക്കന്റിന്റെ എത്ര അംശങ്ങള്‍ കൊണ്ടാണ് എന്ന് ആ ടാക്സിഡ്രൈവര്‍ക്ക് മാത്രമറിയാം.

               അങ്ങനെ ഗാന്ധിപുരത്ത് ഞങ്ങള്‍ ബസ്സിറങ്ങിയപ്പോള്‍ ആദ്യ വെടി പൊട്ടി - “ഠേ!”.കോയമ്പത്തൂര്‍ സ്ഫോടനം എന്നൊക്കെ കേട്ടിരുന്നതിനാല്‍ ഈ വെടിയില്‍ എന്റെ ഉള്ള് വീണ്ടും കാളി, പള്ള (വയറ്) ആദ്യമേ കാളുന്നതിനാല്‍ കാളിയും കാളിയും കൂടിച്ചേര്‍ന്ന് കരിങ്കാളിയായി.അപ്പോഴാണ് രണ്ടാം ക്ലാസുകാരി ചെവി പൊത്തുന്നത് ഞാന്‍ ശ്രദ്ധിച്ചത് - പടക്കം പൊട്ടുന്നതും ചെണ്ട കൊട്ടുന്നതും പണ്ടേ അവള്‍ക്ക് വല്യ ഇഷ്ടാ!അത് കേട്ടാല്‍ പിന്നെ ചെവി പൊത്തിയേ നടക്കൂ.കണ്ണടച്ച് നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ അങ്ങനേയും ചെയ്യുമായിരുന്നു.ഏതായാലും പിന്നെ വെടി പൊട്ടാത്തതിനാല്‍ ഈ സാമാ‍നങ്ങള്‍ മുഴുവന്‍ ഇറക്കി വയ്ക്കാനുള്ള ഒരു ലോഡ്‌ജും തേടി ആയി എന്റെ യാത്ര.

             വഴിയില്‍ നിറയെ പടക്കത്തൊലികള്‍ കണ്ട ഞാന്‍ തമിഴന്റെ സാഹോദര്യ ചിന്തയില്‍ മോരാഞ്ചം കൊണ്ടു.കേരളത്തില്‍ ഗ്രാമ - ബ്ലോക്ക് - ജില്ല പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന്ന് ഇങ്ങ് കോയമ്പത്തൂരില്‍ തമിഴ് മക്കള്‍ ഇത്രയും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു - അണ്ണാച്ചിയുടെ തലയില്‍ ഇന്നും മണ്ണ് തന്നെ എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.ഞാന്‍ നേരെ മുന്നില്‍കണ്ട ലോഡ്ജിലേക്ക് കയറി.

“ഡബ്ബ്‌ള്‍മാട് റൂംമാട് ഉണ്ടോമാട് “ എന്റെ ചോദ്യം കേട്ട് റിസപ്ഷനിലിരിക്കുന്ന തമിളന്‍ ദീപാവലിക്ക് വിട്ട വാണം പോലെ നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ എന്റെ പിന്നില്‍ വന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കി.കോയമ്പത്തൂരിലെ ആദ്യ അനുഭവത്തില്‍ നിന്ന് തന്നെ പാഠം പഠിച്ച് അവള്‍ പുറത്ത് ദൂരെ മാറി നില്‍ക്കുകയായിരുന്നു!

“ ഊര്‍ എങ്കെ?” തമിളന്‍ ചോദിച്ചു.

“ ഊര ഇതാ ഇവിടെ ” ഞാന്‍ എന്റെ ഊര നന്നായി കാണിച്ചു.

“ഓ..കേറള...ഐഡി കാര്‍ഡ് എങ്കെ”

“ങേ! എന്റെ ഊരയില്‍ കേരള എന്ന് എഴുതി വച്ചിരിക്കുന്നോ? ”ഞാന്‍ വീണ്ടും ഞെട്ടി.

“ഇവന്‍ ആള്‍ കൊഴപ്പമാ...ഐഷകുട്ടീ...വിട്ടോടീ” - എന്റെ ഓഡറില്‍ കുടുംബം അടുത്ത ലോഡ്ജിലേക്ക് ഓടിക്കയറി.ചോദ്യങ്ങളും ഭേദ്യങ്ങളും ഒന്നും ഇല്ലാതെ അവിടെ റൂം കിട്ടി.

