മയമോട്ടിക്ക എന്നെ വിട്ടതില്‍ പിന്നെ ആരാണ് അടുത്തത് വന്നത് എന്ന് കൃത്യമായി നിശ്ചയമില്ല.ഹാളിനുള്ളിലെ ചൂടും ഇടക്കിടെയുള്ള വൈദ്യുതിയുടെ ഞാണിന്മേല് കളിയും ഒപ്പം രാവിലെ തിന്ന പൊറോട്ടയുടെ വയറ്റില്‍ നിന്നുള്ള മുറവിളിയും എന്നെ വീണ്ടും പുറത്തേക്ക് ആനയിച്ചു.വെള്ളം കുടിക്കാന്‍ വേണ്ടി അങ്ങോട്ട് നീങ്ങുമ്പോള്‍ അടുത്ത കൈ നേരെ വന്നു -
“മാഷേ അറിയോ?”
“ങാ...അവിടെ പഠിച്ച....” കൊച്ചു പയ്യനായതിനാല്‍ ഞാന്‍ പഠിപ്പിച്ച വല്ല കുട്ടികളും ആയിരിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞു.
“ഏയ്...അതൊന്നുമല്ല...ഇപ്പോള്‍ മാഷെ ബ്ലോഗില്‍ അധികം വരാറില്ല...എന്റെ പേര് മുഫാദ്...”
“ഓ...മനസ്സിലായി...”പിന്നെ ഞങ്ങള്‍ എഞ്ചിനീയറിംഗ് സംബന്ധമായ സംഗതികള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരു പയ്യന് കൂടി വന്നു.
“ഞാന്‍ മലബാരി...ജാബിര്‍ മലബാരി...”
“എവിടെയാ മലബാരി താമസിക്കുന്നത് ?’
“എടപ്പാള്‍..”
“എടപ്പാളീല്‍ എവിടെ ?” ഈ ലോകത്ത് ഏത് സ്ഥലവും പറഞ്ഞാല്‍ മനസ്സിലാകും എന്ന വിധത്തില്‍ ഞാന്‍ ചോദിച്ചു.
“പൊന്നാനി റോഡില്‍...”
“ങേ! അവിടെ ???”
മലബാരി ഏതോ ഒരു സ്ഥലം പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിച്ചിരുന്നതിനാല്‍ കുറേ സ്ഥലങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും മലബാരി പറഞ്ഞ സ്ഥലം മൂളി ഒപ്പിക്കാനേ സാധിച്ചുള്ളൂ.
അപ്പോഴാണ് അവിടെ തൂക്കിയിട്ട ചില ചിത്രങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്.അതിലൊന്ന് താഴെ വീണിട്ടും ആരും ശ്രദ്ധിക്കാതെ പോയതില്‍ എനിക്ക് പരിഭവം തോന്നി.ആ ചിത്രങ്ങളുടെ രചയിതാവ് ആരെന്ന് അറിഞ്ഞില്ല.മീറ്റിന്റെ ഒരു ഫോട്ടോയിലും അത് കണ്ടതുമില്ല.
വീണ്ടും ഹാളില്‍ കയറി ഇരുന്ന് ഉച്ചയൂണിന്റെ വിഭവങ്ങള്‍ സ്വപ്നം കാണാന്‍ തുടങ്ങി.മുമ്പില്‍ കൂതറ ഹാഷിം ഏതോ ഒരു വായനശാല പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.വായിലൂടെ വല്ലതും കയറ്റേണ്ട സമയത്ത് അവന്റെ ഒരു വായനശാല എന്ന് മനസ്സ് പറഞില്ല എങ്കിലും എനിക്ക് ഒട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.അല്ലെങ്കിലും വിശപ്പ് തുടങ്ങിയാല്‍ പിന്നെ കോണ്സെണ്ട്രേഷന് ഭക്ഷണത്തില്‍ മാത്രമേ കിട്ടൂ എന്ന ഒരു രോഗം പിടികൂടിയിട്ട് വര്‍ഷങ്ങളായി.അപ്പോഴാണ് പൊന്മളക്കാരന് സദ്യ റെഡിയായതിന്റെ ഒരു സൂചന തന്നത്.മൂന്ന് വയറുകള്‍ കൂടുതല്‍ എരിഞ്ഞാല്‍ ഹാളിന് തന്നെ തീ പിടിക്കും എന്നതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും രക്ഷിക്കാന്‍ ഞാനും കുട്ടികളും ഭക്ഷണശാലയിലേക്ക് നീങ്ങി.
