Pages

Sunday, May 15, 2011

ജമാലിന്റെ വീട്ടില്‍ – ലക്ഷദ്വീപ് യാത്ര ഭാഗം 9

കഥ ഇതുവരെ

ബീച്ചില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള ലോഡ്ജിലായിരുന്നു ജമാല്‍ ഞങ്ങള്‍ക്ക് താമസമൊരുക്കിയത്.
“നിങ്ങള് എല്ലാവരും ഒന്ന് ഫ്രഷ് ആയിക്കോ.ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കി പത്തരക്ക് ഞാന്‍ വരും….” ഞങ്ങളെ ലോഡ്ജിലാക്കി ജമാല്‍ പറഞ്ഞു.

“അപ്പോള്‍ നമ്മള് കപ്പലില്‍ നിന്നും കഴിച്ചത് സൂപ്പര്‍ഫാസ്റ്റ് ആണോ?” അബൂബക്കര്‍ മാഷിന് സംശയമായി.

“അത് ബ്രേക് ഫസ്റ്റ്……ഇത് ബ്രേക്ക്ഫാസ്റ്റ്..” എന്റെ മറുപടി മനസ്സിലാകാതെ അബൂബക്കര്‍ മാഷ് എന്റെ കണ്ണിലേക്ക് തന്നെ തുറിച്ചു നോക്കി.തീറ്റക്കാര്യമായതിനാല്‍ കൃത്യം പത്തുമണിക്ക് തന്നെ എല്ലാവരും റെഡിയായിരുന്നു.അരക്കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ജമാലിന്റെ വീട്ടിലേക്ക് ദ്വീപ് കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടന്നു.

തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോകള്‍, പ്രകാശത്തെ തോല്‍പ്പിക്കാന്‍ ബൈക്കില്‍ കുതിക്കുന്ന പയ്യന്മാര്‍,നിര്‍ത്തി നിര്‍ത്തിയില്ല എന്ന മട്ടില്‍ ഓടുന്ന ബസ്സുകള്‍ – ഇതൊന്നും ദ്വീപില്‍ ഞങ്ങള്‍ കണ്ടില്ല!വിരലിലെണ്ണാവുന്നത്ര ഓട്ടോകള്‍ ജെട്ടിക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്നു, ആരെങ്കിലും വിളിച്ചാലായി എന്ന മട്ടില്‍(വിളിച്ചവന്റെ കീശ കാലിയാകും എന്ന് ജമാല് പിന്നീട് പറഞ്ഞു).ദ്വീപില്‍ ആകെ മൊത്തം ബസ്സുകളുടെ എണ്ണം മൂന്ന്!ആ മൂന്ന് മിനി ബസ്സുകളില്‍ രണ്ടെണ്ണം കട്ടപ്പുറത്ത്!മൂന്നാമത്തേത് ടൂറിസ്റ്റുകളുടെ ട്രാന്‍സ്പോര്‍ട്ടേഷനു വേണ്ടി ഉപയോഗിക്കുന്നു.തിരുവനന്തപുരത്ത് സുലഭമായിക്കാണുന്ന ആ പെട്ടി വാന്‍ ആണ് മിനിബസ് എന്നുപറയുന്നത് എന്ന്, ഒന്നിനെ കണ്ടപ്പോള്‍ മനസ്സിലായി.പെട്രോളിന്റെ വില നിലവിട്ട് പറക്കുന്നതിനാല്‍ പയ്യന്മാര്‍ക്ക് പറക്കാന്‍ അവസരമില്ല.മിക്കവരും സഞ്ചരിക്കുന്നത് ലൈസന്‍സും രെജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറില്‍.പെണ്‍കുട്ടികള്‍ മിക്കപേരും ബൈസിക്കുകളീലാണ് സഞ്ചാരം.കാറ്‌ ഒരേയൊരെണ്ണം മാത്രം കണ്ടു.

ദ്വീപില് എത്തുന്ന കരവാസികള്‍ ആദ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതാണ് നിയമം.തിരിച്ച് പോരുമ്പോഴും സ്റ്റേഷനില്‍ ഹാജരാകണം. ‘ജമാല്‍ ക ദോസ്ത്’ എന്ന പരിഗണന അവിടേയും ഞങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു – നമുക്ക് സൌകര്യമുള്ള സമയത്ത് ചെന്നാല്‍ മതി.അതും ഒറ്റ തവണ മാത്രം!