            അല്പനേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നഗരത്തില്‍ ഒന്ന് ചുറ്റാനിറങ്ങി.പെട്ടെന്ന് എന്റെ മുമ്പില്‍ ഒരു പടക്കം പൊട്ടിത്തെറിച്ചു.ഈ പാവം അരീക്കോടനെ ബോംബ് എറിഞ്ഞ് കൊല്ലാ‍ന്‍ ശ്രമിച്ച ആ ക്രൂരനെ പടക്കം പൊട്ടിയ പരിസരത്ത് എവിടേയും കണ്ടില്ല.കണ്ടിരുന്നെങ്കില്‍ ഞാന്‍ അടുത്ത ഓഡര്‍ കൊടുക്കുമായിരുന്നു - “ഐഷകുട്ടീ...വിട്ടോടീ”.വീണ്ടും മുന്നോട്ട് നടന്നപ്പോള്‍ ആള്‍‍ക്കാര്‍ നടന്നു പോകുന്ന തിരക്കേറിയ വഴിയില്‍ ഇരുന്ന് ഒരുത്തന്‍ കൂളായി മാലപ്പടക്കത്തിന് തിരികൊളുത്തുന്നു!

“ഓ...ഇന്ന് ദീപാവലിയാണല്ലേ...അതാണിത്ര പടക്കം പൊട്ടിയത് കാണുന്നത്...കോയമ്പത്തൂര്‍ കാണാന്‍ ഇറങ്ങിയ ഒരു ദിവസം... ” ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

                പെട്ടെന്ന് അന്തരീക്ഷം മൂടി.കനത്ത കാറ്റ് അടിക്കാന്‍ തുടങ്ങി.ഉടന്‍ തന്നെ കോരിച്ചൊരിയുന്ന മഴയും പെയ്തു.തക്ക സമയത്ത് വഴി വയ്ക്കത്ത് കണ്ട കുട വില്‍പ്പനക്കാരനില്‍ നിന്ന് 70 രൂപ കൊടുത്ത് ഒരു ‘താല്‍ക്കാലിക’ കുട വാങ്ങി. അന്ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന പാര്‍ക്ക് സന്ദര്‍ശനം ക്യാന്‍സല്‍ ചെയ്ത് ഞങ്ങള്‍ അല്പനേരം ഷോപ്പിങ്ങിനിറങ്ങി.തെരുവില്‍ അപ്പോഴും പടക്കങ്ങളും മത്താപ്പുകളും ബാണങ്ങളും വര്‍ണ്ണവും പ്രകാശവും ശബ്ദവും വാരിവിതറിക്കൊണ്ടേയിരുന്നു.ദീപാവലിയുടെ ശബ്ദഘോഷങ്ങള്‍ അന്ന് ആദ്യമായി വിപുലമായി അനുഭവിച്ചു കൊണ്ട് ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചെത്തി.ഉടന്‍ നല്ലപാതിയുടെ വക ഒരു വെടി - “നിങ്ങള്‍ കുറച്ചെങ്കിലും തമിഴ് പഠിക്കണം ട്ടോ”

“ഠോ!” എന്റെ മക്കള്‍ക്കൊപ്പം പുറത്ത് പൊട്ടിച്ച പടക്കവും അത് ഏറ്റു ചൊല്ലി.

(തുടരും ...) 

33 comments:

Areekkodan | അരീക്കോടന്‍ said...

അതിന്റെ കാരണങ്ങള്‍ അറിയാന്‍ നിങ്ങളുടെ പേര് സ്പേസ് അയല്‍‌വാസിയുടെ പേര് സ്പേസ് നിങ്ങളുടെ കണ്ണിന്റെ നിറം എന്ന ഫോര്‍മാറ്റില്‍ 52525-ലേക്ക് എസ്.എം എസ് ചെയ്യുക

Jazmikkutty said...