സദ്യയെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല.പറഞാല്‍ പിന്നെ “അന്ത അറബിക്കടലോളം...” എന്ന പാട്ടും പാടേണ്ടി വരും , വായിലൂറിയ വെള്ളത്തെക്കുറിച്ച്.അടിപൊളി സദ്യയും പായസവും എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് ആ ഭാഗം വിടുന്നു.ആദ്യപന്തിയില്‍ തന്നെ സീറ്റ് കിട്ടിയതിനാല്‍ പുറത്ത് നിന്ന് സദ്യ മൂക്കിലൂടേയും കൂടി ഭക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.
സദ്യ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ദാ നില്ക്കുന്നു - താബുവിനെ പോലെ വെളുത്ത് മെലിഞ്ഞ് ബൂലോകത്തെ താബു , തബാറക്ക്റഹ്മാന്‍.തലേന്ന് വന്ന് ബിരിയാണി അടിച്ച കഥ പറഞ്ഞ് എന്റെ സദ്യയെ ഇല്ലാതാക്കാന്‍ താബു ശ്രമിച്ചെങ്കിലും വയറ്റില്‍ കയറിയതുണ്ടോ ഇറങ്ങുന്നു.’ആ ബിരിയാണി പുളിച്ചു കഴിഞ്ഞു , മോന് പോയി വേഗം ഈ സദ്യ ഉണ്ണാന്‍ നോക്ക് ‘ ഞാന്‍ താബുവിനെ പറഞ്ഞു വിട്ടു.
ഉച്ചയൂണിന് ശേഷമുള്ള ഉറക്കം പണ്ട് ഒരു ക്രേസ് ആയിരുന്നു, ഇന്ന് ഒരു കേസ് ആണ് - ഓഫീസില്‍ ഇരുന്ന് ഉറക്കം പാടില്ല്ല എന്നതിനാല്‍.എങ്കിലും വീണുകിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാറുണ്ട്.പക്ഷേ തുഞ്ചന്‍പറമ്പില്‍ അതിന് തോന്നിയില്ല.രണ്ട് നല്ല ക്ലാസുകള്‍ - വികി എഴുത്തിനെക്കുറിച്ചും, ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ചും.പായസത്ത്ന് ശേഷം ഒരു ഐസ്കീമും കൂടി കിട്ടിയ പ്രതീതി.
വൈകിട്ടായതോടെ വീട് പിടിക്കാനുള്ള വേവലാതികള്‍ തുടങ്ങി.എന്റെ മക്കള്‍ വീട്ടില്‍ നീന്ന് ഇറങ്ങിയിട്ട് നാല് ദിവസമായതിനാല്‍ അവര്‍ക്കും മടുത്ത് തുടങ്ങി.രാവിലെ കൊണ്ടുവച്ച പെട്ടി എടുത്ത് പുറത്തിറങ്ങിയപ്പോള്‍ ഒരു പയ്യന്‍കൈ കൂടി എന്റെ നേരെ വന്നു.
“മാഷേ..ഞാന്‍ ജിക്കു...“
“വലിയ പത്രാധിപരാ...” ആരോ ഒപ്പം കൂട്ടിച്ചേര്‍ത്തു.
“ങേ!മനോരമയോ മാതൃഭൂമിയോ ?”
“ബൂലോകം ഓണ്‍ലൈന്‍...”