പോര്‍ട്ടോഫീസും പോലീസ് സ്റ്റേഷനും ടാക് എന്ന ടൂറിസ്റ്റ് ബംഗ്ലാവും പിന്നിട്ട് ഞങ്ങള്‍ കടമത്ത് ദ്വീപിലെ ഏക ഹയര്‍സെക്കണ്ടറി സ്കൂളായ കടമത്ത് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ തൊട്ട് മുന്നിലുള്ള ജമാലിന്റെ വീട്ടിലെത്തി.രാവിലെ ബോട്ട്ജെട്ടിയില്‍ വച്ച് കേട്ടത് വെറുതെയല്ല എന്ന് എനിക്ക് ആദ്യനോട്ടത്തില്‍ തന്നെ മനസ്സിലായി.പണി ഇനിയും തീരാനുള്ള ഒരു വീടായിരുന്നു ജമാലിന്റേത്.

മുറ്റത്ത് ചാക്കു കൊണ്ട് കുലകള്‍ പൊതിഞ്ഞ ഉയരം കുറഞ്ഞ ഒരു തെങ്ങ് ഉണ്ടായിരുന്നു.തെങ്ങിന്‍പട്ടകള്‍ നേരെ നില്ക്കാനോ അതല്ല തേങ്ങകള്‍ നിലത്ത് വീഴാതിരിക്കാനോ ഈ ‘ചാക്കുടുപ്പിക്കല്’ എന്നറിയാത്തതിനാല്‍ പലരും ‘തേങ്ങാക്കൊല ഗവേഷണത്തില്‍’ ഏര്‍പ്പെട്ടു.മണ്ടരി മുതല്‍ കുരല്‍‌തുരപ്പന്‍ വരെ ചര്‍ച്ചയില്‍ ഇരച്ചെത്തി.ഒബാമ കുടിക്കുന്ന ഇളനീരിന്റെ വെള്ളത്തിന്റെ പി.എച്ചും ആ ചര്‍ച്ചയിലല്‍ ഉരുത്തിരിഞ്ഞു വന്നു.തൊട്ടു മുന്നിലുള്ള സ്കൂളിലെ വികൃതിപ്പയ്യന്മാരുടെ തേങ്ങാമോഷണം തടയാനാണ് ഈ ചാക്കിട്ടുപിടുത്തം എന്ന് ജമാല്‍ അറിയിച്ചതോടെ എല്ലാ ഗവേഷണഫലങ്ങളും നേരെ മുന്നിലുള്ള അറബിക്കടലിലൊഴുക്കി.

ചിക്കനും മട്ടനും മത്സ്യവും വറുത്ത് ഇടിയപ്പവും വെള്ളപ്പവും പൊറോട്ടയും നല്കി ജമാല്‍ ഞങ്ങളെ മുഴുവന്‍ കണ്‍ഫ്യൂഷനിലാക്കി.’ചക്ക കണ്ട വാഴക്കോടനെപ്പോലെ’ എന്റെ പതിനൊന്ന് സുഹൃത്തുക്കളും കിട്ടിയ സീറ്റുകളില്‍ ആസനമുറപ്പിച്ചപ്പോള്‍ അവരെ അതുവരെ എത്തിച്ച ഞാന്‍ പുറത്ത്!!!

“സാറെ ക്ഷമിക്കണം…….ആമാശയത്തിന്റെ നിലവിളിക്ക് മുന്നില്‍ സാറും സാമ്പാറും സെയിം…” ആരോ കോഴി കടിച്ചു മുറിക്കുന്നതിനിടയില്‍ പറഞ്ഞു.

(തുടരും)

10 comments:

Areekkodan | അരീക്കോടന്‍ said...

ചിക്കനും മട്ടനും മത്സ്യവും വറുത്ത് ഇടിയപ്പവും വെള്ളപ്പവും പൊറോട്ടയും നല്കി ജമാല്‍ ഞങ്ങളെ മുഴുവന്‍ കണ്‍ഫ്യൂഷനിലാക്കി.’ചക്ക കണ്ട വാഴക്കോടനെപ്പോലെ’ എന്റെ പതിനൊന്ന് സുഹൃത്തുക്കളും കിട്ടിയ സീറ്റുകളില്‍ ആസനമുറപ്പിച്ചപ്പോള്‍ അവരെ അതുവരെ എത്തിച്ച ഞാന്‍ പുറത്ത്!!!

Unknown said...

**തൊട്ടു മുന്നിലുള്ള സ്കൂളിലെ വികൃതിപ്പയ്യന്മാരുടെ തേങ്ങാമോഷണം തടയാനാണ് ഈ ചാക്കിട്ടുപിടുത്തം എന്ന് ജമാല്‍ അറിയിച്ചതോടെ എല്ലാ ഗവേഷണഫലങ്ങളും നേരെ മുന്നിലുള്ള അറബിക്കടലിലൊഴുക്കി.**

ഇത് രസായി മാഷേ..