ദീപാവലി ഉഷാറായി കൊണ്ടാടി..അല്ലേ...എന്തേ പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞത്..കുറെ കൂടി എഴുതാമായിരുന്നു..നല്ല രസമുണ്ട് വായിക്കാന്‍..ആയിഷക്കുട്ടി വിട്ടോടാ..ചിരിയുണര്‍ത്തി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വിടമാട്ട്” മലയാളം എന്തിന്റെ കൂടെയും ‘മാട്ട്’ ചേര്‍ത്ത് പറഞ്ഞാല്‍ തമിഴ് ആകും എന്ന് പണ്ട് ഏതോ *അടകോടന്*‍ (സത്യമായിട്ടും വാഴക്കോടന്‍ അല്ല)
"അരീക്കോടന്‍" എന്നല്ലേ...
മാഷ്ക്കു തെറ്റിയതാ ല്ലേ...?
ജാസ്മിക്കുട്ടി പറഞ്ഞ പോലെ നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.പെട്ടെന്നു നിര്‍ത്തിക്കളഞ്ഞത് മോശായിപ്പോയി...

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഹാ കൊള്ളാം എനിക്കിഷ്ട്ടപ്പെട്ടു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

മൻസൂർ അബ്ദു ചെറുവാടി said...

അവിടെയൊക്കെ പോവുമ്പോള്‍ ആ അരീക്കോട് ബസ് സ്റ്റാന്റിന്റെ മൂലയ്ക്ക് കോഴി വില്‍ക്കുന്ന അണ്ണാച്ചിയോട് (അവനിപ്പോള്‍ അവിടെ ഉണ്ടോ) അല്പം ട്യൂഷന്‍ മേടിക്കാമായിരുന്നില്ലേ മാഷേ. അതില്ലാത്തതും നന്നായി. അല്ലെങ്കില്‍ ദീപാവലി പടക്കത്തിനോപ്പം ഈ കോമഡി പടക്കം പൊട്ടില്ലായിരുന്നല്ലോ.
ഉങ്കള്‍ ണമ്മേ വിടമാട്ട് പെരിയവരേ. റൊമ്പ നന്ട്രി

അപ്പൂട്ടൻ said...

അരീക്കോടൻ മാഷെ,
വായിച്ചുവന്നപ്പോൾ പെട്ടെന്ന് കഴിഞ്ഞതുപോലെ തോന്നി. ഒരുമാതിരി തൃശൂർക്ക്‌ ടിക്കറ്റെടുത്ത്‌ വടക്കാഞ്ചേരിയിൽ ഇറങ്ങിയ അനുഭവം.
അപ്പ കോയമ്പത്തൂര്‌ വരെയെത്തിയിട്ടും വിടമാട്ടേൻ ലെവലിൽ നിന്നും മുന്നോട്ട്‌ പോയില്ലാല്ലെ. സാരല്ല്യ. ഏതായാലും അടുത്ത തവണ പോകുമ്പോഴേയ്ക്കും "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി" എന്നിങ്ങിനെ ഫുൾ സെന്റൻസ്‌ പഠിച്ചുവേണം പോകാൻ.

ബൈദബൈ, ഊരെങ്കെ എന്ന്‌ ചോദിച്ചതിന്‌ ഇത്രേം കുരിശുണ്ടാക്കിയിട്ടും കോയമ്പത്തൂർ എന്നത്‌ പിരിച്ചെഴുതി അർത്ഥം ഗ്രഹിക്കാൻ ശ്രമിച്ചില്ലേ..... കോയ+മ്പ+..... :-) (ചളമടിയിൽ ഞമ്മളും ഹി... ഹി.... ഹി)

Areekkodan | അരീക്കോടന്‍ said...

ജസ്മിക്കുട്ടി...അന്നത്തെ എപിസോഡ് അവിടെ തീര്‍ന്നു.രണ്ടാം ദിവസം വരുന്നു!

റിയാസ്...അതും പറഞ്ഞത് ഞാന്‍ തന്നെ എന്ന് പറഞ്ഞാല്‍ നമ്മള്‍ ഒരു മാതിരി എട്ടുകാലി മമ്മൂഞ്ഞ് ആകില്ലേ?