“ഓ...” പത്രങ്ങളുടെ കെടുകാര്യസ്ഥതയും തേങ്ങാക്കൊലയും ഒക്കെ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയം വൈകിയതിനാല്‍ ഒന്നും സംഭവിച്ചില്ല.അതുകൊണ്ട് തന്നെ ബൂലോകം ഓഫ്ലൈന് ആയില്ല.വൈകിട്ട് നാലരയോടെ തുഞ്ചന്‍ പറമ്പിലെ ചില കാഴ്ചകള്‍ കൂടി കണ്ട ശേഷം മടങ്ങുമ്പോള്‍ എല്ലാവരെയും നേരില്‍ കണ്ട് പരിചയപ്പെടാന്‍ സാധിക്കാത്തതിലുള്ള വിഷമം മനസ്സില്‍ തങ്ങി നിന്നു.
(ഈ വിവരണത്തില്‍ വിട്ടു പോയവര്‍ സദയം ക്ഷമിക്കുക.ഇനി ഇത് നീട്ടികൊണ്ട് പോകാന്‍ വയ്യ!)
പുലിവാല്:മീറ്റിന്റെ പിറ്റേ ദിവസം രാത്രി കൊട്ടൊട്ടിയെ വിളിച്ച് മീറ്റിനെ പറ്റി ചോദിച്ചു.
“മീറ്റോ?ഏത് മീറ്റ്?അത് ഡെലീറ്റ് ചെയ്തു...ഇനി കുടുംബത്തിന് ഈറ്റാനുള്ളത് നോക്കട്ടെ..”
പാവം, മീറ്റ് തലയില്‍ കയറി ഒരു മാസത്തോളം സ്വന്തം പണികള്‍ വരെ മാറ്റി വച്ച് ഇതിനെ വിജയിപ്പിച്ച ആ മനസ്സിനെ നമിക്കുന്നു.
9 comments:
മൂന്ന് വയറുകള്‍ കൂടുതല്‍ എരിഞ്ഞാല്‍ ഹാളിന് തന്നെ തീ പിടിക്കും എന്നതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും രക്ഷിക്കാന്‍ ഞാനും കുട്ടികളും ഭക്ഷണശാലയിലേക്ക് നീങ്ങി.
പതിവ് അരീക്കോടന്‍ സ്റ്റയില് വിവരണം . രസകരമായി.
പാവം, മീറ്റ് തലയില്‍ കയറി ഒരു മാസത്തോളം സ്വന്തം പണികള്‍ വരെ മാറ്റി വച്ച് ഇതിനെ വിജയിപ്പിച്ച ആ മനസ്സിനെ നമിക്കുന്നു.
വളരെ ശരിയാണു..മീറ്റിനു പുറകിൽ പ്രവർത്തിച്ച അതിന്റെ എല്ലാ അണിയറ പ്രവർത്തകർകും അഭിനന്ദനങ്ങൾ അറിയിക്കുന്നു,
രസികൻ അവതരണം..ആശംസകൾ
ആഹാ ഈറ്റാനാ കാര്യയിട്ട് വന്നതല്ലേ :)
നന്നായി പോസ്റ്റ്, ശരിയാണ്, മീറ്റ് ഈറ്റ് കേമായിരുന്നു.
മാഷേ,ഞാന്‍ ഇച്ചിരെ നേരത്തെ പോന്നു.പോരാന്‍ നേരത്ത് കാണാത്തത് കൊണ്ട് യാത്ര പറയാന്‍ പറ്റിയില്ല. സാരല്യ അടുത്ത മീറ്റില്‍ കാണാം! :)
അപ്പൊ വിശപ്പിന്റെ അസുഖമുള്ളയാളാല്ലേ...?
സൂക്ഷിക്കണം.........
മീറ്റിന്റെ നേര്‍ക്കാഴ്ച assalaayi ketto .
sorry മലയാളം മാഫി shukul.
അങ്ങനെ അതും കഴിഞ്ഞു.
Post a Comment
നന്ദി....വീണ്ടും വരിക