“സാറെ ക്ഷമിക്കണം…….ആമാശയത്തിന്റെ നിലവിളിക്ക് മുന്നില്‍ സാറും സാമ്പാറും സെയിം…”

ponmalakkaran | പൊന്മളക്കാരന്‍ said...

ഈ സാറിന്റെ ഒരുകാര്യം... ഒരു പാത്രം എടുത്തോണ്ട് എല്ലാത്തിലും കയ്യിട്ടുവാരി, മൂലയിലൊട്ടു മാറിനിന്ന് ബുഫെ സ്റ്റൈലിൽ ഒരുപിടുത്ത മങ്ങാട്ട് പിടി .........
ഹല്ല പിന്നെ..!

സംഗതി കലക്കുന്നുണ്ട്.

Naushu said...

നിങ്ങള് കഴിക്ക് ... ഞാനിവിടെ നില്‍ക്കാം ...

Jazmikkutty said...

അരീക്കോടന്‍ മാഷേ,കുറച്ച് ദിവസം മുന്‍പ്‌ ഒരു ലക്ഷ്ദ്വീപുകാരി ഇവിടെ അതിഥിയായി ഉണ്ടായിരുന്നു.പുള്ളിക്കാരി പറഞ്ഞു പ്തന്നു ലക്ഷദ്വീപ് കണ്ടത് പോലെ ആയി..അവിടെ കേന്ദ്ര ഗവന്‍മെന്റ് ആണല്ലേ ഭരിക്കുന്നത്..നല്ല ശമ്പളം ഉണ്ടേലും സാധനങ്ങള്‍ക്കൊക്കെ വിലയും കൂടുതലാണത്രേ...ജമാല്‍ക്ക നിങ്ങളെയൊക്കെ എങ്ങിനെ സഹിച്ചോ ആവോ...:) ഏതായാലും ഈ യാത്രാവിവരണം വായിക്കാന്‍ പ്രതേക സുഖാ...

ഒബാമ കുടിക്കുന്ന ഇളനീരിന്റെ വെള്ളത്തിന്റെ പി.എച്ചും ആ ചര് ച്ചയിലല് ഉരുത്തിരിഞ്ഞു വന്നു..:):):)

krishnakumar513 said...

വായിച്ച് തീര്‍ന്നതറിഞ്ഞില്ല മാഷെ,പോസ്റ്റിന്റെ നീളം കുറച്ച്കൂടി ആകാം കേട്ടോ...

Areekkodan | അരീക്കോടന്‍ said...

എക്സ് പ്രവാസിനി...ഓരോ തലകള്‍ വര്‍ക്ക് ചെയ്യുന്ന വിധം അന്നാ അറിഞ്ഞത്!

പൊന്മളക്കാരാ...ലക്ഷദ്വീപില്‍ ആ പണി നടക്കില്ല, പത്രം ഇല്ലന്നേ!

നൌഷു...എങ്കില്‍ അവിടെ തന്നെ നില്‍ക്കേണ്ടി വരും.അവന്മാരുടെ തീറ്റ എനിക്കല്ലേ അറിയൂ.

ജസ്മിക്കുട്ടീ...അതെ , മത്സ്യവും തേങ്ങയും ഒഴികെ എല്ലാത്തിനും നല്ല ഒന്നാംതരം വില.അതുകൊണ്ട് ദ്വീപിലേക്ക് പോകുന്നവര്‍ സമ്മാനമായി കൊണ്ടു പൊകേണ്ടത് പച്ചക്കറി ആണ്.

കൃഷ്ണകുമാര്‍....എവിടെയെങ്കിലും അടുപ്പിച്ചല്ലേ നിര്‍ത്താന്‍ കഴിയൂ.ഇതു തന്നെ എന്തൊരു പാടാ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

രസകരം...

niyas said...

“സാറെ ക്ഷമിക്കണം…….ആമാശയത്തിന്റെ നിലവിളിക്ക് മുന്നില്‍ സാറും സാമ്പാറും സെയിം…”

5G Classes said...

എന്‍റെ നാടിനെക്കുറിച്ചുള്ള ഈ ചെറിയ ലിഖിതം വായിച്ചു. അല്‍പം ചിരിച്ചു..
നന്നായിട്ടുണ്ട്‌.

Post a Comment

നന്ദി....വീണ്ടും വരിക