പഞ്ചാരക്കുട്ടാ...ദേ വന്നു.

ചെറുവാടി...ഞാന്‍ ട്യൂഷന് പോകാനാ തീരുമാനിച്ചത്!!

അപ്പൂട്ടാ...സിനിമ കാണാത്തതിനാല്‍ ഇതൊന്നും അറിയില്ല.എങ്കിലും ചിലതൊക്കെ പഠിച്ചിട്ട് വേണം ഇനി പോകാന്‍!!രണ്ടാം ഭാഗം വരുന്നുണ്ട്, അപ്പോള്‍ തൃശൂരീ തന്നെ ഇറങ്ങാം.

siva // ശിവ said...

52525 ലേയ്ക്കുള്ളമാട്ട് എസ്.എം.എസ് റേറ്റ്മാട്ട് എത്രയാണെന്ന്മാട്ട് എഴുതിയിട്ടില്ലമാട്ട്....

ഹംസ said...

ആ ഹാ അത് ശരി ഇപ്രാവശ്യം ദീപവലി ആഘോഷിക്കാന്‍ തമിഴ് നാട്ടില്‍ എത്തി അല്ലെ.. എന്തായാലും തമിഴ് “നന്നായി” സംസാരിക്കാന്‍ അറിയുന്നതുകൊണ്ട് കുഴപ്പില്ല അല്ലങ്കില്‍ “മാട്ടി” പോയേനെ ഹിഹിഹി

Areekkodan | അരീക്കോടന്‍ said...

ശിവ...റേറ്റ്മാട്ട് ശൊല്ലമാട്ട് (തമിഴ് ആയോ?)

ഹംസ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
ഏയ്,ഒരു ‘പ്രശ്നവും‘ വന്നില്ല

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ആട് ചന്തക്കു പോയ പോലെ' എന്നൊരു ചൊല്ലുണ്ട് ഞങ്ങടെ നാട്ടില്‍ . ഇനി അത് 'അരീക്കോടന്‍'എന്നാക്കി മാറ്റാം എന്ന് തോന്നന്നു.
നമ്മടെ തോട്ടയല്‍പ്പക്കമായ കോയമ്പത്തൂരില്‍ പോയ യാത്രാവിവരണം ഈ പരുവമാണെങ്കില്‍ അമേരിക്കയിലോ സിങ്ങപ്പൂരിലോ പോയാലത്തെ അവസ്ഥ എന്തായിരിക്കും.
(ര്‍... മുഴുവന്‍ എഴുതാമായിരുന്നു.എന്തിനാ ആളുകളെ ധര്‍മ്മസങ്കടതിലാക്കുന്നത്?)
വിടമാട്ടെ.. അടുത്തത് കൂടി പോരട്ടെ എന്നിട്ട് ബാക്കി പറയാം.

Unknown said...

ദീപാവലി ഉഷാറായി അല്ലെ? മാഷെ ഭാഷാ പാണ്ടിത്യത്തില്‍ ഭാര്യക്കൊക്കെ നല്ല മതിപ്പാനല്ലേ?! :)

രസം പിടിച്ചു വന്നപ്പോള്‍ നിര്‍ത്തിയ പോലെ തോന്നി.

lekshmi. lachu said...

വായിച്ചുവന്നപ്പോൾ പെട്ടെന്ന് കഴിഞ്ഞതുപോലെ തോന്നി...നല്ല രസമുണ്ട് വായിക്കാന്‍...

Sijith said...

മാഷേ,

ദീപാവലി കാലത്ത്‌ ബാംഗ്ലൂര്‍ക്ക് ഇറങ്ങിയാല്‍
പടക്കം പൊട്ടിക്കുന്നത് ഇതിലും ലാവിഷായി കാണാം..:).
സുഖം തന്നെ എന്നു കരുതുന്നു..

(കുട്ടന്‍സ്‌ -പഴയ അയല്‍വാസി.. )

ഒഴാക്കന്‍. said...

മാഷെ ഇങ്ങള്‍ അതൊരു തമാശക്കാരന്‍ ആണല്ലോ. ഇനി അരിക്കോട് വരുമ്പോ ഞാന്‍ ആ വഴി വരുന്നുണ്ട് ബിരിയാണി തരണം

Sidheek Thozhiyoor said...

52525 ലേക്ക് ഇവിടെ നിന്നും എസ്സ് എം എസ്സ് പോകുന്നില്ല മാഷേ ..എന്ത് ചെയ്യും ?

Mohamedkutty മുഹമ്മദുകുട്ടി said...

മാഷിന്റെ ദീപാളിക്കളി അസ്സലായി.ഒറ്റപ്പോസ്റ്റില്‍ തീ‍ര്‍ക്കാമായിരുന്നു. തമിഴില്‍ അപാര പാണ്ഠിത്യം തന്നെ! പിന്നെ ഐഷക്കുട്ടിയും മാട്ടലും അല്പം കൂടിപ്പോയോ എന്നൊരു സംശയം,ഒരു 2 സ്പൂണ്‍ ചേര്‍ത്താല്‍ മതിയായിരുന്നു[ഒരു ചവര്‍പ്പ് തോന്നുന്നില്ലെ?].പിന്നെ നമ്മളെ വഴിക്കൊന്നും ഇപ്പോ കാണാറേയില്ല”ട്ടോ“!.

SIVANANDG said...

ദീപാവലി തമിഴ് നാട്ടിലേക്കു സ്വാഗതം മാഷേ! വണക്കം“മാട്ട് മാട്ട്” എന്നും പറഞ്ഞു അവിടെ നട്ന്നാല്‍ ആരെങ്കിലും പിടിച്ചു മാട്ടിക്കളയും വല്ല കൊമ്പത്തോ ചുമരിലൊ ഒക്കെ.നമ്മുടേതു പൊലെ ഉത്സവങ്ങള്‍ ഗ്രാമങ്ങളിലാണു കാണേണ്ടത്. കോയമ്പത്തൂര്‍ കൊച്ചി പോലെ തിരക്കുള്ള നഗരമാ. അവിടുന്നു ഊട്ടിക്കു പോയ്ക്കാണും എന്നു പ്രതീക്ഷിക്ക്ട്ടെ?

Areekkodan | അരീക്കോടന്‍ said...

തണല്‍...കോയമ്പത്തൂറ്രില്‍ പോയാല്‍ ഇങ്ങനെ,സിംഗപ്പൂരില്‍ പോയാല്‍ എങ്ങനെ ??അതുകൊണ്ടല്ലേ ഞാന്‍ ഗള്‍ഫില്‍ പോലും പോകാത്തത്.

തെച്ചിക്കോടാ...മരുന്ന് കഴിഞ്ഞാല്‍ പിന്നെ നിര്‍ത്തണം.അതു തന്നെ, പക്ഷേ രണ്ടാം ദിവസം വരുന്നു!!

ലക്ഷ്മി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇല്ല രണ്ടാം ഭാഗം ഇതാ വരുന്നു.

കുട്ടന്‍സ്...അപ്പോ ഇപ്പോഴും ഉണ്ടല്ലേ?എന്താ ഈ ലോകത്തൊന്നും കാണാത്തെ?ഇടക്ക് മറ്റൊരു കുട്ടന്‍സ് വന്നിരുന്നു.

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...തീര്‍ച്ചയായും വിളിച്ചിട്ട് വന്നാല്‍ കഞ്ഞി തരും.വിളിക്കൂ വിളിക്കൂ...വിളിച്ചുകൊണ്ടേ ഇരിക്കൂ...9447842699

സിദ്ധീഖ്...ആദ്യം മൊബൈല്‍ റീചാര്‍ജ് ചെയ്യൂ, എന്നിട്ട് ശ്രമിക്കൂ.വിജയിച്ചില്ലെങ്കില്‍ ഞാന്‍ ഒരു അക്കൌണ്ട് നമ്പറ് പറയാം.അതില്‍ ഒരായിരം ദീനര്‍/ദിര്‍ഹം ഇട്ടാല്‍ മതി.അപ്പോള്‍ അറിയാം മാജിക്.

മയമ്മോട്ടിക്കാ...ഇത് തന്നെ ഇത്രയും നീണ്ടത് എനിക്ക് ഇഷ്ടപ്പെട്ടില്ല.അതുകൊണ്ട് ബാക്കി പിന്നീടാക്കി.ഐഷകുട്ടീ രണ്ടെണ്ണത്തില്‍ ഒതുക്കിയിട്ടും ???(ഞാന്‍ വിളിച്ചത് എത്ര തവണയാ എന്ന് ന്‍ ഇങ്ങള്‍ക്കറിയാത്തതുകൊണ്ടാ...).

ശിവാനന്ദ്ജി...അതേ ഗ്രാമത്തിലെ ഉത്സവം കാണണമായിരുന്നു.ഊട്ടിയില്‍, കോയമ്പത്തൂരില്‍ നിന്ന് പോയിട്ടില്ല.ആ യാത്രയും ഒന്ന് ആസ്വദിക്കണം എന്നുണ്ട്,വിടമാട്ട്.

പാവത്താൻ said...

ഓഹോ അപ്പോ ദീപാവലി അവിടേയുമെത്തിയോ? ഈ തമിഴില്‍ ദീപാവലിക്കെന്താ പറയുന്നത്?

ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

ഇത് മാട്ട് കോള്ള മാട്ട് .
അടുത്ത ബാക്കി വിടമാട്ട്...
(എന്താ തമിഴ് അക്ഷര ശ്ലോഗ മത്സരത്തിനുണ്ടോ..)..
കലക്കി മാഷെ, സോറി, സാറെ..

Sureshkumar Punjhayil said...

Kathirikkunnu...!

Manoharam, Ashamsakal...!!!

Areekkodan | അരീക്കോടന്‍ said...

പാവത്താനേ...ചെവി താ, ഞാന്‍ പരഞ്ഞുതരാം

സലീം...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഉടന്‍ വരും.

സുരേഷ്...വെയ്റ്റ്,ഉടന്‍ വരുന്നു.

ശ്രീനാഥന്‍ said...

dIpaavali ഒക്കെ ഇത്തവണ കോയമ്പത്തൂരായിരുന്നു അല്ലേ, കൊള്ളാം, ഇനി ശിവകാശി, തഞ്ചാവൂർ ഒക്കെ സന്ദർശിക്കൂ!

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഞമ്മളും കോയമ്പത്തൂര്‍ പോകാന്‍ വിചാരിച്ച ദിവസം ആ ചുവന്ന വെള്ളിയാഴ്ച ആയിരുന്നു. ദീപാവലി ആണെന്ന ബോധം വന്നപ്പോള്‍ അതങ്ങ് മാറ്റി.

Areekkodan | അരീക്കോടന്‍ said...

ശ്രീനാഥാ...കൊഞ്ചം തമിഴ് പഠിക്കട്ടെ.എന്നിട്ട് വേണം അവിടെ ഒക്കെ ഒന്ന് വിലസാന്‍..

അനില്‍ജീ...എങ്കില്‍ എനിക്ക് ഒരു കമ്പനി ആകുമായിരുന്നു.അപ്പോ ഇനി എന്നാ പോക്ക്?

അബ്ദുണ്ണി said...

അപ്പോള്‍ ഞാന്‍ പറഞ്ഞത് കറക്റ്റ് ആണല്ലേ!

അബ്ദുണ്ണി said...

അപ്പോള്‍ ഞാന്‍ പറഞ്ഞത് കറക്റ്റ് ആണല്ലേ!

Areekkodan | അരീക്കോടന്‍ said...

അതേ സാര്‍...സാറിന്റെ പോസ്റ്റ് കണ്ടപ്പഴാ ഈ അ(മ)ണ്ണന്മാരുടെ സ്ഥിതി ഓര്‍ത്തത്.

ബഷീർ said...

കൊള്ളാം സാറേ..
പാവം അണ്ണാ‍ച്ചികൾ :(

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...അണ്ണാച്ചികള്‍ അത്ര പാവമൊന്നുമല്ല.ഇന്ന് കേരളം മുഴുവന്‍ അവരുടെ കയ്യിലാ...

Post a Comment

നന്ദി....വീണ്ടും വരിക